Monday, September 26, 2016

*****ഭാഗവത മാഹാത്മ്യം****
പന്ത്രണ്ടു സ്കന്ധങ്ങളും പതിനെണ്ണായിരം ശ്ലോകങ്ങളും അടങ്ങിയ ശ്രീ മദ് ഭാഗവതം ശ്രീ ശുകൻ പരീക്ഷിത്തിനു ഉപദേശിച്ചതാണ്, ഇത് ഇത്ര ദിവസം കൊണ്ട് പഠിച്ചു തീർക്കണമെന്നില്ല. എപ്പോഴും ജീവിത കാലം മുഴുവനും സേവിക്കെണ്ടതാണ്. സേവിക്കുംതോറും ശ്രീ ഹരി ഹൃദയത്തിൽ അധികമധികം പ്രകാശിക്കും. ഇത് അല്പമെങ്കിലും ചെവികളിൽ പ്രവേശിക്കുന്നത് വരെ മാത്രമേ സംസാരത്തിൽ കിടന്നു ഭ്രമിക്കെണ്ടതുള്ളൂ.
ശ്രീമദ് ഭാഗവതം ഒന്ന് കൊണ്ട് മാത്രം മുക്തി ലഭിക്കും എന്ന് ഭഗവാൻ തന്നെ പറയുന്നുണ്ട്. നിത്യം ഭാഗവത പാരായണം നടക്കുന്ന ഗൃഹം മഹാ പുണ്യ തീര്തമായി തീരുന്നു. അവിടെ വസിക്കുന്നവരുടെയും പാപങ്ങൾ എല്ലാം നശിക്കും. ആയിരം ആശ്വമേധങ്ങളും പതിനായിരം വാജപെയങ്ങളും ചേർന്നാലും ഇതിന്റെ ഒരു അംശ ഫലം പോലും അർഹിക്കുന്നില്ല. പരമ ഗതിയെ കാംഷിക്കുന്ന വിവേകി ദിവസം ഒരു ശ്ലോകമോ ഒരു വരിയോ എങ്കിലും സ്വയം പാഠം ചെയ്യണം. അർത്ഥ ചിന്തനയോടു കൂടി നിത്യ പാരായണം ചെയ്‌താൽ കോടി ജന്മകൃത പാപങ്ങൾ നശിക്കുന്നു. പ്രാണാ വസാനത്തിൽ ഇത് കേൾക്കുന്ന ഭാഗ്യവാന് ശ്രീ ഹരി തന്റെ വൈകുണ്ഠത്തെ തന്നെ കൊടുക്കുന്നു.
ജീവിതത്തിൽ അല്പമെങ്കിലും ഈ മഹാ ശാസ്ത്രത്തെ കേൾക്കാത്ത ഒരുവന്റെ കഥയെന്തു പറയട്ടെ! അവൻ തികച്ചും നിർഭാഗ്യവാൻ തന്നെ. അവന്റെ ജന്മവും കേവലം വ്യർത്ഥം തന്നെ. ലോകത്തിൽ ഭാഗവത കഥാ പ്രസംഗം അതി ദുർലഭം തന്നെ. മഹാ പുണ്യവാന്മ) ർക്കെ അത് കിട്ടുകയുള്ളൂ. അത് കൊണ്ട് എത്ര പ്രയത്നപ്പെട്ടും കഴിയുന്നിടത്തോളം കേൾക്കണം. ഇത്ര ദിവസം കൊണ്ട്കേൾക്കണമെന്നില്ല . സർവദം കേട്ടു കൊണ്ടിരിക്കുന്നതാണ് അഭിജ്ഞാതം. സത്യ ബ്രഹ്മചര്യ വ്രതങ്ങളോടെ കേൾക്കണം.എന്നാൽ കലിയുഗത്തിൽ ഈ വ്രതം പൂര്ണമായി പരിപാലിക്കാൻ പ്രയാസമാണ്. അതിനാൽ സപ്താഹ ശ്രവണം ഉത്തമം എന്ന് നിശ്ചയിക്കപെട്ടിരിക്കുന്നു. സപ്താഹത്തിന്റെ മഹിമ അവർണ്ണനീയമാണ്. അത് തപോ യോഗികളേ ക്കാൾ ശ്രേഷ്ടമാണ്.
ആരുടെ ചിത്തത്തിൽ ഭക്തി സ്ഥിരമായി വസിക്കുന്നുവോ അവർ ലോകദൃഷ്ട്യ നിര്ധനരാ ണ് എങ്കിലും ധന്യ ധന്യരാണ്. എന്തെന്നാൽ ഭക്തി ഇരിക്കുന്നിടത്ത് ഭഗവാനും സാന്നിധ്യം ചെയ്യുന്നു. വേദത്തിന്റെ മറ്റൊരു പേരാണ് ഭാഗവതം. ആർ ഇതിനെ സാദരം പഠിക്കുന്നുവോ ശോഭനമായി വ്യാഖ്യാനിക്കുന്നുവോ ശ്രദ്ധാപൂർവ്വം കേൾക്കുന്നുവോ അവരെല്ലാം ആനന്ദ മൂർത്തിയായ ശ്രീ കൃഷ്ണന്റെ സാരൂപ്യത്തെ പ്രാപിക്കുന്നു. പരമ പുരുഷാർത്ഥ സിദ്ധിക്ക് മറ്റൊന്നും തന്നെ ആവശ്യമില്ല.
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