Monday, July 29, 2019

*ശ്രീമദ് ഭാഗവതം 226* 

ഈ അഹങ്കാരം ശുദ്ധമാക്കിയിട്ടൊന്നും ഭഗവാന് കൊടുക്കാനില്ല്യ, എങ്ങനെ ഇരിക്കണുവോ അങ്ങനെ കൊടുക്കാ. ഞാൻ നിന്നെ ശുദ്ധമാക്കാനായിട്ട് ഉള്ളപ്പോൾ നീ എന്ത് ശുദ്ധമാക്കാൻ? അത് ഇങ്ങട് താ. നീ എങ്ങനെ ഇരിക്കണുവോ അങ്ങനേ ശരണാഗതി ചെയ്യൂ.

എന്തിനെയാ ശുദ്ധമാക്കാൻ പോണത്? ശരീരത്തിനെ ആണെങ്കിൽ ശരീരം ശുദ്ധമാവ്യേ ഇല്ല്യ. അതിന് ഒരു സിദ്ധൻ പറയും. കുറേ ചളിയും മലവും ഒക്കെയായി തുണിയിൽ കെട്ടി അമ്പലത്തിൽ പോയി അത്രേ. അത് കണ്ടു പിടിച്ചപ്പോ അദ്ദേഹത്തിനെ ആളുകള് തല്ലാൻ പോയപ്പോ അദ്ദേഹം പറഞ്ഞു,

"കണ്ടു പിടിച്ചത് നിങ്ങളുടെ കുറ്റം ആണ്. ഞാൻ മറച്ചിട്ടാണല്ലോ പോയത്."

"മറച്ചിട്ട് കൊണ്ട് പോയാലും അമ്പലത്തിനുള്ളിൽ കൊണ്ട് പോകാൻ പാടില്ല്യ." 
"നിങ്ങളുമൊക്കെ കൊണ്ട് പോണുണ്ടല്ലോ വയറ്റിനുള്ളിലുണ്ട് ഉള്ളിലുണ്ട്. നിങ്ങള് മറച്ചു കൊണ്ട് പോകണു. ആരും കണ്ടുപിടിക്കണില്ല്യ. അതുകൊണ്ട് കുഴപ്പല്ല്യ. ഞാനും മറച്ച് വെച്ചിട്ടാണ് കൊണ്ട് പോയത്. "

ശരീരം ണ്ടോ അശുദ്ധം. അതിനെ എങ്ങനെ ശുദ്ധമാക്കാൻ പറ്റും? എന്നാൽ ചിത്തം ശുദ്ധമാണോ? ആരുടെയാ ശുദ്ധം?
അഹങ്കാരം ഉള്ളിടത്തോളം ശുദ്ധം അല്ല.

എപ്പോൾ ഈ അഹങ്കാരം എനിക്ക് (ഭഗവാന്) അർപ്പിക്കപ്പെടുന്നുവോ ആ ജീവൻ എത്ര അശുദ്ധമാണെങ്കിലും ഞാൻ സ്വീകരിച്ച് കൊള്ളാം. അവനെ വേഗം പരിശുദ്ധനാക്കി ക്കൊള്ളാം. അവനെ എന്നോട് ചേർത്തു കൊള്ളാം. 

ഏറ്റവും വലിയ പാപികളിൽ ഇനിയൊരു പാപം ചെയ്യാനില്യ അത്ര പാപം ചെയ്ത ആളാണെങ്കിൽ പോലും,

സർവ്വം  ജ്ഞാനപ്ലവേന ഏവ 
വൃജിനം സന്തരിഷ്യസി 

ജ്ഞാനത്തോടെ; ജ്ഞാനം എന്താ ഞാൻ കർത്താവല്ല ഞാൻ ഭോക്താവല്ല ഞാൻ ശരീരമല്ല എന്നുള്ള ജ്ഞാനം ഉദിക്കുമ്പോ, ആ പാപം ഒക്കെ കഴുകി ക്കളയപ്പെടും. കഴുകിക്കളയുമെന്ന് മാത്രല്ല അതിന് മേലെ അയാളെ കൊണ്ട് പാപം ചെയ്യാൻ സാധ്യമല്ല. 

ഭഗവാന് ശരണാഗതി ചെയ്താൽ എങ്ങനെയുള്ള ആളാണെങ്കിലും ഭഗവാൻ ശുദ്ധമാക്കിക്കൊള്ളാമെന്നാണ്. ഇനിയിപ്പോ പൂതന ആണെങ്കിലും ശരി,ഒരു അമ്മയ്ക്ക് എന്തൊരു ഗതി കൊടുക്കുന്നുവോ ആ ഗതി ഈ പൂതനയ്ക്ക് സിദ്ധിക്കാൻ പോകുന്നു. 

പൂതന കൃഷ്ണനെ എടുത്ത് മടിയിൽ വെച്ചു പാല് കൊടുക്കാണ്. ഒരു ജീവന് സദ്ഗുരു സമ്പർക്കം ണ്ടാവുമ്പോ ദീക്ഷ.  ദീക്ഷ ന്താ? ഗുരു അനുഭവിക്കുന്ന ആ സ്ഥിതി, അത് അതേപടി ശിഷ്യനിലേക്ക് പകർന്നുകൊടുക്കുന്നതിന്റെ രുചി ആണല്ലോ ദീക്ഷ. ദീക്ഷ ചിലപ്പോൾ മന്ത്രരൂപത്തിൽ ആയിരിക്കും. ചിലപ്പോൾ ഉപദേശ രൂപത്തിലായിരിക്കും. ചിലപ്പോൾ ഒരു ദൃഷ്ടി ആയിരിക്കും. ചിലപ്പോൾ  സ്പർശദീക്ഷ ണ്ട്. ശിരസ്സില് സ്പർശിക്കാ. ഭഗവാൻ നരസിംഹമൂർത്തി പ്രഹ്ലാദനെ ശിരസ്സില് കൈവെച്ചു. ധ്രുവനെ ഭഗവാൻ മുഖത്ത് കൈവച്ചു. രാമകൃഷ്ണദേവൻ സ്വാമി വിവേകാനന്ദനെ നെഞ്ചില് തൊട്ടു. നെഞ്ചിൽ തൊട്ടതോട് കൂടെ വിവേകാനന്ദന് ബാഹ്യപ്രജ്ഞ ഒക്കെ നഷ്ടപ്പെട്ട് കുറേ നേരം  സമാധിസ്ഥിതിയിൽ ഇരുന്നു. 

നമ്മളുടെ ഒക്കെ അഹങ്കാരത്തിന്റെ സ്ഥാനം, ആ അഹങ്കാരത്തിനെ ദീക്ഷ തത്ക്കാലത്തേയ്ക്ക് ഒന്ന് വിഴുങ്ങും. ചിത്ജഡഗ്രന്ഥി യെ (അഹങ്കാരഗ്രന്ഥിയെ) ഇല്ലാതാക്കുക. 

'ഞാൻ' എന്നുള്ള അഹങ്കാരഗ്രന്ഥിക്ക് വാസ്തവത്തിൽ ശരീരത്തിൽ ഒരു സ്ഥാനം കണ്ടു പിടിക്കാൻ പറ്റില്ലെങ്കിലും  ഒരു ചെറിയ സൂചന ണ്ട്. ലോകത്ത് എവിടെ ചെന്നാലും ആളുകള് ഞാൻ എന്ന് പറയുമ്പോ ഒരു സംശയവും ഇല്ലാതെ കൈ പൊന്തിച്ചു കൊണ്ട് വന്ന് വലതു വശത്ത് നെഞ്ചിൽ കൈ വെച്ച് ഞാൻ എന്ന് പറയും.  അഹങ്കാരഗ്രന്ഥിയുടെ സ്ഥൂലശരീരത്തിലെ ഒരു സ്ഥാനമായിട്ട് യോഗികൾ ഇതിനെ നിർദ്ദേശിക്കുന്നു. ആ സ്ഥാനത്ത് ഭഗവാൻ കൈയ്യല്ല വെച്ചത് വായ വെച്ചു. പൂതനയുടെ നെഞ്ചിലേക്ക് ഭഗവാൻ വായ വെച്ചു. ഭഗവാൻ വായ സ്പർശിച്ചതോടു കൂടെ ഇവൾ നിലവിളിക്കാൻ തുടങ്ങി. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: