Thursday, September 22, 2016

ഈശ്വരകൃഷ്ണന്‍ നിര്‍വ്വഹിച്ച 70 കാരികകളാണ് സാംഖ്യസപ്തതി എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ചത്. സാംഖ്യസിദ്ധാന്തസാരമായാണ് കാരിക കണക്കാക്കപ്പെടുന്നത്. 'സപ്തത്യാമ് കിലയേഥാര്‍സ്തേര്‍ത്ഥാകൃത്സനസ്യ ഷഷ്ടിതന്ത്രസ്യ' എന്ന് ഈശ്വരകൃഷ്ണന്‍ തന്നെ എഴുതിയിട്ടുണ്ട്. ഇതിനെ സുവര്‍ണ്ണ സപ്തതി അഥവാ ഹിരണ്യ സപ്തതി എന്ന് വിളിക്കുന്നു. 6-ാം നൂറ്റാണ്ടിലെ പ്രസിദ്ധ വിദ്വാനായ ശ്രീ പരമാര്‍ത്ഥന്‍ വൃത്തി സഹിതം ഈ ഹിരണ്യ സപ്തതി ചൈനീസ് ഭാഷയില്‍ എഴുതി. ഇത് പിന്നീട് സംസ്കൃതത്തിലേക്ക് തര്‍ജ്ജമ ചെയ്തത് അധ്യാസ്വാമി ശാസ്ത്രിയാണ്. മാഠരവൃത്തി, യുക്തിദീപിക, ജയമംഗല, തത്ത്വകൌമുദി, ചന്ദ്രിക, ഗൌഡപാദഭാഷ്യം തുടങ്ങിയ കൃതികളെല്ലാം ഇതിനെ ആശ്രയിച്ച് രചിച്ചതാണ്. മാണ്ഡുക്യകാരികാ കര്‍ത്താവായ ഗൌഡപാദര്‍ തന്നെയാണോ സാംഖ്യകാരികാഭാഷ്യകാരനായ ഗൌഡപാദന്‍ എന്ന് സന്ദേഹമുണ്ട്. സാംഖ്യകാരികയുടെ സര്‍വ്വപ്രധാനവും പ്രാചീനവുമായ ഒരു ഭാഷ്യമാണ് മാഠരവൃത്തി. പണ്ഡിറ്റ് ബല്‍ദേവ് ഉപാദ്ധ്യായയുടെ അഭിപ്രായത്തില്‍ ഇത് എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണ്. സാംഖ്യകാരികയോടൊപ്പം ഇതും ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. മാഠരവൃത്തിയെ അപേക്ഷിച്ച് ഗൌഡപാദഭാഷ്യം വളരെ അര്‍വ്വാചീനമാണ്. അത്യധികം ക്ളിഷ്ടമെങ്കിലും ഭാരതീയദര്‍ശനങ്ങളുടെ അന്തഃസത്തയായ സാംഖ്യദര്‍ശനത്തിന്റെ സംക്ഷിപ്ത ചരിത്രം സ്ഥാലീപുലാകന്യായേന മാത്രമാണ് ഇവിടെ ഉല്ലേഖനം ചെയ്തത്. ഇനിയും ധാരാളം ആചാര്യ•ാരെക്കുറിച്ചും, ഭാരതീയ സാഹിത്യചരിത്രത്തില്‍ അവര്‍ ചെയ്ത അവിസ്മരണീയമായ സംഭാവനകളെക്കുറിച്ചും ഇത്തരുണത്തില്‍ നാം സ്മരിക്കേണ്ടതാണ്. ഈ വിഷയത്തില്‍ നാം ഒരു ഗവേഷണയാത്ര ചെയ്യേണ്ടത് അത്യന്താപേക്ഷിതമത്രെ.