Thursday, September 29, 2016

നിദ്രയിലായിരുന്ന ജനക മഹാരാജാവിനെ ഭൃത്യന്‍ വിളിച്ചുണര്‍ത്തി പറഞ്ഞു:
"മഹാരാജന്‍, ഉണര്‍ന്നാലും. നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടിരിക്കുന്നു. വേഗം തയ്യാറാകണം."
രാജാവ് സൈന്യാധിപനോട് വേഗം സൈന്യത്തെ തയ്യാറാക്കാന്‍ ഭ്രിത്യനോട് നിര്‍ദ്ദേശം നലികി സ്വയം പടച്ചട്ട അണിഞ്ഞ് യുദ്ധത്തിന് പുറപ്പെട്ടു.
പ്രബലമായ ശത്രു സൈന്യം രാജധാനിയുടെ അടുത്തെത്തിയിരുന്നു. ഘോരമായ യുദ്ധത്തിനൊടുവില്‍ ജനക സൈന്യം പരാജയപ്പെട്ടു. ജനകമഹാരാജാവ് ബന്ധനസ്ഥന്‍ ആക്കപ്പെട്ടു. നീതിമാനായ ശത്രു രാജാവ് അദ്ദേഹത്തെ വധിക്കാതെ നാട് വിട്ടുപോകാന്‍ അനുവദിച്ചു. പക്ഷേ, പോകുവാന്‍ കുതിരയോ കൂടെ ഒരു സഹായിയെപോലുമോ കൊടുത്തില്ല.
നടന്നു തുടങ്ങിയ ജനകന് വെള്ളമോ ഭക്ഷണമോ നല്‍കാന്‍ അദ്ദേഹത്തിന്‍റെ പൂര്‍വ്വ പ്രജകള്‍ ആരും തയ്യാറായില്ല. പുതിയ രാജാവിന്‍റെ അപ്രീതി സമ്പാദിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.
ദാഹിച്ചും വിശന്നും വലഞ്ഞു രണ്ടാം ദിവസം വൈകുന്നെരത്തോട് കൂടി അദേഹത്തിന്റെ രാജ്യാതിര്ത്തിയില്‍ എത്തി.
അതിര്‍ത്തി കടന്ന് കുറച്ച് കൂടി നടന്നപ്പോള്‍ അതാ അവിടെ ഒരു കൂട്ടം ആള്‍ക്കാര്‍ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നു. രാജാവും ഭക്ഷണത്തിനായി വരിയില്‍ നിന്നു. അവസാനം ആയി നിന്നിരുന്ന രാജാവിന്‍റെ ഊഴം എത്തിയപ്പോള്‍ ഭക്ഷണം വെച്ചിരുന്ന പാത്രം കാലിയായി. കുറച്ച് ചാറും രണ്ടുമൂന്നു വറ്റ് ചോറും മാത്രം അടിയില്‍ ബാക്കി. അതെങ്കില്‍ അത് എന്ന് കരുതി രാജാവ് അതൊരു പാത്രത്തില്‍ വാങ്ങി കഴിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഒരു പരുന്ത് പറന്ന് വന്ന് പാത്രം തട്ടി ഉണ്ടായിരുന്ന ഭക്ഷണം താഴെ പോയി.
ഹാ! എന്ത് കഷ്ടം! എന്ന് ഉറക്കെ കരഞ്ഞ് രാജാവ് താഴെ വീണു.
രാജാവിന്‍റെ കരച്ചില്‍ കേട്ട് കാവല്‍ ഭടന്‍ അകത്ത് വന്ന് രാജാവിനെ ഉറക്കത്തില്‍ നിന്നും തട്ടി എഴുന്നേല്‍പ്പിച്ചു. ചുറ്റും നോക്കി പരിസരബോധം തിരിച്ച് കിട്ടിയ രാജാവ് ചോദിച്ചു:
"ഇതോ സത്യം, അതോ സത്യം?"
എന്താണ് കാര്യം എന്നറിയാതെ ഭൃത്യന്‍ മിണ്ടാതെ നിന്നു. ആ ദിവസം മുഴുവന്‍ രാജാവ് ഒരു മോഹനിദ്രയിലെന്നപോലെ എല്ലാവരോടും ഇതേ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്താണ് ചോദിക്കുന്നത് എന്നറിയാതെ എല്ലാവരും കുഴങ്ങി. കൊട്ടാരത്തിലും പട്ടണത്തിലും വാര്‍ത്ത പരന്നു. ജനങ്ങള്‍ അന്ന്യോന്ന്യം രാജാവിന്‍റെ അവസ്ഥയെ പറ്റിയും ചോദ്യത്തെ പറ്റിയും പറഞ്ഞുതിടങ്ങി.
അങ്ങിനെ ആ വഴിയെ പോയ അഷ്ടാവക്ര മഹാര്ഷിയും അത് കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം കൊട്ടാരത്തില്‍ ചെന്നപ്പോള്‍ രാജാവ് അദ്ദേഹത്തോടും ചോദ്യം ആവര്‍ത്തിച്ചു. മഹാജ്ഞാനി ആയ മഹര്‍ഷിക്ക് കാര്യം മനസ്സിലായി ചോദിച്ചു:
"അപ്പോള്‍ ഇതുണ്ടായിരുന്നോ?"
രാജാവ്: "ഇല്ല"
മഹര്‍ഷി: "അങ്ങിനെയെങ്കില്‍ അത് അസത്യം."
രാജാവ്: അങ്ങിനെയെങ്കില്‍ ഇതാണോസത്യം?"
മഹര്‍ഷി: "ഇപ്പോള്‍ അതുണ്ടോ?"
രാജാവ്: "ഇല്ല"
മഹര്‍ഷി: "എങ്കില്‍ ഇതും അസത്യം."
രാജാവ്: "പിന്നെ, എന്താണ് സത്യം?"
മഹര്‍ഷി: "അപ്പോള്‍ നീ ഉണ്ടായിരുന്നോ?"
രാജാവ്: "ഉവ്വ്"
മഹര്‍ഷി: "ഇപ്പോള്‍ നീ ഉണ്ടോ?"
രാജാവ്: "ഉണ്ട്"
മഹര്‍ഷി: "എങ്കില്‍ നീയാണ് സത്യം. നീ മാത്രമാണ് സത്യം".
Thottikamath narayanan