Monday, July 22, 2019

*ലവകുശന്മാർ* ⚜




[ *സമയവും താല്പര്യവും ഉള്ളവർ മുഴുവൻ വായിക്കുക. ഇത് കഥ രൂപത്തിൽ നിങ്ങൾക്ക് അപൂർവമായി കിട്ടിയാൽ കിട്ടി* ]
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഭാരതീയ ഇതിഹാസമായ രാമായണത്തിലെരാമന്റേയും സീതയുടേയും ഇരട്ടക്കുട്ടികളാണു് ലവനും കുശനും . ഇവർ ലവകുശന്മാർ എന്നു് പൊതുവെ അറിയപ്പെടുന്നു.
അയോദ്ധ്യയിൽ നിന്ന് പുറത്താക്കപ്പെട്ട സീത വനവാസക്കാലത്താണ് ഈ പുത്രന്മാർക്ക് ജന്മം നല്കുന്നത്. വാല്മീകി മഹർഷിയുടെ കീഴിൽ ഇവർ വിദ്യാഭ്യാസവും, ആയോധനകലയും അഭ്യസിച്ചു. ലാഹോർ നഗരം സ്ഥാപിച്ചത് ലവൻ ആണ് എന്ന് പറയപ്പെടുന്നു.


ശ്രീരാമദേവൻ അശ്വമേധ യാഗം നടത്തുവാൻ വേണ്ടി തുടങ്ങി ,  
യാഗാശ്വം പോയ രാജ്യങ്ങളിലെ രാജാക്കന്മാരെല്ലാം ശ്രീരാമനു കീഴടങ്ങി. ഒരാള്‍ പോലും പോയവഴിയിലെങ്ങും അശ്വത്തെ പിടിച്ചു കെട്ടുകയോ ശ്രീരാമചന്ദ്രനു വെല്ലുവിളി ഉയര്‍ത്തുകയോ ചെയ്തില്ല.


അങ്ങനെ മടങ്ങിവരുന്ന അശ്വത്തെ വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിനോദത്തിലേര്‍പ്പെട്ടിരുന്ന ലവകുശന്മാര്‍ കണ്ടു. അശ്വത്തിന്റെ ലക്ഷണവും ഭംഗിയും കണ്ടപ്പോള്‍ അവര്‍ക്കതിനെ സ്വന്തമാക്കണമെന്നു തോന്നി. അടുത്തു ചെന്നപ്പോഴോ? അശ്വത്തിന്റെ കഴുത്തില്‍ ഒരറിയിപ്പ്. എന്താണതില്‍ എഴുതിയിരിക്കുന്നത്? ലവനും കുശനും കൗതുകത്തോടെ വായിച്ചുനോക്കി. ശ്രീരാമചന്ദ്രന്റെ യാഗാശ്വമാണ്. പിടിച്ചുകെട്ടുന്നവര്‍ ശ്രീരാമചന്ദ്രനെ യുദ്ധത്തില്‍ നേരിടേണ്ടിവരും. അതാണ് എഴുതി തൂക്കിയിട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ അശ്വത്തെ പിടിച്ചുകെട്ടിയിട്ടു കാര്യം എന്നായി ലവന്‍. ശ്രീരാമചന്ദ്രന്‍ ത്രൈലോക്യവീരനാണെന്നല്ലേ പറയുന്നത്. വരട്ടെ, വന്നു യുദ്ധം ചെയ്തു നമ്മെ തോല്പിക്കട്ടെ. അപ്പോള്‍ സമ്മതിക്കാം, അശ്വത്തെയും വിട്ടുകൊടുക്കാം. പോരാത്തതിന് വാല്മീകി മഹര്‍ഷി പഠിപ്പിച്ച അസ്ത്രവിദ്യയൊന്നും പ്രയോഗിക്കാനും അവസരം കിട്ടിയിട്ടില്ല.

ലവനും കുശനും കുതിരയെ പിടിച്ചുകെട്ടി, എന്തു നല്ല കുതിര! എന്തൊരു ഭംഗിയാണതിന്റെ കുഞ്ചിരോമത്തിന്! എത്ര അഴകുള്ള വാല്‍!

ആരു വന്നാലും ശരി, കുതിരയെ കൊടുക്കുകയില്ല എന്നു കുട്ടികള്‍ നിശ്ചയിച്ചു. അവര്‍ ജാഗ്രതയോടെ അസ്ത്രങ്ങള്‍ തൊടുത്തു കുതിരയുടെ ഇരുവശവുമായി നിലയുറപ്പിച്ചു.

യാഗാശ്വത്തെ കാണാതായ വിവരം ശ്രീരാമസൈന്യ ത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. ആരോ ശ്രീരാമചന്ദ്രനെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു! അസംഭവ്യം! എന്ന് കേട്ടവരൊക്കെ പറഞ്ഞു. വിവരമില്ലാത്ത ആരുടെയോ പണിയാണെന്നേ ശ്രീരാമസേന കരുതിയുള്ളൂ. കുറച്ചെങ്കിലും അറിവുള്ള ആരെങ്കിലും ശ്രീരാമനെ എതിരിടാന്‍ ധൈര്യപ്പെടുമോ? 

അശ്വത്തിന്റെ കുളമ്പടികള്‍ പതിഞ്ഞതിനെ പിന്തുടര്‍ന്ന് അവര്‍ ചെന്നെത്തിയത് ഒരു മരച്ചുവട്ടിലാണ്. അവിടെ സുഖമായി മുതിര തിന്നുകൊണ്ട്, യാഗാശ്വം നില്ക്കുന്നു. അതിനെ ഒരു മരത്തില്‍ കെട്ടിയിട്ടിട്ടുണ്ട്. ഇരുവശവും കാവല്‍ നില്ക്കുന്നു, രണ്ട് ഓമനത്തമുള്ള കൗമാരപ്രായക്കാര്‍!

നില്ക്കുന്നതോ യുദ്ധത്തിനൊരുങ്ങിയും. സുഗ്രീവന്‍, വിഭീഷണന്‍ എന്നിവരും കൂടെ വന്ന അമ്പത്താറു രാജാക്കന്മാരും ആ ബാലകന്മാരോടു പറഞ്ഞു. കുട്ടികളേ, കുതിരയെ അഴിച്ചുവിടുക. ഇതു നിങ്ങള്‍ക്കു കളിക്കാനുള്ള കുതിരയല്ല, സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെയാണ്. കഴുത്തില്‍ എഴുതിക്കെട്ടിയിരിക്കുന്നതു കണ്ടില്ലേ? കുട്ടികള്‍ പറഞ്ഞു. കണ്ടു, വായിക്കുകയും ചെയ്തു. അര്‍ത്ഥം നല്ലപോലെ മനസ്സിലാക്കിയിട്ടാണ് യുദ്ധത്തിനൊരുങ്ങി നില്ക്കുന്നത്.

രാജാക്കന്മാര്‍ ചിരിച്ചു. വാത്സല്യത്തോടെ അവര്‍ പറഞ്ഞു. മിടുക്കന്മാര്‍ തന്നെ. പക്ഷേ, ഈ കുതിരയെ വിട്ടേക്കുക. ഇതിനെ കെട്ടുന്നവര്‍ ശ്രീരാമസ്വാമിയോടു സമാധാനം പറയേണ്ടി വരും. അതുകൊണ്ട് വേറൊരു കുതിരയെ കളിക്കാന്‍ തരാം; ഇതിനെ വിട്ടുതരിക.

