Thursday, September 22, 2016

ഒരു കപ്പിത്താന്‍‍‍ ഉണ്ടായിരുന്നു. അയാള്‍ ജീവിതം മുഴുവന്‍‍‍ ശാന്തസമുദ്രത്തെ തേടി സഞ്ചരിച്ചു. ഒടുവില്‍ വിവേകിയായ ഒരു നാവികന്‍‍‍ അയാളോട് പറഞ്ഞു: “എന്‍റെ സ്നേഹിതാ, നിങ്ങള്‍ ഇപ്പോള്‍‍ എവിടെയാണോ നില്‍ക്കുന്നത്, അവിടെത്തന്നെയാണ് ശാന്തസമുദ്രം. അത് ദൂരെ എവിടെയും അല്ല. നിങ്ങള്‍‍ ഇപ്പോള്‍‍ യാത്ര ചെയ്യുന്ന അതേ സമുദ്രമാണ് ശാന്തസമുദ്രം.”
നാമെല്ലാം ആകര്‍ഷകമായ ഒരു കരയെ അന്വേഷിക്കുന്ന കപ്പല്‍‍യാത്രക്കാരാണ്. അന്വേഷണത്തിലുള്ള അതിശ്രദ്ധ കാരണം, നമ്മുടെ കാല്ക്കീഴിലുള്ള സ്ഥലം വാസ്തവത്തില്‍ എത്ര ആകര്‍ഷകമാണെന്ന് തിരിച്ചറിയാനോ, വിലമതിക്കാനോ നമുക്ക് കഴിയാതെ പോകുന്നു!!! സ്വപ്നവ്യാപാരികള്‍, ദൂരെ എങ്ങോ ഉള്ള സാങ്കല്‍പ്പിക പ്രദേശങ്ങളെ കുറിച്ചുള്ള കഥകള്‍‍ വില്‍ക്കുന്നു. നാം അവരുടെ സ്വപ്നങ്ങളില്‍ വിശ്വസിച്ച് അവ വാങ്ങുന്നു. പലപ്പോഴും, ക്ഷീണിച്ചു തളരുന്നതുവരെ, ഈ യാത്രതന്നെ അനാവശ്യമായിരുന്നു എന്ന്, നാം മനസ്സിലാക്കുന്നില്ല. ഏതു സ്വപ്നങ്ങള്‍ക്ക് വേണ്ടി നാം സഞ്ചരിച്ചുവോ, അവ എന്നും നമ്മുടെ ഉള്ളില്‍ത്തന്നെ ഉണ്ടായിരുന്നു. കണ്ണടച്ച്, ബോധലോകത്തില്‍നിന്ന് ഉറക്കത്തിലേയ്ക്ക് പോവുകയേ നാം ചെയ്യേണ്ടിയിരുന്നുള്ളു. നമ്മുടെ അകക്കണ്ണുകള്‍ ‍തുറന്ന് ഉള്ളിലേക്ക് നോക്കുകയേ വേണ്ടിയിരുന്നുള്ളു. നിധിപ്പെട്ടി നമ്മുടെ പുറമെയല്ല, എപ്പോഴും അകത്തുതന്നെയാണ് ഉള്ളത്. നിങ്ങള്‍ ഉദ്ബുദ്ധനാകുകയേ വേണ്ടു. അതുകൊണ്ട് ഉണരൂ. എഴുന്നേല്‍ക്കൂ. പ്രകാശിക്കൂ!!!