Thursday, September 22, 2016

അന്യോന്യം വിരുദ്ധമായ രണ്ടു ധർമ്മങ്ങളുടെ നൂലാമാലയിൽ കുരുങ്ങുക നിമിത്തം അർജ്ജുനനുണ്ടായ കർത്തവ്യമൂഢതയും ധർമ്മസങ്കടവും ഒട്ടും അപൂർവ്വ കാര്യമല്ല. അസമർത്ഥരും വയറ്റുപ്പിഴപ്പുകാരുമായവരുടെയാകട്ടെ, സന്ന്യാസമെടുത്ത് ലോകം വെടിഞ്ഞ് കാടുപൂകുന്നവരുടെയാകട്ടെ, ദുർബലത നിമിത്തം ലോകത്തിലെ അന്യായങ്ങളത്രയും മറുത്തൊരക്ഷരം പറയാതെ സഹിക്കുന്നവരുടെയാകട്ടെ, കാര്യം ഭിന്നംതന്നെ. എന്നാൽ സമൂഹത്തിൽ കഴിഞ്ഞുകൂടി ലൗകികകർത്തവ്യങ്ങൾ നീതിപൂർവ്വം ധർമ്മനിഷ്ഠമായി ചെയ്യേണ്ടിവരുന്ന മഹത്തുക്കളും പ്രവൃത്തിനിരതരുമായ ആളുകൾക്ക് ഇത്തരം ധർമ്മസങ്കടങ്ങൾ അനേകംതവണ വന്നുകൂടും. യുദ്ധാരംഭത്തിലേ അർജ്ജുനനു കർത്തവ്യജിജ്ഞാസയും അങ്കലാപ്പും ഉണ്ടായി. ഇതേ അങ്കലാപ്പുതന്നെയാണ് യുദ്ധത്തിൽ മരിച്ച ശേഷക്കാരുടെ അനുസ്മരണാവസരത്തിൽ യുധിഷ്ഠിരനുമുണ്ടായത് ഇതില്ലാതാക്കാനാണ് 'ശാന്തിപർവ്വം' പറഞ്ഞുകൊടുത്തത്. കർമ്മാകർമ്മങ്ങളുടെ സംശയത്തിന്റെ ഇത്തരം അനേകം സന്ദർഭങ്ങൾ കണ്ടുപിടിച്ചോ സങ്കല്പിച്ചോ അതിനെ ആസ്പദമാക്കി മഹാകവികൾ രസഭരിതമായ കാവ്യങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്. കർത്തവ്യാകർത്തവ്യങ്ങളുടെ സംഘർഷത്തിൽപ്പെട്ട് അങ്കലാപ്പുണ്ടാകുന്നതിന്റെ ഉദാഹരണങ്ങൾ പ്രാചീനവും ആധുനികവുമായ ചരിത്രത്തിൽ അനേകം കാണാം നമുക്കിത്രയും ദൂരെ പോകേണ്ട കാര്യമില്ല. നമ്മുടെ മഹാഭാരതം ഇത്തരം ഉദാഹരണങ്ങളുടെ വൻഖനിയാണ്. ഗ്രന്ഥാരംഭത്തിൽ ഭാരതവർണ്ണനയ്ക്കിടെ വ്യാസൻ സ്വയം അതിനു 'സൂക്ഷ്മാർത്ഥന്യായയുക്തം', 'അനേകസമയാന്വിതം' തുടങ്ങിയ വിശേഷണങ്ങൾ കൊടുത്തിട്ടുണ്ട്. അതിൽ ധർമ്മശാസ്ത്രം, അർത്ഥശാസ്ത്രം, മോക്ഷശാസ്ത്രം തുടങ്ങിയതെല്ലാം ഉണ്ട്. മാത്രമല്ല, 'യദിഹാസ്തിതദന്യത്ര, യന്നേഹാസ്തി ന തത് ക്വചിത്' - 'എന്ത് ഇതിലുണ്ടോ അത് മറ്റിടത്തും കാണും. ഇതിലില്ലാത്തത് എങ്ങുമില്ല.' എന്ന് അതിന്റെ മഹിമ ഓതിയിരിക്കുന്നു. ഈ ലോകത്തിൽ ഉണ്ടാക്കുന്ന പലതരം വിഷമതകളെ പ്രാചീനർ എങ്ങനെ നേരിട്ടു എന്നതിന്റെ ധാരാളം ആഖ്യാനങ്ങൾ നല്കി സാധാരണജനങ്ങൾക്ക് ബോധമുണ്ടാക്കയാലാണ്, 'ഭാരതം', 'മഹാഭാരത'മായതെന്നു താത്പര്യം. അല്ലെങ്കിൽ വെറും ഭാരതയുദ്ധവർണ്ണനയ്ക്കോ 'ജയ'മെന്ന ഇതിഹാസവർണ്ണനയ്ക്കോ പതിനെട്ടു പർവ്വങ്ങളെഴുതിവെക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു.