കുട്ടികള്‍ അനങ്ങിയില്ല. ഒരു കൂസലുമില്ലാതെ പറഞ്ഞു. വേറെ കുതിര വേണ്ട. ഈ കുതിരയാണ് വേണ്ടത്. ഇതിനെ വിടില്ല. വേണമെങ്കില്‍ യുദ്ധം ചെയ്തു കൊണ്ടുപൊയ്‌ക്കൊള്ളൂ; അങ്ങനെയല്ലേ അതിന്റെ കഴുത്തില്‍ എഴുതിയിട്ടിരിക്കുന്നതും? അങ്ങനെയെങ്കില്‍ അങ്ങനെ എന്നു പറഞ്ഞു രാജാക്കന്മാര്‍ കളിയായി യുദ്ധം ചെയ്യാനൊരുമ്പെട്ടു.

നിമിഷനേരംകൊണ്ട് അമ്പത്താറു രാജാക്കന്മാരും സേനയും ചിതറിയോടി! കുട്ടികളോ ആര്‍ത്തു ചിരിച്ചു വീണ്ടും അസ്ത്രധാരികളായി വെല്ലുവിളിച്ചു കൊണ്ടുനിന്നു. ശത്രുഘ്‌നന്‍ വന്നു വെല്ലുവിളിച്ചു. വെല്ലുവിളി മുഴുവനാക്കും മുമ്പേ വില്ലൊടിച്ചിട്ടു കുമാരന്മാര്‍. പിന്നെ വന്നതു ലക്ഷ്മണനാണ്. കോപം കൊണ്ടു ജ്വലിച്ചാണ് ലക്ഷ്മണന്‍ വന്നത്. അമ്പും വില്ലും ഒടിക്കുക മാത്രമല്ല മേലാകെ മുറിവും പറ്റി ലക്ഷ്മണന്‍ പിന്‍വാങ്ങി. പിന്നെ ഭരതന്‍ വന്നു. കൂസലില്ലാതെ നില്ക്കുന്ന ബാലകന്മാരോട് അനുനയവാക്കുകള്‍ പറഞ്ഞുനോക്കി. നിവൃത്തിയില്ലെന്നു കണ്ട് യുദ്ധം തുടങ്ങി. ഭരതനും വശംകെട്ടു പിന്‍വാങ്ങി. അത്രയ്ക്കാണ് കുമാരന്മാരുടെ യുദ്ധസാമര്‍ത്ഥ്യം!

വിവരമറിഞ്ഞ് ശ്രീരാമന്‍ തന്നെ വന്നു യുദ്ധത്തിന്.

ശ്രീരാമന്‍ വന്നു നേര്‍ക്കുനേര്‍ നിന്നപ്പോള്‍ ബാലകന്മാര്‍ കൗതുകത്തോടെ നോക്കി. ഇദ്ദേഹമാണ് ലോകൈകവീരനായ ശ്രീരാമസ്വാമി. ശരി, എങ്കില്‍ അദ്ദേഹത്തിന്റെ യുദ്ധസാമര്‍ത്ഥ്യം ഒന്നു പരീക്ഷിച്ചുകളയാം. വില്ലു കുലച്ചു നില്ക്കുന്ന കുമാരന്മാരെ കണ്ട് ശ്രീരാമസ്വാമിയുടെ ഹൃദയം ആര്‍ദ്രമായി. സൗമ്യനായി അദ്ദേഹം കുതിരയെ വിടാന്‍ അവരെ ഉപദേശിച്ചു. കുതിരയെ ഇപ്പോള്‍ വിട്ടാല്‍ ഇതുവരെ കാണിച്ച ധിക്കാരമെല്ലാം പൊറുത്തേക്കാം.

കുമാരന്മാരാകട്ടെ ശ്രീരാമനെ കണക്കറ്റു പരിഹസിച്ചു. സീതയെ കാട്ടിലുപേക്ഷിച്ച മഹാനല്ലേ, യാഗം നടത്താനൊരുങ്ങുന്നുവോ? ശരി, എങ്കില്‍ യാഗാശ്വത്തെ യുദ്ധം ചെയ്തു കൊണ്ടുപൊയ്‌ക്കൊള്ളുക. യുദ്ധമാണ് രാജാവിനു ചേര്‍ന്നത്, അപേക്ഷയല്ല. യുദ്ധം ചെയ്യാനെന്താ ഭയമുണ്ടോ?

ശ്രീരാമസ്വാമി മനസ്സില്ലാമനസ്സോടെ ഞാണ്‍ വലിച്ചു ബാണം തൊടുത്തു. അത്ഭുതം തന്നെ. ശ്രീരാമനെയ്ത എല്ലാ ബാണങ്ങളെയും കുമാരന്മാര്‍ മുറിച്ചിട്ടു!

ഇന്നേവരെ ലോകത്തിലാരും ഈവിധം ശ്രീരാമനെ പരിക്ഷീണനാക്കിയിട്ടില്ല. കുട്ടികള്‍ ശ്രീരാമന്റെ വില്ലു മുറിച്ചു, ദേഹമാസകലം മുറിവേല്പിച്ചു. ശ്രീരാമന്‍ ബോധരഹിതനായി വീണു. കണ്ടുനിന്ന ഹനുമാനു സഹിച്ചില്ല. ഗംഭീരമായ അലര്‍ച്ചയോടെ ലവകുശന്മാരുടെ നേര്‍ക്കു ചാടി. ലവകുശന്മാര്‍ക്കു ഹനുമാനെ കണ്ടപ്പോള്‍ നന്നെ രസിച്ചു. അയ്യ! എന്തു ചന്തമുള്ള മുഖമാണ് ഈ കുരങ്ങന്റേത്! ഇതിനെ കൊല്ലണ്ട, നമുക്കു പിടിച്ചുകെട്ടാം എന്നായി കുശന്‍.

ശരമാരി പെയ്ത് അവര്‍ ഹനുമാനെ പിടിച്ചുകെട്ടി അമ്മയ്ക്കു കാണാനായി ആശ്രമത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. സീത ആശ്രമത്തിനുള്ളിലായിരുന്നു. ലവകുശന്മാര്‍ വിളിച്ചുപറഞ്ഞു. അമ്മയ്ക്കു കാണാനായി ഞങ്ങളെന്താണു കൊണ്ടുവന്നതെന്നു നോക്കൂ! പുറത്തുവന്ന സീതാദേവി ഹനുമാനെ ബന്ധനസ്ഥനാക്കിയ നിലയില്‍ കണ്ടു. മൈഥിലി അമ്പരന്നു! 

ഓടിച്ചെന്ന് കെട്ടുകള്‍ അഴിച്ചുമാറ്റി ഹനുമാനെ പിടിച്ചെഴുന്നേല്പിച്ച് സീത ചോദിച്ചു. എന്താണിത്? ഇവരാണോ പിടിച്ചുകെട്ടിയത്? എന്തിനാണ് കെട്ടിയത്?

