Tuesday, August 01, 2017

വൈവിധ്യം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായ സാധുശീലന്‍ പരമേശ്വരന്‍പിള്ള ഹിന്ദു സാമൂഹികസേവകര്‍ക്കെല്ലാം സുപരിചിതനാണ്. ആര്യ (ഹിന്ദു) ധര്‍മ്മ സേവാസംഘത്തിന്റെ ദക്ഷിണ ഭാരത പ്രചാരകന്‍, കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരകത്തിന്റെ പ്രാരംഭകാല പ്രവര്‍ത്തകന്‍, കേസരി വാരികയുടെ ആദ്യകാല പത്രാധിപര്‍, മലബാറിലെ ഹിന്ദുസമാജ സെക്രട്ടറി, സര്‍വ്വോപരി പിന്നോക്ക സമുദായങ്ങളുടെ സാംസ്‌കാരിക, സാമൂഹിക ഉന്നമനത്തിനായി വിവിധ രംഗങ്ങളില്‍ ആയുസ്സും വപുസ്സും അര്‍പ്പിച്ച ത്യാഗസമ്പന്നന്‍ തുടങ്ങിയ നിലകളിലൊക്കെയാണ് സാധുശീലന്‍ ഹൈന്ദവ സമാജത്തിന്റെ മുന്‍പില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അറിഞ്ഞതിലും കൂടുതല്‍ അറിയപ്പെടാത്ത നിസ്വാര്‍ത്ഥ, നിശ്ശബ്ദ സേവനങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. നാലുതവണ അദ്ദേഹം ഭാരത പര്യടനം പൂര്‍ത്തിയാക്കി. അതിലൊരു തവണത്തെ പര്യടനം അവിഭക്തഭാരതത്തിലെ ലാഹോര്‍ വരെ നീണ്ടു നിന്നു. തീര്‍ത്ഥയാത്രകളിലൂടെ ആര്‍ജ്ജിച്ച അനുഭവജ്ഞാനം അദ്ദേഹത്തിന്റെ രചനകളേയും പ്രഭാഷണങ്ങളേയും മാത്രമല്ല പ്രസിദ്ധങ്ങളായ പ്രസിദ്ധീകരണങ്ങളേയും മഹത്വമുള്ളതാക്കി തീര്‍ത്തു.
സ്വഭാവത്തില്‍ നൈസര്‍ഗ്ഗികമായി കാണപ്പെട്ടിരുന്ന സാത്വിക ഗുണത്താലാണ് ബാലനായിരുന്ന പരമേശ്വരന്‍പിള്ളയെ ”സാധുശീലന്‍ പരമേശ്വരന്‍പിള്ള” യെന്ന് ആദ്യമായി സ്വയംപ്രകാശ യോഗിനിയമ്മ വിളിച്ചത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്-ചിറയിന്‍കീഴ് താലൂക്കുകളുടെ അതിര്‍ത്തിഗ്രാമമായ മുദാക്കല്‍ വാവുകോണത്ത് വീട്ടില്‍ 1920 ആഗസ്റ്റ് 14 (1095 കര്‍ക്കിടകം 3)ന് ആയില്യം നക്ഷത്രത്തില്‍ വാവുകോണത്ത് കൃഷ്ണപിള്ളയുടെയും പീലിപ്പുര വീട്ടില്‍ ലക്ഷ്മിയമ്മയുടെയും മൂത്ത പുത്രനായാണ് പരമേശ്വരന്‍ ഭൂജാതനായത്. സ്വാമികളുടെ 97-ാമത് ജന്മദിനമാണ് 2017 ജൂലൈ 24ന്.
സാധുശീലന്‍ പരമേശ്വരന്‍ പിള്ള, പരമേശ്വരാനന്ദ സരസ്വതി സ്വാമികളായപ്പോള്‍ ആ ജീവിതം ഒരു അനുഭവസാഗരമായിത്തീര്‍ന്നു. കാലം കൊണ്ടുവരുന്ന മാറ്റങ്ങളില്‍ കുലുങ്ങാത്ത മഹാത്മാവാണ് അദ്ദേഹം. ”ഗുരുവിന്റെയും ആചാര്യനായി ശിഷ്യന്മാര്‍ മാറിക്കൊണ്ടിരിക്കുന്ന” ഇക്കാലത്തും പരമേശ്വരാനന്ദസ്വാമികളെ ഗുരുതുല്യനായി കാണുന്ന ആയിരക്കണക്കിന് ആളുകള്‍ കേരളത്തിലെമ്പാടുമുണ്ട്. എന്നിരുന്നാലും ജീവിതത്തില്‍ യാതൊന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ഒരു സന്ന്യാസിശ്രേഷ്ഠനായിരുന്നു സ്വാമികള്‍. പതിനെട്ടുവര്‍ഷക്കാലം കന്യാകുമാരി ശ്രീകൃഷ്ണ മന്ദിരത്തില്‍ കഴിഞ്ഞതിനുശേഷമാണ്, 1998ല്‍ ശ്രീകൃഷ്ണാശ്രമത്തിലേക്ക് സ്വാമികള്‍ വരുന്നത്. ആളുതെറ്റി ഹൃദയം സൂക്ഷിക്കാനേല്‍പ്പിച്ചാല്‍ ഫലം ചിലരെല്ലാം ഹൃദയം തകര്‍ന്നവരായിത്തീരുമെന്നതിന്റെ പ്രത്യക്ഷദൃഷ്ടാന്തമായി ശ്രീകൃഷ്ണാശ്രമം ഇന്ന് നിലകൊള്ളുന്നു.
സ്വാമികള്‍ ശ്രീകൃഷ്ണാശ്രമത്തിലുള്ളപ്പോള്‍ത്തന്നെ അവിടെയൊരു ഗോശാല ആരംഭിക്കുവാന്‍ പോകുന്നുവെന്ന പ്രചാരണമുണ്ടായി. ഗോശാല പൂര്‍ണ്ണമാകുന്നതോടെ ഒരു ഗോമഹായാഗവും. അങ്ങനെ ആശ്രമം മാത്രമല്ല, സമാജം മുഴുവനും സമ്പദ്‌സമൃദ്ധമാകുമെന്നായിരുന്നു പ്രചാരണം. അപ്പോഴും സ്വതസ്സിദ്ധമായ നര്‍മ്മത്തോടെ സ്വാമികള്‍ പറയും, ”പശുക്കള്‍ക്ക് വേണ്ടത് യാഗവും യജ്ഞവുമല്ല, പുല്ലും പിണ്ണാക്കുമാണ്.”
നാട്ടില്‍ ഭയങ്കരക്ഷാമം നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ ഗോമാതാക്കളെ രക്ഷിക്കാന്‍ നടക്കുന്ന ഗോരക്ഷാസഭയുടെ ഒരു പ്രചാരകനോട് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞത്, ഈ സന്ദര്‍ഭത്തില്‍ വളരെയേറെ പ്രസക്തമാണ്. ”നേര്, മാട് നമ്മുടെ മാതാവാണെന്ന് ഞാന്‍ നന്നായി മനസ്സിലാക്കുന്നു. അതല്ലാതെ ഇത്ര കേമന്മാരായ മക്കളെ മറ്റാരു പ്രസവിക്കും”(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം ഭാഗം 6, പുറം 456).
