Thursday, August 10, 2017

രമണ മഹര്‍ഷി

രമണ മഹര്‍ഷി ഭാരതഭൂമിയുടെ മാനസപുത്രന്മാരില്‍ ഒരാളാണ്. എത്രയും സത്യസന്ധതയും മൗലികതയും പുലര്‍ത്തുന്ന ആള്‍. ഒരു പ്രതിഭാസം എന്നുതന്നെ പറയണം. വെളുത്ത ഒരു പ്രതലത്തിലെ ഏറ്റവും വെളുത്ത ബിന്ദു.
രമണ മഹര്‍ഷിയുടെ ജീവിതത്തിലും മൊഴികളിലും ഏറ്റവും ശുദ്ധിയാര്‍ന്ന ഭാരതസത്തയെ നാം അറിയുന്നു. അത് യുഗാബ്ദങ്ങളുടെ ആ മന്ത്രണമാണ്. വിമോചിത ലോകത്തിന്റെ ജീവശ്വാസം. വിമോചിതമായ മാനുഷികതയുടെ ഉദാത്തത. ഈ സ്വരലയം, ഏകമായ, മഹത്തായ അടിസ്ഥാനത്തില്‍നിന്നാണ് രൂപംകൊള്ളുന്നത്. അതാകട്ടെ വര്‍ണാഞ്ചിതമായ സഹസ്രഭാവങ്ങളാല്‍ ഭാരതീയമായ ആത്മസത്തയെ നവീകരിച്ചുകൊണ്ടിരുന്നു. അതിന്റെ ഏറ്റവും പുതിയ മൂര്‍ത്തീകരണമാണ് രമണ മഹര്‍ഷി.
ആത്മസത്തയും ദൈവവും തമ്മിലുള്ള സാത്മീകരണം യൂറോപ്യന്മാരെ സംബന്ധിച്ച് വിസ്മയകരമായി തോന്നാം. അത് പ്രത്യേകമായ രീതിയില്‍ കിഴക്കിന്റെ ആശയസാക്ഷാത്കാരമാണ്. രമണവചനങ്ങള്‍ അതിന്റെ പ്രത്യക്ഷമാണ്. മനഃശാസ്ത്രത്തിന് തന്നെയും അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കും എത്രയോ അതീതമാണ് ആ സമന്വയം എന്നുപറയാനേ മനഃശാസ്ത്രജ്ഞര്‍ക്കും കഴിയൂ. എന്നാല്‍ ആത്മീയതയുടെ ഉറവിടമെന്ന നിലയില്‍ ആത്മം എന്നത് ദൈവത്തില്‍ നിന്ന് ഭിന്നമല്ലെന്ന് ഭാരതീയന് വ്യക്തമാണ്. അവനവന്റെ ആത്മസത്തയുമായി സാത്മീകരണം നേടുമ്പോള്‍ ഒരുവന്‍ ദൈവം തന്നെയായി മാറും. ഇക്കാര്യത്തില്‍ രമണ മഹര്‍ഷിയുടെ അഭിപ്രായങ്ങള്‍ സുചിന്തിതമാണ്.
പൗരസ്ത്യമായ ആദ്ധ്യാത്മികാനുശീലനങ്ങളുടെ ലക്ഷ്യം പാശ്ചാത്യമായ ആദ്ധ്യാത്മികതയുടേത് തന്നെയെങ്കിലും, ശ്രദ്ധ ഞാന്‍ എന്നതില്‍ നിന്നും, അഹം എന്നതില്‍നിന്നും ആത്മത്തിലേക്ക് മാറുന്നു. മനുഷ്യനില്‍നിന്ന് ദൈവത്തിലേക്ക്.  ആത്മത്തില്‍ അഹം എന്നത് മറഞ്ഞുപോകുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. മനുഷ്യന്‍ ദൈവത്തിലേക്ക് അലിയുന്നു. ലഃലൃരശശേമ ുെശൃശൗേമഹശമ യില്‍ സമാനമായ ഒരു ശ്രമം വിവരിക്കപ്പെടുന്നുണ്ട്. ശ്രീരാമകൃഷ്ണനും ആത്മത്തെ സംബന്ധിച്ച് അതേ സമീപനമാണ് സ്വീകരിക്കുന്നത്. അഹം എന്നതും ആത്മം എന്നതും തമ്മിലുള്ള സംഘര്‍ഷസംവാദം അദ്ദേഹത്തില്‍ കുറേക്കൂടി ഗാഢമായി സംഭവിക്കുന്നു. അഹത്തിന്റെ വിലയനമാണ് ആത്മീയ സാധനയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് രമണ മഹര്‍ഷി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
എന്നാല്‍ എന്തുകൊണ്ടോ ശ്രീരാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ സന്ദിഗ്ധമായ മനോഭാവമാണ് പുലര്‍ത്തിയത്. ഞാന്‍ എന്ന ബോധം നിലനില്‍ക്കുന്നിടത്തോളം യഥാര്‍ത്ഥ ജ്ഞാനവും ഭക്തിയും അസാദ്ധ്യമാണ് എന്നദ്ദേഹം പറയുന്നുണ്ടെങ്കിലും അഹങ്കാരത്തിന്റെ മാരകമായ സ്വഭാവം അദ്ദേഹം അംഗീകരിക്കേണ്ടിയിരുന്നു. അദ്ദേഹം പറയുന്നു; വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ യോഗാത്മകത്വം നേടാനും അഹത്തില്‍നിന്ന് മോചനം നേടാനും കഴിയുന്നുള്ളൂ. ഇത് വളരെ അപൂര്‍വമായി മാത്രം സാധ്യമാകുന്ന ഒന്നാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം സംസാരിക്കൂ, അല്ലെങ്കില്‍ ഒഴിഞ്ഞുമാറി ഒറ്റയ്ക്ക് നിലകൊണ്ടുകൊള്ളൂ, എന്നാലും ഈ ആഹം നിങ്ങളിലേക്ക് മടങ്ങും. ഇന്ന് പോപ്ലാര്‍ മരത്തെ ഒന്ന് മുറിച്ചു നോക്കുക. നാളെ അതില്‍ പുതിയ ശാഖകള്‍ നാമ്പെടുക്കുന്നത് കാണാം. ഈ അഹത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് അന്തിമമായി മനസ്സിലാക്കവേ, അതിനെ സേവകത്വഭാവത്തിലുള്ള അഹമായി നിലനിര്‍ത്തുക. എന്നാല്‍ രമണമഹര്‍ഷി ഈ ആനുകൂല്യം പ്രകടിപ്പിക്കാതെ, കൂടുതല്‍ ആത്മീയമായ വിപ്ലവഭാവം പ്രകടിപ്പിക്കുന്നു.
അഹം, ആത്മ എന്നീ രണ്ട് ഭാവങ്ങള്‍ തമ്മിലുള്ള മാറിവരുന്ന ബന്ധങ്ങള്‍ പ്രത്യേകമായ ഒരനുഭവമേഖലയെ പ്രതിനിധീകരിക്കുന്നു. കിഴക്കിന്റെ ആത്മവിശകലനാത്മകമായ ബോധതലം പാശ്ചാത്യമനുഷ്യന് പലപ്പോഴും അനഭിഗമ്യമായി മാറുന്നു. നമ്മുടേതില്‍നിന്ന് വളരെ വ്യത്യസ്തമായ കിഴക്കിന്റെ തത്വശാസ്ത്രം ഉന്നതമൂല്യങ്ങളടങ്ങിയ വര്‍ത്തമാനത്തെ പ്രതിനിധീകരിക്കുന്നു. അത് എത്തിപ്പിടിക്കാന്‍ നമുക്ക് യത്‌നിക്കേണ്ടിയിരിക്കുന്നു. ആന്തരികമായ ആത്മത്തിന്റെ ധ്യാനനിരതഭാവത്തില്‍നിന്ന്, ആയിരത്താണ്ടുകളുടെ ധ്യാനസംസ്‌കൃതിയില്‍നിന്ന് ഭാരതത്തിന്റെ ആത്മസത്ത നേടിയെടുത്ത പ്രമുഖങ്ങളായ വിചാരസത്യങ്ങള്‍ രമണമഹര്‍ഷിയുടെ വാക്കുകളില്‍ സംഗൃഹീതമായിരിക്കുന്നു. മഹര്‍ഷിയുടെ വ്യക്തിജീവിതവും കര്‍മങ്ങളും ഭാരത ജനതയുടെ മോക്ഷസാധകമായ സത്യാന്വേഷണത്തെ ഒരിക്കല്‍ക്കൂടി ദൃഷ്ടാന്തവല്‍ക്കരിക്കുന്നു.
കിഴക്കന്‍ ദിക്കിലെ രാഷ്ട്രങ്ങള്‍ അവരുടെ ആത്മീയമായ സമ്പന്നതയ്ക്ക് കോട്ടമുണ്ടാക്കുന്ന ചില ഭീഷണികള്‍ നേരിടുകയുണ്ടായി.
ആ സ്ഥാനത്തേക്ക് കടന്നുവന്നതാകട്ടെ പാശ്ചാത്യമനസ്സിന്റെ ഗുണപുഷ്‌ക്കലതകളാണെന്ന് പറയുവാനും കഴിയില്ല. അതുകൊണ്ട് ശ്രീരാമകൃഷ്ണനെയും ശ്രീരമണനെയുംപോലുള്ളവരെ ആധുനികരായ പ്രവാചകന്മാരായി കാണണം. ആയിരത്താണ്ടുകളായി പുലരുന്ന ഭാരതീയ ആത്മീയ സംസ്‌കൃതിയെ ഓര്‍മിപ്പിക്കുക മാത്രമല്ല, അവര്‍ ചെയ്യുന്നത്. അവര്‍ അതിന്റെ മൂര്‍ത്തീകരണമായി മാറുകയും ചെയ്യുന്നു.
പാശ്ചാത്യനാഗരികതയുടെ പ്രഭാവലയത്തില്‍, അതിന്റെ ഭൗതിക-സാങ്കേതിക വ്യാവസായിക തിരതള്ളലില്‍ ആത്മാവിന്റെ തൃഷ്ണകളെ മറക്കരുതെന്ന് അവരുടെ ജീവിതവും സന്ദേശങ്ങളും നമ്മെ പഠിപ്പിക്കുന്നു. രാഷ്ട്രീയവും സാമൂഹികവും ബുദ്ധിപരവുമായ ജീവിതത്തെ അധീനപ്പെടുത്തി നേടുവാനുള്ള പാശ്ചാത്യസമൂഹത്തിന്റെ പ്രകടവും അശാന്തവുമായ ഉല്‍ക്കടാഗ്രഹം, എല്ലാറ്റിനെയും അട്ടിമറിക്കുന്ന ആഗ്രഹം കിഴക്കന്‍ ദേശങ്ങളിലേക്കും പരക്കുന്നത് കാണാതിരിക്കാനാവില്ല.
ഭാരതത്തില്‍ മാത്രമല്ല ചൈനയിലും ആത്മീയമായ ജീവിതത്തിന്റെ പരിപുഷ്ടികളില്‍ നല്ലൊരു പങ്കും നഷ്ടമായി വരുന്നു. അകത്തില്‍നിന്ന് പുറത്തേക്കുള്ള സംസ്‌കാര പരിണാമം പല തിന്മകളെയും നശിപ്പിച്ചേക്കാം. അതിനാല്‍ കിഴക്കിന്റെ ജ്ഞാനലോകത്തിനും യോഗാത്മകതയ്ക്കും നമ്മോട് ചിലത് പറയാനുണ്ട്. അനനുകരണീയമായ ഭാഷയിലാണ് അവ പറയപ്പെടുന്നത്, അത് നമ്മുടെ സംസ്‌കൃതിയിലുണ്ടായിരുന്ന, ഇപ്പോള്‍ നാം മറന്ന ചിലതിനെ ഓര്‍മിപ്പിക്കും. നാം ശ്രദ്ധ കൊടുക്കാതിരുന്ന ആന്തരിക മനുഷ്യന്റെ വിധിനിയോഗങ്ങളിലേക്ക് അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കും.
രമണ മഹര്‍ഷിയുടെ ജീവിതവും സന്ദേശവും ഭാരതീയര്‍ക്ക് മാത്രമല്ല, നമുക്കും പ്രധാനപ്പെട്ടതാണ്. മഹത്തായ മാനുഷികാഭിമുഖ്യങ്ങളെ അവ രേഖപ്പെടുത്തുന്നുവെന്നു മാത്രമല്ല, നമുക്കും പ്രധാനപ്പെട്ടതാണ്. മഹത്തായ മാനുഷികാഭിമുഖ്യങ്ങളെ അവ രേഖപ്പെടുത്തുന്നുവെന്നു മാത്രമല്ല, അത് മനുഷ്യവംശത്തിന് ഒരു മുന്നറിയിപ്പുമാണ്. ആത്മനിയന്ത്രണം നഷ്ടപ്പെട്ട അബോധത്തിന്റെ കലുഷതകളിലേക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ള മാനുഷ്യകത്തിന് ഒരു മുന്നറിയിപ്പ്.
(സ്പിരിച്വല്‍ ടീച്ചിങ് ഓഫ് രമണമഹര്‍ഷി എന്ന പുസ്തകത്തിന് എഴുതിയ ആമുഖത്തില്‍ നിന്ന്)

No comments: