Saturday, July 27, 2019

ശ്രീമദ് ഭാഗവതം 224* 

ഗോകുലം ആകെ ആനന്ദലഹരിയിലാണ്. ഈ സമയത്താണ് അവളുടെ(പൂതന ) വരവ്.   അവൾ ഭഗവാന്റടുത്തേയ്ക്ക് അലങ്കാരത്തോടെ വന്നു. അവൾ ആരാണ്?

ബാലഗ്രഹസ്തത്ര വിചിന്വതീ ശിശൂൻ 
യദൃശ്ചയാ നന്ദഗൃഹേ: അസദന്തകം 
ബാലം പ്രതിച്ഛന്നനിജോരുതേജസം 
ദദർശ തല്പേ അഗ്നിമിവാഹിതം ഭസി 

ബാലഗ്രഹസ്തത്ര വിചിന്വതീ ശിശൂൻ 
എവിടെയൊക്കെ കുട്ടികൾ ണ്ട് എന്ന് അന്വേഷിച്ച് നടക്കുന്ന ഈ ബാലഗ്രഹം,

നന്ദഗൃഹേ: അസദന്തകം 
ഇവൾ ആരാണ്?
അസദന്ത'കം' 
അസത്തിനെ അന്തം ചെയ്യുന്ന 'കം'. 

'കം' നെ പിടിച്ചാൽ അസത്ത് അന്തം ആകും. കം എന്ന് വെച്ചാൽ സത്ത്. വെളിച്ചം കൊണ്ട് വന്നാൽ ഇരുട്ട് ഇല്ലാതാകുന്നത് പോലെ സത്തിനെ ഗ്രഹിച്ചാൽ അസത്ത് ഇല്ലാതാകും.

സത്ത് എന്ന് വെച്ചാൽ ഭഗവാൻ, ബ്രഹ്മം, ആത്മാ. അസത്ത് എന്താണ്?
 ദൃശ്യം ജഡം പ്രപഞ്ചം. 
വെളിച്ചം വരുമ്പോ ഇരുട്ട് ഇല്ലാതാകുന്നതുപോലെ ഭഗവാൻ വരുമ്പോൾ ലൗകികം ഇല്ലാതാകുന്നു. 

അസദ് അന്തകം 
ബാലം പ്രതിച്ഛന്നനിജോരുതേജസം 
അതിന്റെ തേജസ്സ് ഒക്കെ മറച്ചുകൊണ്ടിരിക്കുന്ന ഈ ബാലൻ,
ദദർശതല്പേ അഗ്നിമിവാഹിതം ഭസി 

കുട്ടിയുടെ അടുത്തേയ്ക്ക് അവൾ വന്നു. കൃഷ്ണൻ പതുക്കെ ഒന്ന് നോക്കി. ഓഹോ, പൂതന വന്നണ്ട്. 

വിബുധ്യ താം ബാലകമാരികാഗ്രഹം 
അവളൊരു മാരികാ ആണ്. കുട്ടികളെ കൊല്ലുന്നതാണ് ഇവളുടെ ജോലി എന്നറിഞ്ഞിട്ട്,

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
ഭഗവാൻ കണ്ണടച്ചു. ഉറങ്ങാണെന്ന് ധരിച്ചോട്ടെ പൂതന. കുട്ടി ഉറങ്ങാണെങ്കിൽ ധൈര്യമായിട്ട് എടുത്ത് മടിയിൽ വെയ്ക്കാല്ലോ.
ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:

ഭഗവാന്റെ കണ്ണ് ആ ദൃഷ്ടി അമൃതദൃഷ്ടി ആണ്. ആ ദൃഷ്ടി ആദ്യമേ വീണാൽ പൂതനയുടെ മനസ്സ് മാറിപ്പോകും. വന്ന പണി ചെയ്യാതെ പോകും.അതുകൊണ്ട് അത് പാടില്ല്യ.   

ഭഗവാന്റെ ഒരു കണ്ണ് ഋതം, ഒരു കണ്ണ് സത്യം. പ്രപഞ്ചത്തിനെ ഭഗവദ് സ്വരൂപമായിട്ട് കണ്ടാൽ
അവിടെ ഭഗവാന്റെ ധർമ്മം പ്രവർത്തിക്കുന്നത് കാണാം. അത് ഋതം. അന്തർമുഖമായി കാണുകയാണെങ്കിൽ ആത്മസ്വരൂപം കാണാം. അത് സത്യം. 

ഇത് രണ്ടും, ധർമ്മവും ജ്ഞാനവും ഇവളുടെ അടുത്തില്ല്യ. അതുകൊണ്ട് കാരുണ്യം വന്നു പോകും ഇവളുടെ അടുത്ത്. അങ്ങനെ ഇപ്പോ കാരുണ്യം വരാൻ പാടില്ല്യ. 

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:

ഭഗവാന്റെ ഒരു കണ്ണ് യോഗമാർഗ്ഗം, മറ്റേ കണ്ണ് ജ്ഞാനമാർഗ്ഗം. ഇത് രണ്ടും ഇവൾക്കില്യ. 

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
ഭഗവാന്റെ ഒരു കണ്ണ് ഉത്തരായണം, ഒരു കണ്ണ് ദക്ഷിണായനം. കാമ്യമായി ചെയ്ത സത്ക്കർമ്മങ്ങൾ ചെയ്തവർ ദക്ഷിണായനത്തിലൂടെ ചന്ദ്രലോകം വരെ പോയി പിതൃലോകത്തിൽ പുണ്യക്ഷയം വരുത്തി തിരിച്ചു ഭൂമിയിലേക്ക് വരും. ഉത്തരായണത്തിലൂടെ ചെല്ലുന്നവര് സൂര്യലോകത്ത് ചെന്ന് അവിടുന്ന് വിമുക്തരാകും. ഈ രണ്ടിനും ഇവൾക്ക് യോഗ്യത ഇല്ല്യ. 

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
കണ്ണടച്ച് ആലോചിച്ചു. ഈ പൂതന യ്ക്കും വിമുക്തിക്ക് ഒരു മാർഗ്ഗം വേണമല്ലോ.  ചിന്തിക്കുമ്പോ ഒന്ന് കണ്ണടയ്ക്കുമല്ലോ. 

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
കണ്ണടച്ച് തന്റെ ഹൃദയസ്ഥാനത്തിലിരിക്കുന്ന ലക്ഷ്മിയോട് ചോദിച്ചു അത്രേ. ഇവൾക്ക് മുക്തി കൊടുക്കാനിപ്പോ എന്താ വകുപ്പ്?

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
കണ്ണടച്ച് ഭഗവാൻ വിശ്വാമിത്രനെ വിളിച്ചു എന്നാണ്. ഹേ വിശ്വാമിത്രമുനി, കഴിഞ്ഞ അവതാരത്തിൽ ഒരു സ്ത്രീയെ കൊല്ലേണ്ടി വന്നപ്പോ അങ്ങാണ് എനിക്ക് പ്രചോദനം തന്നത്. ഇവൾ സ്ത്രീയാണെന്ന് ധരിക്കരുത്. വധിച്ചോളാ എന്ന് പറഞ്ഞു താടകയെ. ഇപ്പൊ ദാ ഇവൾ സ്തനത്തിൽ വിഷത്തോടെ വന്നിരിക്കണു. എന്താ ഞാൻ ചെയ്യേണ്ടത്?

ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
കണ്ണടച്ച് ഭഗവാൻ കൈലാസത്തിലേക്ക് പോയി. ഹേ മഹാദേവാ, ഒരു പ്രശ്നത്തോടെയാണ് വന്നിരിക്കണത്. ശിവൻ ചോദിച്ചു എന്താ പ്രശ്നം കൃഷ്ണാ? അത് എനിക്ക് poison കഴിച്ച് practice പോരാ. ഒരാളിപ്പോ സ്തനത്തില് വിഷം പുരട്ടി വന്നിരിക്ക്യാണ്. അതെന്താ ചെയ്യേണ്ടത്? കണ്ഠത്തോടെ നിർത്തിക്കോളാ എന്നാണ്. 

ഭഗവാനൊന്ന് കണ്ണടച്ചപ്പോൾ എത്ര എത്ര വ്യാഖ്യാനങ്ങൾ!!
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: