Monday, August 07, 2017

1961 ആഗസ്റ്റ് 8 – ചൊവ്വാഴ്ച രാവിലെ പത്തുമണി കഴിഞ്ഞിരിക്കുന്നു. നിത്യാനന്ദ ഗുരുദേവന്‍ ഭക്തന്മാരോടായി പറഞ്ഞു, ”ശുദ്ധഭാവനയോടുകൂടി ജീവിക്കുക. നിങ്ങളുടെ കൂടെ ഈശ്വരനുണ്ട്.” അതിനുശേഷം ഓംകാരധ്വനി മുഴക്കിക്കൊണ്ട് ആ മഹാത്മാവ് മഹാസമാധിയില്‍ പ്രവേശിച്ചു.
ബോംബെയിലെ ഗണേശ്പുരി മുതല്‍ കേരളത്തിന്റെ വടക്കേയറ്റമായ കാഞ്ഞങ്ങാടുവരെ നിത്യാനന്ദ ഗുരുദേവന്റെ ലീലാരംഗങ്ങളായിരുന്നു. എങ്കിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലെ നടവണ്ണൂരാണ് നിത്യാനന്ദസ്വാമികളുടെ ജന്മസ്ഥലമെന്ന് അറിയാവുന്ന മലയാളികള്‍ കുറവായിരിക്കും.
ഈശ്വരഭക്തനായ ഈശ്വരയ്യര്‍ എന്നൊരാള്‍ കൊയിലാണ്ടിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്യസ്ഥനായിരുന്നു ചാത്തുനായര്‍. ചാത്തുനായരുടെ ഭാര്യ ഉമ്മമ്മ അടുത്തുള്ള അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനത്തിനുപോയ ഒരു ദിവസം ആരോരുമില്ലാത്ത ഒരു ശിശുവിനെ കാണാന്‍ ഇടയായി. ഈശ്വരയ്യരുടെ നിര്‍ദ്ദേശപ്രകാരം ആ കുട്ടിയെ എടുത്ത് ഉമ്മമ്മ തങ്ങളുടെ കുടിലിലേയ്ക്ക് കൊണ്ടുപോയി. ശിശുവിന് രാമന്‍ എന്ന് നാമകരണം ചെയ്തു.
ചാത്തുനായര്‍ രാമനെ ഉമ്മമ്മയുടെ പൂര്‍ണ ചുമതലയിലേല്‍പ്പിച്ച് ഇഹലോകവാസം വെടിഞ്ഞു. രാമന് ആറുവയസ്സായപ്പോള്‍ ഉമ്മമ്മയും മരിച്ചു. തുടര്‍ന്ന് രാമന്റെ ചുമതല പൂര്‍ണ്ണമായും ഈശ്വരയ്യരുടെ മേല്‍നോട്ടത്തിലായി. അദ്ദേഹം ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിക്കുന്ന സന്ദര്‍ഭങ്ങളില്‍ രാമനും ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കും. സര്‍വരെയും സഹായിക്കുന്നതിന് രാമന്‍ സന്നദ്ധനായിരുന്നു.
കാശിക്കുപോകണമെന്നതായിരുന്നു ഈശ്വരയ്യരുടെ ജന്മാഭിലാഷം. അതുപൂര്‍ത്തീകരിക്കാനുള്ള സമയം വന്നപ്പോള്‍ അദ്ദേഹം രാമനെയും കൂട്ടി. കാശിയിലെത്തിയ രാമന്‍ ഒരു ദിവസം ഈശ്വരയ്യരോട് പറഞ്ഞു, ”നാട്ടിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ല. ഹിമാലയത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നു.” മനസ്സില്ലാമനസ്സോടെ ഈശ്വരയ്യര്‍ അനുവാദം നല്‍കി.
വര്‍ഷങ്ങള്‍ക്കുശേഷമാണ് രാമന്‍ ഈശ്വരയ്യരുടെ മുന്നിലെത്തുന്നത്. ഈശ്വരയ്യര്‍ മരണാസന്നനായി കിടക്കുകയായിരുന്നു അപ്പോള്‍. രാമനെ കണ്ട ഉടനെ തനിക്ക് സച്ചിദാനന്ദാനുഭൂതിയുണ്ടായതായി ഈശ്വരയ്യര്‍ക്ക് അനുഭവപ്പെട്ടു. അദ്ദേഹം രാമനെ ആനന്ദാതിരേകത്തോടെ ”നിത്യാനന്ദന്‍” എന്നുവിളിച്ചു. അന്നുമുതല്‍ രാമന്‍ നിത്യാനന്ദനായി അറിയപ്പെടാന്‍ തുടങ്ങി.
നിത്യാനന്ദഗുരു കൗപീനമാത്രധാരിയായി, പരിവ്രാജകനായി നടന്നിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി ധാരാളം പേര്‍ അദ്ദേഹത്തിന്റെ ഭക്തരും ആരാധകരുമായിത്തീര്‍ന്നു. ആദ്യകാലത്ത് അദ്ദേഹത്തിന്റെ വിരോധിയായിരുന്ന റെയില്‍വേ ഇന്‍സ്‌പെക്ടര്‍ നാരായണന്‍ നായര്‍ സ്വാമി ഭക്തനായിത്തീര്‍ന്നു. അദ്ദേഹമാണ് കൊയിലാണ്ടിക്കടുത്ത് നിത്യാനന്ദാശ്രമം നിര്‍മ്മിച്ചത്.
കാഞ്ഞങ്ങാട് പുതിയ കോട്ടയുടെ ഒരു ഭാഗത്ത് ചെങ്കല്‍പ്പാറകള്‍ തുരന്ന് ഗുഹകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം തയ്യാറായി. ഉദയാസ്തമന ഗുഹകള്‍ എന്ന് ഗുരു വിശേഷിപ്പിച്ച 45 ഗുഹകളുടെ നിര്‍മ്മാണം 1931 ലാണ് പൂര്‍ത്തിയായത്. ഇവിടം നിത്യാനന്ദാശ്രമം എന്നാണ് ഇന്ന് അറിയപ്പെടുന്നത്. ഗുഹകള്‍ക്ക് മുകളില്‍ നിത്യാനന്ദ സ്വാമികളുടെ ഒരു ക്ഷേത്രമുണ്ട്. ഇവിടെ നിന്നും കുറച്ചുകിഴക്കുമാറി ഗുരുവനം എന്ന സ്ഥലത്തും നിത്യാനന്ദ ഗുരുദേവന്റെ പേരില്‍ ആശ്രമമുണ്ട്. ഇന്ന് അവിടവും നിത്യാനന്ദ ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രമായിത്തീര്‍ന്നിട്ടുണ്ട്.
മഹാരാഷ്ട്രയിലെ വജ്രേശ്വരിക്കടുത്തുള്ള വനപ്രദേശമായ ഗണേശ്പുരിയില്‍ നിത്യാനന്ദ ഗുരുദേവന്‍ 1938 ല്‍ ഒരാശ്രമം നിര്‍മ്മിച്ചു. വൈകുണ്ഠം എന്ന പേരിലാണ് ആ ആശ്രമം അറിയപ്പെട്ടിരുന്നത്. ആശ്രമം വളര്‍ന്നുവന്ന് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ആദ്ധ്യാത്മിക കേന്ദ്രമായിത്തീര്‍ന്നു.
നിത്യാനന്ദ ഗുരുദേവന്റെ ”ശുദ്ധഭാവനയോടുകൂടി ജീവിക്കുക” എന്ന അന്തിമ സന്ദേശം പ്രാവര്‍ത്തികമാക്കുന്ന അനേകായിരം ജിജ്ഞാസുക്കള്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്. നിത്യാനന്ദ ഗുരുദേവന്റെ അമ്പത്തിയാറാം സമാധി ദിനമാണ് ഇന്ന്.


ജന്മഭൂമി: http://www.janmabhumidaily.com/news684553#ixzz4p87Ji1xP

No comments: