Wednesday, September 28, 2016

മനസ്സിന് ക്ഷോഭമുണ്ടാക്കുന്ന ഇന്ദ്രിയങ്ങൾ മോക്ഷമാർഗ്ഗത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജ്ഞാനികളുടെ മനസ്സിനെ പ്പോലും അവരറിയാതെ ബലാത്കാരേണ അപഹരിച്ചു കൊണ്ടു പോകുന്നു. അതു കൊണ്ട് ഒന്നാമതായി ആ ഇ ന്ദ്രിയങ്ങളെ നിഗ്രഹിക്കണം. അതിനുശേഷം സ്ഥിത പ്രജ്ഞന്റെ മനസ്സ്, യോഗാനുഷ്ഠാനം കൊണ്ട് പരമാത്മബോധത്തിൽ നിശ്ചലമായിരിക്കും.ഇന്ദ്രിയങ്ങൾ ലൗകികവിഷയങ്ങളെപ്പറ്റി വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ അവയിൽ ആസക്തിയുണ്ടാകുന്നു. ആ സക്തിയിൽ നിന്ന് അവനേടുവാനുള്ള ആഗ്രഹവും ആ ആഗ്രഹം സാധിക്കാതെ വരുമ്പോൾ കർത്തവ്യാകർത്തവ്യ വിവേകം നശിച്ചുപോകുന്നു.വിവേകഹാനിയിൽ സ്മൃതിഭ്രംശവും' സ്മൃതി ഭ്രംശത്തിൽ നിന്ന് ബുദ്ധി നാശവും ഉണ്ടാകുന്നു. ബുദ്ധി നശിക്കുമ്പോൾ ജീവിതം തന്നെ നശിച്ച മട്ടായി .ഇങ്ങനെ ഇന്ദ്രിയങ്ങൾ വിഷയസംബന്ധം പുലർത്തുന്നതു് കൊണ്ട് സർവ്വനാശങ്ങളുമുണ്ടാകുന്നതിനാൽ ഇന്ദ്രിയ നിഗ്രഹം ചെയ്യേണ്ടത് മനുഷ്യന്റെ മുഖ്യ കർത്തവ്യമാകുന്നു.ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് സ്വാധീനമാക്കി രാഗദ്വേഷങ്ങൾ കൂടാതെ, ആ സക്തിയുമില്ലാതെ ലൗകിക വിഷയങ്ങളിൽ പ്രവർത്തിക്കുന്ന ഒരുവന്റെ മനസ്സ് ക്രമത്തിൽ പ്രസന്നമായി തീരുന്നതാണ്. മനസ്സ് പ്രസന്ന മായാൽ അവന്റെ എല്ലാ ദു:ഖങ്ങളും നശിക്കുന്നു. കാരണം മന: പ്രസാദം സിദ്ധിച്ച ഒരുവന്റെ ബുദ്ധി വേഗത്തിൽ ആത്മതത്ത്വത്തിൽ ഏകാഗ്രമായി തീരുന്നു.
ഇന്ദ്രിയ നിഗ്രഹം ചെയ്യാത്ത ഒരുവന് ആത്മവിഷയകമായ അറിവോ ആത്മജ്ഞാനത്തിനുള്ള അഭിനിവേശമോ ഉണ്ടാകുകയില്ല. ആത്മജ്ഞാനത്തിൽ അഭിനിവേശമില്ലാത്തവന് എങ്ങിനെയാണ് ശാന്തി ഉണ്ടാകുക? ശാന്തിയില്ലാത്തവന് എങ്ങിനെയാണ് സുഖമുണ്ടാവുക? ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാതെ അവയുടെ പുറകെയഥേച്ഛം വിഹരിക്കുവാൻ വിടുന്ന ഒരു വന്റെ മനസ്സ് അവന്റെ വിവേക ബുദ്ധിയെ വെള്ളത്തിൻ പ്പെട്ട തോണിയെ കാറ്റ് എന്ന പോലെ അടിച്ചു കൊണ്ടു പോകുന്നു. അതുകൊണ്ടു് അല്ലയോ മഹാബാഹുവായ അർജുനാ, എല്ലവിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ അടക്കി നിർത്തിയിട്ടുള്ള ഒരുവന്റെ ബുദ്ധിമാത്രമേ സ്ഥിരതയുള്ളതാണന്ന് പറയാൻ നിവൃത്തിയുള്ളൂ .അങ്ങനെയുള്ള സ്ഥിത പ്രജ്ഞൻ ബ്രഹ്മവിദ്യാനിഷ്ഠനാകയാൽ, അയാൾക്ക് ആത്മജ്ഞാനം പകൽ പോലെ പ്രകാശമുള്ള തായിരിക്കും; അവിദ്യാവശഗരായ സാധാരണ ജനങ്ങൾക്ക് അത് രാത്രി പോലെ ഇരുളടഞ്ഞതുമായിരിക്കും. സർവ്വ ഭൂതങ്ങളും പകലിലെന്ന പോലെ ജാഗ്രതയോടെ വ്യാപരിക്കുന്ന ഈ പ്രപഞ്ചം അവിദ്യാ കാര്യമാകയാൽ സ്ഥിത പ്രജ്ഞന്മാർക്ക് രാത്രി പോലെ അന്ധകാരമായിരിക്കും. എത്ര തന്നെ നദികൾ ചെന്ന് ചേർന്നാലും സമുദ്രത്തിൽ യാതൊരു ഏറ്റകുറവും ഉണ്ടാകാത്തതു പോലെ എത്ര തന്നെ ആഗ്രഹങ്ങൾ വന്നാലും യാതൊരു വികാരവുമുണ്ടാകാതിരിക്കുന്ന മനസ്സിനെ ശാന്തിയുണ്ടാവുകയുള്ളൂ .വിഷയങ്ങൾക്ക് ചലിപ്പിക്കുവാൻ സാധിക്കാത്ത മനസ്സിൽ കാമക്രോധാദി വികാരങ്ങളൊന്നും ഉണ്ടാകാത്തതിനാൽ 'അത് ശാന്തി പൂർണ്ണമായിരിക്കും അതുകൊണ്ടു് എല്ലാ കാമങ്ങളേയും വീടുകളഞ്ഞ് അഹംഭാവവും മമകാരവും ഉപേക്ഷിച്ച് കർത്തൃത്വ ഭോക്ത്യത്വാദികൾക്കു പരി യായ ഒരു നിലയിലെത്തി കർമ്മയോഗാനുഷ്ഠാനം കൊണ്ടു് മനശ്ശാന്തി നേടുവാൻ, അല്ലയോ അർജു നാ നീ ശ്രമിക്കുക .ഈ ബ്രഹ്മനിഷ്ഠയിലെത്തിയാൽ പിന്നെ നിനക്ക് മോഹമുണ്ടാകുകയില്ല. ഈ നിഷ്ഠയിൽ അവസാനകാലത്തെങ്കിലും എത്തിച്ചേരുവാൻ സാധിച്ചാലും മോക്ഷം പ്രാപിക്കുവാൻ സാധിക്കുന്നതാണ്.pmn namboodiri