കലിയുഗധര്മ്മമായ നാമസങ്കീര്ത്തനമെന്തെന്ന് ശുഭാനന്ദ ഗുരുദേവ തിരുവടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഇതേപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമ്മുടെ എല്ലാവരുടേയും, ചരങ്ങളുടെയും എന്നു മാത്രമല്ല ഈ പ്രപഞ്ചലോകത്തിന്റെ സൃഷ്ടികര്‍ത്താവ് ഏതൊരുദ്ദേശത്തിലാണോ നമ്മേ എല്ലാവരേയും സൃഷ്ടിച്ചിട്ടുള്ളത് എന്നു നാം സദാ ഓര്‍ക്കേണ്ടതാണ്. ആ വാസ്തവത്തെ അറിഞ്ഞ് അതിനെ സദാ പുലര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.
അല്ലാത്ത പക്ഷം നാം മനുഷ്യജന്മം എടുത്തതുകൊണ്ടും യാതൊരു ഫലവും ഇല്ല. ഈ വാസ്തവം അല്ലെങ്കില്‍ ദൈവനിയമം, അല്ലെങ്കില്‍ ദൈവത്തിന്റെ ഉദ്ദേശ്യം നമുക്കു താനേ ഒരു കാലത്തും തെളിഞ്ഞു കിട്ടുകയില്ല. അങ്ങിനെ കിട്ടിയിട്ടുമില്ല, ഇങ്ങനെയുള്ള ഉദ്ദേശ്യങ്ങള്‍ മനുഷ്യര്‍ക്കു വെളിപ്പെടുത്തേണ്ടതിനാണ് ഓരോ കാലങ്ങളിലും പരോപകാരാര്‍ത്ഥം (ലോകരക്ഷാര്‍ത്ഥം) മഹത്ഗുരുക്കന്മാര്‍ അല്ലെങ്കില്‍ അവതാരപുരുഷന്മാര് ഭൂമിയില്‍ അവതരിക്കുന്നത്.
അവര്‍ ഇങ്ങനെ അവതരിച്ചു, അറിവുകേടു കൊണ്ടും അധര്‍മ്മം കൊണ്ടും അധഃപതിച്ചു നരകത്തിനു പാത്രീഭൂതരായിത്തീര്ന്നിരിക്കുന്ന ജനങ്ങളെ അറിവുകൊണ്ടും സല്‍ക്കര്‍മ്മങ്ങളെക്കൊണ്ടും അറിവും ധര്‍മ്മവും ഉള്ളവരാക്കിത്തീര്‍ക്കുന്നു.
അപ്രകാരം നാം പൂര്‍ണ്ണമായ അറിവിലും പ്രവര്‍ത്തിയിലും എത്തിച്ചേരുമ്പോള്‍ നമ്മളുടെ ജന്മം സഫലമായി. ഇതുതന്നെയാണ് മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യം. ഇപ്രകാരം പൂര്‍ണ്ണമായ അറിവിലും പ്രവര്‍ത്തിയിലും എത്തിച്ചേര്‍ന്ന് മോക്ഷം സിദ്ധിക്കണമെന്നുള്ളത് നമ്മുടെ ഓരോരുത്തരുടേയും കടമയും, അപ്രകാരം നമ്മെ ആക്കിത്തീര്ക്കണമെന്നുള്ളത് ലോകരക്ഷാര്‍ത്ഥം അവതരിക്കുന്ന അവതാര ഗുരുക്കന്മാരുടെ കടമയുമാണ്.
ഇതിനുദാഹരണമായി നാം നോക്കുന്ന പക്ഷം എല്ലാ പൂര്ണ്ണാത്മാക്കളും ലോകരക്ഷാര്‍ത്ഥം അവതരിച്ച അവതാരഗുരുക്കന്മാരാണെന്നു നാം അവരുടെ ചരിത്രങ്ങള്‍ വായിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കുന്നു. അവര്‍ എല്ലാവരും തങ്ങളുടെ സ്വയംപ്രകാശത്താലാണ് ലോകരെ പ്രകാശമുള്ളവരാക്കിത്തീര്‍ത്തിട്ടുള്ളത്.”
“തന്റെ അറിവും ആചാരവും വിശുദ്ധിയും ആരാധനയും ആശ്വാസവും ആനന്ദവുമായ ഫലം തന്നില്‍ തന്നെ നാമസങ്കീര്‍ത്തനമായി ഭവിച്ചു. ഇതിനാല്‍ കലിയുഗത്തിലെ മോക്ഷം (അല്ലെങ്കില്‍ രക്ഷ) നാമസങ്കീര്‍ത്തനമായി ഭവിച്ചു. നാമസങ്കീര്‍ത്തനം മനുഷ്യന് തന്നെയാണ്. കാരണം, സൃഷ്ടികാലങ്ങള്ക്കു മുന്‍പുണ്ടായിരുന്ന ജ്ഞാനം സൃഷ്ടികളില്‍ക്കൂടി സൃഷ്ടിയെ സ്തുതിക്കുന്നു.
ഇതാകുന്നു ആദിമകാലം മുതല്‍ ആത്മലോകമായി ശാശ്വതമായിട്ടും തലമുറതലമുറയായിട്ടും നിലനിന്നുപോരുന്നത്. ഈ സ്ഥാനം പകലാകുന്നു. ഈ ലോകത്തിലെ ഫലങ്ങള്‍ സല്‍പ്രവൃത്തികളാകുന്നു. ഈ സ്ഥാനമില്ലാത്ത സ്ഥലം അറിവുകേടു കൊണ്ടും അനാചാരം കൊണ്ടും അശുദ്ധി കൊണ്ടും അപരാധം കൊണ്ടും നരകമായിത്തീരുന്നു. അതു തന്നില്‍ തന്നെ ഉളവാകുന്നു. താന്‍ തന്നെ നരകമാകുന്നു. താന്താന് അനുഭവിക്കുന്നു.
എന്നാല്‍ ആത്മലോകം അറിവുകൊണ്ടും, ആചാരം കൊണ്ടും, വിശുദ്ധികൊണ്ടും, ആരാധനകൊണ്ടും, ആശ്വാസം കൊണ്ടും ആനന്ദം കൊണ്ടും, നാമസങ്കീര്‍ത്തനമായി ഭവിക്കുന്നു. ഇതു തന്നില്‍ നിന്നു തന്നെ ഉണ്ടാകുന്നു. ഇതു സ്വര്‍ഗ്ഗമാകുന്നു. താന്‍ സ്വര്‍ഗ്ഗമായി, സ്വര്‍ഗ്ഗാനുഭവനായി, ലോകത്തിനു നീതിയായി, സൂര്യനായി നിലനില്ക്കുന്നു. ഇവിടെ രാത്രിയില്ല.
ഇതിനാലത്രേ സകല വേദഗ്രന്ഥങ്ങളും രാമായണം എന്നു തെളിയിക്കുന്നു. അതിനാല്‍ രാമനാമം, നാരായണനാമം, രണ്ടു നാമങ്ങളുളവായി വന്നു. നാരായണ നാമം സൂര്യനെ കാണിക്കുന്നു. രാ എന്നത് അറിവുകേടിനെ കാണിക്കുന്നു. അതിനാല്‍ സന്ധ്യാസമയത്തിങ്കല്‍ രാമനാമവും, രാവിലെ നാരായണ നാമവും ജപിക്കുന്നു.
രാത്രിയെന്നത് അറിവുകേടിനെ കാണിക്കുന്നു. സൂര്യോദയം പകലായ ജ്ഞാനത്തെ കാണിക്കുന്നു. ഇപ്രകാരം രണ്ടു സന്ധ്യയിലും രാമനാമവും നാരായണ നാമവും ജപിക്കുന്നു. എന്നാല്‍ രാ നീങ്ങി, അതായത് അറിവുകേടു നീങ്ങി അറിവില്‍ എത്താത്ത മനുഷ്യന് മനുഷ്യജന്മം എടുത്തിട്ടില്ല. കാരണം മനുഷ്യന് മനനം ചെയ്യുന്നവന്. മനനം എന്നാല്‍ ആലോചിക്കുന്നവന്. അതായത് ജ്ഞാനം ബ്രഹ്മമാകുന്നു.
ബ്രഹ്മമെന്നതു തന്നെ ബന്ധിക്കുന്നു. തന്നിലേക്കു താന്‍ ചേരുകയാണു ചെയ്യുന്നത്. അതിനാലാണ് മോക്ഷം ബ്രഹ്മലയനമാകുന്നു എന്നു പറയുന്നത്. മരിച്ചിട്ടല്ലാ, ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ താന്‍ അറിഞ്ഞു തനിക്കായി ജീവിക്കുന്ന ആള് മനുഷ്യനാകുന്നു .ഇതാണ് സത്യം.
ജന്മഭൂമി: http://www.janmabhumidaily.com/news685286#ixzz4pCxsoIFv
No comments:
Post a Comment