Saturday, September 24, 2016

എന്റെ കണ്ണാ.... നിന്റെ ദിവ്യ ലീലകളുടെ ചമൽക്കാരത്തിന് ഒരന്ത്യവും ഇല്യാലോ പൊന്നുണ്ണീ.... അങ്ങയുടെ ഈശ്വരലീല മുഴുവനും മനസ്സിലാക്കുക എന്നത് അസാധ്യം തന്നെ. അനാദികാലം മുതൽ തത്ത്വജ്ഞാനികൾ അന്വേഷിച്ചു നടന്നു സദാ വിഷ്ണു രൂപം ധ്യാനിച്ചിട്ടും ആ മായയിൽ പലപ്പോഴും മോഹിതനായിട്ടില്ലെ... പിന്നെയാണോ അൽപ്പപ്രാണികൾ മാത്രമായ നമുക്ക് കഴിയുക എന്നത് അസാധ്യം. വസുദേവനും ദേവകിക്കും വിശ്വരൂപദർശ നൽകി ഉടനെ ബാലസ്വരൂപം സ്വീകരിച്ചതും അങ്ങ് തന്നെയല്ലേ കണ്ണാ... ശരീരാഭിമാനം ഇല്ലാതാക്കുന്നതിനു വേണ്ടി ഗോപികമാരുടെ വസ്ത്രം അപഹരിച്ചതും പൂഞ്ചേല ചീന്തിതന്റെ വിരലൊന്നു കെട്ടിയ പഞ്ചാലിക്കായിരം ചേലകൾ നൽകി മാനംകാത്തതും അങ്ങയുടെ കാരുണ്യ കൃപാമൃതം തന്നെയല്ലേ കണ്ണാ... ഉത്തരയുടെ ഗർഭത്തെ സംരക്ഷിച്ചതും ഏരകപുല്ലുകൊണ്ട് പരസ്പരം അടിപ്പിച്ച് സ്വന്തം വംശം നശിപ്പിക്കുന്നതും അവിടുന്നല്ലേ കണ്ണാ.. കുബ്ജയുടെ വീരൂപം ഇല്ലാതാക്കി അവളുടെ ഗൃഹത്തിൽ വസിച്ച് അവളെ അനുഗ്രഹിച്ചതും നീ തന്നെയല്ലേ കണ്ണാ.. ഗോപികമാരുടെ അടുത്ത് മായാ മാധവനായി രസിച്ചതും നീ തന്നെയല്ലേ പൊന്നുണ്ണീ... വെണ്ണ കട്ടുതിന്നുന്ന നേരം അറിയാതെ ഉറി ഉടച്ചതും.. അമ്മ ശകാരിക്കുമ്പോൾ കരഞ്ഞു കലങ്ങിയ കൺമഷിയാകെ പടർന്ന മിഴികളോടെ തലയും താഴ്ത്തി അമ്മയെ ധർമ്മസങ്കടത്തിലാഴ്ത്തിയതും എന്റെ പൊന്നുണ്ണി തന്നെയല്ലേ... ആയിരം നാവുള്ള അനന്തനു പോലും വിവരിക്കാനാവാത്ത അസംഖ്യം മുഖങ്ങളോടും ശക്തി ചൈത്യന്യവും നിറഞ്ഞു നിൽക്കുന്ന വിശ്വരൂപദർശനം നൽകി അർജ്ജുനനെ ദൗത്യസംഭാഷണം അവിടുന്ന്തന്നെയല്ലേ മഹാപ്രഭോ... മണ്ണുതിന്ന് ബ്രഹ്മാണ്ഡം അമ്മയെ ' കാണിച്ചു കൊടുത്തതും... പ്രളയകാലത്ത് സകലചരാചരങ്ങളുടെ സംരക്ഷണം ചെറുവിരലിനാൽ ഏറ്റെടുത്തതും നിന്റെ പരമകാരുണ്യമല്ലേ മഹാപ്രഭോ.... കണ്ണാ കലിയുഗത്തിലെ മാതൃവത്സല്യമാകുന്ന കുറൂരമ്മയേയും നീ എത്ര ആനന്ദിപ്പിച്ചിട്ടുണ്ട്... സകല ചരാചരങ്ങളുടെയും മുക്തിദായനാകുന്ന അങ്ങയെ ഒരു കലത്തിനുള്ളിൽ അടച്ചിട്ടില്ലേ.. മേലാകെ കരിപുരണ്ട രൂപം കാണാൻ എന്തായിരുന്നു ചേല് പൊന്നുണ്ണീ... മാതൃവാത്സല്യത്തിനു മുൻപിൽ അവിടുന്ന് ദുർബലനായിരുന്നില്ലേ... അതു കൊണ്ടല്ലേ അമ്മാവന്റെ ആജ്ഞ പ്രകാരം മാതൃ വേഷം കെട്ടിയ പൂതന മുലപ്പാലിനു പകരം വിഷം ചുരത്തിത്തന്നിട്ടും പ്രാണനോടു കൂടെ വിഷവും നുണഞ്ഞ് അവൾക്ക് മുക്തി നൽകിയതും അവിടുത്തെ മായാലീലകൾ തന്നെ എന്നല്ലാതെ എന്തു പറയേണ്ടൂ... കണ്ണാ.. അവിടുത്തെ മായാ ലീലകൾ എത്ര വർണ്ണിച്ചാലും മതിവരണില്യാട്ടോ... വർണ്ണിച്ചാൽ തീരുകയില്ലീ കുസൃതിയെ അത്രമേൽ ജീവനാണെനിക്കീ ഉണ്ണിക്കണ്ണനെ... ഹരേ കൃഷ്ണാ..sreedevi