ഹനുമാന്‍ സീതാദേവിയെ കണ്ണീരൊഴുക്കിക്കൊണ്ട് പാദനമസ്‌കാരം ചെയ്തു. എത്ര കാലമാകുന്നു, കണ്ടിട്ട്! ആ മധുരസാന്ത്വനവചനങ്ങള്‍ കേട്ടിട്ട്! ഹനുമാന്റെ കഴുത്തില്‍ അപ്പോഴുമുണ്ട് സീതാദേവി ശ്രീരാമനോടൊത്തു പട്ടാഭിഷേകവേളയില്‍ സമ്മാനിച്ച മാല!

ഹനുമാന്‍ പറഞ്ഞു. ദേവീ, തൃപ്തിയായി. ശ്രീരാമദേവനെയും വെല്ലുന്ന അസ്ത്രാഭ്യാസം കാഴ്ചവെച്ച ഈ കുമാരന്മാര്‍ ശ്രീരാമപുത്രന്മാരേ ആകൂ എന്ന് ഞാന്‍ ഊഹിക്കേണ്ടതായിരുന്നു. ഇവര്‍ ചെയ്ത യുദ്ധത്തിനു കിടപിടിക്കുകയില്ല രാമരാവണയുദ്ധവും.

ഹനുമാന്‍ ശ്രീരാമന്റെ പൊന്‍പ്രതിമ സീതയ്ക്കു പകരം വെച്ചുള്ള അശ്വമേധയാഗത്തെക്കുറിച്ചു പറഞ്ഞു. യാഗാശ്വത്തെ വിട്ടതും കുമാരന്മാര്‍ പിടിച്ചുകെട്ടിയതും ശത്രുഘ്‌നലക്ഷ്മണഭരതന്മാര്‍ കുമാരന്മാരോടു തോറ്റു മടങ്ങിയതും.

ശ്രീരാമനെ തോല്പിക്കുന്നതു കണ്ടു താന്‍ ചാടിക്കയറി യുദ്ധത്തിനു പുറപ്പെട്ടതും കുമാരന്മാര്‍ ബന്ദികളാക്കിയതും ഹനുമാന്‍ വിസ്തരിച്ചു.

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഹനുമാന്റെ തലയില്‍ കൈവെച്ചനുഗ്രഹിച്ച് സീതാദേവി അമ്പരന്നുനില്ക്കുന്ന ലവകുശന്മാരെ ചേര്‍ത്തുപിടിച്ച് ഇങ്ങനെ പറഞ്ഞു. "കുട്ടികളേ! ഇവന്‍ എന്റെ ജീവനെ രക്ഷിച്ച ഹനുമാനാണ്.ശ്രീരാമസ്വാമി നിങ്ങളുടെ പിതാവാണ്.പിതാവിന്റെ പരമഭക്തനും ദൂതനുമാണ് ഈ നില്ക്കുന്നത്."  +

ഹനുമാന്‍ അപ്പോഴാണ് കുമാരന്മാരുടെ അസ്ത്രപ്രയോഗത്തില്‍ ശ്രീരാമചന്ദ്രന്‍ ബോധരഹിതനായ കാര്യം അറിയിച്ചത്.സീതയ്ക്കു സഹിച്ചില്ല. ഉടനെ പുത്രന്മാരെയും കൊണ്ട് ശ്രീരാമസ്വാമിയുടെ അടുത്തേക്കു പോയി.

അപ്പോഴേക്കും വാല്മീകിമഹര്‍ഷിയും അവിടെ വന്നുചേര്‍ന്നു.

  ലവനും കുശനും അമ്മയുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് അറിയിച്ചു - "പിതാവാണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ യുദ്ധം ചെയ്യുന്നതിനു പകരം തൃപ്പാദവന്ദനം നടത്തി കൂട്ടിക്കൊണ്ടു വരുമായിരുന്നു."

വാല്മീകി അവരെ നെറുകയില്‍ തലോടി സമാധാനിപ്പിച്ചു.പിന്നെ കുമാരന്മാരെ ശ്രീരാമന്റെ അരികിലേക്കു നീക്കിനിര്‍ത്തി.ലവനും കുശനും പിതാവിനെ നമസ്‌കരിച്ചു.ശ്രീരാമന്‍ മക്കളെ ആലിംഗനം ചെയ്തു.വാല്മീകി മഹര്‍ഷി ആശ്രമത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചു.ആശ്രമത്തിലേക്കുള്ള വഴിയില്‍ വെച്ചു സീതയെ കാട്ടിലുപേക്ഷിച്ചതിനു ശേഷമുള്ള എല്ലാ കഥകളും പറഞ്ഞു.ലവനെ കാണാതായപ്പോള്‍ ജാനകി പരിഭ്രമിച്ചു.പ്രാണന്‍ വെടിഞ്ഞെങ്കിലോ എന്നു ഭയന്നു കുശനെ സൃഷ്ടിച്ചതും അന്നു മുതല്‍ അവര്‍ ഇരട്ടപെറ്റ  സഹോദരരെപ്പോലെ കഴിഞ്ഞുപോരുന്നതും മഹര്‍ഷി അറിയിച്ചു.

ശ്രീരാമന്‍ എല്ലാം കേട്ടറിഞ്ഞു പുത്രന്മാരെ കൊതി തീരുംവരെ കണ്ടും വളരെ സന്തോഷമായി ആശ്രമത്തിലേക്കു നടക്കുമ്പോള്‍ വനത്തിലെ മറ്റുള്ള ഭാഗങ്ങളിലേക്കാള്‍ വൃക്ഷങ്ങള്‍ അതിയായി തഴച്ചുവളരുന്നത് മഹര്‍ഷിയുടെ ആശ്രമപരിസരത്താണെന്നത് ശ്രീരാമന്റെ ശ്രദ്ധയില്‍പ്പെട്ടു. വാല്മീകി മഹര്‍ഷിയോടു അതു പറയുകയും അതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു.

മഹര്‍ഷി തിരിഞ്ഞുനിന്നു ഗംഭീരമായ സ്വരത്തില്‍ ശ്രീരാമനോടു പറഞ്ഞു.     "ശ്രീരാമചന്ദ്രാ! അങ്ങു പറഞ്ഞതു ശരിയാണ്.ആശ്രമപരിസരത്തെ വൃക്ഷങ്ങളെയെല്ലാം സീതാദേവി തന്റെ കണ്ണീരുകൊണ്ടാണ് നനച്ചു വളര്‍ത്തിയത്.അതിനാല്‍ അവ സീതയുടെ ദുഃഖഭാരം ഘനീഭവിച്ചതുപോലെ തഴച്ചു വളര്‍ന്നു നില്ക്കുന്നു." +

ശ്രീരാമചന്ദ്രന്‍ ഒരു മാത്ര നിശ്ചേഷ്ടനായി നിന്നുപോയി.തന്റെ പ്രിയതമ അനുഭവിച്ച ദുഃഖത്തിന്റെ ആഴവും പരപ്പും ആ ഒരു നിമിഷത്തില്‍ രാമനെ വീര്‍പ്പുമുട്ടിച്ചു.

സീതാദേവിയെ പിരിഞ്ഞ് ഇനി ജീവിതമില്ല. അതിനാല്‍ സീതയെ അയോദ്ധ്യയിലേക്കു കൂട്ടിക്കൊണ്ടുപോകണം.അതിനുമുമ്പ് മഹര്‍ഷിയുടെ ആശ്രമത്തില്‍ക്കൂടി നില്ക്കുന്ന ജനത്തിന്റെ മുമ്പില്‍ സീത ഒരിക്കല്‍ക്കൂടി അഗ്നിപരീക്ഷ നടത്തണം.അതു ചെയ്യേണ്ട ആവശ്യവും ശ്രീരാമന്‍ വ്യക്തമാക്കി. തനിക്ക് സീതയെപ്പറ്റി അന്നോ ഇന്നോ യാതൊരു സംശയവും ഇല്ല. ഒരു കാലത്തും ഉണ്ടാവുകയില്ല. പക്ഷേ, ആദ്യത്തെ അഗ്നിപരീക്ഷ ലങ്കയില്‍ വെച്ചായിരുന്നതുകൊണ്ടാണ് അയോദ്ധ്യയില്‍ അപവാദം പറയാനിടയായത്. ഇപ്പോള്‍ ജനസമക്ഷം ഒരിക്കല്‍ക്കൂടി പരിശുദ്ധി തെളിയിക്കട്ടെ, തന്റെ പട്ടമഹിഷിയായി വീണ്ടും വാഴിക്കാം, പ്രജകള്‍ക്ക് എതിര്‍പ്പുണ്ടാവുകയില്ല.'

സീത ഈ വിവരം കേട്ട് ശിലപോലെ നിന്നുപോയി. വാല്മീകി മഹര്‍ഷി പറഞ്ഞതനുസരിച്ച്, കുളിച്ച് പുതുവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് ശ്രീരാമനെ മാത്രം അപ്പോഴും ധ്യാനിക്കുന്ന മിഴികളും മനസ്സുമായി അഗ്നിപരീക്ഷയ്ക്കായി വന്നു.

ഇളംകാറ്റു സീതാദേവിയുടെ മനസ്സിലെ ദുഃഖത്തിന്റെ തീവ്രത കുറയ്ക്കുവാന്‍ എന്ന മട്ടില്‍ ദേവിയെ തലോടി കടന്നുപോയി.ബ്രഹ്മദേവഗണങ്ങളും ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ടു.സര്‍വ്വരും നിശ്ശബ്ദരായി വീര്‍പ്പടക്കി നിന്നു.അത്യധികമായ ശോകത്താലും അനുകമ്പയാലും വാല്മീകി മഹര്‍ഷിയുടെ കണ്ണുകള്‍ സജലങ്ങളായി.

രാമന്‍ സീതയെ നിര്‍ന്നിമേഷനായി നോക്കിനില്ക്കുകയായിരുന്നു.സീത രാമനെ മിഴിയുയര്‍ത്തി ഒന്നു നോക്കി.നീണ്ടുനിന്ന ഒരു നോട്ടം.അവസാനമായി ശ്രീരാമചന്ദ്രന്റെ മുഖം കാണുകയാണ് എന്നപോലെ ഒരു നോട്ടം.പരിഭവമോ പരാതിയോ ഇല്ലാത്ത ഒരു നോട്ടം.

പിന്നെ ശ്രീരാമചന്ദ്രനെ എന്നെന്നേക്കുമായി ഹൃദയത്തില്‍ പ്രതിഷ്ഠിക്കുംവിധം സീത കണ്ണുകള്‍ മെല്ലെയടച്ചു. എന്നിട്ടു കാത്തു നില്ക്കുന്ന ജനങ്ങളെയും ഋഷിമാരെയും ദേവഗണങ്ങളെയും സാക്ഷിയാക്കി സ്ഫുടമായ, പരിഭവലേശമില്ലാത്ത, എന്നാല്‍ ആത്മാഭിമാനം തുളുമ്പുന്ന സ്വരത്തില്‍, കൈകൂപ്പി ഇപ്രകാരം പ്രാര്‍ത്ഥിച്ചു.

  "എന്റെ ഭര്‍ത്താവായ ശ്രീരാമചന്ദ്രനെയല്ലാതെ മറ്റൊരു പുരുഷനെയും ഞാന്‍ സ്മരിക്കുകപോലും ചെയ്തിട്ടില്ലെങ്കില്‍ അമ്മേ, ഭൂമീദേവീ, എനിക്ക് അഭയം തരിക. മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ഞാന്‍ ശ്രീരാമചന്ദ്രനെ മാത്രം പൂജിച്ചവളാണ് എന്നതു സത്യമെങ്കില്‍, അമ്മേ എനിക്കു മാര്‍ഗ്ഗം തുറന്നു തരണേ!"

അടുത്ത നിമിഷത്തില്‍ ഭൂമിക്കടിയില്‍നിന്നു ഹുങ്കാരശബ്ദമുയര്‍ന്നു.ഭൂമികുലുക്കമുണ്ടായി.

കൂടിയവരെല്ലാം സ്തബ്ധരായി നോക്കിനില്‌ക്കേ ഭൂമി വിണ്ടുകീറി, രണ്ടായിപ്പിളര്‍ന്നതുപോലെ ഒരു വലിയ വിടവു കാണാറായി.ആ വലിയ വിടവിലൂടെ ദിവ്യമായ ഒരു സിംഹാസനം പൊങ്ങിവരുന്നതു കാണാറായി.

സിംഹാസനത്തില്‍ സജലങ്ങളായ മിഴികളോടെയും സങ്കടം വഴിയുന്ന ചെറു മന്ദഹാസത്തോടെയും ഭൂമീദേവി ഇരുന്നിരുന്നു.വിചിത്രമായ ആഭരണങ്ങള്‍ ധരിച്ച പലതരം നാഗങ്ങള്‍ ആ സിംഹാസനത്തെ തങ്ങളുടെ ഫണങ്ങളില്‍ താങ്ങിനിര്‍ത്തിയിരുന്നു.ഭൂമീദേവി അത്യധികമായ വാത്സല്യത്തോടെ സ്വന്തം മകളായ സീതയെ വാരിയെടുത്തു മടിയിലിരുത്തി.സിംഹാസനം അങ്ങനെ തന്നെ താണുപോയി.ആ വിടവ് അടയുകയും ചെയ്തു.കൂടിനിന്നവരില്‍ നിന്ന് 'ഹാ!' എന്ന ശബ്ദം മാത്രമുയര്‍ന്നു.

ശ്രീരാമന്റെ കണ്ണുകളില്‍നിന്നു ചുടുകണ്ണീര്‍ ഒഴുകിയൊഴുകി നെഞ്ചു മുഴുവന്‍ കുതിര്‍ന്നു. ഒന്നു കണ്ടതേയുള്ളൂ സീതയെ, അപ്പോഴേക്കും മറഞ്ഞു കളഞ്ഞു! എത്ര നാളത്തെ വിരഹത്തിനു ശേഷമാണു കണ്ടത്! എന്നിട്ടോ? കഷ്ടം! കഷ്ടം! പെട്ടെന്നു ദുഃഖം കോപത്തിനു വഴിമാറി.ഉഗ്രമൂര്‍ത്തിയായി മാറി ശ്രീരാമന്‍.കടക്കണ്ണു ചുവന്നു.പുരികക്കൊടി കള്‍ വളഞ്ഞു.ഭൂമീദേവി ധിക്കാരമാണു കാണിച്ചത്.തന്റെ അഭിപ്രായമെന്തെന്നു ചോദിച്ചില്ല. താന്‍ നോക്കി നില്‌ക്കേ സീതയെ മടിയിലിരുത്തി അപ്രത്യക്ഷയായി. തന്റെ മനസ്സ് ആരും കണ്ടില്ല!


തെറ്റാണ് ഭൂമീദേവി ചെയ്തത്.മാപ്പു പറഞ്ഞു സീതയെ മടക്കിത്തരണം.ഇല്ലെങ്കിലോ?സംഹരിച്ചുകളയും ഭൂമിയെ.കോദണ്ഡം കുലച്ചു, ശ്രീരാമന്‍.ശ്രീരാമന്റെ ഉഗ്രരൂപംകണ്ട് ദേവഗണങ്ങള്‍ സംഭ്രാന്തരായി.ബ്രഹ്മാവ് ഓടിയണഞ്ഞു.ശ്രീരാമനോടു പറഞ്ഞു. "സാഹസമരുതേ! അങ്ങും മായയാല്‍ വലയുന്നുവോ! എല്ലാം മറന്നുപോയോ?" 

ശ്രീരാമന്‍ പണിപ്പെട്ടു സ്വയം നിയന്ത്രിച്ചു.

ആരോടും ഒന്നും പറഞ്ഞില്ല. ലവനെയും കുശനെയും വാല്മീകിയെയും കൊണ്ട് അയോദ്ധ്യയ്ക്കു മടങ്ങി.

  അയോദ്ധ്യയിലേക്കു മടങ്ങിയവരെല്ലാം വിഷാദവാന്മാരായിരു ന്നു.ദിഗ്‌വിജയം നടത്തിയ കുതിരയും രാജ്യാവകാശികളായ കുമാരന്മാരും ഉണ്ട് കൂടെ.എന്നാലും ശ്രീരാമചന്ദ്രന്റെ മുഖം മ്ലാനമായിരുന്നു.

യജ്ഞശാലയിലിരുന്ന് അദ്ദേഹം വിധികളനുസരിച്ച് യജ്ഞം നടത്തി.അശ്വമേധയജ്ഞം യഥാവിധി സമാപിച്ചു.ശ്രീരാമന്‍ രാജധാനിയിലേക്കു മടങ്ങി.കുശലവന്മാരെ ഭരണകാര്യങ്ങളില്‍ പ്രാപ്തരാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

പക്ഷേ, സീതാവിരഹത്തില്‍ ആ ഹൃദയം നീറിക്കൊണ്ടിരുന്നു.

ശ്രീരാമചന്ദ്രന്‍ നാള്‍ ചെല്ലുന്തോറും കൂടുതല്‍ ഏകാകിയായി മാറി.ഭരണകാര്യങ്ങളില്‍ വിമുഖനായി മാറിക്കൊണ്ടിരുന്നു.

കാലം കുറേ കടന്നുപോയി.

കൗസല്യമാതാവും കൈകേയിമാതാവും സുമിത്രാമാതാവും പരലോകം പ്രാപിച്ചു.

ലവകുശന്മാരുടെ പട്ടാഭിഷേകം കഴിച്ചു.

ആയിടയ്ക്ക് അതിബലമഹര്‍ഷിയുടെ ആശ്രമത്തില്‍നിന്ന് കണ്ടാല്‍ ഋഷിയെന്നു തോന്നിക്കുന്ന ഒരാള്‍ വന്നു.ദ്വാരപാലകരോടു പറഞ്ഞു.അത്യാവശ്യമായി ശ്രീരാമനെ നേരിട്ടു കാണണം.അതുകൊണ്ട് ഉടന്‍ വിവരം പറയുക. വിവരമറിഞ്ഞപ്പോള്‍ ശ്രീരാമന്‍ സ്വയം ഋഷിയെ സ്വീകരിക്കാന്‍ എഴുന്നള്ളി.

ഇക്ഷ്വാകുവംശത്തിന്റെ മര്യാദയ്‌ക്കൊത്തവിധം സ്വീകരിച്ചു കൊണ്ടുപോയി.അതിനുശേഷം മുനിയോടു ചോദിച്ചു, "വന്ന കാര്യമെന്താണ്?എനിക്കെങ്ങനെ അങ്ങയെ സേവിക്കാന്‍ കഴിയും?ആജ്ഞാപിച്ചാലും."

ഋഷി പറഞ്ഞു: "വന്ന കാര്യം പരമരഹസ്യമായി അങ്ങയെ ധരിപ്പിക്കേണ്ടതാണ്. അതുകൊണ്ട് നാം സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ആരും കടന്നുവരരുത്.അതിന് വിശ്വസ്തനായ ഒരാളെ കാവല്‍ നിര്‍ത്തുക. അഥവാ ആരെങ്കിലും വന്നാലോ?അവരെ വധിച്ചുകളയണം." ശ്രീരാമനെക്കൊണ്ട് അതു സത്യം ചെയ്യിച്ചു ഋഷിവര്യന്‍.

ശ്രീരാമന് ലക്ഷ്മണനെയാണ് ഭൂമിയില്‍ ഏറ്റവും വിശ്വാസം.പ്രാണന്‍ പോലും വിശ്വസിച്ച് ഏല്പിക്കാം.അതുകൊണ്ട് ലക്ഷ്മണ നെ വിളിച്ചു.എന്നിട്ട് ആജ്ഞാപിച്ചു.  "ലക്ഷ്മണാ, ഋഷിയും ഞാനും സംസാരിച്ചുതീരുന്നതുവരെ നീ പുറത്തു കാവല്‍ നില്ക്കുക. ഇടയ്ക്ക് ആരെങ്കിലും ഞങ്ങളെ വന്നു കാണുകയോ സംഭാഷണം കേള്‍ക്കുകയോ ചെയ്യാന്‍ ഇടയായാല്‍ അയാളെ എനിക്കു വധിക്കേണ്ടതായി വരും, ഞാന്‍ വചനബദ്ധനാണ്, ഓര്‍മ്മയിരിക്കട്ടെ!"

ജ്യേഷ്ഠന്റെ കല്പന മാനിച്ച് ലക്ഷ്മണന്‍ പുറത്തു കാവല്‍ നിന്നു.ശ്രീരാമന്‍ വന്നയാളോടു പറഞ്ഞു, ''ഇനി അങ്ങയ്ക്കു ധൈര്യമായി പറയാനുള്ളതു പറയാം.''

വന്ന ഋഷിവര്യന്‍ വെളിപ്പെടുത്തി, "ഞാന്‍ സര്‍വ്വവും സംഹരിക്കുന്ന കാലപുരുഷനാണ്.ബ്രഹ്മാവ് ചില കാര്യങ്ങള്‍ അറിയിക്കാനായി അയച്ചതാണ്.ലോകസംരക്ഷണാര്‍ത്ഥമാണ് അങ്ങ് അവതരിച്ചത്.ധര്‍മ്മസംസ്ഥാപനം നടന്നുകഴിഞ്ഞിരിക്കുന്നു.അതിനാല്‍ തിരിച്ചെഴുന്നള്ളുന്നതിനെപ്പറ്റി ആലോചിക്കണം.മടങ്ങാനുള്ള സമയമായി."

ശ്രീരാമന്‍ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു.ഈ" സന്ദേശം സത്യത്തില്‍ എനിക്ക് അതിയായ സന്തോഷമാണു തരുന്നത്.ഒന്നും മറന്നിട്ടില്ല. താമസിയാതെ ഭൂമി വെടിയും.എല്ലാം നിശ്ചയിച്ചപോലെ തന്നെ നടക്കും."

ആ സമയത്ത് ദുര്‍വ്വാസാവു മഹര്‍ഷി പുറത്തുവന്നു.കാവല്‍ നില്ക്കുന്ന ലക്ഷ്മണന്‍ മഹര്‍ഷിയെ വന്ദിച്ചു.ദുര്‍വ്വാസാവ് പറഞ്ഞു. "ലക്ഷ്മണാ, എനിക്ക് ഉടനെ ശ്രീരാമനെ കാണണം. ഞാന്‍ വന്നിരിക്കുന്നെന്ന് ശ്രീരാമനോടു പറയുക."

ലക്ഷ്മണന്‍ പറഞ്ഞു. "മഹാനുഭാവനായ ഋഷിവരാ! കാര്യമെന്തായാലും എന്നോടു പറയുക. ശ്രീരാമചന്ദ്രന്റെ പ്രതിപുരുഷനായി ഞാനതു നിര്‍വഹിച്ചുതരാം.ശ്രീരാമചന്ദ്രന്‍ മറ്റൊരാളുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നു. അങ്ങു വന്ന വിവരം പറയാന്‍ നിവൃത്തിയില്ല. അതുകൊണ്ട് ഒന്നുകില്‍ എന്നോടു പറയുക. അല്ലെങ്കില്‍ അല്പനേരം കാത്തിരിക്കുക!"


ദുര്‍വ്വാസാവിനെ അറിയില്ലേ?മൂക്കത്താണ് കോപം.എന്തെങ്കിലും വേണമെന്നു തോന്നിയാല്‍ അപ്പോള്‍ത്തന്നെ കിട്ടണം.ദുര്‍വ്വാസാവിനു കോപം വന്നു. "എന്താണു പറഞ്ഞത്?ദുര്‍വ്വാസാവു കാത്തിരിക്കണമെന്നോ?മൂന്നു ലോകത്തിലും ഒരാളും ധൈര്യപ്പെടുകയില്ല ദുര്‍വ്വാസാവിനോട് കാത്തിരിക്കാന്‍ പറയാന്‍.ചെല്ല്, ഉടനെ പോയി പറയ് ശ്രീരാമനോട്.ഇല്ലെങ്കില്‍ ഇതാ ഞാന്‍ ശപിക്കാന്‍ പോവുകയാണ്.ശപിച്ചാല്‍ നീയും നിന്റെ കുലവും മുടിയും.സൂര്യവംശം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായാല്‍ അതിനു കാരണം നീയായിരിക്കും." +

പാവം ലക്ഷ്മണന്‍! ഒന്നുകില്‍ ജ്യേഷ്ഠന്റെ കയ്യാല്‍ വധിക്കപ്പെടും.അല്ലെങ്കില്‍ സൂര്യവംശം മുടിയും.എല്ലാവരും മരിക്കും. പ്രാണനിലും പ്രിയനായ ജ്യേഷ്ഠനടക്കം! സഹിച്ചില്ല, ലക്ഷ്മണന്.

താന്‍ മരിക്കണം.അത്രയല്ലേ ഉള്ളൂ?ആവട്ടെ.ഓടിച്ചെന്നു ശ്രീരാമസന്നിധിയിലേക്ക് ദുര്‍വ്വാസാവു മഹര്‍ഷി വന്നു കോപിഷ്ഠനായി നില്ക്കുന്ന വിവരം പറഞ്ഞു.കാലപുരുഷന്റെ അനുവാദം വാങ്ങി.ശ്രീരാമന്‍ പുറത്തേക്കു വന്നു.ദുര്‍വ്വാസാവിനെ സ്വീകരിച്ചു സല്ക്കരിച്ചു കോപം ശമിപ്പിച്ചു.പിന്നീടു വന്ന കാര്യം അന്വേഷിച്ചു.ദുര്‍വ്വാസാവു മഹര്‍ഷി എന്തിനായിരുന്നു തിരക്കിട്ട് വന്നതെന്നോ?അനേകം കൊല്ലങ്ങളായി നീണ്ടുനിന്നിരുന്ന മഹര്‍ഷിയുടെ ഉപവാസം അവസാനിക്കുന്ന ദിവസമാണ് അന്ന്.ശ്രീരാമന്റെ കൈകൊണ്ട് ഒരു പിടി ചോറുണ്ടിട്ടു വേണം ഉപവാസം അവസാനിപ്പിക്കാന്‍.വിശന്നിട്ടാണെങ്കില്‍ നില്ക്കക്കള്ളിയില്ല. അതുകൊണ്ട് ചോറ് ഉടന്‍ കൊണ്ടുവരാന്‍ പറയണം.ശ്രീരാമന്‍ ഉടനെ ചോറു വരുത്തി സ്വന്തം കയ്യാല്‍ വിളമ്പിയൂട്ടി മഹര്‍ഷിയെ പ്രസാദിപ്പിച്ചു.

മഹര്‍ഷിയാകട്ടെ ശ്രീരാമനെ അനുഗ്രഹിച്ച് തിരിച്ചു യാത്രയാവുകയും ചെയ്തു.

  ദുര്‍വ്വാസാവു മഹര്‍ഷി പോവുകയും ശ്രീരാമന്‍ തിരിച്ചെഴുന്നള്ളുകയും ചെയ്തപ്പോള്‍ കാലപുരുഷന്‍ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. "എല്ലാം മംഗളമായി നടത്തിയല്ലോ, ഇനി എനിക്കു തന്ന വാക്കു കൂടി പാലിക്കുക! സൂര്യവംശത്തിന്റെ കീര്‍ത്തിക്ക് കോട്ടം തട്ടാതിരിക്കട്ടെ!"

ശ്രീരാമന്‍ ചകിതനായിപ്പോയി.കൊടുത്ത വാക്കനുസരിച്ച് സംഭാഷണം നടക്കുമ്പോള്‍ കയറിവന്ന ആളെ വധിക്കണം.കയറിവന്നതോ, ലക്ഷ്മണനാണ്. ലക്ഷ്മണന്‍ തന്റെ കൈകൊണ്ടു വധിക്കപ്പെടണം!

ശ്രീരാമന്‍ പൊട്ടിക്കരഞ്ഞുപോയി.ലക്ഷ്മണന്‍, ജ്യേഷ്ഠന്‍ ഇങ്ങനെ കരയുന്നതു കണ്ടിട്ടേയില്ല. ലക്ഷ്മണനും വന്നു സങ്കടം.എങ്കിലും സംയമനം കൈവിട്ടില്ല. ധീരനാണ് സൗമിത്രി.ജ്യേഷ്ഠന്റെ അടുത്തു ചെന്ന് എന്താണു പറഞ്ഞതെന്നോ? "ജ്യേഷ്ഠാ, എന്നെച്ചൊല്ലി സങ്കടപ്പെടരുത്.നമ്മള്‍ ഇതു നേരത്തേ അറിഞ്ഞ കാര്യമല്ലേ. പറഞ്ഞ വാക്കു പാലിക്കാത്തവര്‍ സൂര്യവംശത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. വാക്കു പാലിക്കാതെ ജ്യേഷ്ഠന്‍ ഒഴിഞ്ഞുമാറിയാല്‍ എനിക്കു നരകമായിരിക്കും ലഭിക്കുക. കേവലം ഒരു സഹോദരനോടുള്ള സ്‌നേഹം കാരണം രാജാ ശ്രീരാമചന്ദ്രന്‍ സത്യത്തില്‍ നിന്നും ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ചു എന്നു ലോകര്‍ പറയാന്‍ ഇടയാക്കരുതേ!"

കണ്ണീര്‍ വഴിയുന്ന മിഴികളുമായി ശ്രീരാമചന്ദ്രന്‍ വാളൂരി. പക്ഷേ, വാളില്‍ പിടിമുറുകുന്നില്ല. തനിക്കുവേണ്ടി എല്ലാം ത്യജിച്ച്, സഹിച്ച്, കാനനവാസത്തില്‍ ഒരു പോള കണ്ണടയ്ക്കാതെ കാവല്‍ നിന്ന സൗമിത്രിയെ താന്‍ വധിക്കുക! ഒരിക്കലും സാദ്ധ്യമല്ല. അപ്പോള്‍ കാലപുരുഷന്‍ നിര്‍ബന്ധം ചെലുത്താന്‍ തുടങ്ങി.ഇക്ഷ്വാകുവിന്റെ വംശത്തിനു കളങ്കമുണ്ടാക്കരുത്.ലക്ഷ്മണനെ വധിക്കുകതന്നെ വേണം.

ശ്രീരാമചന്ദ്രന്‍ ഇതില്‍നിന്ന് ഒഴിവാകാന്‍ എന്തെങ്കിലും വഴി പറയണമെന്ന് കുലഗുരുവായ വസിഷ്ഠനോട് അപേക്ഷിച്ചു.

വസിഷ്ഠന്‍ പറഞ്ഞു. "ശ്രീരാമാ, പ്രിയജനത്തെ വധിക്കുന്നതിനു തുല്യമാണ് പ്രിയജനത്തെ ഉപേക്ഷിക്കുന്നത്.അതുകൊണ്ട് ലക്ഷ്മണനെ മനസാ വാചാ കര്‍മ്മണാ പരിത്യജിക്കുക."

അതനുസരിച്ച്, ലക്ഷ്മണനെ നോക്കി കരഞ്ഞുകൊണ്ട് തകര്‍ന്നുപൊടിയുന്ന ഹൃദയത്തോടെ ശ്രീരാമചന്ദ്രന്‍ ഇടറി ഇടറി പറഞ്ഞൊപ്പിച്ചു "ലക്ഷ്മണാ! നിന്നെ ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. ഈ നിമിഷം തന്നെ നീ എന്നെ വെടിഞ്ഞു പൊയ്‌ക്കൊള്ളുക!"


ലക്ഷ്മണനും സങ്കടം അടക്കാനായില്ല. കണ്ണീരൊഴുക്കുന്ന ജ്യേഷ്ഠനെ നിറകണ്ണുകളോടെ മൂന്നു തവണ വലംവെച്ച് പ്രണമിച്ച്, ലക്ഷ്മണന്‍ തിരിഞ്ഞു നോക്കാതെ രാജധാനി വിട്ടിറങ്ങി. +

     രാമനെ വെടിഞ്ഞിട്ട്, പിരിഞ്ഞിട്ട്, ലക്ഷ്മണനെന്തു ജീവിതം?നടന്നു നടന്നു സരയൂനദിയുടെ തീരത്തെത്തി ലക്ഷ്മണന്‍. ജ്യേഷ്ഠനോടൊത്ത് എത്രയോ തവണ നീന്തി മറുകര തൊട്ട, ജ്യേഷ്ഠനു പ്രിയപ്പെട്ട സരയൂനദി!

സരയുവിലെ വെള്ളമെടുത്ത് ലക്ഷ്മണന്‍ ആചമനം ചെയ്തു.പിന്നെ ഇന്ദ്രിയങ്ങളെ അടക്കി പ്രാണായാമം ചെയ്തു പ്രാണനെ ശിരസ്സില്‍ ഉറപ്പിച്ച് മഹാ

വിഷ്ണുവിനെ ധ്യാനിച്ച് ഇരുന്നു.ഇന്ദ്രന്‍ തേരുമായി വന്ന് ലക്ഷ്മണനെ കൂട്ടിക്കൊണ്ടുപോയി.

ശ്രീരാമന്‍ അറിഞ്ഞു അത്.ലക്ഷ്മണന്‍ ഈ ഭൂമി തന്നെ വെടിഞ്ഞുപൊയിരിക്കുന്നു.

എല്ലാവരെയും വിളിച്ചുകൂട്ടി.രണ്ടു സഹോദരന്മാരും ബന്ധുക്കളുമെത്തിയപ്പോള്‍ ശ്രീരാമന്‍ മഹാപ്രസ്ഥാനത്തിന് ഒരുങ്ങി.അയോദ്ധ്യയിലെ ജനങ്ങളോടായി ശ്രീരാമന്‍ പറഞ്ഞു.പുണ്യാത്മാക്കളായ അയോദ്ധ്യാവാസികളേ, എന്റെ പ്രാണനായിരുന്ന സീതാദേവി എന്നെ പിരിഞ്ഞുപോയി.ഇപ്പോഴിതാ ലക്ഷ്മണനും യാത്രയായി.ഞാന്‍ മഹാപ്രസ്ഥാനത്തിന് ഒരുങ്ങുകയാണ്.

ഭരതനും ശത്രുഘ്‌നനും പറഞ്ഞു.ജ്യേഷ്ഠനില്ലാതെ ഈ ഭൂമിയില്‍ തങ്ങളും വാഴുകില്ല. ശ്രീരാമചന്ദ്രന്‍ എവിടെയോ അവിടെയായിരിക്കും ഭരതനും ശത്രുഘ്‌നനും.

ശ്രീരാമന്‍ ഭൂമി വെടിയാന്‍ പോകുന്ന വിവരമറിഞ്ഞ് പ്രജകളില്‍ പലരും ബോധശൂന്യരായി.പലരും വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി.അവര്‍ ശ്രീരാമനോടു പറഞ്ഞു. "പ്രഭോ, ഞങ്ങളെ അങ്ങു വിട്ടിട്ടു പോവുകയാണെങ്കില്‍, അങ്ങയെ ഞങ്ങളും അനുഗമിക്കും, ഇതിനു മാറ്റമുണ്ടാവുകയില്ല."

ശ്രീരാമചന്ദ്രന്‍ വലതുകൈ ഉയര്‍ത്തി അനുഗ്രഹിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു. "ശരി, അങ്ങനെതന്നെയാകട്ടെ."

ശ്രീരാമന് അലൗകികമായ ഒരു പരിവേഷം കൈവന്നതായി കണ്ടു.കുലഗുരു വസിഷ്ഠനെ നമസ്‌കരിച്ചു.മഹാപ്രസ്ഥാനത്തിനുള്ള മുഹൂര്‍ത്തമായി.രണ്ടു സഹോദരന്മാര്‍ക്കും നടുവിലായി ശ്രീരാമന്‍ ഒരുപിടി കുശപ്പുല്ലു കൈകളില്‍ കൂട്ടിപ്പിടിച്ചു ധ്യാനനിരതനായി നിന്നു.രാമഭരതശത്രുഘ്‌നന്മാരെ അപ്പോള്‍ കണ്ടാല്‍ മൂന്നു പൂര്‍ണ്ണചന്ദ്രന്മാര്‍ ഒരേ വരിയില്‍ ഉദിച്ചുനില്ക്കയാണെന്നു തോന്നും.മേഘം വെടിഞ്ഞു പുറത്തേക്കിറങ്ങുന്ന പൂര്‍ണ്ണചന്ദ്രനെപ്പോലെ, ശ്രീരാമചന്ദ്രന്‍ അയോദ്ധ്യാരാജധാനി വിട്ടിറങ്ങി.ജ്വലിക്കുന്ന അഗ്നിഹോത്രവും വാജപേയഛത്രവും വഹിച്ച് മഹാബ്രാഹ്മണര്‍ ശ്രീരാമനു മുമ്പിലായി നടന്നു.സകലശസ്ത്രങ്ങളും ചാപങ്ങളും ശ്രീരാമന് അകമ്പടി സേവിച്ചു.അവരുടെ പുറകേ ആബാലവൃദ്ധം ജനങ്ങളും അനുയാത്ര പുറപ്പെട്ടു.

