Saturday, July 20, 2019

പൊളിഞ്ഞു വീഴുന്ന ഫ്ലാറ്റുകൾ.

രണ്ടു ദിവസം മുമ്പ് മുംബൈയിൽ ഒരു കെട്ടിടം കൂടി തകർന്നു വീണു.   ഓരോ മഴക്കാലത്തും മുംബൈയിൽ ഒന്നോ അതിലധികമോ ഫ്ലാറ്റുകൾ തകർന്നുവീഴുക പതിവായിരിക്കുന്നു. ഓരോ തകർച്ചയിലും  പത്തോ അതിലധികമോ ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നു.  മുംബൈയിൽ മാത്രമല്ല, ചെന്നെയിലും  ഡൽഹിയിലും കൊച്ചിയിലും കേരളത്തിലൊട്ടാകെയും ഇത് സംഭവ്യമാണ്. ഇന്ത്യയിൽ ആദ്യമായി ഫ്ലാറ്റുകൾ ഉണ്ടായത് മുംബൈയിലാണ്. അതു കൊണ്ടായിരിക്കാം വളരെ പഴക്കം വന്ന ഫ്ലാറ്റുകൾ ഇപ്പോഴും മുബൈയിൽ കാണുന്നത്. 

ഒരു വ്യക്തി സിവിൽ എൻജിനീയർ ആകുന്നതോടെ  റോഡും പാലവും റെയിലും കെട്ടിടവും ഒക്കെ നിർമ്മിക്കുന്നതിനെ കുറിച്ച് സാമാന്യ വിവരമുണ്ടാകുന്നു.
പക്ഷെ ഈ നിർമ്മിച്ചു വക്കുന്ന പാലവും കെട്ടിടവും ഒക്കെ ഒരു കാലത്ത് പൊളിക്കേണ്ടി വരുമോ ?, വന്നാൽ അതെങ്ങനെ ചെയ്യാം ?, ഒരു കാലത്ത് പൊളിക്കണം എന്ന് കരുതി നിർമ്മിക്കുമ്പോൾ എന്തെങ്കിലും കരുതൽ എടുക്കേണ്ടതുണ്ടോ എന്നൊന്നും ആരും പഠിപ്പിക്കുന്നില്ല.  കാരണം നിർമ്മിക്കുന്ന വീടുകളും പാലങ്ങളും റെയിലും ബഹുനില കെട്ടിടങ്ങളും ഒക്കെ എല്ലാക്കാലത്തേക്കും നില നിൽക്കുമെന്നാണ് നിർമ്മിക്കുന്ന കാലത്ത് നമ്മൾ ചിന്തിക്കുന്നത്. അത് ശരിയായ നിഗമനമല്ല .

 ഇപ്പോൾ കേരളത്തിലുള്ള കെട്ടിടങ്ങളിൽ ബഹുഭൂരിപക്ഷവും ഇരുപതാം നൂറ്റാണ്ടിലുണ്ടാക്കിയതാണ്. ചെങ്കല്ലിലും മരത്തിലും ഉണ്ടാക്കിയ വീടുകൾ  മിക്കതും ഇല്ലാതായിക്കഴിഞ്ഞു.  
 
 കുറച്ചു ഭൂമിയിൽ കൂടുതൽ വീടുകൾ പണിയുക എന്ന ആശയമാണ് ഫ്ലാറ്റുകൾ ഉണ്ടാക്കുവാൻ പ്രധാനകാരണം.
അവിടെയാണ് ഫ്ലാറ്റുകൾ നമുക്ക് പണിതരുന്നതും . നമ്മൾ ഒറ്റക്കുള്ള വീട് പണിയുമ്പോൾ എപ്പോൾ വേണമെങ്കിലും നമുക്കത് പൊളിക്കാം. പക്ഷെ ഫ്ലാറ്റ് ആകുമ്പോൾ എല്ലാവരുടെയും സമ്മതം വേണം.  സാധാരണഗതിയിൽ  ആളുകൾ ഫ്ലാറ്റിലേക്ക് താമസം മാറുമ്പോൾ ഏതാണ്ട് ഒരേ സാമ്പത്തികസ്ഥിതി ഉള്ളവരായിരിക്കും എല്ലാ ഫ്‌ളാറ്റുകളിലും. എന്നാൽ തലമുറ മാറിവരുന്നതോടെ (മുപ്പത് വർഷത്തിൽ) കാര്യങ്ങൾ മാറിമറിയും. ഫ്ലാറ്റിൽ താമസിക്കുന്നവരിൽ ചിലരുടെ സാമ്പത്തികസ്ഥിതി ഉയരും, ചിലരുടേത് താഴും. കൂടുതൽ സമ്പാദ്യമുള്ളവർ  പുതിയ ഫ്ളാറ്റിലേക്കോ വില്ലയിലേക്കോ താമസം മാറും. സാമ്പത്തിക സ്ഥിതി കുറഞ്ഞ  പുതിയ താമസക്കാർ ഫ്ലാറ്റുകളിൽ വരും. അതേസമയം ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ തീരുമാനിക്കുന്നത് ഫ്ളാറ്റിലെ ഏറ്റവും വരുമാനം കുറഞ്ഞ ആളെക്കൂടി കണക്കിലെടുത്തായിരിക്കും. അതോടെ അറ്റകുറ്റപ്പണികൾ  മോശമായി വരും. ഫ്ലാറ്റിന്റെ വില പിന്നെയും കുറയും. സുരക്ഷ  അവതാളത്തിലാകും. 
 
