Thursday, September 29, 2016

വരുണൻ ശാപവും നൽകി മടങ്ങിയപ്പോൾ രാജാവ് ക്ഷീണിതനും രോഗപീഡിതനുമായി കൊട്ടാരത്തിൽ കഴിഞ്ഞു. കാട്ടിൽ ഒളിച്ചു താമസിച്ചിരുന്ന രോഹിതാശ്വൻ തന്റെ പിതാവിന്റെ ദുരവസ്ഥ അറിഞ്ഞു ദുഖിതനായി. 'കൊട്ടാരത്തിൽ നിന്നും പോന്നിട്ട് ഒരു കൊല്ലമായി. അച്ഛനെ ചെന്ന് കാണണം'എന്നയാൾ തീർച്ചയാക്കി പുറപ്പെടാൻ ഒരുങ്ങുമ്പോൾ ദേവേന്ദ്രൻ അവിടെയെത്തി. ബ്രാഹ്മണവേഷത്തിലെത്തിയ ശക്രൻ ഒരോരോ കാര്യങ്ങൾ പറഞ്ഞ് അവനെ കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്നതിൽ നിന്നും പിൻതിരിപ്പിച്ചു.

ഇന്ദ്രൻ പറഞ്ഞു: ‘നിനക്കുണ്ടോ രാജനീതിയെപ്പറ്റി എന്തെങ്കിലും വിവരം ? കൊട്ടാരത്തിൽ ചെല്ലേണ്ട താമസം നിന്നെയവർ വരുണന് ബലി കൊടുക്കും. അച്ഛൻ മഹാ പണ്ഡിതന്മാരെക്കൊണ്ടു് മന്ത്രമൊക്കെ ജപിപ്പിച്ച് അതിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്. സ്വജീവനാണ് എല്ലാവർക്കും പ്രിയമാകുന്നത്. അച്ഛന്റെ ആത്മരക്ഷയ്ക്കായി മകനെപ്പോലും ബലികഴിക്കും. എങ്കിലേ അദ്ദേഹത്തിന് രോഗശമനം സാദ്ധ്യമാവൂ. അച്ഛൻ മരിക്കുന്നതു വരെ കാത്തിരിക്കുക. അതിനു ശേഷം നിനക്ക് കൊട്ടാരത്തിലെത്തി രാജാവായി വാഴാം.’

ഇന്ദ്രന്റെ വാക്കു കേട്ട് രാജകുമാരൻ ഒരു വർഷം കൂടി കാട്ടിൽത്തന്നെ കഴിഞ്ഞു. അപ്പോൾ കുമാരനിൽ പിതൃസ്നേഹം വീണ്ടുമുണർന്നു. 'എന്റെ മരണം അങ്ങിനെയാണെങ്കിൽ ആയിക്കൊള്ളട്ടെ.  രോഗപീഡിതനായ അച്ഛനെ ചെന്നു കണ്ടിട്ടു തന്നെ കാര്യം.’
അപ്പോൾ ഇന്ദ്രൻ വീണ്ടും രോഹിതാശ്വനെ തടയാനെത്തി.പല യുക്തികളും പറഞ്ഞ് രാജകുമാരനെ അവിടെത്തന്നെ തടഞ്ഞുനിർത്തി.

ദുഖിതനായ ഹരിശ്ചന്ദ്രൻ വസിഷ്ഠമുനിയോട് രോഗവിമുക്തി നേടാൻ മാര്‍ഗ്ഗമാരാഞ്ഞു.  മുനി  പറഞ്ഞു'ഇനിയൊരു പുത്രനെ വിലയ്ക്ക് വാങ്ങി അവനെ സ്വന്തം പുത്രനാക്കുകയേ മാര്‍ഗ്ഗമുള്ളു. എന്നിട്ടവനെ ബലികഴിക്കാം. പുത്രൻമാർ പത്തു വിധമാണ്.   അതിലൊന്നാണ് വിലയ്ക്ക് വാങ്ങി സ്വന്തമാക്കിയ ‘ക്രീത പുത്രന്‍’. അങ്ങിനെയുള്ള പുത്രനെ ബലി കൊടുത്തായാലും  വരുണനെ സംതൃപ്തനാക്കണം'.

മുനിയുടെ വാക്കു കേട്ട രാജാവ് നാട്ടിൽ എവിടെയെങ്കിലും സ്വന്തം മകനെ വിൽക്കാൻ തയ്യാറാവുന്ന ലോഭികൾ ഉണ്ടോ എന്നന്യോഷിക്കാൻ മന്ത്രിമാരെ പറഞ്ഞയച്ചു. ആ നാട്ടിൽ അജീഗർത്തൻ എന്നു പേരായ ഒരു ദരിദ്ര വിപ്രൻ ജീവിച്ചിരുന്നു. അയാൾക്ക് ശൂനപുച്ഛൻ, ശൂ ന:ശേഫൻ, ശൂ നോലാംഗുലൻ എന്നിങ്ങനെ മൂന്നു പുത്രൻമാരുണ്ടായിരുന്നു. ആ പാവം ബ്രാഹ്മണനോട് 'നിന്റെ പുത്രൻമാരിൽ ഒരാളെ തന്നാൽ നൂറ് പശുക്കളെ തരാം അങ്ങിനെ നിന്റെ ദാരിദ്യം ഇല്ലാതാവുംഎന്ന് പറഞ്ഞു മന്ത്രിമാർ പ്രലോഭിപ്പിച്ചു.

വിശപ്പിനാൽ വലയുന്ന കുടുംബത്തെയോർത്ത് ആ ബ്രാഹ്മണൻ ഒരു മകനെ വിൽക്കാം എന്ന തീരുമാനത്തിലെത്തി. എന്നാൽ മൂവരിൽ ആരെ ഞാൻ വിൽക്കും?' എന്നയാൾ ആധി പൂണ്ടു. മൂത്ത പുത്രൻ'എനിക്ക് കൊള്ളിവയ്ക്കേണ്ടവനാണ് അതിനാല്‍ അവൻ വേണ്ടഎന്നദ്ദേഹം തീരുമാനിച്ചു. ഇളയവനെ കൈവിടാൻ അമ്മയും തയ്യാറായില്ല. ഒടുവിൽ മധ്യമ പുത്രനായ ശൂന:ശേഫനെ നൂറ് പശുക്കൾ പ്രതിഫലമായി വാങ്ങി അജീഗർത്തൻ രാജാവിന് വിറ്റു.

യാഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി യജ്ഞപശുവായി ശുന:ശേപനെ യൂപത്തിൽ കെട്ടിയിട്ടു. ബ്രാഹ്മണ കുമാരൻ പേടിച്ചു നിലവിളിച്ചു. അതു കണ്ടു് മുനിമാർക്കു പോലും കണ്ണു നിറഞ്ഞു. രാജാവ് നരബലി നടത്തുന്നവനെ ആയുധമേൽപ്പിച്ച് കൃത്യം നടത്താൻ കല്പിച്ചു. എന്നാൽ അവനിലും ദയാവായ്പ്പുണ്ടായിട്ട്  ബലി നടത്താൻ അവൻ പോലും തയ്യാറായില്ല. 'ഇനിയെന്തു ചെയ്യുംഎന്ന് ആലോചിച്ചിരിക്കവേ സദസ്യരിൽ നിന്നും 'കില കിലഎന്ന ശബ്ദമുയർന്നു.

അജീഗർത്തൻ സദസ്സിൽ നിന്നും എഴുന്നേറ്റ് വന്ന് 'ഞാനാ കാര്യം ചെയ്യാം. എനിക്ക് ഇരട്ടി പ്രതിഫലം തന്നാല്‍ മതി ' എന്ന് വിളിച്ചു പറഞ്ഞു. ധനാർത്ഥിയായ  ഒരുവനിൽ എപ്പോഴും ലോഭചിന്ത സജീവമായിരിക്കുമല്ലോ.

അജീഗർത്തന്റെ നിബന്ധന രാജാവ് അംഗീകരിച്ചു. 'അങ്ങേയ്ക്ക് നൂറു് പശുക്കളെക്കൂടി തന്നുകൊള്ളാം.'

അജീഗർത്തൻ ബലിപീഠത്തിലെത്തി  പുത്രന്റെ കഴുത്തിൽ കത്തിവയ്ക്കാൻ തയ്യാറായി . പുത്രവധത്തിനൊരുങ്ങിയ ബ്രാഹ്മണനെ 'ഇവൻ മഹാപാപിചണ്ഡാലൻഎന്നിങ്ങിനെ സഭാവാസികൾ ശകാരിച്ചു. മകനെ കൊന്നിട്ട് നിനക്കെന്തു കിട്ടാനാണ്പുത്രൻ എന്നാൽ സ്വന്തം അംഗത്തിൽ നിന്നും ഉണ്ടായവൻ തന്നെയല്ലേഅങ്ങിനെ വരുമ്പോൾ മഹാപാപീനീയിപ്പോൾ ചെയ്യാനൊരുങ്ങുന്നത് ആത്മഹത്യ തന്നെയാണ്.'

സഭയിൽ ഇങ്ങിനെ ബഹളം നടക്കുമ്പോൾ മഹർഷി വിശ്വാമിത്രൻ അവിടെ സമാഗതനായി. രാജാവിനോട് ബലി നിർത്തിവയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

'രാജാവേശുന:ശേപനെ വിട്ടയച്ചാലും. അവനാൽ ദയ കാണിക്കുക. അതിനേക്കാൾ വലിയ പുണ്യമൊന്നുമില്ല. അങ്ങയുടെ യജ്ഞം പൂർത്തിയായതായി കണക്കാക്കിയാലും. അങ്ങേയ്ക്ക് രോഗശാന്തിയുണ്ടവും.’

വേദവിധികളായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിഷയാസക്തരെ തൃപ്തിപ്പെടുത്താനായിട്ടാണ്. അവയെല്ലാം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കേണ്ട കാര്യമില്ല. അതായത് യാഗത്തിൽ ഹിംസ വേണ്ട. സ്വന്തം ദേഹത്തെ സംരക്ഷിക്കാൻ മറ്റൊരു ദേഹത്തെ എന്തിനാണ് നശിപ്പിക്കുന്നത്?

ശുഭേച്ഛുക്കൾ ഹിംസ പൂർണ്ണമായും വർജിക്കണം. കിട്ടുന്നതിൽ തൃപ്തനായി എല്ലാവരോടും ദയാവായ്പോടെ,എല്ലാ ജീവജാലങ്ങളെയും തന്നെപ്പോലെ കണക്കാക്കി സുഖിയായി ജീവിക്കുക. ഈ ബാലനും സ്വന്തം ജീവൻ രക്ഷിക്കാൻ ഉഴറുകയാണ്. അങ്ങേയ്ക്ക് അവനോട് പൂർവ്വജന്മ വൈരാഗ്യമൊന്നും ഇല്ലല്ലോ. അപ്പോൾപ്പിന്നെ ഈ ബ്രാഹ്മണകുമാരനെ വധിക്കുന്നത് വെറും സ്വാർത്ഥത്തിനാണെന്നു വരുന്നു. അവനെ കാരണമൊന്നുമില്ലാതെ വധിക്കുകയാണെങ്കിൽ ജന്മാന്തരത്തിൽ അവൻ വന്ന് തന്നെ കൊന്നവനെ വധിക്കും എന്നത് നിശ്ചയം.’

നരബലിക്കാണേന്നറിഞ്ഞുകൊണ്ട്  മകനെ വിറ്റ പിതാവ് മഹാപാപിയും മൂർഖനുമാണ്. അനേകം മക്കളുണ്ടെങ്കിൽ അതിലൊരാൾ പിതാവിനു വേണ്ടി അതിപ്രശസ്തമായ  ഗയാശ്രാദ്ധം പോലും നടത്തിയേക്കാം എന്നയാൾ ചിന്തിച്ചില്ല.  മാത്രമല്ല മക്കളിലൊരാൾ ചിലപ്പോൾ അശ്വമേധം വരെ നടത്തി പുകള്‍ നേടിയേക്കാം.  അത്  മാത്രമല്ല അവർ ചിലപ്പോൾ പാപകർമ്മങ്ങളിൽ ഏർപ്പെട്ടുവെന്നും വരാം. നാട്ടിൽ നടമാടുന്ന പാപത്തിന്റെ ആറിലൊന്ന് രാജാവിൽ ചെന്നുചേരും.  സ്വപുത്രനെ വിൽക്കാൻ തുനിഞ്ഞവനെ സൂര്യവംശത്തിൽ പിറന്ന  മഹാനായ ത്രിശങ്കുവിന്റെ പുത്രനായ  അങ്ങെന്തുകൊണ്ടു് തടഞ്ഞില്ല?ശ്രേഷ്ഠൻമാർ നീചകർമ്മങ്ങളെ തടഞ്ഞില്ലെങ്കിൽ ആരാണത് ചെയ്യുക?

കുമാരനെ യജ്ഞയൂപത്തിൽ നിന്നും  മോചിപ്പിച്ച് ഞാൻ പറയുന്നത് പോലെ ചെയ്താൽ അങ്ങേയ്ക്ക് രോഗശമനം ഉണ്ടാവും. അങ്ങയുടെ പിതാവിന് ശാപം മൂലം ചണ്ഡാലത്വം ഉണ്ടായല്ലോ. അങ്ങിനെയുള്ള അദ്ദേഹത്തെ  ഉടലോടെ സ്വർഗ്ഗലോകത്ത് എത്തിച്ച മഹർഷിയാണ് ഞാൻ. ആ നന്ദി കാണിക്കാനെങ്കിലും നീ എന്റെ വാക്കുകൾ കേൾക്കണം.  മാത്രമല്ല രാജസൂയത്തിൽ ആരെന്തു യാചിച്ചാലും അവനൽകാൻ രാജാവ് ബാദ്ധ്യസ്ഥനാണ്. ഈ  കുമാരനെ വിട്ടയക്കുക എന്നതാണ് ഞാൻ യാചിക്കുന്നത്. യാഗത്തിലെ യാചന നിറവേറ്റാതിരിക്കുന്ന പക്ഷം അതിന്റെ പാപം കൂടി അങ്ങിൽ പതിക്കും'

ഇതൊക്കെ കേട്ടിട്ടും രാജാവ് കുമാരനെ വിടാൻ തയ്യാറായില്ല. 'മഹർഷേ ഞാൻ ജലോദരം എന്ന മഹാവ്യാധി പിടിപെട്ട് വലയുകയാണ്. ഇവന്റെ മോചനമൊഴികെ എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ. ഇക്കാര്യത്തിൽ അങ്ങയുടെ വൃഥാശാഠ്യം ഉപേക്ഷിച്ചാലും.'

രാജാവിന്റെ വാക്കുകൾകേട്ട് വിശ്വാമിത്രൻ ക്രുദ്ധനായി. ബ്രാഹ്മണകുമാരന്റെ ദൈന്യഭാവം കണ്ട് മഹർഷി ദുഖിതനായിത്തീര്‍ന്നു.APSukumar