ഭാഗവത സപ്താഹങ്ങള്‍
ശ്രീനാരായണന്‍ ബ്രഹ്മാവിന് ചതുശ്ലോകീ ഭാഗവതം ഉപദേശിച്ചുകോടുത്തു. അത് കന്നിമാസത്തിലെ വെളുത്തപക്ഷനവമിയായ വ്യാഴാഴ്ചയായിരുന്നു. നാരദന്‍ വ്യാസന് ഭാഗവതം ഉപദേശിച്ചു. വ്യാസന്‍ അത് 12 സ്‌കന്ധങ്ങളില്‍ 335 അദ്ധ്യായങ്ങളിലും 18000 ശ്ലോകങ്ങളിലുമാക്കി ശ്രീശുകന് ഉപദേശിച്ചുകൊടുത്തു. ശ്രീശുകന്‍ പരീക്ഷിത്തിന് അത് ഏഴുപകലുകൊണ്ട് ഉപദേശിച്ചു. ശ്രീകൃഷ്ണന്‍ ഭൂമി വിട്ടതിനു ശേഷം 30 വര്‍ഷങ്ങള്‍ കഴിഞ്ഞ് പരീക്ഷിത്തിനുവേണ്ടി ചെയ്ത ആ സപ്താഹം രണ്ടാമത്തേതായിരുന്നു. കുംഭമാസത്തിലെ വെളുത്തപക്ഷത്തിലെ നവമിദിവസമായ വ്യാഴാഴ്ചയായിരുന്നു അത്. അന്ന് പരീക്ഷിത്തിന് പ്രായം 60 വയസ്സ്. ലോമഹര്‍ഷണപുത്രനായ സൂതന്‍ അന്ന് അതുകേട്ടുപഠിച്ച് ശൗനകാദികള്‍ക്ക് ഉപദേശിച്ചുകൊടുത്തു. ഭാഗവതം പരീക്ഷിത്തിന് അമൃതമായും ഞങ്ങള്‍ക്ക് ശ്രീകൃഷ്ണകഥാമൃതവുമായി എന്ന് ശൗനകന്‍ അരുളിച്ചെയ്തു. പിന്നീട് 200 വര്‍ഷം കഴിഞ്ഞ് ഗോകര്‍ണന്‍ ഒരു സപ്താഹം നടത്തി. അത് കര്‍ക്കടകത്തിലെ വെളുത്തപക്ഷ നവമിക്കായിരുന്നു. അതിനുശേഷം 30 വര്‍ഷം കഴിഞ്ഞ് സനകാദികള്‍ നാരദന്റെ അഭ്യര്‍ത്ഥന മാനിച്ച് അമ്മയായ ഭക്തിക്കും മക്കളായ ജ്ഞാനത്തിനും വൈരാഗ്യത്തിനും വേണ്ടി ഒരു സപ്താഹം നടത്തി. അത് വൃശ്ചികമാസത്തിലെ വെളുത്ത നവമിക്കായിരുന്നു. കുംഭമാസമാണ് ഭാഗവത സപ്താഹത്തിന് ഏറ്റവും നല്ല സമയമെന്ന് പണ്ഡിതമതമുണ്ട്. പതിനെട്ട് പുരാണങ്ങളിലും മഹാഭാഗവതം. ശ്രേഷ്ഠമാണ്. ഉപനിഷത്ജ്ഞാനങ്ങളെ സാധാരണക്കാരില്‍ എത്തിക്കാനാണ് ഭാഗവതാദി പുരാണങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ബ്രഹ്മസൂത്രങ്ങളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതും മഹാഭാരതകഥാസന്ദര്‍ഭങ്ങളുടെ അര്‍ത്ഥവിനിര്‍ണയം ചെയ്യുന്നതും ഗായത്രീമന്ത്രത്തിന്റെ ഭാഷ്യരൂപവും സകല വേദാര്‍ത്ഥകല്പനാപരവുമാണ് മഹാഭാഗവതം. ശ്രേഷ്ഠമായ യാഗം ഭാഗവതാലാപനമാണ്. ശ്രുതി മുതലായവ കരിമ്പാണെങ്കില്‍ ഭാഗവതം ശര്‍ക്കരയാണ്. മഹാപുരണങ്ങളില്‍ പത്തുലക്ഷണങ്ങള്‍ പൂര്‍ണമായും ഒത്തുചേര്‍ന്ന ഒരേയൊരു പുരാണവുമിതാണ്.
No comments:
Post a Comment