ശ്രീഭഗവാന്‍ പ്രസന്നനായി. അദ്ദേഹം ദേവിമാരോടു പറഞ്ഞു’- നിങ്ങള്‍ക്ക് രാസക്രീഡ കാണാന്‍ കൗതുകമെന്നോ? എങ്കില്‍ രാസേശ്വരിയായ രാധയോടഭ്യര്‍ത്ഥിക്കുക. അവള്‍ നിങ്ങളുടെ ഇഷ്ടം സഫലമാക്കാതിരിക്കുകയില്ല. ഭഗവാന്റെ അഭിപ്രായമറിഞ്ഞ ഉടന്‍ രുക്മിണിയും കൂട്ടരും രാധാദേവിയെ സമീപിച്ചു. അവര്‍ സന്തോഷപൂര്‍വ്വം രാധയോടു പറഞ്ഞു:- ‘ ഹെ, സുന്ദരീ, കീര്‍ത്തീകുലത്തിന് കീര്‍ത്തിദായിനിയായ നിന്നെക്കാണാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. രാസേശ്വരീ, ഭവതി രാസക്രീഡ നടത്തി ഞങ്ങളെ! സന്തോഷിപ്പിച്ചാലും! അതു കാണാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്’. ഭഗവത്പത്‌നിമാരുടെ അഭിപ്രായം കേട്ട് രാധ സന്തോഷവതിയായി. തുടര്‍ന്ന്, കൈകൂപ്പി മുന്നില്‍ നില്‍ക്കുന്ന രുക്മണി, സത്യഭാമ മുതലായവരെ നോക്കി ഇങ്ങനെ പറഞ്ഞു.
‘രാസേശ്വരസ്യ പരസ്യ സതാം കൃപാലോ
രന്തും മനോയദി ഭവേത്തു തദാത്ര രാസഃ
ശുശ്രൂഷയാ പരമയാ പരയാ ച ഭക്ത്യാ
സംപൂജ്യ തം കില വശീകുരുത പ്രിയേഷ്ടാഃ’
രന്തും മനോയദി ഭവേത്തു തദാത്ര രാസഃ
ശുശ്രൂഷയാ പരമയാ പരയാ ച ഭക്ത്യാ
സംപൂജ്യ തം കില വശീകുരുത പ്രിയേഷ്ടാഃ’
(പ്രിയമിത്രങ്ങളേ, നിങ്ങള്‍ക്ക്, പരാല്‍പരനും കൃപാലുവും രാസേശ്വരനുമായ കൃഷ്ണനുമായി രമിക്കുന്ന രാസം കാണാന്‍ താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ ശുശ്രൂഷകൊണ്ടും പരമമായ പരാഭക്തികൊണ്ടും സന്തോഷിപ്പിക്കുവിന്‍! ഭഗവാനെ പൂജിച്ച് (ഭക്തിയാല്‍) വശീകരിക്കുവിന്‍!) രാധയുടെ വാക്കുകള്‍ കേട്ട റാണിമാര്‍ അക്കാര്യത്തില്‍ ശ്രീകൃഷ്ണനുള്ള അഭിപ്രായം രാധയെ ധരിപ്പിച്ചു. വീണ്ടും രാസമാടുവാന്‍ രാധയുടെ സമ്മതമാണ് പ്രധാനമെന്ന് സൂചിപ്പിച്ച കാര്യം! അതറിഞ്ഞ് ദേവി രാധ, ‘ ഭാഗവതന്മതമതാണെങ്കില്‍ അങ്ങനെതന്നെ നടക്കട്ടെയെന്ന് സസന്തോഷം സമ്മതിച്ചു.