 മറ്റു രാജങ്ങളിൽ  ഇടക്കിടക്ക് ബിൽഡിങ് ഇൻസ്‌പെക്ടർ  വന്ന് ഫ്ലാറ്റിന്റെ സുരക്ഷിതത്വം അല്ലെങ്കിൽ ആളുകളെ ഒഴിപ്പിക്കുന്ന പരിപാടി ഒക്കെ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരിക്കൽ കെട്ടിടം പണിതാൽ പിന്നെ ഇന്സ്പെക്ഷനും ഇല്ല ഇൻസ്പെക്ടറും ഇല്ല. 

ഇന്ത്യയിലെ പ്രത്യേകസാഹചര്യത്തിൽ വേറേയുംരണ്ടു കുഴപ്പങ്ങൾ കാണുന്നു .  മുംബൈയിൽ ഇപ്പോൾത്തന്നെ മധ്യവർഗ്ഗത്തിന് ഫ്ലാറ്റ് കൈയിൽ ഒതുങ്ങാതായി. അപ്പോൾ ഒരു ഫ്ളാറ്റിനെ മക്കൾക്കായി മുറിച്ച് രണ്ടാക്കാൻ നോക്കും. അതല്ലെങ്കിൽ പകുതി ഭാഗം വാടകക്ക് കൊടുക്കാൻ പാകത്തിനാക്കും.അങ്ങനെ ഒറിജിനൽ പ്ലാനിലില്ലാത്ത   അനധികൃത നിർമ്മാണം നടക്കും. അതും പോരാഞ്ഞിട്ട്  സമ്പത്തുണ്ടാകാനോ മറ്റ് വിഷമങ്ങൾ മാറാനോ ഫ്ലാറ്റുകൾ വാസ്തു നോക്കുന്നവരെ വിളിച്ചുകാണിക്കാനും മതി. അയാൾ ആകുന്ന പോലെ  ഫ്ലാറ്റിന്റെ ചുമർ തൊട്ട് ബാൽക്കണി വരെ കുത്തിപ്പൊളിപ്പിക്കും. ഇക്കാര്യത്തിൽ  എൻജിനീയർമാർ ഒന്നും ഉണ്ടാവില്ല, തോന്നിയ പോലെ ആണ് കൂട്ടലും കുറക്കലും ഒക്കെ.  നമ്മളൊക്കെ അയൽക്കാരന്റെ കാര്യത്തിൽ ഇടപെടാത്തതിനാൽ ഒറിജിനൽ ഡിസൈനിൽനിന്നും ഫ്ലാറ്റ് മാറും.   അങ്ങനെയങ്ങനെഅറ്റകുറ്റ പണികൾ ചെയ്യാതെയും അനാവശ്യപ്പണി ചെയ്തും ഫ്‌ളാറ്റുകളുടെ സ്ട്രക്ച്ചറൽ ഇന്റഗ്രിറ്റി നഷ്ടപ്പെടും,  ഒരുദിവസം തലകുത്തി വീഴുകയും ചെയ്യും, അധികപ്പണി കാണിച്ചവരും അല്ലാത്തവരും ഒക്കെ അടിയിലാകും. രണ്ടു ദിവസം പത്ര വാർത്ത, അതോടെ എല്ലാംതീരുന്നു.

ഒരു പത്തോ പതിനഞ്ചോ വർഷം കൂടി കഴിഞ്ഞാൽ നമ്മുടെ നാട്ടിലും  ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്' . അതില്ലാതാവണമെ ങ്കിൽ ഇപ്പോൾ തന്നെ പഴയ കെട്ടിടങ്ങൾ സ്ഥിരമായി പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. സുരക്ഷഇല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുകളയാൻ വകുപ്പുണ്ടാകണം.  പത്തോ ഇരുപതോ തൊഴിലാളികൾ രണ്ടു വടവും ഒരു ജെ സി ബി യും ആയി ആഞ്ഞു വലിച്ചാണ് ഇപ്പോൾ നാട്ടിൽ കെട്ടിടങ്ങൾ പൊളിക്കുന്നത്. പതിവ് പോലെ അത് കണ്ടു നിൽക്കാൻ നൂറു പേർ ചുറ്റും. 
'
  പത്തു നിലയിലുള്ള കെട്ടിടങ്ങൾ എങ്ങനെ പൊളിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?. ഇപ്പോൾ രണ്ടു  നിലക്കെട്ടിടങ്ങൾ പോലും പൊളിക്കുമ്പോൾ അപകടവും മരണവും പതിവാണ്.  നാല്പത് നിലയുള്ള കെട്ടിടം പൊളിക്കാൻ ഇപ്പോഴത്തെ സാങ്കേതിക വിദ്യ പോരാതെവരും .അത് കൊണ്ട് തന്നെ കെട്ടിടം നിർമ്മിക്കുന്ന എൻജിനീയറിങ്ങിനേപോലെ കെട്ടിടം പൊളിക്കുന്ന എഞ്ചിനീയറിങ്ങും നമ്മുടെ കുട്ടികൾ പഠിക്കേണ്ടിയി രിക്കുന്നു. കെട്ടിടത്തിന് സ്ഥലം കാണുമ്പോഴും നിർമ്മിക്കുമ്പോഴും നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോഴും ഈ കെട്ടിടം ഒരു കാലത്ത് പൊളിക്കേണ്ടി വരും എന്ന ചിന്ത ഉണ്ടായാൽ കൂടുതൽ നന്നായി.

    പി .എം .എൻ . നമ്പൂതിരി .

No comments: