Wednesday, August 02, 2017

”ശ്രുതി സ്മൃതി പുരാണാനാമാലയം കരുണാലയം
നമാമി ഭഗവദ്പാദ ശങ്കരം ലോകശങ്കരം”
രാമായണം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ രാമന്റെ അയനം അഥവാ രാമന്റെ മാര്‍ഗ്ഗം എന്നാണല്ലോ? ഇവിടെ മര്യാദാ പുരുഷോത്തമനായ രാമന്‍ ധര്‍മ്മത്തിന്റെ പ്രതീകമാണ്. അതുകൊണ്ടുതന്നെ രാമന്റെ മാര്‍ഗ്ഗം എന്നത് ധര്‍മ്മത്തിന്റെ മാര്‍ഗ്ഗമാണ്. ധര്‍മ്മിഷ്ഠന്റെ മാര്‍ഗ്ഗമാണ്. പരമപ്രധാനമായ വേദത്തിലാണ് ധര്‍മ്മത്തിന്റെ വ്യക്തമായ നിര്‍വചനം കാണാന്‍ കഴിയുക.
സാമൂഹിക ജീവിതത്തിന്റെയും ആത്മീയ ജീവിതത്തിന്റെയും നില-നില്‍പ്പിന് ധര്‍മ്മം അത്യന്താപേക്ഷിതമാണുതാനും. ധാര്‍മ്മികമായ ജീവിതക്രമം അനുഷ്ഠിക്കുന്ന ഒരുവന് മാത്രമേ ഈ ജീവിത മഹായാത്രയില്‍ സുസ്ഥിരമായ വിജയം കൈവരികയുള്ളൂ എന്നാണ് കൗരവമാതാവായ ഗാന്ധാരീദേവി കൗരവരിലെ ജ്യേഷ്ഠപുത്രനായ ദുര്യോധനന് കൊടുക്കുന്ന ഉപദേശം. യതോ ധര്‍മ്മസ്തതോ ജയഃ എന്ന ഈ ഉപദേശത്തിലേക്ക് ധര്‍മ്മവും വിജയവും തമ്മിലുള്ള പരസ്പര സമ്മതം അനാദികാലം മുതല്‍ക്കുതന്നെ ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുള്ളതാണ് എന്ന് വ്യക്തമാകും.
വിജയത്തെ കാലാടിസ്ഥാനത്തില്‍ അല്‍പകാലസ്ഥിതമെന്നും ദീര്‍ഘകാലസ്ഥിതമെന്നും രണ്ടായി തരംതിരിക്കാം. അങ്ങനെ തിരിക്കുമ്പോള്‍ ധര്‍മ്മപുരുഷനായ രാമന്റെ ജയം ത്രേതായുഗവും ദ്വാപരയുഗവും പിന്നിട്ട് ഇന്നീ കലിയുഗത്തില്‍ അയ്യായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കുശേഷവും നാമോരോരുത്തരും ഓര്‍ക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
ശാസ്ത്രപരിശോധനയിലും മഹാപുരുഷന്മാരുടെ വചനങ്ങള്‍ ശ്രവിക്കുമ്പോഴും നമുക്കൊരു നിഗമനത്തിലെത്തിച്ചേരാന്‍ കഴിയും. എന്തെന്നാല്‍ ലോകത്തില്‍ രാമായണത്തിന് തുല്യമായ മംഗളപ്രദമായ, ഉപയോഗപ്രദമായ അപൂര്‍വം ഗ്രന്ഥങ്ങളേയുള്ളൂവെന്ന്. ഉപനിഷത് ചക്ഷുസ്സുകളിലൂടെ മാത്രമേ പരമാത്മ തത്വത്തെ അറിയാന്‍ കഴിയൂ എന്ന് ശങ്കരഭഗവദ്പാദരടക്കം പല മഹാപുരുഷന്മാരും തര്‍ക്കംവിനാ സ്ഥാപിച്ചിട്ടുണ്ട്.
എങ്കില്‍ കൂടിയും ഈ അവസ്ഥയെ പ്രാപിക്കുക, അറിയുക എന്നത് സാധാരണ ബുദ്ധിയുള്ള ഒരാള്‍ക്ക് അത്യന്തം ക്ലേശകരമാണ്. എന്നാല്‍ അദ്ധ്യാത്മരാമായണത്തില്‍ ഹനുമാനായിക്കൊണ്ട് ബാലകാണ്ഡത്തില്‍ ദേവി അരുളിച്ചെയ്യുന്ന ഉപദേശവും കിഷ്‌കിന്ധാ കാണ്ഡത്തില്‍ ബാലിപത്‌നിയായ താരക്കായ്‌ക്കൊണ്ട് ഭഗവാന്‍ ശ്രീരാമചന്ദ്രനരുളിച്ചെയ്യുന്ന ഉപദേശവും അത്യന്തം ഗഹനവും സുവ്യക്തവുമാണ്.
യുദ്ധത്തിന്റെ ഇടവേളകളില്‍ രാമരാവണന്മാര്‍ വൈരം വെടിഞ്ഞ് സന്ധ്യാവന്ദനാദികള്‍ അനുഷ്ഠിക്കുന്നതും സേതുബന്ധനത്തിലെ രാമേശ്വര പ്രതിഷ്ഠയും നവരാത്രി ഉപാസനയും മറ്റും ഒരുവന്റെ ജീവിതത്തിലെ ഉപാസനാ പ്രാധാന്യം എടുത്തുകാട്ടുന്നു.
ഇപ്രകാരം രാമായണത്തില്‍ ഉപദേശിക്കപ്പെട്ടിട്ടുള്ള ജ്ഞാനയോഗം, ധ്യാനയോഗം, കര്‍മ്മയോഗം, ഭക്തിയോഗം മുതലായ ഏതെങ്കിലുമൊരു സാധനാമാര്‍ഗ്ഗം അവരവരുടെ ശ്രദ്ധയ്ക്കും അഭിരുചിക്കും അല്ലെങ്കില്‍ യോഗ്യതകള്‍ക്കുമനുസരിച്ച് ചെയ്യുകയാണെങ്കില്‍ മനുഷ്യന് എളുപ്പത്തില്‍ മംഗളം ഭവിക്കുന്നതാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news681667#ixzz4of7FJmhR

No comments: