Wednesday, July 24, 2019

ദക്ഷിണാമൂർത്തി സ്തോത്രം-64
വള്ളലാർ തന്റെ കൃതിയിൽ പറയുന്നു ശിഷ്യൻ ഗുരുവിൽ നിന്ന് തത്ത്വോപദേശം സ്വീകരിച്ചു. എന്നിട്ട് ശിഷ്യൻ ചോദിക്കുന്നു ഗുരോ അങ്ങയ്ക്കായി എനിക്ക് എന്ത് തിരിച്ച് ചെയ്യാൻ കഴിയും. ഗുരു പറഞ്ഞു തിരിഞ്ഞു നോക്കാതെ നടക്കുക. നിഷ്കൃതി എന്നൊക്കെ പറഞ്ഞ് വീണ്ടും ദ്വൈതം ഉണ്ടാക്കി എന്നെ ഉപദ്രവിക്കാതെ തിരിഞ്ഞു നോക്കാതെ നടന്നോളുക. ഈ ഭേദങ്ങളൊക്കെ കല്പിച്ച് ഭ്രമം ഉണ്ടാക്കാതെ ആ സ്ഥിതിയിലിരിക്കു. കൈവല്ല്യ നവനീതത്തിൽ ഗുരു പറയുന്നു എനിക്ക് തരാവുന്ന ഏറ്റവും വലിയ ദക്ഷിണ ഞാൻ ഉപദേശിച്ച ആ നിലയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാതെ നിൽക്കുക എന്നതാണ്.
അയ്യനെ അനന്ത ജന്മങ്കൾ എനയ് ആണ്ട നെയ്യനെ ഉപദേശിക്ക വന്ത ഗുരുവേ പോറ്റി ഇത് കൈവല്ല്യ നവനീതത്തിൽ പറയുന്ന ശ്ലോകമാണ്.
രമണാശ്രമത്തിൽ ശങ്കരാമ്മ എന്ന ഒരു പാട്ടിയുണ്ടായിരുന്നു. നന്നായി ജോലി ചെയ്യുമായിരുന്നു പാട്ടി. കാഴ്ചയിൽ അല്പം വിരൂപിയായിരുന്നു. എപ്പോഴും വഴക്കു പറയുന്നതിനാൽ ആർക്കും അത്ര ഇഷ്ടമല്ലായിരുന്നു പാട്ടിയെ. ജോലിയെല്ലാം കഴിഞ്ഞ് ഒരോരത്ത് നിശ്ചലമായി ഇരിക്കും പാട്ടി. ഒരിക്കൽ ഗണപതി മുനി അവിടേയ്ക്ക് വരുകയുണ്ടായി. പാട്ടിയെ നോക്കി പറഞ്ഞു എന്തൊരു ശാന്തിയാണിവിടെ. പാട്ടിയുടെ കൂടെ തന്നെ ഇരിക്കാൻ തോന്നുന്നു. എന്താണിതിന്റെ രഹസ്യം. നിനപ്പ് ഇല്ലാമൽ ഇരിക്കറുത് താൻ രഹസ്യം. ചിത്തവൃത്തികൾ ഇല്ലാതെയിരിക്കുന്നതാണ് രഹസ്യം. ഞാൻ ചിത്തവൃത്തിയില്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ശാന്തി അനുഭവപ്പെടുന്നത്. ഗണപതി മുനി വീണ്ടും ചോദിച്ചു എന്തിനാണ് എല്ലാവരുമായി വഴക്കിന് പോകുന്നത്. അതു കൊണ്ടല്ലേ ആർക്കും പാട്ടിയെ ഇഷ്ടമല്ലാത്തത്. അപ്പോൾ പാട്ടി പറഞ്ഞു, മറ്റുള്ളവർ നമ്മളെ ഇഷ്ടപ്പെട്ടിട്ട് നമുക്കെന്ത് വേണം. മറ്റുള്ളവർക്ക് വേണ്ടി സ്വഭാവം മാറ്റാൻ നിന്നാൽ അതിനൊക്കെ ഞാൻ മനസ്സ് ഉപയോഗപ്പെടുത്തേണ്ടി വരും. It's a waste of energy. ശരീരവും, മനസ്സുമൊക്കെ അതിന്റെ സ്ഥിതിയിലിരിക്കട്ടെ ഞാൻ എന്റെ സ്ഥിതിയിലും. ഗണപതി മുനി വീണ്ടും ചോദിച്ചു "ഉനക്ക് ഇന്ത നിലയ് എപ്പടി സിദ്ധിച്ചത് ". പാട്ടിക്ക് അഞ്ച് വയസ്സിൽ കല്ല്യാണം നടന്നു ഏഴ് വയസ്സിൽ വിധവയുമായി. അതിന് ശേഷം ആത്മീയ ഗ്രന്ഥങ്ങൾ വായിച്ച് കുടുംബത്ത് തന്നെ കഴിഞ്ഞു. സഹോദരന് വലിയ കാര്യമായിരുന്നു പാട്ടിയെ. എല്ലാ വർഷവും ഒരു തീർത്ഥ സ്ഥാനത്ത് പോകണം എന്നല്ലാതെ ഒരു ആഗ്രഹവും പാട്ടിക്കുണ്ടായിരുന്നില്ല. അങ്ങനെ തിരുവണ്ണാമലയ്ക്കും വന്നു. അവിടെ കോവിലിൽ പൂജ ചെയ്യുന്നത് രമണ മഹർഷിയെന്ന് അറിഞ്ഞപ്പോൾ തന്നെ പാട്ടിക്ക് സമാധി നില വന്നു. ആശ്രമത്തിൽ വന്ന് രമണ ഭഗവാനെ കണ്ടപ്പോൾ പാട്ടി ഉറപ്പിച്ച് പറഞ്ഞു എന്റെ ഗുരുവിനെ ഞാൻ കണ്ടിരിക്കുന്നു. ഇനി ഇവിടം വിട്ട് ഞാൻ എങ്ങും വരില്ല.
ആശ്രമത്തിലെ അടുക്കളയിലായിരുന്നു പാട്ടിക്ക് ജോലി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഒരു സംശയം എല്ലാവരും അവരവരുടെ സാധന ചെയ്യുന്നു. എന്നാൽ ഞാൻ മാത്രം ഒരു സാധനയും ചെയ്യുന്നില്ല. എന്നാൽ ഉള്ളിൽ നിറഞ്ഞ ശാന്തി. ഇതു തന്നെയാണോ ആ പൂർണ്ണ നില അല്ലെങ്കിൽ ഇത് വെറും എന്റെ ഭാവനയാണോ. ഇത് ഗുരുവിനോട് പോയി ചോദിക്കാൻ സാധിക്കുമോ? ഞാൻ ജ്ഞാന നിലയിലാണോ എന്നൊക്കെ.
ഒരിക്കൽ രമണ മഹർഷി ഊണ് കഴിഞ്ഞ് ആ ഭാഗത്തേയ്ക്ക് വരുകയുണ്ടായി. കൂടെ ഒരു സഹായിയും ഉണ്ട്. മഹർഷി വായ കഴുകുന്ന സമയത്ത് സഹായി അല്പം ഒന്ന് മാറിയ തക്കം നോക്കി പാട്ടി ഭഗവാനെ നമസ്കരിച്ചു എന്നിട്ട് കൈവല്യ നവനീതത്തിലെ ആ വരികൾ ചൊല്ലി "അയ്യനെ അനന്ത ജന്മങ്കൾ എനയ് ആണ്ട നെയ്യനെ ഉപദേശിക്ക വന്ത ഗുരുവേ പോറ്റി.. " ഗുരുവേ അവിടത്തെ കൃപ ആ കൃപയ്ക്ക് ഞാനെങ്ങനെ നിഷ്കൃതി നല്കും, എനിയ്ക്ക് എന്തെങ്കിലും തിരികെ നല്കാൻ സാധിക്കുമോ. ഭഗവാൻ പറഞ്ഞു അതിനുത്തരം അടുത്ത വരിയിൽ തന്നെയുണ്ടല്ലോ. ഇപ്പോൾ ഇരിക്കുന്ന സ്ഥിതിയുണ്ടല്ലോ ആ സ്ഥിതിയിൽ തന്നെ ഇരിക്കു. ആ പൂർണ്ണ സ്ഥിതിയിൽ നിൽക്കുന്നതാണ് എനിക്ക് തരുന്ന ദക്ഷിണ, അതാണ് എനിക്ക് തരുന്ന നിഷ്കൃതി. രമണ ഭഗവാന്റെ ഈ വാക്കുകൾ പാട്ടിക്ക് തന്റെ സ്ഥിതിയെ കുറിച്ച് ഉറപ്പ് നൽകി.
പൂർണ്ണ സുഖ സ്വരൂപികളായിരുന്ന് ശരീരം ഉപേക്ഷിച്ച അങ്ങനെ കുറേ മഹാത്മാക്കളുണ്ട്. Silent revolution ആണ് രമണ മഹർഷിയുടെ ജീവിതം. ശ്രീ രാമകൃഷ്ണന്റെ ജീവിതം വിവേകാനന്ദനിലൂടെയും മറ്റു ശിഷ്യൻമാരിലൂടേയും കുറേയൊക്കെ അറിഞ്ഞിരുന്നു. എന്നാലിവിടെ കൂട്ടത്തോടെ ജ്ഞാന നില അടഞ്ഞ കുറേ മനുഷ്യർ. പുറമേയ്ക്ക് പരസ്യങ്ങളും, പ്രചാരണങ്ങളും കൂടുന്നിടത്ത് ഒന്നും തന്നെയുണ്ടാകില്ല. എന്നാലിവിടെ എത്ര പേരാണ് ആ സ്ഥിതിയിൽ നിന്നത് എന്നാൽ ആരും ഒന്നും പറഞ്ഞില്ല. കള്ളനെ തേള് കുത്തിയ പോലെ ആരേയും അറിയിച്ചില്ല.
Nochurji
malini dipu

No comments: