Thursday, September 29, 2016

ദേവന്മാര്‍ സന്തോഷാധിക്യത്തോടെ ദേവിയെ സ്തുതിക്കാന്‍ തുടങ്ങി.

അമ്മേ, നീയാണ് സൃഷ്ടിസ്ഥിതിലയകാരിണി. ബ്രഹ്മാദികള്‍ക്ക് അതിനുള്ള പ്രാഭവം നല്‍കുന്നത് അമ്മേ, നീയല്ലേ? നീ തന്നെയാണ് സകലതിന്‍റെയും ഈശ്വരി. നീയാണ് കീര്‍ത്തി, ബുദ്ധി, അജപവും ജപവും ആയ മന്ത്രം നീയാണ്. കരുണയും ശ്രദ്ധയും ഭൂമിയും ജയയും പുഷ്ടിയും കലയും വിജയും, ശിവയും രുദ്രയും ഉമയും വാണിയും ആകുന്നത്, അമ്മേ നീ തന്നെയാണ്. 

നീ തന്നെയാണ് വിദ്യയും ക്ഷമയും കാന്തിയും മേധാശക്തിയും ആവുന്നത്. സര്‍വ്വാന്തര്യാമിയായി വിളങ്ങുന്ന നിന്നെക്കൂടാതെ ആര്‍ക്കെന്ത് ചെയ്യാന്‍ കഴിയും? അമ്മേ, നീയാണ് എല്ലാറ്റിനെയും ധരിക്കുന്നത്. അമ്മ നല്‍കുന്ന ശക്തിയില്ലെങ്കില്‍ അനന്തനും ആമയ്ക്കും ഭൂമിയെ താങ്ങി നിര്‍ത്താന്‍ എങ്ങിനെ കഴിയും? ഭൂമി നീ തന്നെയാണ്. അല്ലെങ്കില്‍ ശൂന്യാകാശത്ത് ആലംബമില്ലാതെ ഇത്ര ഭാരമുള്ള ഭൂമി എങ്ങിനെ നിലകൊള്ളും? എല്ലാമെല്ലാം നിന്റെ വിഭൂതികള്‍ മാത്രം.

അമ്മേ, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍, തുടങ്ങിയ ദേവന്മാരെ പൂജിക്കുന്നവര്‍ വാസ്തവത്തില്‍ നിന്റെ മായക്കടിമപ്പെട്ട മൂഢരാണ്. നിന്‍റെ ശക്തിയാണ് അവരുടെയെല്ലാം വൈഭവത്തിനു നിദാനമായിരിക്കുന്നതെന്ന് അവരുണ്ടോ അറിയുന്നു? നിന്‍റെ മായയില്‍ കുടുങ്ങി അവരെ പൂജിക്കുന്നവര്‍ ഹതഭാഗ്യരാണ്. യജ്ഞത്തില്‍ അര്‍പ്പിക്കുന്നവയുടെ വിഹിതമൊന്നും നിന്‍റെ ‘സ്വാഹ’യില്‍ക്കൂടിയല്ലാതെ ദേവന്മാര്‍ക്ക് ലഭിക്കുകയില്ല. അപ്പോള്‍പ്പിന്നെ നിന്നെ നേരിട്ട് ഭജിക്കുകയല്ലേ നല്ലത്? യജ്ഞാഗ്നിയില്‍ നിന്നും ഹവിസ്സ് നേരിട്ട് ലഭിക്കാന്‍ യോഗ്യയായി മറ്റാരുണ്ട്? 

ദേവീ നീ തന്നെയാണ് സകല ചരാചരങ്ങള്‍ക്ക് ഭോഗവും ജീവനും പ്രദാനം ചെയ്യുന്നത്. നിന്‍റെ ‘സ്വന്ത’ക്കാരായ ദേവന്മാര്‍ക്ക് സംരക്ഷ നല്‍കുന്നതുപോലെ ദൈത്യന്മാരെയും  കാക്കുന്നത് നീ തന്നെയല്ലേ? സ്വയം നട്ടുവളര്‍ത്തിയ മുള്ളുമരം, പൂക്കാതെ കായ്ക്കാതെ നില്‍ക്കുന്നുവെങ്കിലും അതുകൊണ്ട് യാതൊരു ഫലങ്ങളും കിട്ടുകില്ല എന്നറിയുമ്പോഴും ഉടമസ്ഥന്‍ അതിനെ വെറുതേ വെട്ടിക്കളയാറില്ലല്ലോ. അതുപോലെയാണ് അവിടുന്ന് അസുരന്മാരെ രക്ഷിക്കുന്നതെന്ന് തോന്നുന്നു.

പോര്‍ക്കളത്തില്‍ തന്നെ നേരിടുന്ന അസുരന്മാര്‍ക്ക് ദേവാംഗനമാരുമായി രമിക്കണമെന്ന മോഹമുള്ളതിനാല്‍ കനിവോടെ അവരെ ഹനിച്ചു സ്വര്‍ഗ്ഗത്തിലെത്തിച്ച് അവരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുകയാണ് അമ്മ ചെയ്യുന്നത്. അല്ലാതെ അമ്മയ്ക്ക് അവരോടെന്ത് വിരോധമാണുള്ളത്? ഒന്ന് നിനച്ചാല്‍പ്പോലും ഈ അസുരഗണങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന അമ്മ അതിനായി ദേഹമെടുക്കുന്നത് വെറുമൊരു ലീലാവിനോദം മാത്രമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. 

ഈ കലികാലത്ത് നിന്നെ ഭജിച്ച് പുരുഷാര്‍ത്ഥങ്ങള്‍ ആര്‍ജ്ജിക്കുന്നതിനു പകരം ലോകര്‍ പുരാണപണ്ഡിതന്മാര്‍ പറയുന്നതുകേട്ടു വിഷ്ണുകഥകളും ശങ്കരചരിതവും പഠിച്ചു സമയം കളയുന്നു. നിന്‍റെ ആജ്ഞാനുവര്‍ത്തികളാണ് ത്രിമൂര്‍ത്തികള്‍ എന്നവര്‍ അറിയുന്നില്ല. അസുരന്മാരുടെ പീഡനത്തില്‍പ്പെട്ടു വലയുന്ന ദേവന്മാരെയാണ് ലോകര്‍ ഭജിക്കുന്നത്. 

ഭാസുരപ്രഭപൊഴിക്കുന്ന ഒരു വിളക്ക് കയ്യിലുണ്ടായിട്ടും പൊട്ടക്കിണറ്റില്‍ വീഴുന്നവരെപ്പോലെയാണവര്‍. ആ ദേവന്മാര്‍ക്ക് ശക്തി നല്‍കുന്നത് നീയാണെന്ന് അവരറിയുന്നില്ല. വിദ്യയും അവിദ്യയും നീയാണ്. സുഖദുഖങ്ങള്‍ നല്‍കുന്നത് നീയാണ്. ജന്മജദുഖത്തിന് അറുതി വരുത്തുന്നത് അവിടുന്നാണ്. മോക്ഷമാഗ്രഹിക്കുന്ന മാമുനിമാര്‍ നിന്നെയാണ് ഭജിക്കുന്നത്. ഇങ്ങിനെയൊക്കെയാണെങ്കിലും അല്‍പബുദ്ധികള്‍ ഭോഗാര്‍ത്ഥമെങ്കിലും അവിടുത്തെ സ്മരിക്കുന്നില്ല.

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ അവിടുത്തെ പാദങ്ങളെയാണ് അടിപണിയുന്നത്. എന്നാലും നിന്നെ ഭജിക്കാതെ ലോകര്‍ ഭവാബ്ദിയില്‍ അലയുന്നത് അവരുടെ മോഹവിഭ്രാന്തികൊണ്ടാണ്. ഹേ ചണ്ഡികേ, നിന്‍റെ പദമലരുകളില്‍ നിന്നുമുതിരുന്ന പരാഗധൂളിയെടുത്ത് ബ്രഹ്മാവ്‌ സര്‍ഗ്ഗസൃഷ്ടി നടത്തുന്നു. ആ പരാഗമാണ് ഹരിയും ഹരനെയും തങ്ങളുടെ കര്‍മ്മങ്ങളില്‍ വ്യാപൃതരാക്കുന്നത്. എന്നാല്‍ നിന്നെ ആരാധിക്കാന്‍ കൂട്ടാക്കാതെ മനുഷ്യര്‍ വ്യാകുലചിത്തരായി അലയുന്നു. ദേവീ സുരാസുരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും വാഗ്ദേവത നീയാണ്. നിന്‍റെ അനുഗ്രഹമില്ലെങ്കില്‍ വായുണ്ടെങ്കിലും മനുഷ്യര്‍ മൂകരായിപ്പോകും.

ഭൃഗുമുനിയുടെ ശാപം മൂലം മീനായും ആമയായും പന്നിയായും നരസിംഹമായും വാമനനായും ജനിച്ചു വലഞ്ഞ വിഷ്ണുവിനെ മനുഷ്യര്‍ ഭജിക്കുന്നു. എന്നാല്‍ അതുകൊണ്ടെങ്ങിനെ അവരിലെ മൃത്യുഭയം ഇല്ലാതാവും? സ്വന്തം കാര്യം നോക്കാന്‍ കൂടി വിഷ്ണുവിനു കഴിഞ്ഞില്ലല്ലോ! അതുപോലെയാണ് പരമശിവന്‍റെ കാര്യവും. ഭൃഗുമുനിയുടെ ശാപത്താല്‍ അദ്ദേഹത്തിന്‍റെ ലിംഗം ഭൂമിയില്‍ വീണില്ലേ? അങ്ങിനെയുള്ള ഹരനെയും ഭജിക്കാന്‍ മനുഷ്യര്‍ തയ്യാറാണ്. പക്ഷെ മുനിശാപംപോലും തടയാന്‍ കഴിയാത്ത ഹരനെ ഭജിച്ചാല്‍ അവര്‍ക്കെങ്ങിനെ സുഖം ലഭിക്കും? ഈ പരമശിവപുത്രനായ ഗണേശനെ പൂജിക്കുന്ന മനുഷ്യന്‍റെ കാര്യവും കഷ്ടമെന്നേ പറയേണ്ടൂ. സര്‍വ്വാഭീഷ്ടപ്രദായിനിയായ അമ്മയെ പൂജിച്ചാല്‍ മാത്രം മതിയെന്നു മനുഷ്യന്‍ ഇനിയും പഠിക്കാത്തതെന്തേ?

കൂരമ്പയച്ചു വധിച്ച അസുരന്മാരെ നീ നേരെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നു. നീയത് ചെയ്തില്ലെങ്കില്‍ സ്വകര്‍മ്മഫലം അനുഭവിച്ച് അവരാകെ നരകിക്കുമായിരുന്നു. നിനക്ക് അസുരരില്‍ ഇത്രയ്ക്ക് ദയയുണ്ടെങ്കില്‍ തന്നെ ഭജിക്കുന്ന മനുഷ്യരോട് നീയെത്ര ദയാമയിയായിരിക്കും. എന്നാല്‍ ബ്രഹ്മാദികള്‍ക്ക്പോലും നിന്‍റെ പ്രാഭവം അറിയില്ലല്ലോ! പിന്നെയെങ്ങിനെ മോഹവശഗരായ മനുഷ്യര്‍ നിന്‍റെ ശക്തിയെ അറിയുന്നു? ഭാവനകളാല്‍പ്പോലും വര്‍ണ്ണിക്കാനാവാത്തതാണ് നിന്‍റെ നിരാകാരം എന്ന് വിചാരിച്ച് ചില മുനിമാര്‍ പോലും സൂര്യചന്ദ്രാദികളെയും മറ്റും പൂജിക്കുന്നു. എന്നാല്‍ സര്‍വ്വവേദങ്ങളുടെയും സാരതത്വം നീ മാത്രമാണെന്ന് അവരറിയുന്നില്ലല്ലോ! 

വിവിധങ്ങളായ ആഗമങ്ങളും തന്ത്രങ്ങളും ഉണ്ടാക്കി സ്വപ്രാരാബ്ധങ്ങള്‍ക്ക് അനുസൃതമായി വിഷ്ണു, ശിവന്‍, സൂര്യന്‍, ഗണേശന്‍ ഇത്യാദി ദേവകളെ ഉപാസിക്കുവാന്‍ പ്രേരണ നല്‍കുന്ന ഗുരുക്കന്മാര്‍ വാസ്തവത്തില്‍ പരമാര്‍ത്ഥമറിയാത്തവരാണ്. അവര്‍ മനുഷ്യരെ നിന്നില്‍ ഭക്തിയുള്ളവരാകാന്‍ സമ്മതിക്കുന്നില്ല. അങ്ങിനെയുള്ള വിപ്രന്മാരോട് പോലും നിനക്ക് കോപമില്ല.! നീ അവരില്‍പ്പോലും ദയ ചൊരിഞ്ഞ് വശ്യാകര്‍ഷണ മന്ത്രസിദ്ധികള്‍ അവര്‍ക്ക് നല്‍കി അനുഗ്രഹിക്കുന്നു.

സത്യയുഗത്തില്‍ സത്വം പ്രബലമായി നിലകൊള്ളും. എന്നാല്‍ കലിയില്‍ മറ്റുഗുണങ്ങളാണ് പ്രബലമാവുക. അപ്പോള്‍ കവിത്വമുള്ളവര്‍ പോലും നിന്നെ ആരാധിച്ചു എന്ന് വരില്ല. നിന്നെ ഉപാസിക്കുന്നതിനു പകരം അവര്‍ ഹരിഹരന്മാരെ വാഴ്ത്താന്‍ നീ തന്നെ  കൊടുത്തതായ കവിത്വപാടവത്തെ ഉപയോഗിക്കുന്നു. എന്നാല്‍ അതിവിശുദ്ധചിത്തരായ മുനിമാര്‍ അവിടുത്തെ ധ്യാനിക്കുന്നു. യോഗസിദ്ധയും പരാവിദ്യാസ്വരൂപിണിയുമായ അമ്മയെ ധ്യാനിച്ചാല്‍പ്പിന്നെ അവര്‍ക്ക് ജന്മജദുഃഖങ്ങള്‍ ഉണ്ടാവുകയില്ല. അവര്‍ നിന്നില്‍ നിന്നും അഭിന്നരാണ്. പരമാത്മാവില്‍ ചിച്ഛക്തിയുള്ളതുകൊണ്ടാണ് നാമരൂപസഹിതമായ ജഗത്ത് ഉണ്ടായത്. 

അല്ലാതെ സ്വയം പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് കഴിയുക? മഹത് മുതലായ ഇരുപത്തിനാല് തത്വങ്ങള്‍ ചേര്‍ന്നാലും ചിച്ഛക്തിയെ ആശ്രയിക്കാതെ ലോകത്തെ സൃഷ്ടിക്കാന്‍ കഴിയുമോ? അതുപോലെ ഇന്ദ്രിയങ്ങള്‍ക്ക് സ്വയം പ്രവര്‍ത്തനക്ഷമതയുണ്ടാവുമോ? നീ ശക്തിയെ പ്രദാനം ചെയ്തില്ലെങ്കില്‍ ഇവയെല്ലാം വെറും ജഡമല്ലേ? യാഗങ്ങളില്‍ അര്‍പ്പിക്കുന്ന ഹവിസ്സ് അതാത് ദേവന്മാര്‍ക്ക് ചെന്ന് ചേരുന്നത് നിന്‍റെ ദയവാലാണ്. സ്വാഹാദേവിയായ നീയില്ലെങ്കില്‍ ദേവന്മാര്‍ക്ക് രക്ഷയില്ല. നീ തന്നെയാണ് സമസ്തഭുവനേശ്വരിയായി വിളങ്ങുന്നത്. വിശ്വത്തെ സൃഷ്ടിച്ചു ത്രിമൂര്‍ത്തികളെയും ദിക്പാലന്മാരെയും അതാത് കര്‍മ്മങ്ങള്‍ ഏല്‍പ്പിച്ചു കൊടുത്ത് അവസാനം എല്ലാത്തിനെയും ഇല്ലാതാക്കുന്നതും നീയൊരാളാണ്. സമസ്തഭുവനത്തിനും ഹേതുവായ അമ്മയുടെ ചരിത്രവും പ്രാഭവവും അറിയാത്ത മനുഷ്യര്‍ എത്ര ഭാഗ്യഹീനര്‍!

ഘോരനായ മഹിഷനെ കൊന്ന് നീ ലോകത്തെ രക്ഷിച്ചു. അജ്ഞരായ ഞങ്ങള്‍ അമ്മയെ എങ്ങിനെയാണ് സ്തുതിക്കുക? നീ ആര്‍ക്കും പ്രാപ്യയല്ല. ഞങ്ങളെ അവിടുന്ന് ദുരിതത്തില്‍ നിന്നും കരകയറ്റി. അമ്മേ, ഭഗവതീ, ഞങ്ങളില്‍ കൃപ ചൊരിഞ്ഞാലും. എന്നുമെപ്പോഴും അഭയം ഞങ്ങള്‍ക്ക് നല്‍കിയാലും.

ദേവന്മാര്‍ ഇങ്ങിനെ വാഴ്ത്തി സ്തുതിക്കെ, ദേവി അവരോട് ‘ഇനിയും എന്താണ് നിങ്ങള്‍ക്ക് വേണ്ടതെന്നു’ ചോദിച്ചു. ‘എപ്പോഴെല്ലാം ദുര്‍ഘടമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നോ അപ്പോഴെല്ലാം നിങ്ങള്‍ എന്നെ സ്മരിച്ചാലും. ഞാന്‍ നിങ്ങളുടെ ആമയങ്ങളെ തീര്‍ത്തു കൊള്ളാം’. എന്ന് അനുഗ്രഹിച്ചു.

അപ്പോള്‍ ദേവന്മാര്‍ നമ്രശിരസ്കരായി പറഞ്ഞു. ‘ദുഷ്ടനായ മഹിഷനെ കൊന്നു ഞങ്ങളുടെ സങ്കടം നീ തീര്‍ത്ത്‌ തന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരേയൊരാഗ്രഹമേയുള്ളൂ. അമ്മേ, അവിടുത്തെ സദാ സ്മരിക്കാനും ഭജിക്കാനും ഞങ്ങളില്‍ അചഞ്ചലമായ ഭക്തിയുളവാക്കണം. അവിടുത്തെ പാദങ്ങള്‍ ഞങ്ങളുടെ മനോമുകുരത്തില്‍ സദാ തെളിയണം.

മക്കളുടെ നൂറായിരം തെറ്റുകളും പൊറുക്കാന്‍ അമ്മ തയ്യാറാണ്. എന്നിട്ടുമെന്തേ മനുഷ്യര്‍ അമ്മയില്‍ അഭയം തേടാത്തത്? ദേഹരൂപമായ വൃക്ഷത്തില്‍ ജീവാത്മാവ്, പരമാത്മാവ്‌ എന്നീ രണ്ടു പക്ഷികള്‍ വസിക്കുന്നു. അവര്‍ തമ്മില്‍ സദാ സഖ്യത്തിലാണ്. മൂന്നാമതൊന്നില്ല തന്നെ. പരമാത്മാവായ നിന്നെ വിട്ടു ജീവാത്മാവിന് എന്തുചെയ്യാനാവും? ദുര്‍ലഭമായ മനുഷ്യജന്മം കിട്ടിയിട്ടും നിന്നെ സ്മരിക്കാത്തവന്‍ മനുഷ്യരില്‍ അധമന്‍ തന്നെ. അവന്‍ നിര്‍ഭാഗ്യവാനാണ്. സുഖദുഖങ്ങളില്‍ അമ്മേ, നീയാണ് ശരണം. നിന്‍റെ കരങ്ങളെ അലങ്കരിക്കുന്ന ദിവ്യമായ ആയുധങ്ങള്‍ കൊണ്ട് ഞങ്ങളെ സദാ കാത്തു രക്ഷിക്കണേ. അംബികേ, ദേവീ, അവിടുത്തെ പാദരേണുക്കള്‍ അല്ലാതെ ഞങ്ങള്‍ക്ക് ആശ്രയം ഒന്നുമില്ല.’
APSukumar