Thursday, August 10, 2017

വീട്ടുമുറ്റത്തെ ഔഷധ സസ്യങ്ങള്‍ - 2
സംസ്‌കൃതം: ഭിക്ഷു, ശ്രാവണി, ഹപു
തമിഴ്: വിഷ്ണു കരണ്ടയ്
ശാസ്ത്രനാമം: സ്ഫിരാന്തസ് ഇന്‍ഡിക്കസ്
എവിടെകാണാം: നവംബര്‍ ഡിസംബറോടെ തൃശ്ശൂര്‍ മുതല്‍ വടക്കോട്ട് വേനല്‍ച്ചാല്‍ ഉഴുതുമറിച്ചിട്ടിരിക്കുന്ന വയലുകളിലും വരമ്പത്തും ധാരാളമായി കണ്ടുവരുന്നു.
അണ്ഡാകാരത്തിലുളള ഖര സ്വഭാവത്തില്‍ മനോഹരമായ പൂവുണ്ട്. പാലക്കാട് ജില്ലയിലെ വേനലാരംഭത്തില്‍ വയലുകളില്‍ ഇത് പൂത്തു നിറഞ്ഞുനില്ക്കുന്നത് നയനാനന്ദകരമാണ്.
എത്രയിനം: ഇതു രണ്ടു തരമുണ്ട്. വെളുത്ത പൂവുളളതും റോസ് നിറത്തില്‍ പൂവുളളതും.
ഗുണം: സാധാരണ അടയ്ക്കാമണിയന്‍ (ശ്രാവണി) എന്നു പറഞ്ഞാല്‍ റോസ് നിറമുളളതാണ് എന്നാണ് വൈദ്യന്മാര്‍ പറഞ്ഞുതരുന്നത്. ശിവകരന്ത എന്ന വെളുത്ത പൂവുളളത് അപൂര്‍വ്വമായി മാത്രമേ കാണാറുളളൂ. നാഗര്‍കോവില്‍ വയല്‍ ആടത്തിലും പൊത്തക്കുടി എന്ന സ്ഥലത്തും കണ്ടിട്ടുണ്ട്. കേരളത്തില്‍ ലക്കിടി റെയില്‍വേ സ്റ്റേഷന്‍ വിട്ട് ഉടനേയുളള നെല്‍പ്പാടങ്ങളില്‍ വെളുത്ത പൂവുളള അടയ്ക്കാമണിയന്‍ ധാരാളം കണ്ടിട്ടുണ്ട്. മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയം മുന്‍പു വയലായിരുന്നപ്പോള്‍ അവിടേയും ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ സമീപപ്രദേശത്തൊന്നും കാണാനില്ല.
പുനരുല്‍പ്പാദനം:- ഉണങ്ങിയ വിത്ത് നട്ട് മുളപ്പിച്ചെടുക്കാം.
ഉപയോഗം: വെളുത്ത പൂവുളള അടയ്ക്കാമണിയന്‍ പൂക്കുന്നതിനുമുന്‍പേ പറിച്ചെടുത്ത് സമൂലം ഉണക്കി പ്പൊടിച്ച് 5 ഗ്രാം പൊടി തിളപ്പിച്ചാറിയ വെളളവും തേനും ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിക്കുന്നത് വൃക്കരോഗത്തിന് ഒരു ശമനൗഷധമാണ് എന്ന് തെളിവോടെ മരുത്വാ മലയില്‍ താപസനായി ഗുഹയില്‍ താമസിച്ചിരുന്ന എന്റെ ഗുരു മാധവന്‍പിളളസ്വാമി പറഞ്ഞു തന്നിട്ടുണ്ട്.
രക്താര്‍ശസ്സ് (ധാരാളം രക്തം പോകുന്ന അര്‍ശസ്) സ്ത്രീകളിലെ അമിത രക്തസ്രാവം എന്നിവയ്ക്ക് അടയ്ക്കാമണിയന്‍ വേരിന്മേത്തൊലി ഉണക്കിപ്പൊടിച്ച് 5ഗ്രാം മോരിലരച്ച് മോരില്‍ കുടിക്കുന്നത് ഒരു ശമനൗഷധമാണ്. അടയ്ക്കാമണിയന്‍ പൂവ് ഉണക്കിപ്പൊടിച്ച് മൂന്നുഗ്രാം വീതം ചൂടുവെളളത്തില്‍ കഴിക്കുന്നത് ശരീരബലം കൂട്ടും. ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും രക്തശുദ്ധി വരുത്തും. മലബന്ധം ഉദരകൃമി കുടലില്‍ ഗ്യാസ് നിറയുന്നത് ഇവയ്ക്ക് അടയ്ക്കാമണിയന്‍ വേര് നാലുഭാഗം, കൊന്നക്കായുടെ അകത്തെമജ്ജ മൂന്നുഭാഗം, താന്നിക്കാത്തോട് രണ്ടുഭാഗം, കാട്ടുജീരകം ഒരുഭാഗം എന്നീ കണക്കില്‍ പൊടിച്ച് മൂന്നു ഗ്രാം വീതം ദിവസം രണ്ടുനേരം സേവിക്കുന്നത് മേല്‍രോഗങ്ങള്‍ക്ക് ശമനൗഷധമാണ്.( ഇത് വീട്ടുമുറ്റത്ത് കാണുന്നതല്ല എങ്കിലും മുറ്റത്തു നട്ടുപിടിപ്പിക്കണം.)


ജന്മഭൂമി: http://www.janmabhumidaily.com/news686317#ixzz4pOUHfvSR

No comments: