Monday, September 12, 2016

നിര്‍ഗ്ഗുണമായത് പരമതത്വം മാത്രമാണ്. അതെങ്ങിനെ ദൃശ്യമാവും? സൃഷ്ടിയുടെ ആദ്യ ദശയില്‍ ഞാന്‍ സഗുണയാണ്. സമാധിയില്‍ ഞാന്‍ നിര്‍ഗ്ഗുണയും ആകുന്നു. പരമശിവാ, ഞാന്‍ എപ്പോഴും ‘കാരണ’മാണ്. ‘കാര്യ’മല്ല ഞാന്‍. കാരണം എന്നെടുക്കുമ്പോള്‍ ഞാന്‍ സഗുണയാകുന്നു. പരമാത്മാവില്‍ ഞാന്‍ നിര്‍ഗുണയാണ്. മഹത്തത്വം, അഹങ്കാരം, ശബ്ദാദിഗുണങ്ങള്‍ എന്നിങ്ങിനെ കാര്യകാരണ രൂപത്തില്‍ അവിരാമമായി തുടരുന്ന സത്താണ് അഹങ്കാരത്തിനു നിദാനമായിരിക്കുന്നത്. ആ സത്ത് ഞാനാകുന്നു. അപ്പോള്‍ അഹങ്കാരം എന്ന 'കാര്യ'ത്തിന്റെ കാരണം ഞാനാകുന്നു. അത് ത്രിഗുണങ്ങളെ അധികരിച്ചാണിരിക്കുന്നത്. അഹങ്കാരത്തില്‍ നിന്നും ഉദിച്ച മഹത് തത്വമാണ് ബുദ്ധി. അതായത് ബുദ്ധി കാര്യവും അഹങ്കാരം കാരണവും ആകുന്നു. അഹങ്കാരത്തില്‍ നിന്നും തന്മാത്രകള്‍ ഉദ്ഭൂതമാവുന്നു. പഞ്ചഭൂതങ്ങള്‍ക്ക് കാരണമാവുന്നത് ഈ തന്മാത്രകളാണ്. ഇവയില്‍ നിന്നാണ് കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടാവുക. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, എന്നീ പതിനഞ്ചിന്റെ കൂടെ മനസ്സും ചേര്‍ന്ന് പതിനാറു കലകളാണ് കാര്യകാരണരൂപത്തില്‍ വര്‍ത്തിക്കുന്ന ഗുണങ്ങള്‍. ഇങ്ങിനെയാണ് ആദിസൃഷ്ടിയുടെ ക്രമികവികാസം. ഞാന്‍ സൃഷ്ടിയുടെ ഉദ്ഭവം എങ്ങിനെയെന്ന് ചുരുക്കി വിവരിച്ചു തന്നല്ലോ? ഇനി നിങ്ങള്‍ വിമാനമേറി സ്വന്തം പ്രവര്‍ത്തിമണ്ഡലങ്ങളിലേയ്ക്ക് മടങ്ങിപ്പോവുക. ആപത്ത് വരുമ്പോള്‍ നിങ്ങള്‍ക്ക് ജഗദംബികയായ എന്നെ സ്മരിക്കാം. അപ്പോഴെല്ലാം ഞാനുടന്‍ വന്നു നിങ്ങളുടെ ദുഖങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കുന്നതാണ്. നിത്യമായ പരമാത്മാവായി എന്നെ സദാ സ്മരിക്കുക.' devibhagavatam