Saturday, July 20, 2019

ഉത്തമ പുരുഷ ലക്ഷണങ്ങള്‍...*

രാമായണ രചനയ്ക്ക് മുന്‍പ് ഒരിക്കല്‍ വാല്‍മീകി നാരദ മഹര്‍ഷിയോട് ഒരു ചോദ്യം ചോദിച്ചു. ആരാണ് ഉത്തമ പുരുഷന്‍...? എന്തൊക്കെയാണ് ഉത്തമ പുരുഷന്‍റെ ലക്ഷണങ്ങള്‍...? വാല്‍മീകിയുടെ ചോദ്യത്തിന് "രാമന്‍" എന്നായിരുന്നു നാരദരുടെ ഉത്തരം. ഒരു ഉത്തമ പുരുഷന്‍ എങ്ങനെയാണെന്നറിയാന്‍ രാമനെ മനസിലാക്കിയാല്‍ മതി എന്നായിരുന്നു നാരദരുടെ ഉപദേശം. രാമനെ അറിയാനുള്ള ഒരു ശ്രമമാണ് രാമായണ രചനയിലൂടെ വാല്‍മീകി നടത്തിയത്. നാരദര്‍ പറഞ്ഞത് ശരിയാണന്ന നിഗമനത്തില്‍ വാല്‍മീകി എത്തിച്ചേരുകയായിരുന്നു.

രാമായണത്തിന്റെ പ്രത്യേകത അറിയണമെങ്കില്‍ രാമന്‍ ആരായിരുന്നു എന്ന് അറിയണം, പഠിക്കണം. അതറിഞ്ഞാല്‍ രാമാവതാരത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിയും. രാമജന്മത്തിന്റെ നിയോഗമറിയുമ്പോള്‍ നാം രാമപൂജയിലേക്ക് കടക്കും. രാമപൂജയിലൂടെ നിരന്തരമായി രാമനെ ഭജിക്കുമ്പോള്‍ നാം ഓരോരുത്തരും ഉത്തമ പുരുഷന്മാരായി തീരുന്നു. സുഭദ്രമായ ഒരു ജീവിത വ്യവസ്തയിലേക്കും ധര്‍മ്മിഷ്ടമായ വ്യക്തി ജീവിതത്തിലേക്കും ഓരോ വ്യക്തികളെയും പ്രാപ്തരാക്കുക എന്നതാണ് രാമകഥയുടെ ലക്ഷ്യം.

“വത്സ! സൌമിത്രേ! കുമാര! നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാല്‍ അസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ”

ദേഷ്യം പിടിച്ചുനില്‍ക്കുന്ന അനുജനെ അനുനയിപ്പിക്കാന്‍ ശ്രീരാമന്‍ പറയുന്ന വാക്കുകള്‍ ഒന്നു ശ്രദ്ധിക്കു...
‘വത്സാ’ എന്നു സംബോധന ചെയ്യുമ്പോള്‍, ലക്ഷ്മണനു ഗുരുവിനെ ഓര്‍മ്മ വരും; ‘സൗമിത്രേ’ എന്നു വിളിക്കുമ്പോള്‍ എല്ലാവരുടേയും നല്ല മിത്രമായ തന്റെ അമ്മയെ ഓര്‍മ്മവരും, അമ്മയുടെ സദ് ഗുണങ്ങള്‍ ഓര്‍മ്മിക്കും. ‘കുമാര’ എന്നുവിളിക്കുമ്പോള്‍, തന്നേക്കാള്‍ പ്രായം കുറഞ്ഞ കൂട്ടുകാരനോടു പറയുന്നതുപോലെ, അരുമയായി അനുജനോടു വാത്സല്യപൂര്‍വം പറയുന്നതായി ലക്ഷ്മണനു തോന്നും. ദേഷ്യം അടങ്ങി, കേള്‍ക്കാന്‍ തയ്യാറാകുന്ന ലക്ഷ്മണനോട്, അല്പം പോലും കുറ്റപ്പെടുത്താതെ, ശ്രീരാമദേവന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണു പറഞ്ഞുതുടങ്ങുന്നത്.

‘നിന്നെക്കൊണ്ട് സാധിക്കാത്തതായി എന്താണുള്ളത്?’
“മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍” - കാമ ക്രോധമദ മാത്സര്യാദികള്‍ ആദ്യം വെടിയണം എന്ന് ശ്രീരാമദേവന്‍ പറഞ്ഞത് ‘മോഹ’ത്തില്‍ നിന്നാണിതെല്ലാം ജനിക്കുന്നതെന്ന് നമുക്ക് സൂചിപ്പിക്കാനല്ലെ?

‘ശരീരമാണുതാന്‍’ എന്ന തെറ്റിദ്ധാരണകൊണ്ടാണു നാം ശരീരസുഖത്തിനുവേണ്ടി വിഷയങ്ങള്‍ക്കു പുറകേ ഓടിക്കൊണ്ടിരിക്കുന്നതും, ‘ഞാന്‍ ചെയ്യുന്നു’ എന്നും ‘എന്റേതാണെന്നും’ അഹങ്കരിക്കുന്നതും!
“നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു മുന്നമേ ഞാനെടോ” - നിന്റെ ശരിയായ തത്ത്വം മുന്‍പേതന്നെ എനിക്കറിയാവുന്നതാണെന്നും, (ആദിശേഷനായ ‘അനന്തന്റെ’ അവതാരമാണല്ലോ ലക്ഷ്മണന്‍) ശരീരാദികളായ ഇരുപത്തിനാലു തത്ത്വങ്ങള്‍ക്കും ഉണ്മ കൊടുക്കുന്നത് ഭഗവാന്റെ പരമാത്മ ചൈതന്യമാണെന്നും;
“നിന്നാല്‍ അസാദ്ധ്യമായില്ലൊരു കര്‍മ്മവും നിര്‍ണ്ണയമെങ്കിലും” - അനന്തസാദ്ധ്യതകള്‍ അകത്തുള്ളവനാണു ആദിശേഷനായ ലക്ഷ്മണാ നീയെന്നും, അതുകൊണ്ട് നീ വിചാരിച്ചാല്‍ ചെയ്യുവാന്‍ കഴിയാത്തതായി യാതൊന്നുമേയില്ല എന്നും തീര്‍ച്ചയാണെനിക്കെങ്കിലും;

“നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും” - നിന്നെപ്പോലെ എന്നെക്കുറിച്ച് (ശ്രീരാമനെ) വാത്സല്യപൂര്‍വം ചിന്തിക്കുന്നവര്‍ ആരും തന്നെ ഇല്ലെന്നും, എനിക്കറിയാവുന്നതാണെങ്കിലും;
ഞാന്‍ പറയുന്നതൊന്നുകേള്‍ക്കൂ എന്റെ പൊന്നനിയാ…
“ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷധാന്യധനാദിയും
സത്യമെന്നാകിലേ തത്പ്രയാസം തവ
യുക്തം, അതല്ലായ്കില്‍ എന്തതിനാല്‍ ഫലം?”

കാണുന്നതെല്ലാം ദൃശ്യവും കാണുന്നയാള്‍ ദൃക്കും ആണു.
നമ്മുടെ ശരീരവും, ഈ രാജ്യവും, ധാന്യധനാദികളും - ഈ ഭൗതികലോകത്തില്‍ കാണപ്പെടുന്നതെല്ലാം തന്നെ, ‘ദൃശ്യം’ ആണു. ദൃശ്യങ്ങള്‍ എല്ലാം മാറുന്നതും, മാറ്റമില്ലാത്തത് ദൃക്.
(ഏതൊരു പരമാത്മചൈതന്യംകൊണ്ടാണോ നമ്മുടെ കണ്ണുകള്‍ക്കു കാണുവാനും, ചെവി കൊണ്ടു കേള്‍ക്കുവാനും, ബുദ്ധിക്ക് വിവേചിച്ചറിയാനുമൊക്കെ കഴിയുന്നത്, ആ ചൈതന്യം തന്നെ ദൃക് അല്ലെങ്കില്‍ സാക്ഷി) സത്യമെന്നാല്‍ മാറാത്തത്. സത്യം പണ്ടും, ഇന്നും, എന്നും ഒന്നായി നിലനില്‍ക്കുന്നതാണു. ഈ മാറിക്കൊണ്ടിരിക്കുന്നതായ, ഇന്നു വന്ന് കുറച്ചു സമയത്തേയ്ക്കു മാത്രം നമ്മുടെ പക്കലുണ്ടെന്നുള്ള ഭ്രമം തോന്നിപ്പിക്കുന്ന ഭൗതിക സുഖഭോഗങ്ങള്‍ക്ക് ആഗ്രഹം മനസ്സില്‍ വക്കുന്നത് യുക്തമാണോ? ഒരു രാജാവു രാജ്യം ഭരിച്ചു നാടുനീങ്ങി അടുത്ത രാജാവിനു കൈമാറേണ്ടതാണീ രാജ്യവും സമ്പത്തുമെല്ലാം. കുറച്ചുനാളത്തേക്കുമാത്രമുള്ളതിനെച്ചൊല്ലി ആഗ്രഹം വച്ചുപുലര്‍ത്തുന്നത് യുക്തമല്ല.

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം

ഭൗതികലോകത്തിലെ സുഖഭോഗങ്ങളെല്ലാം തന്നെ വളരെ കുറച്ചുസമയത്തേയ്ക്കുമാത്രം ഉണ്ടെന്നപ്രതീതി തരുന്നവയാണു ലക്ഷ്മണാ... എല്ലാം ഒരു മിന്നല്‍ പോലെ, ക്ഷണമാത്രയില്‍ വന്നുപോകുന്നവയാണു. ചുട്ടുപഴുത്തിരിക്കുന്ന ഇരുമ്പിന്റെ മുകളില്‍ പതിച്ച ഒരു തുള്ളി ജലമെത്രപെട്ടെന്നാണോ അപ്രത്യക്ഷമാകുന്നത് അതുപോലെയാണീ മനുഷ്യജന്മം. യുഗങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ മനുഷ്യായുസ്സെത്ര തുച്ഛമാണു.

(ലക്ഷ്മണനോടു പറയുന്നതായി തോന്നുമെങ്കിലും ഇത് നമ്മളോടല്ലേ ശ്രീരാമദേവന്‍ പറയുന്നത്? എന്നെന്നും നിലനില്‍ക്കുന്ന പരമസത്യത്തെ അന്വേഷിക്കൂ… നാളെ എന്തു സംഭവിക്കുമെന്നു നമുക്കറിയില്ല. ക്ഷണപ്രഭാചഞ്ചലമായ ഈ മനുഷ്യജന്മം ഒരു നിമിഷം പോലും പാഴാക്കാതെ, ‘ഏതൊന്നറിഞ്ഞാല്‍ എല്ലാമറിയുന്നുവോ, ശാശ്വതമായ ആ സത്യത്തെ സാക്ഷാത്കരിക്കൂ…’ ഭോഗങ്ങളെല്ലാം മിന്നല്‍ പോലെ വന്നുപോകുന്ന താല്‍ക്കാലികസുഖങ്ങള്‍ പ്രദാനം ചെയ്യുന്നവയാണെന്നുമനസ്സിലാക്കിക്കൊണ്ട് ശാശ്വതമായ ആനന്ദത്തെ കണ്ടെത്തൂ. ഓരോശ്വാസവും വളരെ വിലയേറിയതാണു, സമയമൊട്ടും പാഴാക്കി കളയാതെ)

“ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസാ ഭോഗങ്ങള്‍ തേടുന്നു”
പാമ്പിന്റെ വായില്‍ വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുന്ന തവള, പുറത്തേയ്ക്കു നാക്കുനീട്ടി അടുത്തു പറക്കുന്ന ഈച്ചയെ പിടിക്കുവാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ നമുക്ക് എന്താണുതോന്നുക? കാലമാകുന്ന സര്‍പ്പത്തിന്റെ വായില്‍ അനുനിമിഷം വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മളോര്‍ക്കാറുണ്ടോ, നമ്മളും ഇതുതന്നെയല്ലേ ചെയ്യുന്നതെന്ന്?

ശ്രീരാമന് പലവിധ സങ്കല്പങ്ങളുണ്ട്. വാല്‍മീകി രാമനെ മനുഷ്യനായിട്ടാണ് സങ്കൽപിച്ചതെങ്കില്‍, എഴുത്തച്ചന്‍ രാമന്‍ പൂർണ്ണമായും ഈശ്വരനും, ഈശ്വരാവതാരവുമാണ്. കാവ്യാസ്വാദകര്‍ ധര്‍മ്മരൂപനായ വീരനായകനായും, ഭക്തര്‍ വിഷ്ണുവിന്റെ അവതാരമായും ജ്ഞാനികള്‍ പരമാത്മാവായും ശ്രീരാമനെ കാണുന്നു. എഴുത്തച്ചനിലൂടെ മലയാളികള്‍ക്ക് പരിചിതമായ രാമന്‍ വിശേഷണ പദങ്ങളുടെ ഒരു സമാഹാരമാണ്. 
ധര്‍മ്മം, മര്യാദ, ത്യാഗം എന്നിവയുടെ മൂര്‍ത്തിമദ്ഭാവമാണ് രാമന്‍. 
തന്റെ സുഖം നോക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഏതു ക്ലേശവും അനുഭവിക്കുവാന്‍ തയ്യാറാകുക എന്നതാണ് ത്യാഗ മനോഭാവം. വനവാസം സ്വീകരിച്ചതാണ് ശ്രീരാമന്റെ ഒന്നാമത്തെ ത്യാഗം. ഭരതന്‍ മുഴുവന്‍ അയോധ്യാ വാസികളുമായി ചെന്ന് രാജ്യം കാല്‍ക്കല്‍ അടിമ വച്ചിട്ടും സത്യപരിപാലനത്തിനുവേണ്ടി രാജ്യം സ്വീകരിക്കാതിരുന്നതാണ് മറ്റൊരു ത്യാഗം. ഇന്ദ്രജിത്തിനെ അസ്ത്രമേറ്റ് പടക്കളത്തില്‍ ലക്ഷ്മണന്‍ വീണു കിടക്കുന്നത് കണ്ടു ജീവൻ ത്യജിക്കാന്‍ പോലും തയ്യാറായ സഹോദരനാണ് രാമന്‍. സീതാപരിത്യാഗത്തിലും ലക്ഷ്മണ
തിരസ്കാരത്തിലുമെല്ലാം പരകോടിയിലെത്തി നില്‍ക്കുന്നത് രാമനിഷ്ടയാണ്. ആ നിഷ്ടകളിലൂടെ മനുഷ്യജീവികള്‍ക്ക് ഒരു പുത്തന്‍ പ്രത്യയ ശാസ്ത്രം ഒരുക്കുകയായിരുന്നു വാല്മീകി.

രാമനിലൂടെ വാല്‍മീകി കാണിച്ചു തരുന്നത് കർമ്മത്തിലൂടെ ഈശ്വരത്വം ആർജ്ജിക്കുന്ന മനുഷ്യനെയാണ്. സന്മാർഗത്തിലൂടെ സഞ്ചരിച്ചാല്‍ മഞ്ചാടിക്കുരു പോലും കൂട്ടമായി വരുമെന്നും വാല്‍മീകി പറയുന്നു. അതല്ല അനീതിയുടെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സഹോദരന്റെ സഹായം പോലും കിട്ടില്ലെന്നും രാമായണം പറയുന്നു.

ശ്രീരാമന് സദൃശ്യമായി മറ്റൊരാളില്ല. ഗാംഭീര്യത്തില്‍ സമുദ്രത്തെയും സൌന്ദര്യത്തില്‍ പൂര്‍ണ്ണ ചന്ദ്രനേയും ക്രോധത്തില്‍ കാലഗതിയെയും ക്ഷമയില്‍ ഭൂമി ദേവിയെയും വേണമെങ്കില്‍ രാമനു സാമ്യമെന്നു പറയാമെന്നു ചുരുക്കം.
C&P

No comments: