Monday, September 26, 2016

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ഏതൊരു കാര്യംകൊണ്ട്‌ എന്നെ ഏറ്റവും എളുപ്പത്തില്‍ പ്രീതിപ്പെടുത്താനാവുമോ, അമരത്വം ലഭിക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമേതാണോ, ഏതൊരു തരം യോഗമാര്‍ഗ്ഗമാണോ ഞാന്‍ ഉത്തമമെന്ന് കരുതുന്നത്, അതു ഞാന്‍ പറഞ്ഞു തരാം. മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ വര്‍ത്തിക്കണം. ഉന്നതകുലജാതനായ ബ്രാഹ്മണനോടും ഭക്തനോടും അധമരില്‍ അധമരായ കൃമികീടങ്ങളോടും സമദൃഷ്ടി വളര്‍ത്തിയെടുക്കുക. ‘ഇങ്ങനെ ഇടതടവില്ലാതെ അഭ്യസിക്കുന്നപക്ഷം പകയുടെയും വെറുപ്പിന്റെയും മല്‍സരത്തിന്റെയും മറ്റുളളവരില്‍ കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പ്രവണത ഇല്ലാതാവുന്നു. ഇവയെല്ലാം ആത്മഗര്‍വ്വത്തിന്റെ ഭാഗങ്ങളാണല്ലോ. യാതൊരു വിധത്തിലുളള നാണമോ മടിയോ കൂടാതെ, മറ്റുളളവര്‍ എന്തു പറയും എന്ന ചിന്തയേതുമില്ലാതെ കഴുത പോലുളള മൃഗങ്ങളുടെ മുന്നില്‍ പോലും വെട്ടിയിട്ട മരംപോലെവീണ്‌ സാഷ്ടാംഗനമസ്കാരം ചെയ്യണം., ഇങ്ങനെ അയാള്‍ എല്ലാറ്റിനേയും അനന്തനായ പരബ്രഹ്മമെന്നു കണക്കാക്കാന്‍ ഇടവരുന്നു. ഇതാണ്‌ ആത്മസാധനാമാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മഹത്തായ മാര്‍ഗ്ഗം. മഹത്തായ യോഗവും ആത്മജ്ഞാനലാഭത്തിനുളള എളുപ്പമേറിയ മാര്‍ഗ്ഗവും ഇതു തന്നെ.
ഭക്തിയോഗവിവരണം – ഭാഗവതം (351)