മഹാബലി ഹാസ്യകഥാപാത്രമല്ല
പരസ്യചിത്രങ്ങളിലും കോമഡി പരിപാടികളിലും പ്രത്യക്ഷനാകുന്ന മാവേലി കപ്പടാ മീശയും കുടവയറുമുള്ള ഒരു ഹാസ്യകഥാപാത്രമാണ്. ത്യാഗശീലനും ധര്‍മനിഷ്ഠനും മഹാബലവാനുമായ അസുരചക്രവര്‍ത്തിയെ കോമാളിയാക്കി ചിത്രീകരിക്കുന്നതിനെ വിമര്‍ശിക്കുകയാണ്...
വീണ്ടും ഒരോണംകൂടി വരവായി. മലയാളി മനസ്സുകളില്‍ മാവേലി സങ്കല്പവും ഒരുവട്ടംകൂടി ഉണരുകയാണ്. മാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഇന്ന് ഒരു ഹാസ്യകഥാപാത്രം എന്ന രീതിയിലാണ് മാവേലിയെ ചിത്രീകരിക്കുന്നത്. കുടവയറും കൊമ്പന്‍ മീശയും കിരീടവും ഓലക്കുടയും ഒക്കെ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ രൂപം. എന്നാല്‍, എന്താണ് മാവേലിയെക്കുറിച്ചുള്ള യഥാര്‍ഥ സങ്കല്പം ?
മഹാബലി ചക്രവര്‍ത്തിയെപ്പറ്റി ആധികാരികമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം 'ശ്രീമദ് ഭാഗവതം' ആണ്. വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ കൊച്ചുമകനാണ് പിന്നീട് അസുര ചക്രവര്‍ത്തിയായ മഹാബലി. ബലിയുടെ കാലഘട്ടം 'യജ്ഞ'സംസ്‌കാരം നിലനിന്നിരുന്ന കാലഘട്ടത്തിലായിരിക്കണം. യജ്ഞത്തിന്റെ ഒരു പ്രധാന ഭാഗം ദാനധര്‍മങ്ങള്‍തന്നെ. 'ബലി' എന്ന വാക്കുതന്നെ ദാനത്തെ പ്രതിനിധീകരിക്കുന്നതാണ്. സ്വത്തും ധനവും എടുത്തുവെക്കേണ്ടതല്ല; പകര്‍ന്നുകൊടുക്കേണ്ടതാണ് എന്ന ധാര്‍മികതയും നിലനിന്നിരുന്നു. വാസ്തവത്തില്‍ ഓണത്തിന്റെ സന്ദേശവും അതുതന്നെ.
പ്രതാപശാലിയായ ബലി ചക്രവര്‍ത്തി ഭൂലോകവും ദേവലോകവും ഒക്കെ കീഴടക്കിയപ്പോള്‍ ദേവന്‍മാര്‍ മോചനത്തിനായി മഹാവിഷ്ണുവിനെ സമീപിച്ചുവെന്ന് പുരാണം. വിഷ്ണു അതിനായി തിരഞ്ഞെടുത്ത സമയം ബലി ചക്രവര്‍ത്തി 'വിശ്വജിത്‌യാഗം' അനുഷ്ഠിക്കുമ്പോഴായിരുന്നു. ഈ യാഗാനുഷ്ഠാനത്തില്‍ ബ്രാഹ്മണരെ ആദരിച്ച് അവര്‍ക്ക് ധാരാളം സ്വത്തുക്കളും ധനവും ദാനം കൊടുക്കുന്ന പതിവുണ്ട്. ബലിയുടെ യജ്ഞശാലയില്‍ കുള്ളനായ ഒരു ബ്രാഹ്മണകുമാരന്റെ ബ്രഹ്മചാരീ ഭാവത്തില്‍ വിഷ്ണു വന്നതും മൂന്നടി മണ്ണുമാത്രം ആവശ്യപ്പെട്ടതുമായ കഥയെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
എല്ലാ സ്വത്തുക്കളും തന്നെത്തന്നെയും അദ്ദേഹം ദാനംചെയ്തത് ഒരു മഹാദാനമാവുകയും ബലി ചക്രവര്‍ത്തി 'മഹാബലി' ആവുകയും ചെയ്തു എന്നാണ് കഥയുടെ ചുരുക്കം. നര്‍മദാ നദിയുടെ വടക്കേതീരത്താണ് ബലി അശ്വമേധയാഗം (വിശ്വജിത്) നടത്തിയതെന്ന് ഭാഗവതം പറയുന്നു. നര്‍മദ മുതല്‍ മഹാബലിപുരം വരെയുള്ള തീരപ്രദേശമായിരിക്കണം 'മാവേലിനാട്' എന്ന് കരുതാം.
ഋഷിദര്‍ശനത്തില്‍ ജീവചൈതന്യത്തിന്റെ വിശ്വരൂപത്തെ മനുഷ്യരൂപത്തില്‍ അവതരിപ്പിച്ചാല്‍ ആ രൂപത്തിന്റെ കാല് പാതാളവും തല സ്വര്‍ഗവും എന്നുകാണാം. പതിന്നാല് ലോകങ്ങളില്‍ ബാക്കിയുള്ളവ ഇവയുടെ ഇടയിലും വരും. അതിലൊന്നാണ് സുതലം. ബലി ചക്രവര്‍ത്തിയെ പാതാളത്തിലാക്കിയപ്പോള്‍ (കാല്‍ച്ചുവട്ടില്‍) അസുരസൈന്യം അക്രമത്തിനൊരുങ്ങിയെങ്കിലും വിഷ്ണുപാര്‍ഷദന്മാര്‍ അവരെ തോല്പിച്ചു. ബലി ബന്ധനസ്ഥനായെങ്കിലും അദ്ദേഹത്തിന്റെ ധാര്‍മികതയും നീതിനിഷ്ഠയും വിശ്വചൈതന്യത്തോടുള്ള ഭക്തിയും മനസ്സിലാക്കിയ വിഷ്ണുഭഗവാന്‍ ബലിക്ക് ഉടനെത്തന്നെ ഇന്ദ്രലോകത്തേക്കാള്‍ സുന്ദരമായ 'സുതലം' തന്നെ കൊടുത്ത് അവിടത്തെ ചക്രവര്‍ത്തി ആക്കിയത്രെ. ഭൂമിക്കടിയിലേക്ക് ചവിട്ടിത്താഴ്ത്തി എന്നത് വസ്തുതകള്‍ ഗ്രഹിക്കാതെ ആരോ എഴുതിവിട്ടൊരു ആശയംമാത്രം.
മനുഷ്യനില്‍ത്തന്നെയാണ് ദേവാസുര ചിന്തകള്‍ ഉടലെടുക്കുന്നത്. അന്യോന്യം വിപരീതങ്ങളായ ഈ ചിന്തകളുടെ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ വിശ്വചൈതന്യ ചിന്തകളിലൂടെ മാത്രമേ അത് സമ്യക്കായി പരിഹരിക്കപ്പെടുകയുള്ളൂവെന്ന് താത്ത്വികവശം. ദാനം ചെയ്യാന്‍ തീരുമാനിച്ച ദേവചിന്തയും അസുരചിന്തയായി ആവിര്‍ഭവിച്ച താക്കീതുകളും തമ്മിലുണ്ടായ സംഘര്‍ഷം ബലി ചക്രവര്‍ത്തിയിലെ വിശ്വചൈതന്യചിന്തയാകുന്ന 'പ്രജ്ഞാന'ത്തിലൂടെ പരിഹരിക്കപ്പെട്ടു.
ധാര്‍മികതയും സത്യസന്ധതയും നീതിനിഷ്ഠയും മുഖമുദ്രയായിട്ടുള്ള മഹാബലിയെ ലക്ഷണയുക്തനായ ഒരു യുഗപുരുഷനായിട്ടുതന്നെ വേണം ചിത്രീകരിക്കാന്‍. അതാണ് കലാകാരന്റെ ധാര്‍മികത..
C&P
ReplyForward
|
No comments:
Post a Comment