സൂര്യനിൽ നിന്ന് മേഘവും, മേഘത്തിൽ നിന്ന് അന്നവും, അന്നത്തിൽ നിന്ന് ബീജരേതസ്സുകളും അവയിൽ നിന്ന് ജീവികളും രൂപപ്പെടുന്നു. പിറന്നുവീഴുന്ന നിമിഷം മുതൽ ഓരോ ജീവിയും ആനന്ദം തേടുന്നു. കാരണം അത് ആനന്ദത്തിന്റെ പൊടിപ്പാണ്. ആനന്ദം തേടി അവൻ ജീവിതയാത്ര ആരംഭിക്കുന്നു.
യാത്രയുടെ പരിണാമം ലക്ഷ്യത്തിലാണല്ലോ. ലക്‌ഷ്യം എത്ര അടുത്താണെങ്കിലും വഴി നിശ്ചയമില്ലെങ്കിൽ ചുറ്റി അലയാമെന്നല്ലാതെ ലക്ഷ്യത്തിലെത്താൻ കഴിയുകയില്ല. പലരോടും വഴി ചോദിക്കാം. പക്ഷെ ശരിയായ വഴി അറിയുന്നവരോട് ചോദിച്ചാലല്ലേ കാര്യമുള്ളൂ. അറിയാത്തവർ പറയുന്ന വഴിയേ പോയാൽ വെറുതെ ചുറ്റിത്തിരിയാമെന്നല്ലാതെ ലക്ഷ്യത്തിലെത്താൻ സാധ്യമല്ല. ചിലപ്പോൾ ലക്ഷ്യത്തിൽ നിന്നും വളരെ അകലെ എത്തിയെന്നും വരാം.
ഇവിടെയാണ് സദ്ഗുരുവിന്റെ പ്രസക്തി. സദ്ഗുരുവിനെ ഈശ്വരൻ എന്ന് വിളിക്കുന്നു. ഈശ്വരൻ രക്ഷകനാണല്ലോ. ഈശ്വരൻ ശിവനാണ്. ശിവം ആനന്ദവും. ഈ സൂക്ഷ്മതത്വത്തെ ഗ്രഹിച്ചവർ ഈശ്വരനെ കുറിച്ച് വാദപ്രതിവാദത്തിന് മുതിരുകയില്ല. പക്ഷെ സൂക്ഷ്മത്തിൽ അല്ലല്ലോ നമ്മുടെ ദൃഷ്ടി. സ്ഥൂലത്തിൽ അല്ലേ. അതാണ് കുഴപ്പങ്ങൾക്ക് ഹേതു. ആനയെക്കണ്ട അന്ധന്മാരാണ് അവർ. തേങ്ങയുടെ കഴമ്പിലല്ല, തൊണ്ടിലും ചിരട്ടയിലുമാണ് അവരുടെ കണ്ണ്.
ഭാരതം അന്ധതയുടെ നാടല്ല. ഭാസിൽ രമിക്കുന്നതാണ് ഭാരതം. പ്രകാശത്തിൽ അതായത് അറിവിൽ ആഹ്ളാദിക്കുന്നത് എന്നർത്ഥം. ഇവിടത്തെ പ്രകാശം ആത്മബോധത്തിന്റെ പ്രകാശമാണ്. ആഹ്‌ളാദം, ആത്മസത്തയുടെ ആഹ്‌ളാദം, അതാണ് ജീവിതത്തിന്റെ പരമലക്ഷ്യം.
ആ ലക്ഷ്യം നേടാൻ ലക്ഷ്യത്തിൽ എത്തിയിട്ടുള്ള ഒരു ഗുരുവിന്റെ ആവശ്യമുണ്ട്. അത്തരം ഗുരുക്കന്മാരുടെ നാടാണ് ഭാരതം. ഇവിടെ കോടീശ്വരന്മാർ വിസ്മരിക്കപ്പെടുന്നു. ഗുരുക്കന്മാർ ആദരിക്കപ്പെടുന്നു. ഭാരതത്തിന്റെ ചരിത്രം രാജാക്കൻമാരുടേതല്ല, ഋഷിമാരുടേതാണ്. അത് കൊണ്ടാണ് ഭാരതത്തെ ആർഷഭൂമി എന്ന് വിളിക്കുന്നത്. ഈ മേൽവിലാസം ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ ഇല്ല. ആ സത്യം ഇന്ന് നാം മറന്നുപോവുകയാണ്.
ആത്മീയ മാർഗത്തിൽ ജീവിതലക്ഷ്യത്തിൽ എത്താൻ സഹായിക്കുന്നവർ ഗുരുക്കന്മാരാണ്. ഗുരു ഈശ്വരൻ തന്നെയാണ്. swami brahmananda