Monday, September 12, 2016

നുറുങ്ങു കഥകളിലൂടെ അത്യന്തം ഗഹനമായ തത്ത്വങ്ങള്‍ സരസമായി അവതരിപ്പിക്കുന്നത് ശ്രീ രാമകൃഷ്ണദേവന്റെ പതിവായിരുന്നു. തീവ്രമായ വ്യാകുലത ഉണ്ടെങ്കില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയും എന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ പല സംഗതികളും ശിഷ്യരോട് പങ്കു വെക്കുമായിരുന്നു അദ്ദേഹം. അത്തരത്തില്‍ ഉള്ള ഒരു കഥയാണ് ഇന്നിവിടെ പറയുന്നത്.
ഒരു ശിഷ്യന്‍ ഗുരുവിനോട് വളരെ വിഷമത്തോടെ ചോദിച്ചു. “എത്ര കാലമായി ഞാന്‍ അങ്ങയുടെ കീഴില്‍ തപസ്സ് ചെയ്യുന്നു. ഇതേവരെ എനിക്ക് ഈശ്വര ദര്‍ശനം കിട്ടിയില്ലല്ലോ”.
“നീ ഒരിക്കലും ഈശ്വരനെ കാണാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നില്ല; അതാണ് കാരണം”. ഗുരു പറഞ്ഞു.
ശിഷ്യന് ഗുരുവിന്റെ മറുപടി രസിച്ചില്ല. അയാള്‍ അത് നിഷേധിക്കുകയും ചെയ്തു. എന്നിട്ട് ചോദിച്ചു. “ശരിക്കും ആഗ്രഹിക്കുക എന്നാല്‍ അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്?
ഗുരു മറുപടി ഒന്നും പറഞ്ഞില്ല. ശിഷ്യനുമായി നദിക്കരയില്‍ എത്തി. ഇരുവരും കുളിക്കാന്‍ ഇറങ്ങി. ശിഷ്യന്‍ നദിയില്‍ മുങ്ങിയ നിമിഷം ഗുരു അയാളുടെ ശിരസ്സ് പിടിച്ച് ഒന്നുകൂടി താഴ്ത്തി. ശിഷ്യന്‍ പ്രാണന് വേണ്ടി പിടഞ്ഞു.  ഗുരു തെല്ലും അയഞ്ഞില്ല. ശിഷ്യന്‍ ശക്തിയായി കുടഞ്ഞു. ഒടുവില്‍ ഗുരുവിന്റെ കൈ തട്ടി തെറിപ്പിച്ച് അയാള്‍ തല ഉയര്‍ത്തി. ദീര്‍ഘമായി ശ്വാസം എടുത്തുകൊണ്ടു ഗുരുവിനോട് ചോദിച്ചു. “അങ്ങ് എന്തിനാണ് ഇത് ചെയ്തത്?”
ഗുരു ചോദിച്ചു. “വെള്ളത്തില്‍ മുക്കി പിടിച്ചപ്പോള്‍ നിനക്കെന്ത് തോന്നി?”
“എന്ത് തോന്നാന്‍! ഒരിറ്റ് വായുവിന് വേണ്ടി ഞാന്‍ പിടയുകയായിരുന്നു. ഞാന്‍ മരണത്തെ നേരില്‍ കണ്ടു. ശ്വാസത്തിനായി ഞാന്‍ കൊതിച്ചു”. കിതച്ചുകൊണ്ട് ശിഷ്യന്‍ പറഞ്ഞു.
“കുഞ്ഞേ, ഇതുപോലെ ഒരു പിടച്ചില്‍, വായുവിനു വേണ്ടി പിടഞ്ഞത് പോലെ, ഈശ്വരന് വേണ്ടി നിന്റെയുള്ളില്‍ ഉണ്ടായാല്‍, ആ നിമിഷം ഈശ്വരദര്‍ശനം ഉറപ്പാണ്. അതുവരെ ഈശ്വരനെ കാണാന്‍ കഴിയില്ല”. അവിടുന്ന്‍ അദൃശ്യനായി തന്നെ നിലകൊള്ളും. ഗുരു പറഞ്ഞു.
കഥയുടെ സാരം ഇതാണ്. ലൌകിക വസ്തുക്കളില്‍ ഉള്ള ആഗ്രഹം പോകാതെ ഈശ്വരന് വേണ്ടി ആരുടെയും ഉള്ളം പിടയുകയില്ല. തീവ്രമായ ആഗ്രഹം ഉണ്ടായി ഉള്ളം പിടയണം. എന്നാല്‍ ഈശ്വര ദര്‍ശനം ഉണ്ടാകും.Anilkumar