മനുഷ്യർക്ക് ചുറ്റുപാടുകളുമായി മൂന്നു ബന്ധങ്ങളേയുള്ളു. ശത്രു മിത്ര ഉദാസീനഭാവങ്ങൾ. സ്നേഹത്തിനടിസ്ഥാനവും ഈ ഭാവങ്ങൾതന്നെ. തനിക്ക് പ്രയോജനമുള്ളവയോട് സ്നേഹവും മിത്രഭാവവും,തൻറെ ഇഷ്ടാനിഷ്ടങ്ങൾക്ക് എതിര് നിൽക്കുന്നവരോട് ശത്രുതയും , തനിക്ക് പ്രയോജനമില്ലാത്തവരോട് ഉദാസീനതയും. സ്നേഹത്തിൻറെ അടിസ്ഥാനംതന്നെ പ്രയോജനമാണ്...ആവശ്യങ്ങളാണ്.! ആവശ്യങ്ങളാണ് ബന്ധങ്ങൾക്കും കാരണം. കുടുംബമോ സമൂഹമോ രാഷ്ട്രമോ എന്തിന് ഈ ഗ്രൂപുപോലും ഈ മൂന്നു മനോഭാവങ്ങളാൽ ബന്ധിതമാണല്ലോ. മനുഷ്യമനഃശാസത്രം നന്നായി അറിയുന്നവരാണ് കപിലനും മൈത്രേയനും വ്യാസരും നാരദനും.
പ്രകൃത്യായുള്ളതാണ് കാമം. അത് പ്രകൃതിയിലെല്ലാത്തിലുമുണ്ട്. ജൻമാദി ഷഡ്ഭാവങ്ങൾക്ക് നിദാനവും കാമംതന്നെ. അതിനാലാണതിനെ പുരുഷാർത്ഥത്തിൽപെടുത്തിയതും. പുരുഷൻ സർവവ്യാപിയത്രേ. ആ കാമം ജന്തുക്കളിൽ സ്നേഹമായി പരിണമിക്കുന്നത് മനുഷ്യരിലാണ് ഏറ്റവും ശക്തമായരീതിയിൽ. മറ്റുജന്തുക്കൾ ശൈശവം കഴിയുന്നതുവരേയോ,സന്താനോൽപാദനകാ ലത്തോ സ്നേഹപ്രകടനങ്ങളിൽ ഏർപ്പെടും. കാമചേഷ്ടകളാണത്. സ്ഥായിയായി നിലനിൽക്കുന്നതുമല്ല. ഉദാഹരണത്തിന് ഒരു കാള അതിൻറെ വയസായ അച്ഛനെ ആഹാരം കൊടുത്ത് വയസുകാലത്ത് സംരക്ഷിക്കുന്നുണ്ടോ. ജന്തു ശാസ്ത്രപരമായി നോക്കിയാൽ നട്ടെല്ലു വളർന്ന് തലച്ചോർവികസിക്കുന്നതോടെയാണ് ബുദ്ധിയും മനസും ഇണരുന്നത് അതോടെ കാമം സ്നേഹമായീ പരിണമിക്കുന്നു. സ്നേഹം സ്വാർത്ഥപ്രേരിതമാണ്. അത് പ്രേമമാവുന്നതോടെ ശത്രുമിത്രഉദാസീനഭാവനകളില്ലാതാ കുന്നു. എല്ലാത്തിലും താൻതന്നെ എന്നറിഞ്ഞാൽ പിന്നെ ശത്രുതയുണ്ടോ? അജാതശത്രുവായിത്തീരും. നാരദൻ പ്രേമമെന്നേ പറയു. സ്നേഹത്തെ ഉദാത്തമൂല്യമായി എണ്ണാറില്ല വ്യാസാദികൾ. നാമംരൂപംവർണം ജാതിമതംഗോത്രംഭാഷ രാഷ്ട്രം ഇവയും പ്രയോജനവും നോക്കി സ്നേഹിക്കുന്ന സാധാരണമനുഷ്യരെവിടെ ഇതൊന്നും നോക്കാത്ത മഹാത്മാക്കളും ഈശ്വരനുമെവിടെ? ഈ പോസ്റ്റ് വായിച്ചുതീരുമ്പോഴേക്കും എന്നോട് ശത്രുമിത്രഉദാസീനഭാവങ്ങൾ തോന്നുന്ന നിങ്ങളെവിടെ?
Namboodiri group
No comments:
Post a Comment