Wednesday, August 02, 2017

പ്രപഞ്ചമായിത്തീര്‍ന്ന ബ്രഹ്മചൈതന്യം

പ്രിന്റ്‌ എഡിഷന്‍  ·  August 3, 2017
ആധുനിക ശാസ്ത്രം എത്ര വളര്‍ന്നാലും ഉയര്‍ന്നാലും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളവശേഷിക്കുന്നു. സ്റ്റീഫന്‍ ഹോക്കിന്‍സിന്റെ വരികളെടുത്തു പരിശോധിക്കാം! ”…. നാം പറയുന്ന ‘സാങ്കല്‍പിക സമയം’ എന്നത് ‘യഥാര്‍ത്ഥ സമയ’മാണ്, നാം പറയുന്ന യഥാര്‍ത്ഥ സമയമെന്നത് നമ്മുടെ ചിന്താമണ്ഡലത്തിലെ ഒരു ചെറുഭാഗം മാത്രം.
യഥാര്‍ത്ഥ സമയത്തില്‍ ഈ പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ട് അവസാനവുമുണ്ട്. അതിനെ ഏകത്വഭാവത്തില്‍ വീക്ഷിക്കുകയാണെങ്കില്‍ അതാണ് സ്‌പേയ്‌സിനേയും സമയത്തേയും വേര്‍തിരിക്കുന്ന അതിരുകള്‍. ഇതില്‍ ശാസ്ത്രത്തിന്റെ നിയമങ്ങള്‍ തകരുന്നു. സാങ്കല്‍പിക സമയത്തില്‍ ഏകത്വമില്ല അതുകൊണ്ടുതന്നെ അതിനതിരുകളുമില്ല….!
ഇതെല്ലാം നാം ചിന്തിക്കുന്ന ഈ പ്രപഞ്ചത്തെ വിവരിക്കാന്‍ നമ്മെ സഹായിക്കാനായി നാം കണ്ടുപിടിച്ചതാണ്…! അദ്ദേഹത്തിന്റെ ഗ്രന്ഥമായ Brief history of time ല്‍ ഡോ. ഹോക്കിന്‍സ് ഇങ്ങനെ പറയുന്നു. ”…. ഈ പ്രപഞ്ചത്തിന് ഒരാരംഭമുണ്ടെങ്കില്‍ ആ ആരംഭത്തിന് കാരണമായ ഒരു സൃഷ്ടാവുമുണ്ട്. എന്നാല്‍ ഈ പ്രപഞ്ചം സ്വയം സമ്പൂര്‍ണമാണെങ്കില്‍, അതിന് അതിരുകളും അറ്റങ്ങളുമില്ലെങ്കില്‍, അതിന് ആരംഭവും അവസാനവുമില്ലെങ്കില്‍ അതതാണ്.
അവിടെ സൃഷ്ടാവിനെന്തു സ്ഥാനം….”? ബ്രഹ്മചൈതന്യത്തിന്റെ പ്രപഞ്ചരൂപത്തിലുള്ള മാനിഫെസ്റ്റേഷനാണ് പ്രപഞ്ചമെങ്കില്‍, ബ്രഹ്മചൈതന്യം പ്രപഞ്ചമായിത്തീര്‍ന്നു എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ഉറപ്പിച്ചു പറയാം. ദൈവം മാറിനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചതല്ല. ബ്രഹ്മചൈതന്യം ബ്രഹ്മവൈവര്‍ത്തത്തിലൂടെ ബ്രഹ്മാണ്ഡത്തിലെ പരമാണു മുതല്‍ അതിമഹത്തായ പ്രപഞ്ചം വരെയുള്ളതെല്ലാം ആയിത്തീര്‍ന്നു.
എല്ലാ ദ്രവ്യങ്ങള്‍ക്കും ഒരു സൈക്കിളുണ്ട്.~ഒരു ചാക്രിക നിലനില്‍പ്, നൈട്രജന്‍ സൈക്കിള്‍, ഓക്‌സിജന്‍ സൈക്കിള്‍, വാട്ടര്‍ സൈക്കിള്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സൈക്കിള്‍…..കര്‍മ്മ സൈക്കിള്‍, എനര്‍ജി സൈക്കിള്‍….! ഈ സൈക്കിളിലൂടെ നമ്മുടെ ശരീരം നിര്‍മ്മിച്ച അനവധി പരമാണുക്കള്‍ കടന്നുപോകുന്നു.
ഓരോ ജീവിയും മരിച്ച്, അതിന്റെ ശരീരത്തിലെ ഘടകങ്ങള്‍ വിഘടിച്ച്, ആ ഘടകങ്ങള്‍ തന്മാത്രകളായി മറ്റൊരു ജീവിയില്‍/സസ്യത്തിലെത്തി അവിടെ നിന്ന് അടുത്ത ജീവിയിലേക്ക്/സസ്യത്തിലേക്ക് പോകുന്ന ഈ സൈക്കിള്‍ യഥാര്‍ത്ഥമാണെങ്കില്‍…. ഉദയമുണ്ടെങ്കില്‍ അസ്തമയമുണ്ട്. അസ്തമയമുണ്ടെങ്കില്‍ വീണ്ടുമുദയമുണ്ട്. അതുകൊണ്ട് തന്നെ ജനനമുണ്ടെങ്കില്‍ മരണമുണ്ട്. മരണമുണ്ടെങ്കില്‍ ജനനവുമുണ്ട്.
അതുള്‍പ്പെടെ ഈ പ്രപഞ്ചത്തിലെ പലതിനേയും നിയന്ത്രിക്കുന്ന ചൈതന്യമേത്? ശക്തിയേത്? അവയുടെ നിയമങ്ങളേത്? അതനുശാസിപ്പിക്കുന്നതാര്? ഒരു താളവും പിഴയ്ക്കാതെ ഇരയേയും ഇണയേയും നല്‍കി സര്‍വ്വചരാചരങ്ങളേയും സൃഷ്ടിസ്ഥിതി സംഹാരചക്രത്തിലൂടെ കടത്തിവിടുന്നത് അവയില്‍ അകത്തുള്ള ചൈതന്യമോ പുറത്തുള്ള ചൈതന്യമോ അഥവാ അകത്തും പുറത്തുമുള്ള ചൈതന്യമോ?
എല്ലാത്തിലും എവിടേയും എപ്പോഴുമുള്ള ചൈതന്യമാണെങ്കില്‍, അതകത്തും പുറത്തുമുള്ള ചൈതന്യമാണെങ്കില്‍ അതിനെ മറ്റാര് എന്തു പേരിട്ടു വിളിച്ചാലും ഭാരതീയര്‍ കൊടുത്ത പേരാണ് ബ്രഹ്മചൈതന്യം.
ഇനിയും ചിന്തിക്കുക! ഒരു ചെടിയുടെ വിത്തിനകത്തുള്ള അറിവെത്രയെന്ന് പരിശോധിക്കുക. ഈ ചെടിയുടെ ഇല, പൂവ്, കായ, വിത്ത് തണ്ട്, ശിഖരം ഇവയുടെയെല്ലാം നിറം, മണം, രുചി, ആകൃതി, പ്രകൃതി അവയിലെ ആന്തരിക ഘടന, അനുനിമിഷം നടക്കുന്ന ഫോട്ടോസിന്തസിസ്, അതിലോരോന്നിന്റേയും പരിണാമം, സെല്ലുകളിലെ പ്രവര്‍ത്തനം, കാലാവസ്ഥയിലെ മാറ്റങ്ങള്‍ അതെങ്ങനെ അഭിമുഖീകരിക്കുന്നത്, പ്രകാശത്തിനും ജലത്തിനുംവേണ്ടി അവ ചരിഞ്ഞും വളഞ്ഞുമെല്ലാം വളരുന്നത്, മത്തങ്ങയും കുമ്പളങ്ങയും പോലുള്ള വള്ളികളില്‍ സ്പ്രിങ്ങുകള്‍പോലെയുള്ള ടെന്‍ഡ്രിലുകള്‍, തലയിലെ മുകുള വളര്‍ച്ച മുരടിച്ചാല്‍ അനവധി മുകുളങ്ങള്‍ മറ്റു ഭാഗങ്ങളില്‍നിന്നു വളരുന്നത്….
