രാജാവ് മകനോട് പറഞ്ഞു: ‘മകനേ, നീയെന്നും ധർമ്മത്തിന്റെ വഴിയേ ചരിച്ചാലും. ബ്രഹ്മാവിന്റെ മുഖത്തു നിന്നും ഉണ്ടായ ഭൂസുരൻമാരെ നീയെന്നും മാനിക്കണം. ധര്‍മ്മ മാർഗ്ഗത്തിൽ വിത്തമാർജിച്ച് പ്രജാ സംരക്ഷണം ചെയ്യണം. അസത്യം പറയരുത്. തെറ്റായ വഴിയിൽ ചരിക്കാതെ തപസ്വികളെ പൂജിച്ച് ബഹുമാനിക്കുക. ശത്രുക്കളോട് ദയ വേണ്ട. ഇന്ദ്രിയങ്ങളെ ജയിച്ച് ശിഷ്ടരായ മന്ത്രിമാരോട് ആലോചിച്ച് സദാ കർമ്മനിരതനായി വാഴുക. ശത്രു നിസ്സാരനാണെന്ന് കരുതി ഒരിക്കലും അലംഭാവം പാടില്ല. ഏറാൻ മൂളികളായ അവസരവാദികളെ തിരിച്ചറിഞ്ഞ് അവരെ മാറ്റി നിർത്തണം. മിത്രങ്ങളുടെ ഇടയിലും ചാരൻമാരെ നിയോഗിക്കണം. രാജപദവിക്ക് നിദാനമായിരിക്കുന്നത് ധർമം മാത്രമായിരിക്കണം. നിത്യദാനം മുടക്കരുത്. വൃഥാവാദത്തിൽ ഒരിക്കലും ഏർപ്പെടരുത്. ദുഷ്ടസംഗം ത്യജിച്ച് ഋഷിമാരുമായുള്ള സത്സംഗത്തിന് സമയം കണ്ടെത്തുക. യജ്ഞങ്ങൾ യഥാവിധി അനുഷ്ടിക്കുക. സ്ത്രീ,ചതി, ചൂത് എന്നിവയിൽ ഭ്രമമുള്ളവരെ അകറ്റി നിർത്തുക. നായാട്ടിലും അമിതമായ താൽപര്യം പാടില്ല. മദ്യം, വേശ്യ, ചൂത് എന്നിവയിൽ രാജാവിനും പ്രജകൾക്കും ആസക്തിയരുത്. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനാദികൾ ചെയ്ത് നിത്യവും മുടങ്ങാതെ പരാശക്തിയെ പൂജിക്കുക. ദേവീ പദഭജനത്തേക്കാൾ വലുതായ ജന്മസാഫല്യം മറ്റൊന്നുമില്ല. ദേവീപൂജ ചെയ്ത് ആ പാദതീർത്ഥം സേവിക്കുന്നവന് ജന്മദുഖം ഇനിയുണ്ടാവുകയില്ല. ദൃഷ്ടാവ്, ദൃഷ്ടി, ദൃശ്യം എന്നീ ത്രിപുടികൾ സാക്ഷാൽ ദേവി തന്നെയാണെന്ന് മനസ്സിലുറപ്പിച്ച് നിർഭയനായി വർത്തിച്ചാലും. നിത്യകർമങ്ങൾ ചെയ്തിട്ടു് സംശയങ്ങൾ ഉണ്ടെങ്കിൽ പണ്ഡിതരായ ബ്രാഹ്മണരെ സമീപിക്കണം. വേദപാരംഗതരായ പണ്ഡിതൻമാരെ പൂജിക്കുകയും അവർക്ക് ഭൂമി, ധനം, ധാന്യം, പശു മുതലായവ യഥാവിധി സമ്മാനിക്കുകയും വേണം. എന്നാൽ അവിദ്വാനായ വിപ്രന് ആഹാരത്തിനുള്ള വക മാത്രമേ ദാനം ചെയ്യാവൂ. ലോഭം കൊണ്ടു് നീയൊരിക്കലും ധർമ്മത്തിനെതിരായി പ്രവർത്തിക്കാൻ ഇടവരരുത്. വിപ്രരെ ഒരിക്കലും അപമാനിക്കരുത്. പാറയിൽ ലോഹമെന്നത് പോലെ ബ്രാഹ്മണരാണ് ക്ഷത്രിയർക്ക് കാരണഭൂതരായിരിക്കുന്നത്. വെള്ളത്തിൽ നിന്നാണ് അഗ്നി. അതാത് വസ്തുവിന്റെ വീര്യവും തേജസും ആ വസ്തുവിന്റെ കാരണത്തിൽ അടങ്ങുന്നു എന്നറിയുക. അതിനാൽ ബുദ്ധിയുള്ള രാജാവ് ബ്രാഹ്മണരെ ദാനാദികളാൽ പൂജിച്ച് സംപ്രീതരാക്കുന്നു. ധർമ്മശാസ്ത്രാനുസാരമായി ദണ്ഡനീതി നടപ്പാക്കുന്നതും രാജവിന്റെ കർത്തവ്യങ്ങളിൽ പെടുന്നു. ധാർമ്മികമായ രീതിയിൽ കൈവരുന്ന ധനം മാത്രമേ രാജാവ് പ്രജാക്ഷേമത്തിനായി വിനിയോഗിക്കാവൂ.'devibhagavatam