ശ്രീകൃഷ്ണന്റെയും അർജ്ജുനന്റെയും കാര്യം വിടൂ, നമുക്കെല്ലാം ഇത്രയേറെ ആഴത്തിൽ മുങ്ങിത്തപ്പേണ്ട കാര്യമെന്ത്? എന്ന ചോദ്യം ചോദിക്കാവുന്നതാണ്. മനുഷ്യൻ ലോകത്തെങ്ങനെ ജീവിക്കണമെന്നതിന് മനു തുടങ്ങിയ സ്മൃതികർത്താക്കൾ സ്പഷ്ടനിയമങ്ങൾ എഴുതി വെച്ചിട്ടുണ്ടല്ലോ. ആരെയും കൊല്ലരുത്, നീതി വിടരുത്, സത്യം വെടിയരുത്, ഗുരുക്കന്മാരെയും പ്രായമായവരെയും ആദരിക്കണം, മോഷണവും വ്യഭിചാരവുമരുത് തുടങ്ങിയ, സർവ്വമതങ്ങളിലുമുള്ള സാധാരണ ഉപദേശങ്ങളനുസരിച്ചാൽ പിന്നെ മുന്പെഴുതിയ കർത്തവ്യാകർത്തവ്യങ്ങളുടെ നൂലാമാലയിൽ പെടേണ്ട കാര്യമെന്ത്? എന്ന ചോദ്യത്തിനു മറുചോദ്യമുണ്ട്. ലോകരെല്ലാം അവ അനുസരിക്കാതിരുന്നാൽ നല്ല മനുഷ്യർക്ക് എന്താണ് പോംവഴി? സദാചാരം പാലിക്കുന്നവരായതുകൊണ്ട് ദുഷ്ടന്മാരുടെ വലയിൽ കുരുങ്ങിക്കൊള്ളണമെന്നോ? അതോ, സ്വരക്ഷയ്ക്ക് കണ്ടത്തടിക്കു മുണ്ടത്തടിയെന്ന ന്യായേന അവരോടു പ്രതികാരം ചെയ്തുകൊള്ളണമെന്നോ? ഇനിയുമുണ്ടൊരു കാര്യം. മുന്പു പറഞ്ഞ സാധാരണനിയമങ്ങൾ നിത്യവും പ്രാമാണികവുമാണെന്നംഗീകരിച്ചാൽപ്പോലും ചില സന്ദർഭങ്ങളിൽ ഇവയിലൊന്നോ അധികമോ നിയമങ്ങൾ ഒന്നിച്ച് പ്രാവർത്തികമാക്കേണ്ട അനേകം ഘട്ടങ്ങൾ പ്രവൃത്തിയെടുക്കേണ്ടവർക്ക് അഭിമുഖീകരിക്കേണ്ടതായി വരും. അപ്പോൾ 'ഇതു ചെയ്യണോ അതു ചെയ്യണോ' എന്ന ചിന്തയിൽപ്പെട്ട് മനുഷ്യനു കിറുക്കു പിടിക്കും. അർജ്ജുനനു വന്നുചേർന്ന ധർമ്മസങ്കടമിതാണ്. അർജ്ജുനനു മാത്രമല്ല, മറ്റുള്ളവർക്കും വന്നുകൂടാറുള്ള ഈ അവസ്ഥയുടെ ഗൂഢാർത്ഥവിവേചനം മഹാഭാരതത്തിൽ പലേടത്തും ഉണ്ട്. ഉദാഹരണത്തിന്, സർവ്വവർണ്ണങ്ങളിലും പെടുന്നവർക്കു പൊതുവായി നീതിധർമ്മത്തിന്റെ അഞ്ചു നിയമങ്ങൾ മനു നിർദ്ദേശിച്ചിട്ടുണ്ട്. 'അഹിംസാ സത്യമസ്തേയം ശൗചമിന്ദ്രിയനിഗ്രഹഃ' (മനു-10.63) അഹിംസ, സത്യം, മോഷ്ടിക്കായ്ക, ശരീരം, വാണി, മനസ്സ് എന്നിവയുടെ പരിശുദ്ധി, ഇന്ദ്രിയനിഗ്രഹം ഇവയിൽ അഹിംസയെപ്പറ്റി ചിന്തിക്കാം. 