”സന്ന്യാസിയുടെ ഏഷണി. എലിപ്പാഷാണം വെച്ചതായിരുന്നു അതെന്ന് നാള്‍ചെന്നപ്പോള്‍ മനസ്സിലായി.” എന്ന് മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ (കവിയുടെ കാല്‍പാടുകള്‍, 29) എഴുതിയത് ശ്രീകൃഷ്ണാശ്രമത്തിന്റെ ചരിത്രത്തിലും ആവര്‍ത്തിക്കപ്പെട്ടു. സന്ന്യസിമാരുടെ പതനത്തിന് പ്രധാന കാരണം ‘വിഷയം’ തന്നെയെന്ന് പരമേശ്വരാനന്ദസ്വാമികള്‍ പിന്നീട് കണ്ടെത്തി. ‘ഒരു ഏഷണി വാക്ക് വെയ്ക്കുന്ന എലിപ്പാഷാണം എത്ര കുടുംബങ്ങളെ കുഴിയിലിറക്കുന്നില്ല’ എന്ന കവിവാക്യം വീണ്ടും ശ്രീകൃഷ്ണാശ്രമത്തിന്റെ ചരിത്രത്തില്‍ അങ്ങനെ പ്രസക്തമായി.
ശ്രീകൃഷ്ണാശ്രമം വിട്ട സ്വാമികള്‍ വീണ്ടും വിവേകാനന്ദകേന്ദ്രത്തില്‍ എത്തി. കന്യാകുമാരിയിലെ കേന്ദ്രത്തിനുവേണ്ടിയുള്ള തന്റെ ത്യാഗ സേവനങ്ങള്‍ തീര്‍ത്തും വ്യര്‍ത്ഥമായില്ലെന്ന് അറിയാനുള്ള നിയോഗമായിരിക്കാം വീണ്ടും സ്വാമികളെ അവിടെയെത്തിച്ചത്.
2009 ഒക്‌ടോബര്‍ 15ന് പ്രദോഷസമയത്തായിരുന്നു സ്വാമികളുടെ സമാധി. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികളുടെ നേതൃത്വത്തില്‍ നിരവധി സന്ന്യാസിമാരുടെയും സനാതന ധര്‍മ്മ സ്‌നേഹികളുടെയും സാന്നിദ്ധ്യത്തില്‍ പിറ്റേദിവസം സ്വാമികളുടെ ശരീരത്തിന് ചിത കൊളുത്തി. “’ഭസ്മാന്തം ശരീരം’ എന്ന വേദാന്ത തത്വപ്രകാരം തന്റെയും ശരീരം ചിതയില്‍ സമര്‍പ്പിക്കണമെന്നായിരുന്നു പരമേശ്വരാനന്ദസ്വാമികളുടെ നിര്‍ദ്ദേശം.
സന്ന്യാസിമാരുടെ പൂര്‍വ്വാശ്രമം തിരയുന്നത് അനുചിതമാണെന്നാണ് പറയാറ്. എന്നാല്‍ പിന്നിട്ട സ്വജീവിത വഴികള്‍ ഒരു ജനതയുടെ ചരിത്രത്തിന്റെ ഭാഗമാക്കി തീര്‍ത്ത വ്യക്തിയാണ് ആ സന്ന്യാസിയെങ്കിലോ? ആ മഹാത്മാവിന്റെ പൂര്‍വാശ്രമം ആരും അന്വേഷിച്ചു കണ്ടെത്താതെ തന്നെ ചരിത്രത്തിലെ രജതരേഖയായി തെളിഞ്ഞുനില്‍ക്കും. സന്ന്യാസം വരിക്കുംവരെ ചരിത്രത്തോടൊപ്പം നടന്ന വ്യക്തിയായിരുന്നു സാധുശീലന്‍ പരമേശ്വരന്‍പിള്ള. എങ്കില്‍ സന്ന്യാസത്തിനുശേഷം നമ്മുടെ നാടിന്റെ ആദ്ധ്യാത്മിക ചരിത്രത്തിന്റെ ഭാഗമാണ് ശ്രീമദ് പരമേശ്വരാനന്ദസരസ്വതി സ്വാമികള്‍.
(സ്വാമി സിദ്ധിനാഥാനന്ദ സ്മൃതി സമിതി പ്രസിദ്ധികരിച്ച ”ഒരു കര്‍മ്മയോഗിയുടെ സന്ന്യാസപര്‍വ്വം” എന്ന ഗ്രന്ഥത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news680904#ixzz4oZ5IP1Ow

No comments: