സൂതന്‍ പറഞ്ഞു: സാമദാനഭേദാദികളായ യുദ്ധോപായങ്ങളെക്കുറിച്ച് ബ്രഹ്മാവാലോചിച്ചു. 'ഇവരുടെ ബലം എത്രയെന്നു നിര്‍ണ്ണയിക്കാന്‍ ആവുന്നില്ലല്ലോ! ശത്രുബലം അറിയാതെയുള്ള രണം ശരിയാവില്ല. എന്നാലീ ദുഷ്ടന്മാരെ ഞാന്‍ സ്തുതിക്കുകയാണെങ്കില്‍ അതെന്റെ ദൌര്‍ബ്ബല്യമാണെന്നേ വരൂ. ശക്തിയെനിക്കില്ല എന്നവര്‍ക്ക് മനസ്സിലായാല്‍ ആനിമിഷം അവരെന്നെ കൊല്ലുമെന്നത് തീര്‍ച്ച. ഇവിടെ ദാനം പ്രയോഗിക്കാന്‍ വയ്യ. എനിക്ക് ഭേദം ചെയ്യാനും ബുദ്ധിമുട്ടുണ്ട്. എന്നാലിനി ശേഷശയ്യയില്‍ പള്ളികൊള്ളുന്ന ചതുര്‍ഭുജനെ ഉണര്‍ത്തി സങ്കടത്തിനു പരിഹാരം കാണുകയേ കരണീയമായുള്ളു.' എന്ന് നിശ്ചയിച്ച് ബ്രഹ്മാവ് വിഷ്ണുഭഗവാനെ ഉണര്‍ത്താനായി ഇങ്ങിനെ സ്തുതിച്ചു തുടങ്ങി.
ബ്രഹ്മാവ് സ്തുതിച്ചു: 'ദീനനാഥനും ഭക്തന്മാരുടെ ആമയങ്ങളെ പോക്കുന്നവനുമായ അവിടുന്ന്‍ ഉറക്കമെണീറ്റുവന്ന്‍ എന്റെ സങ്കടവും തീര്‍ക്കണമേ. അന്തര്യാമിയും വാസുദേവനും ജഗത്പതിയുമായ ശംഖഗദാചക്രധാരിയായ ഭഗവാനേ, സര്‍വ്വലോകേശാ, വിശ്വംഭരാ, സര്‍വ്വജ്ഞാ ഉണര്‍ന്നാലും. മദമത്തരായി എന്നെ കൊല്ലാന്‍ തീര്‍ച്ചയാക്കി നില്‍ക്കുന്ന ഈ മല്ലന്മാരെ നീ തന്നെ ഹനിച്ച് എന്നെ പാലിക്കണം. ലോകപരിപാലകനാണ് ഹരിയെന്ന ഖ്യാതിക്ക് കോട്ടം വരരുത്.'
എന്നിട്ടും യോഗനിദ്രയിലായിരുന്ന ഹരി എഴുന്നേറ്റില്ല. അദ്ദേഹമിപ്പോള്‍ ഉണരുമെന്ന് തോന്നുന്നില്ല. ഇനിയെനിക്ക് ആരാണ് തുണ? ഒരനക്കംപോലുമില്ലാതെ വിഷ്ണുവിനെ ഉറക്കിക്കിടത്തിയ ആ ശക്തിതന്നെയാണ് എന്നെ രക്ഷിക്കാന്‍ പോകുന്നത്. നിദ്രയില്‍ ആമഗ്നനാകയാല്‍ മരിച്ചവരെന്നപോലെ ഹരിയ്ക്കും ശബ്ദാദികള്‍ അറിയാന്‍ കഴിയുന്നില്ല. നിദ്ര, വിഷ്ണുവിന്റെ അധീനതയിലല്ല എന്ന് നിശ്ചയം. ഹരിയും ലക്ഷ്മിയും യോഗനിദ്രയ്ക്ക് അധീനരത്രേ. അപ്പോള്‍ അവരുടെയും മേലെയാണ് ആ മഹാദേവിയുടെ സ്ഥാനം. മാത്രമല്ല, ശംഭുവും, പാര്‍വ്വതിയും, ഞാനും വാണിയും എല്ലാം നിദ്രയ്ക്ക് അധീനരാണ്. പ്രാകൃതനെപ്പോലെ മഹാവിഷ്ണു ഇങ്ങിനെ ഉറങ്ങിക്കിടക്കുന്നു! പിന്നെ സാധാരണമനുഷ്യന്റെ കാര്യം പറയാനുണ്ടോ? ഇങ്ങിനെ നിരാശയിലായെങ്കിലും ബ്രഹ്മാവ് ഒടുവില്‍ യോഗനിദ്രയെ വാഴ്ത്താന്‍ തുടങ്ങി.
'ഈ ജഗത്തിന് മുഴുവന്‍ ആധാരമായ വിഷ്ണുവിനെ നിദ്രാവശഗതനാക്കിയ ദേവിയാണീ ജഗത്കാരിണിയെന്നു വേദവാക്യങ്ങളാല്‍ ഞാന്‍ അറിഞ്ഞിരിക്കുന്നു. സര്‍വ്വഭൂതങ്ങളിലും കുടികൊള്ളുന്ന ഭഗവതിയുടെ ലീലാവിലാസങ്ങള്‍ ആര്‍ക്കറിയാം! വിജ്ഞരില്‍ അഗ്രഗണ്യനായ വിഷ്ണുവിങ്ങിനെ ബോധം വിട്ടുറങ്ങുമ്പോള്‍ എന്നെപ്പോലുള്ള മൂഢന്മാരുടെ കാര്യം പറയാനുണ്ടോ? സാംഖ്യന്മാര്‍ പ്രകൃതി-പുരുഷ ബന്ധത്തെപ്പറ്റിപ്പറയുമ്പോള്‍ പ്രകൃതി ചൈതന്യരഹിതമാണെന്നു പറയുന്നു. എന്നാല്‍ ജഗത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ആ പ്രകൃതിയാണ് താനും. അവിടുന്ന് ചൈതന്യഹീനയായതിനാലാണോ മുരാരി പോലും ഇങ്ങിനെ ബോധഹീനനായി കിടക്കുന്നത്? അവിടുന്ന് പലരൂപങ്ങള്‍ കൈക്കൊണ്ടുകൊണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ ആരും അറിയുന്നില്ല. സന്ധ്യാ തുടങ്ങിയ നാമങ്ങളാല്‍ മുനിമാര്‍ വാഴ്ത്തുന്നത് അവിടുത്തെയല്ലേ? ലോകത്തിനു ബോധമേകുന്ന ബുദ്ധിയും, ഐശ്വര്യദാതാവും, സുഖദായിനിയും, നീയാണ്. നീ തന്നെയാണ് കീര്‍ത്തി, ശ്രദ്ധ, കാന്തി. ഭുവനത്തിന്റെ രതി അവിടുന്നാണ്. നിന്ദ്രയിലാണ്ട് കിടക്കുന്ന ഹരിയെ നോക്കിയാല്‍പ്പിന്നെ അവിടുന്നാണ് ജഗജ്ജനനി എന്നതിനു കൂടുതല്‍ പ്രമാണമൊന്നും ആവശ്യമില്ല. വേദജ്ഞന്‍മാര്‍ക്കോ നിന്നില്‍നിന്നുതന്നെയുണ്ടായ വേദങ്ങള്‍ക്കോ അവിടുത്തെ അറിയാന്‍ കഴിയുന്നില്ല. ഇക്കാണായ ജഗത്തെല്ലാം നിന്‍റെ കാര്യരൂപമാണ്. അവിടുത്തെ മഹിമയറിയുന്നവരായി ആരുണ്ട്? ദേവന്മാര്‍ക്കോ, എനിക്കോ എന്റെ പുത്രന്മാര്‍ക്കോ ശ്രീഹരിക്കോ രുദ്രനോപോലും അതിനു കഴിയില്ല. യജ്ഞങ്ങളില്‍ ‘സ്വാഹാ’ എന്ന് അവിടുത്തെ നാമം ഉച്ചരിക്കാതെ ചെയ്യുന്ന ഹവിസ്സുകള്‍ ദേവന്മാരില്‍ എത്തുകയില്ല. ദേവന്മാര്‍ക്ക് പോലും അമ്മയാണ് നീ.