അയോദ്ധ്യ ആളൊഴിഞ്ഞ അരങ്ങുപോലെ വിജനമായി.

ശ്രീരാമന്‍ നടന്ന് സരയുവിന്റെ തീരത്തെത്തി.അപ്പോഴേക്കും കൂടെ മൃഗങ്ങളും പക്ഷികളും എത്തി. സരയൂനദി! എന്തെല്ലാം ഓര്‍മ്മകളാണ് ശ്രീരാമചന്ദ്രന് സരയുവിനെക്കുറിച്ച്! ഒരു നിമിഷം കണ്ണടച്ച് സ്വന്തം വിരാട്‌സ്വരൂപത്തെ സ്മരിച്ചു.

അന്തരീക്ഷത്തില്‍ ദിവ്യമംഗളധ്വനിയും ഓംകാരവും മുഴങ്ങി.ബ്രഹ്മാവും ദേവഗണങ്ങളും വന്നെത്തി.

മര്യാദാപുരുഷോത്തമനാണ് ശ്രീരാമന്‍.അദ്ദേഹം സരയുവിനെ മെല്ലെ സ്​പര്‍ശിച്ച് അനുവാദം ചോദിച്ചു.സരയുവില്‍ ആനന്ദത്തിന്റെ അലകളുയര്‍ന്നു.ശ്രീരാമഭഗവാനെ സ്വീകരിക്കാന്‍ സരയുവും സഹര്‍ഷം ഒരുങ്ങി.സരയുവിലെ അലകള്‍ക്കു മീതെ ശ്രീരാമന്‍ നദിയുടെ മദ്ധ്യഭാഗത്തേക്കു സാവധാനം നടന്നു.ശ്രീരാമനില്‍ മാത്രം മിഴികളും മനസ്സും അര്‍പ്പിച്ചുനിന്നിരുന്ന ജനങ്ങളും ശ്രീരാമനു പുറകേ നടന്നു.

ദേവന്മാര്‍ ഈ ദൃശ്യം കണ്ട് അത്ഭുതപ്പെട്ടു.രണ്ടു പേര്‍ മാത്രം കണ്ണീരോടെ കരയില്‍നിന്നു.വിഭീഷണനും ഹനുമാനും.ചിരംജീവികളാണ് രണ്ടുപേരും. സൂര്യചന്ദ്രന്മാരും രാമകഥയും ഉള്ള കാലം അവര്‍ ജീവിക്കും!

ബ്രഹ്മാവും ദേവന്മാരും ശ്രീരാമന്റെ സാക്ഷാല്‍രൂപം കാണണമെന്നു പ്രാര്‍ത്ഥിച്ചു.ശംഖചക്രഗദാസരോജത്തോടുകൂടിയ രൂപം എല്ലാവര്‍ക്കും കാണാറായി.ബ്രഹ്മാവും ഇന്ദ്രനും ചൊല്ലിയ സ്‌തോത്രങ്ങളാല്‍ അന്തരീക്ഷം പവിത്രമായി.

ശ്രീരാമന്‍ പൂര്‍വ്വരൂപം സ്വീകരിച്ച് ബ്രഹ്മാവിനോടു പറഞ്ഞു.കൂടെ വന്നവര്‍ക്കെല്ലാം കൊടുക്കണം സ്വര്‍ഗ്ഗം.അവരോട് സരയുവില്‍ മുങ്ങാനാവാശ്യപ്പെട്ടു ബ്രഹ്മാവ്.

ശ്രീരാമന്‍ സരയുവില്‍ ജലസമാധിയായി; വൈകുണ്ഠത്തിലെത്തി.അവിടെ സീത ലക്ഷ്മീദേവിയായി കാത്തിരുന്നിരുന്നു.ഭരതന്‍ ശംഖായി, ശത്രുഘ്‌നന്‍ സുദര്‍ശനചക്രമായി, ലക്ഷ്മണന്‍ അനന്തനായി.ശ്രീരാമന്‍ വീണ്ടും മഹാവിഷ്ണുവായി അനന്തശയനം തുടങ്ങി.


*നിങ്ങൾ ഇത് എഡിറ്റ്‌ ചെയ്യാൻ പോകുക ആണോ സഹോദരാ*. 🚫 *ദയവായി എഡിറ്റ്‌  ചെയ്തു ഫോർവേഡ് ചെയ്യരുത്*🈺.. *മഹാ മോശപ്പെട്ട കാര്യമാണത്*.❌ *വേണമെങ്കിൽ ഫോർവേഡ് ചെയ്യൂ*. ➡. *മറ്റുള്ളവർ കഷ്ടപ്പെട്ടുണ്ടാക്കുന്ന മെസ്സേജ് edit ചെയ്തു അയക്കുന്നത് ഒരു നല്ല വ്യക്തിക്ക് ചേർന്ന കാര്യമല്ല* 💔. *നമ്മൾ ഇത്തരം മെസ്സേജ് വായിക്കുന്നത് എന്തിനാണ്. നമ്മളില്ലേ നല്ല വ്യക്തിത്വം വളർത്തുവാനും നല്ലൊരു മനുഷ്യനായി ഭാവിതലമുറക്ക് നല്ലത് പറഞ്ഞു കൊടുക്കാനും അല്ലെ*🕉. *അങ്ങനെയുള്ള നമ്മൾ തന്നെ മറ്റുള്ളവർ കഷ്ടപ്പെട്ടുണ്ടാക്കുന്ന മെസ്സേജ് കട്ടെടുത്തു എഡിറ്റ്‌*🔨 *ചെയ്തു നിങ്ങളുടെ മെസ്സേജ് എന്നുള്ള രീതിയിൽ പോസ്റ്റ്‌ ചെയ്താൽ അവർക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ഒന്ന് ചിന്തിച്ചുനോക്കൂ*. *കാട്ടെടുക്കാൻ സെക്കന്റ്‌ മതി. എഡിറ്റ്‌ ചെയ്യാനും അത് മതി. നിങ്ങൾ 1-2മണിക്കൂർ തച്ചിനിരുന്നു ഒരു മെസ്സേജ് പോസ്റ്റ്‌ ചെയ്തു നോക്ക്*. *അപ്പോൾ അതിന്റെ ബുദ്ധിമുട്ട് അറിയാം* 🖍. *നല്ലത് പ്രവർത്തിക്കുവാൻ ശ്രമിക്കുക. സഹകരിക്കുക* 🙏🙏



🙏  *കാരിക്കോട്ടമ്മ*🙏

No comments: