സനാതനധര്‍മ്മം എന്നത് വാസ്തവത്തില്‍ ഒരു മതമല്ല. എല്ലാവരുടെയും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ഉയര്‍ച്ചയ്ക്ക് ഉതകുന്ന അനേകം തത്ത്വങ്ങളുടെയും സാധനാമാര്‍ഗ്ഗങ്ങളുടെയും ആചാരങ്ങളുടെയും ജീവിതരീതികളുടേയും ആകെത്തുകയാണ് ഹിന്ദുധര്‍മ്മം.
മനുഷ്യനും പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ദര്‍ശിച്ച സംസ്‌കൃതിയാണ് സനാതനധര്‍മ്മം അഥവാ ഹിന്ദുധര്‍മ്മം. സമസ്ത ജീവരാശികള്‍ക്കും നന്മയും ശ്രേയസ്സും പ്രദാനംചെയ്യുന്ന തത്ത്വങ്ങളും ആദര്‍ശങ്ങളുമാണ് സനാതനധര്‍മ്മം ലോകത്തിന് കാഴ്ചവച്ചത്. ഋഷീശ്വരന്മാര്‍ അവരുടെ അനുഭവത്തിലൂടെ കണ്ടെത്തിയതും തലമുറകളിലൂടെ നമുക്ക് പകര്‍ന്നുതന്നതുമാണവ. ഹിമാലയത്തിലെ മഞ്ഞുരുകി നദികളായി ഒഴുകി ലോകത്തിന് അനുഗ്രഹമായിത്തീരുന്നതുപോലെ ഋഷിമാരുടെ കൃപ നമ്മുടെയെല്ലാം ജീവിതങ്ങളെ ചൈതന്യപൂര്‍ണ്ണമാക്കുന്നു.
സനാതനധര്‍മ്മം എന്നത് വാസ്തവത്തില്‍ ഒരു മതമല്ല. എല്ലാവരുടെയും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ഉയര്‍ച്ചയ്ക്ക് ഉതകുന്ന അനേകം തത്ത്വങ്ങളുടെയും സാധനാമാര്‍ഗ്ഗങ്ങളുടെയും ആചാരങ്ങളുടെയും ജീവിതരീതികളുടേയും ആകെത്തുകയാണ് ഹിന്ദുധര്‍മ്മം. ശ്രുതിയെന്നും സ്മൃതിയെന്നും രണ്ടുവിഭാഗങ്ങള്‍ അതിനുണ്ട്. മാറ്റമില്ലാത്ത സനാതന തത്ത്വങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്നതാണ് ശ്രുതി. കാലത്തിനനുസരിച്ച് മാറേണ്ട ധാര്‍മ്മിക നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് സ്മൃതി. ഇങ്ങനെ എല്ലാറ്റിനേയും ഉള്‍ക്കൊള്ളുകയും കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു എന്നതാണ് ഹിന്ദുമതത്തിന്റെ പ്രത്യേകത. ധര്‍മ്മം, അര്‍ത്ഥം, കാമം മോക്ഷം എന്നീ നാലു പുരുഷാര്‍ത്ഥങ്ങളെയും അത് അംഗീകരിക്കുന്നു. എന്നാല്‍ പരമപുരുഷാര്‍ത്ഥമായ മോക്ഷം അഥവാ ആത്മജ്ഞാനമാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു.
മോക്ഷമെന്നാല്‍ മരണാനന്തരമുള്ള സ്വര്‍ഗ്ഗപ്രാപ്തിയല്ല പൂര്‍ണ്ണമായ ദുഃഖനിവൃത്തിയാണ്. അത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആകാം. താനീ നശ്വരമായ ശരീരമല്ല നിത്യമായ ആത്മാവാണെന്നും തന്നില്‍ നിന്ന് അന്യമായി ഒന്നുമില്ലെന്നും ബോധിക്കുമ്പോള്‍ ദുഃഖനിവൃത്തിയായി. ലോകജീവിതത്തിലെ കര്‍മ്മങ്ങളും സുഖദുഃഖങ്ങളും അവരെ ബന്ധിക്കുന്നില്ല. സര്‍വ്വപ്രപഞ്ചവും പരമാത്മചൈതന്യം തന്നെയാണെന്ന് സനാതനധര്‍മ്മം പഠിപ്പിക്കുന്നു. സര്‍വ്വജീവരാശിയെയും മണ്ണിനെയും വിണ്ണിനെയും കാറ്റിനെയും കടലിനെയും പ്രകൃതിയെത്തന്നെയും ആത്മാവായിക്കണ്ട് ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈ വിശാലഭാവം ഹിന്ദുധര്‍മ്മത്തിന്റെ ആണിക്കല്ലാണ്.
കടലും തിരയും വെള്ളമാണ്. മാലയും വളയും മോതിരവും പാദസരവും കാണുമ്പോള്‍ ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ അവയെല്ലാം സ്വര്‍ണ്ണം തന്നെയാണ്. സ്വര്‍ണ്ണത്തിന്റെ തലത്തില്‍ നോക്കുമ്പോള്‍ എല്ലാം ഒന്നുതന്നെ. ഇതുപോലെ നമുക്കു ചുറ്റുമുള്ളവയെല്ലാം തത്ത്വത്തില്‍ ഒന്നു തന്നെ. എല്ലാം ആ ആത്മചൈതന്യം തന്നെ. ഋഷിമാര്‍ അതിനെ ബ്രഹ്മം എന്നുവിളിച്ചു. ഇത് അനുഭവതലത്തില്‍ അറിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം.
സനാതനധര്‍മ്മത്തിന്റെ ഒരു പ്രത്യേകതയാണ് എല്ലാവരെയും അവരവരുടെ തലത്തില്‍ച്ചെന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത്. ഓരോരുത്തരെയും അവരുടെ സംസ്‌കാരത്തിനനുസരിച്ചുവേണം നയിക്കുവാന്‍. ചില രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുത്താല്‍ അലര്‍ജിയാകും. അവര്‍ക്ക് ഗുളിക തന്നെ വേണ്ടിവരും. ഇതുപോലെ ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവരുടെ സംസ്‌കാരം അനുസരിച്ചുള്ള മാര്‍ഗ്ഗങ്ങളാണ് ഉപദേശിക്കേണ്ടത്. സഗുണസങ്കല്‍പവും നിര്‍ഗ്ഗുണസങ്കല്‍പവും ഭക്തിയോഗവും കര്‍മ്മയോഗവും എല്ലാം അങ്ങനെ വന്നതാണ്.
ഓരോ കാലഘട്ടത്തിന്റെയും ആവശ്യം കണ്ടറിഞ്ഞ് ആചാര്യന്മാര്‍ ഓരോ മൂല്യങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുന്നു. അങ്ങനെ ശ്രീരാമന്‍ ധര്‍മ്മത്തിന്റെ പ്രതീകമായിത്തീര്‍ന്നു. ഈശ്വരപ്രേമത്തിനും ഈശ്വരാര്‍പ്പിതമായ കര്‍മ്മനിഷ്ഠയ്ക്കും ശ്രീകൃഷ്ണഭഗവാന്‍ ഊന്നല്‍നല്‍കി. മൃഗബലിയുംമറ്റും സമൂഹത്തില്‍ വര്‍ദ്ധിച്ചകാലത്ത് ശ്രീബുദ്ധന്‍ അഹിംസയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ജനങ്ങള്‍ കര്‍മ്മകാണ്ഡത്തില്‍ത്തന്നെ മുഴുകിക്കിടന്നപ്പോള്‍ ശ്രീശങ്കരാചാര്യര്‍ ജ്ഞാനത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തി. അങ്ങനെ എല്ലാമൂല്യങ്ങള്‍ക്കും എല്ലാത്തരം സാധനാമാര്‍ഗ്ഗങ്ങള്‍ക്കും സനാതന ധര്‍മ്മത്തില്‍ സ്ഥാനം ലഭിച്ചു.
ത്യാഗത്തിലും തപസ്സിലും അഹിംസയിലും അടിയുറച്ച ഒരു ജീവിതമായിരുന്നു നമ്മുടെ പൂര്‍വികരുടേത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, ഗുരുജനങ്ങളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം, അയല്‍ക്കാര്‍ തമ്മിലുള്ള സ്‌േനഹബന്ധം, പക്ഷിമൃഗാദികളോടും പ്രകൃതിയോടുമുള്ള കാരുണ്യവും ആദരവും ആരാധനയും എല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ മുഖമുദ്രകളാണ്. ആ പാരമ്പര്യത്തെ നമ്മള്‍ കാത്തുസൂക്ഷിക്കണം. പോയകാലത്തിന്റെ നന്മയില്‍ ഉറച്ചുനിന്നും ഒപ്പം ആ സംസ്‌കാരത്തില്‍ കടന്നുകൂടിയ ജീര്‍ണ്ണതകളെ ഒഴിവാക്കിയും നമ്മള്‍ പുരോഗമിക്കണം. അന്ധമായ അനുകരണം നമ്മെ തളര്‍ത്തുകയേ ഉള്ളൂ. അമ്മ അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാ രാജ്യത്തെ ജനങ്ങള്‍ക്കും അവരുടെ സംസ്‌കാരത്തിലും ഭാഷയിലും പാരമ്പര്യത്തിലും അഭിമാനമുണ്ട്. ആ അഭിമാനമാണ് അവരെ വിജയത്തിലേയ്ക്ക് നയിക്കുന്നത്. എന്നാല്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് നമ്മുടെ സംസ്‌കാരത്തേക്കുറിച്ചുള്ള അറിവും അഭിമാനവും നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു എന്നത് വേദനാജനകമാണ്.
ജാതിമൂലമുള്ള അകല്‍ച്ചയും അനൈക്യവും നമ്മുടെ സംസ്‌കൃതിയെ തളര്‍ത്തിയിട്ടുണ്ട്. അറിവുകൊണ്ടും ഐക്യബോധം കൊണ്ടും നമ്മള്‍ ശക്തരാകണം. സനാതനധര്‍മ്മമൂല്യങ്ങളെ ഇളംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ മാതാപിതാക്കളും ഗുരുജനങ്ങളും പ്രത്യേക ശ്രദ്ധ കൊടുക്കണം. കാലത്തിനനുസരിച്ച് മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. നമ്മുടെ ക്ഷേത്രങ്ങള്‍ അറിവിന്റേയും സാധനയുടേയും കേന്ദ്രങ്ങളായി മാറണം. ഈ രീതിയില്‍ എല്ലാ പോരായ്മകളേയും അതിക്രമിച്ച് നമുക്ക് മുന്നേറാന്‍ കഴിയും. ജ്ഞാനവും ഐക്യവും പ്രായോഗികബുദ്ധിയും കൈമുതലാക്കിയാല്‍ എല്ലാ വിജയങ്ങളും നമുക്ക് സ്വായത്തമാകും.
ജന്മഭൂമി: http://www.janmabhumidaily.com/news687699#ixzz4paOy4jLA
No comments:
Post a Comment