മനസ്സിന്റെ തലത്തില് ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകള്.
ഈശ്വരന്റെ തലത്തില് വൈശ്വാനരന്, തൈജസന്, പ്രാജ്ഞന്, തുരീയന്
1.വിശ്വൻ : ജീവന്റെ സുപ്രധാനമായ ഒരു ഭാവമാണത്. നാം നിത്യനിരന്തരം സൂചിപ്പിക്കുന്നതും വിശ്വനേപ്പറ്റിയാണു. നമ്മൂടെ ബാഹ്യമായ കർമ്മങ്ങൾക്കെല്ലാം ആധാരം ജീവന്റെ ഈ ഭാവമാണ്. ആ ജീവനു വിശ്വവിരാട് അവസ്ഥയിലേക്ക് വളർച്ച പ്രാപിക്കാനും കഴിയാറുണ്ട്. അതായത് ഒരു വ്യക്തി എന്ന തന്റെ വ്യക്തിഭാവം വിട്ട് ഈ പ്രപഞ്ചം മൊത്തം താനാണെന്ന അറിവുണ്ടാകുന്ന അവസ്ഥ. അങ്ങനെ പൂർണ്ണവളർച്ചയെത്തുമ്പോൾ - വിശ്വവിരാടവസ്ഥയിലേക്ക് ഉയരുമ്പോൾ - ജീവനെ വിശ്വനെന്ന് പറയുന്നു. ജാഗ്രത്താണു വിശ്വന്റെ അവസ്ഥ. വളരെ ബൃഹത്താണെന്നു തോന്നുമെങ്കിലും ജാഗ്രത് വളരെക്കുറച്ചേ നാം അനുഭവിക്കാറുള്ളു. ശ്രദ്ധിച്ചാൽ ഇത് മനസിലാകും. ഒരു നിമിഷമെടുത്ത് ആ നിമിഷത്തിൽ മാത്രമായി ഇരിക്കുന്ന അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ച് നോക്കു. ആ ഒരു നിമിഷത്തിൽ അലിഞ്ഞിരിക്കുന്ന അത്രേയുള്ളു ആ നിമിഷത്തിന്റെ ജാഗ്രത്ത്. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നു നാം അതിൽ നിന്നു മാറിപ്പോകുന്നത് കാണാം. അറിയാതെയാണത് സംഭവിക്കുന്നത്. മനുഷ്യനു ജാഗ്രത്തിൽ അങ്ങനെ ലയിച്ചിരിക്കാൻ ആവുന്നില്ല. ലോകത്തുള്ള സകല ഭർത്സനങ്ങൾക്കും, വിദ്വേഷങ്ങൾക്കും കാരണം ജാഗ്രത്തിൽ നമുക്ക് ഉറച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ടാണു. പക്ഷെ നാം അതംഗീകരിക്കാറില്ല. .
2.തൈജസൻ : തേജസ് ഉൾക്കൊണ്ട് ജീവൻ മറ്റൊരു അവസ്ഥയിലും ഇരിക്കാറുണ്ട്. നാം പുറത്ത് കാണുന്ന ഈ ലോകം അപ്പോൾ സക്രിയമല്ല. അവിടെ വേറൊരു ലോകമുണ്ട്. അതാണു സ്വപ്നത്തിന്റെ ലോകം. ആ ലോകത്തിൽ എല്ലാം സൃഷ്ടിച്ച് ഭരിച്ച് ആസ്വദിക്കുന്ന ഒരു ജീവനെ കാണാൻ കഴിയും. അതാണു തൈജസൻ. സ്വപ്നമാണു തൈജസന്റെ അവസ്ഥ. ലോകത്തിലെ കർമ്മങ്ങൾ ഉടലെടുക്കുന്നത് ഈ സ്വപ്നലോകത്തിൽ നിന്നുമാണു. അവിടെയാണു കൂട്ടലും കുറയ്ക്കലും അഴിക്കലും കൂട്ടിച്ചേർക്കലുകളും നടക്കുന്നത്. ഇത് ജാഗ്രത്തിന്റെ തുടർച്ചയാണു. അത് കൊണ്ട് തന്നെ വിശ്വൻ പരിണമിച്ചാണു തൈജസനുണ്ടാകുന്നതും.
3.പ്രാജ്ഞൻ : പ്രാജ്ഞാവസ്ഥയെ പ്രാപിക്കുന്ന ജീവൻ മറ്റൊരു ഭാവത്തിലിരിക്കുന്നു. ജ്ഞാനത്തിന്റെ മേഖലയാണത്. അവിടേക്ക് ചെല്ലുന്ന ജീവാംശത്തെ പ്രാജ്ഞൻ എന്നു പറയും. പ്രാജ്ഞന്റെ അവസ്ഥ സുഷുപ്തിയാണു. സുഷുപ്തിയിൽ ഈ ലോകമുണ്ടെങ്കിലും ജീവൻ അത് അറിയുന്നില്ല. ഒന്നും തന്നെ അറിയുന്നില്ല. പ്രജ്ഞ മാത്രം തിളങ്ങി നിൽക്കുന്നു. അവിടെ എത്തിയിട്ട് തിരികെ വരുന്ന ജീവനൻ എപ്പോഴും പുതിയത് പോലെ ഇരിക്കും. അതുകൊണ്ടാണു നല്ല ഒരുറക്കം കഴിയുമ്പോൾ നാം ഫ്രെഷായി എന്നു പറയാറുള്ളത്.
4.തുരീയൻ : ഇവിടെ ജീവൻ അഭൌമമായ ഒരു മേഖലയിലാണു. ജാഗ്രത്ത് സ്വപ്നാവസ്ഥകളുമായി ഒരു ബന്ധവുമില്ലാതെയാണു ജീവനവിടെ ഇരിക്കുന്നത്. ശരീരബോധം തീരെ ഉണ്ടായിരിക്കില്ല. ജാഗ്രത് സ്വപ്ന സുഷുപ്താവസ്ഥകളിൽ നിന്നു ലഭിച്ച എല്ലാ അറിവുകളും ത്യജിച്ച് സുഖസംതൃപ്തനായാണു ജീവനവിടെ ഇരിക്കുന്നതെന്നു അതനുഭവിച്ചവർ പറയുന്നു. ആ സച്ചിദാനന്ദാവസ്ഥയിലേക്ക് എത്തുന്ന ജീവനെ തുരീയനെന്നും ആ അവസ്ഥക്ക് തുരീയമെന്നുമാണു സൂചന. അതിനു വിശ്വാദികൾക്കുള്ള പോലെ ഒരു പേരില്ല. നാലാമത്തേത് എന്നു മാത്രമേ ഋഷിമാർ അതേപ്പറ്റിപ്പറയുന്നുള്ളു. മാനോവാക്കുകൾക്ക് അപ്പുറമാണത്.vasanthi gopi