ആദ്യകല്‍പ്പത്തില്‍ അവിടുന്നു ഞങ്ങളെ അസുരഭീതിയില്‍ നിന്നും രക്ഷിച്ചതുപോലെ ഇപ്പോഴും ഈ ദുഷ്ടരില്‍ നിന്നും ഞങ്ങളെ രക്ഷിച്ചാലും. ഹരി അവിടുത്തെ പ്രാഭവത്തില്‍ ഒരു തടിക്കഷണംപോലെ ചലനമറ്റുറങ്ങുന്നു. ഒന്നുകില്‍ ഹരിയെ ഉണര്‍ത്തുക; അല്ലെങ്കില്‍ അവിടുന്നു തന്നെ ഈ മധുകൈടഭന്മാരെ വധിക്കുക. അവിടുത്തെ അഭീഷ്ടം നടക്കട്ടെ. നിന്റെ വൈഭവം അറിയാത്ത മൂഢന്മാര്‍ മാത്രമേ ഹരിയേയും ഹരനേയുമൊക്കെ ഭജിക്കൂ. വിഷ്ണുവിന്റെ ഈ കിടപ്പ് കണ്ടില്ലേ! പൂമാതിനുപോലും തന്റെ പാതിയായ വിഷ്ണുവിനെ ഉണര്‍ത്താന്‍ ആവുന്നില്ല. എന്തിനധികം? ലക്ഷ്മീദേവിയെപ്പോലും ഉറക്കത്തിലാഴ്ത്തിയത് അവിടുന്നല്ലേ?
നീ കാമധേനുവാണെന്നും നിഖിലജനനിയാണെന്നും അറിഞ്ഞു മറ്റു ദേവന്മാരെയൊന്നും ആശ്രയിക്കാതെ നിന്റെ സകളഭാവത്തില്‍ ധ്യാനനിമഗ്നരായവര്‍ ഭാഗ്യം ചെയ്തവരാണ്. നിന്റെ കാന്തി, കീര്‍ത്തി, ബുദ്ധി, ശുഭവൃത്തി, ഗുണങ്ങള്‍, ഇവയെല്ലാം എവിടെപ്പോയി? ഹരി നിദ്രാശക്തിയുടെ ബന്ധനത്തിലാണല്ലോ. ഉലകുകള്‍ക്കെല്ലാം ശക്തി നീയാണ്. അമ്മേ, നീ ഭാവമാത്രംകൊണ്ട് ലോകങ്ങളെ സൃഷ്ടിക്കുന്നു. സ്വകൃതിയായ നാടകത്തില്‍ യഥേഷ്ടം വിഹരിക്കുന്ന നടനെന്നതുപോലെ നീ സ്വയം നിന്റെ സൃഷ്ടിയില്‍ മോഹജാല നാട്യങ്ങള്‍ ചെയ്ത് വിഹരിക്കുകയാണ്.
യുഗാദിയില്‍ നീ വിഷ്ണുവിനെ സൃഷ്ടിച്ചു. ജഗത് പരിപാലനാര്‍ത്ഥം ആ ദേവന് ശക്തിയും നല്‍കി. അദ്ദേഹം അവിടുത്തെ അഭീഷ്ടംപോലെ ഇതുവരെ ജഗത്തിനെ പരിപാലിച്ചു. ഇപ്പോളിതാ അദ്ദേഹം വിവശനായി കിടക്കുന്നു. അമ്മ സ്വാഭീഷ്ടം നടപ്പിലാക്കുന്നു! എന്നെ സൃഷ്ടിച്ചു സംഹരിക്കുക എന്നതല്ല അവിടുത്തെ ഇഛയെങ്കില്‍ എന്നില്‍ ദയവുണ്ടായാലും. ഈ അസുരദ്വയത്തെ എന്റെ മുന്നില്‍ എത്തിച്ചത് എന്നെ പരിഹസിക്കാനാണോ? നിന്റെ ചരിതം വിചിത്രവും മഹത്തുമാണ്. വിശ്വം ചമച്ചിട്ട് ഒന്നുമറിയാത്തതുപോലെ നീ യഥേഷ്ടം വിഹരിക്കുന്നു. നിനക്ക് എന്നെ ഇല്ലായ്മചെയ്യാനാണ് ഇഛയെങ്കില്‍ അതിലും അത്ഭുതമില്ല. അമ്മേ, ആ കൈകള്‍കൊണ്ടുള്ള മരണത്തില്‍ എനിക്ക് ദുഖമില്ല. എന്നാലും ദൈത്യകരങ്ങളാല്‍ ഉള്ള മരണം എത്ര അപകീര്‍ത്തികരമാണ്! അമ്മേ, അവിടുന്നു ഒരു മൂര്‍ത്തരൂപമെടുത്ത് എഴുന്നേറ്റാലും. എന്നിട്ട് എന്നെയോ അല്ലെങ്കില്‍ ഈ ദൈത്യരേയോ ഹനിച്ചാലും. അതുമല്ലെങ്കില്‍ വിഷ്ണുവിനെ ഉണര്‍ത്തിയാലും. ഇതിലേതും നിനക്ക് നിഷ്പ്രയാസം!