'അഹിംസാപരമോ ധർമ്മഃ' എന്ന തത്ത്വം വൈദികധർമ്മത്തിൽ മാത്രമല്ല, മറ്റെല്ലാ ധർമ്മങ്ങളിലും പ്രാധാന്യമുള്ളതാണ്. ബൗദ്ധ, ക്രിസ്ത്യൻ മതങ്ങളിലെ ധർമ്മാനുശാസനങ്ങൾ അഹിംസയ്ക്ക് മനുവിനെപ്പോലെ ഒന്നാംസ്ഥാനം നല്കിയിട്ടുണ്ട്. ആരാന്റെ ജീവനപഹരിക്കുന്നതു മാത്രമല്ല ഹിംസ. അന്യന്റെ മനസ്സിനോ ശരീരത്തിനോ ദുഃഖമുണ്ടാക്കുന്നതും ഹിംസയാണ്. അതായത് സചേതനരായ ജീവികളെ ഒരുതരത്തിലും ദുഃഖിപ്പിക്കാതിരിക്കുന്നതാണ് അഹിംസ. മാതൃ-പിതൃ-മനുഷ്യഹത്യകൾ ഭയാനകമായ ഹിംസതന്നെ. അതിനാൽ അഹിംസാചരണം സർവ്വ ശ്രേഷ്ഠമാണെന്ന് ലോകമൊട്ടാകെ അംഗീകരിച്ചിരിക്കുന്നു. എന്നാൽ, നമ്മെ തുണയ്ക്കാൻ ആരുമേയില്ലാതിരിക്കെ നമ്മെ കൊല്ലാനോ നമ്മുടെ ഭാര്യയെയോ മക്കളെയോ മാനഭംഗം ചെയ്യാനോ വീടിനു തീവെക്കാനോ ധനം കൊള്ളയടിക്കാനോ ആയുധധാരിയായ ഒരു ദുഷ്ടൻ ശ്രമിക്കുന്നെന്നു സങ്കല്പിക്കുക. അപ്പോൾ നാമെന്തു ചെയ്യണം? 'അഹിംസാപരമോധർമ്മ! എന്നു പറഞ്ഞുകൊണ്ട് ആ കൊടുംപാതകിയോടു ക്ഷമിക്കണോ? അതോ നല്ലവാക്കു കേട്ടു മര്യാദക്കാരനായില്ലെങ്കിൽ അവനെ ശക്തിക്കൊത്ത് ഒരു പാഠം പഠിപ്പിക്കണോ? മനു പറയുന്നു:
ഗുരും വാ ബാലവൃദ്ധൗ വാ ബ്രാഹ്മണം വാ ബഹുശ്രുതം
ആതതായിനമായാന്തം ഹന്യാദേവാവിചാരയൻ.
'ഇത്തരം കൊടുംപാതകിയെ അവശ്യം കൊന്നുകളയണം. അപ്പോഴവൻ ഗുരുവോ, വൃദ്ധനോ ബാലനോ ദ്വാനായ ബ്രാഹ്മണനോ എന്നു നോക്കരുത്.' ഇത്തരം സന്ദർഭങ്ങളിൽ കൊല്ലുന്നവനെ പാപം ഏശുകയില്ല. കൊടുംപാതകി അവന്റെ അധർമ്മത്താൽ വധിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ശാസ്ത്രമറിയുന്നവർ (മനു. 8.350) പറയുന്നു. ആത്മരക്ഷയ്ക്കുള്ള ഈ അവകാശം ആധുനിക ക്രിമിനൽ നിയമവും ചില നിബന്ധനകൾക്കു വിധേയമായി അനുവദിക്കുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ ആത്മരക്ഷയ്ക്ക് അഹിംസയേക്കാൾ പ്രാധാന്യം നല്കുന്നു....................