ഓരോ ചെടിയും പരിശോധിക്കുക അതിനകത്തുള്ള സ്വതഃസിദ്ധമായ ജ്ഞാനം ചിന്തിക്കാന്‍ ശ്രമിക്കുക. ഓരോ ചിത്രശലഭത്തേയും പരിശോധിക്കുക അതിന്റെ ചിറകിന്റെ നിറം, വായ്, നാക്ക്, ദഹനേന്ദ്രിയങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ ഇവയെല്ലാം ഉണ്ടായത് കടുകിനേക്കാള്‍ ചെറിയ അതിന്റെ മുട്ടയില്‍നിന്നാണ്. ആ മുട്ട എവിടെ നിക്ഷേപിക്കണമെന്നും, നിക്ഷേപിക്കുന്ന ചെടിയുടെ ഇലയാണ് മുട്ടവിരിഞ്ഞു പുറത്തുവരുന്ന പുഴുവിന് ഭക്ഷണമെന്നും ചിത്രശലഭത്തിന്നറിയാം.
ആ പുഴുവിനറിയാം സ്വയം നൂലുചുറ്റി പ്യൂപ്പയാകണമെന്ന്, ആ പ്യൂപ്പക്കകത്തറിവുണ്ട് എങ്ങനെ ചിത്രശലഭമായി മാറണമെന്ന്, ആ ചിത്രശലഭത്തിനറിയാം പ്യൂപ്പ പൊട്ടിച്ച് പുറത്തുവരേണ്ടതെങ്ങനെയാണെന്ന്. ആ സൈക്കിളങ്ങനെ പോകുന്നു.
പക്ഷികള്‍ക്കറിയാമല്ലോ മുട്ടയില്‍നിന്ന് പുറത്തുവരേണ്ടതെങ്ങനെയെന്നും, മുട്ടക്ക് വിരിയാന്‍ ചൂടുവേണമെന്നും, അടയിരിക്കണമെന്നും മക്കള്‍ക്ക് ആദ്യമാദ്യം ഭക്ഷണം വായില്‍ കൊടുക്കണമെന്നും പിന്നെ പിന്നെക്കൊത്തി മാറ്റണമെന്നും.
ഓരോ മുട്ടയ്ക്കകത്തും കുഞ്ഞു പുറത്തുവരുമ്പോള്‍ ആദ്യം ശ്വസിക്കാനുള്ള ഇത്തിരി വായുവെച്ചത് അമ്മക്കിളിയല്ല. അമ്മക്കിളിയിലൂടെ പ്രകൃതി വച്ചുകൊടുത്തതാണ്. ഇണചേരേണ്ടതെങ്ങനെയെന്നുമവര്‍ക്കറിയാം. താറാവിനറിയാം വെള്ളത്തില്‍ നീന്താമെന്ന്, കോഴിക്കറിയാം വെള്ളത്തില്‍ നീന്തരുതെന്ന്! ഇനിയുമിനിയും ചിന്തിക്കുക.
ഓരോ മൃഗത്തിനേയും അനിമല്‍ പ്ലാനറ്റ്/ഡിസ്‌കവറി ചാനല്‍/ നാഷണല്‍ ജ്യോഗ്രഫി ചാനലില്‍ കണ്ട് അതിന്റെ ജീവിതം മനസ്സിലാക്കിയാല്‍ നമുക്കൊന്നു മനസ്സിലാകും അവയൊന്നും സ്‌കൂളില്‍ പോയി പഠിച്ചതല്ല. അതിനകത്തു തന്നെയുള്ള അറിവുപയോഗിച്ച് സൃഷ്ടിക്കുന്നു, നിലനില്‍ക്കുന്നു, മരിക്കുന്നു. ഈ അറിവാണ് ബ്രഹ്മം എന്ന്.
(അവസാനിച്ചു)


ജന്മഭൂമി: http://www.janmabhumidaily.com/news681693#ixzz4of7Z5yon

No comments: