ധന്യം സാര്‍ഥകം ജീവിതം_*
ഭാരതം ലോകത്തിനു നല്‍കിയിരിക്കുന്ന പത്തു ജീവിത നിര്‍ദേശങ്ങള്‍ നമുക്കേവര്‍ക്കും പ്രയോജനപ്പെടും. ഇത് പതഞ്ജലി മഹര്‍ഷി ശിഷ്യന്മാര്‍ക്ക് ധന്യമായ ജീവിതം നയിക്കുന്നതിനായി രണ്ടായിരത്തി മുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയതാണ്.
അഹിംസ: വാക്കു കൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റൊരുവനെ വേദനിപ്പിക്കാതിരിക്കുക. ഇത് ധീരനുള്ള സന്ദേശമാണ്. ഭീരുവിനുള്ളതല്ല.
സത്യം: ജീവിത യാഥാര്‍ഥ്യത്തെക്കുറിച്ച് സത്യന്ധമായ വീക്ഷണമുണ്ടാകുക. ഓരോ കാര്യത്തെ ക്കുറിച്ചും വസ്തുതാ പരമായ അറിവും ഉണ്ടാകണം.
അസ്‌തേയം: ഏതു തരത്തിലുമുള്ള ചൂഷണം ഒഴിവാക്കുക. ചൂഷണം ചെയ്യാതെ ജീവിക്കാന്‍ പഠിക്കുക.
ബ്രഹ്മചര്യം: ജീവിതലക്ഷ്യമെന്താണെന്നു വ്യക്തമായി ബോധമുണ്ടാകുക. എവിടേക്കാണ് എങ്ങനെയാണ് ജീവിത യാത്ര എന്നതറിയണം.
അപരിഗ്രഹം: കഴിവതും മറ്റൊരുവനെ ആശ്രയിച്ചു ജീവിക്കാതിരിക്കുക. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുക. സ്വാശ്രയത്വം പാലിക്കുക.
മേല്‍ വിവരിച്ചത് അഞ്ചുയമങ്ങളാണ്. ചുവടെ വിവരിക്കുന്നത് അഞ്ചു നിയമങ്ങളാണ്.
ശൗചം: പരിപൂര്‍ണ മാനസിക ശാരീരിക കുടുംബപരമായ ശുചിത്വം പാലിക്കുക.
സന്തോഷം: സന്തോഷത്തോടെ ജീവിക്കാന്‍ പഠിക്കുക. ജീവിതത്തില്‍ എല്ലാവര്‍ക്കും സുഖവും ദു:ഖവും ഉണ്ടെന്നറിഞ്ഞ് നമ്മുടെ സ്വര്‍ഗവും നരകവും നാം തന്നെയാണുണ്ടാക്കേണ്ടത് എന്നുമറിഞ്ഞു സന്തോഷത്തോടെ ജീവിക്കുക.
തപ: ഓരോ പ്രവൃത്തിയും ഒരു തപസ്സുപോലെ അനുഷ്ഠിക്കുക. ജീവിതം തന്നെ ഒരു തപസ്സാണെന്ന ബോധം ഉണ്ടാക്കുക.
സ്വാധ്യായം: ഓരോ നിമിഷവും കേള്‍ക്കുന്നതില്‍ നിന്നും കാണുന്നതില്‍ നിന്നും പഠിക്കുക. പഠിച്ചു കൊണ്ടേയിരിക്കുക.
ഈശ്വരപ്രണിധാനം: നമുക്ക് അതീതമായി ഒരു ശക്തി ഈ പ്രപഞ്ചത്തില്‍ എല്ലാത്തിനും ആധാരമായി നില്‍ക്കുന്നു എന്ന ബോധം ഉണ്ടാകുക.
ഈ അഞ്ചു യമങ്ങളും അഞ്ചു നിയമങ്ങളും കുറേശ്ശെയെങ്കിലും ജീവിതത്തില്‍ പകര്‍ത്താനാകട്ടെ.
ReplyForward
|
No comments:
Post a Comment