Friday, July 19, 2019

വേങ്ങ

Friday 19 July 2019 1:00 am IST
ശാസ്ത്രീയ നാമം: pterocarpus marsupium 
സംസ്‌കൃതം: പീതസാല, അസനം, ബന്ധൂകവൃക്ഷ
തമിഴ്: വേങ്കൈ മരം
എവിടെ കാണാം:  ഇന്ത്യയിലുടനീളം ശുഷ്‌കവനങ്ങളിലും നാട്ടിന്‍ പുറങ്ങളിലും കണ്ടു വരുന്നു 
പ്രത്യുത്പാദനം: വിത്തില്‍നിന്ന്
ഔഷധപ്രയോഗങ്ങള്‍:  വേങ്ങമരക്കാതലും അശോകത്തിന്റെ തൊലിയും സമാസമം പൊടിച്ച് അരിക്കാടിയില്‍ അല്പം നെയ്യ് ചേര്‍ത്ത് ഒരു സ്പൂണ്‍ (അഞ്ച് ഗ്രാം) വീതം 60  ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ആര്‍ത്തവ തടസ്സം മാറും. 
വേങ്ങയുടെ കറ രക്തം പോലെയിരിക്കും. ഇത് കുടിച്ചാല്‍ അതത്രയും മനുഷ്യരക്തമായി മാറുമെന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല  പ്രതിരോധശക്തിയും കൂടും. പൊണ്ണത്തടി കുറയും. വാതത്തിനുള്ള മഹാനാരായണ തൈലത്തില്‍ വേങ്ങാക്കാതല്‍ ഉപയോഗിക്കുന്നു. 
വേങ്ങക്കാതല്‍, കരിങ്ങാലിക്കാതല്‍, ചിറ്റമൃത്, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട് ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം രണ്ടു തുള്ളി തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം ഒരുമാസം തുടര്‍ച്ചയായി സേവിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയും. വേങ്ങയുടെ തൊലിയും ഇലയും ഗോമൂത്രത്തില്‍ അരച്ച് ലേപനം ചെയ്താല്‍ വരട്ടു ചൊറി പോലെയുള്ള ത്വഗ്‌രോഗങ്ങള്‍ ശമിക്കും. 
അര ഗ്രാം വേങ്ങയുടെ കറയും അര ഗ്രാം കറുപ്പും ഉരുട്ടി ദിവസം രണ്ടു നേരം കഴിച്ചാല്‍ ശമിക്കാത്ത അതിസാരം ഇല്ലെന്നു പറയപ്പെടുന്നു. വേങ്ങയുടെ കറ മോണവീക്കത്തിനും പല്ലുവേദനയ്ക്കും ഉത്തമ ഔഷധമാണ്. വേങ്ങക്കാതല്‍ ശീലപ്പൊടിയായി പൊടിച്ചെടുത്തത് അരസ്പൂണ്‍ ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ്, നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, തിപ്പലി ഇവ സമമെടുത്ത് പൊടിച്ചത് അര സ്പൂണ്‍ എന്ന ക്രമത്തില്‍ ഒരു സ്പൂണ്‍ പൊടി തേനില്‍ ചാലിച്ച് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിച്ചാല്‍ ശരീരഭാരം 90 ദിവസം കൊണ്ട് ഗണ്യമായി കുറയും. 

No comments: