ലോകരാഷ്ട്രങ്ങള്‍ക്ക് എക്കാലത്തും വിജ്ഞാനത്തിന്റെ വിളക്കുതെളിയിച്ച വിശ്വഗുരുവാണ് ഭാരതം. ആധ്യാത്മികതയുടെ സുദൃഢമായ അടിത്തറയുള്ള ശാസ്ത്രവിജ്ഞാനം ഭാരതത്തിന്റെ പൈതൃകസമ്പത്താണ്. ജ്ഞാനഭാനുവിന്റെ നിത്യോപാസനയിലാനന്ദിച്ച ഭാരതം താളിയോലകളായി സംഗ്രഹിച്ചിരിക്കുന്ന വിജ്ഞാനഭണ്ഡാരത്തിലേക്ക് ആധുനികശാസ്ത്രംപോലും അത്യാകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഈ വിജ്ഞാനാമൃതം ലോകത്തിനു പകര്‍ന്നുനല്‍കിയതാകട്ടെ വിശ്വജനനിയായ സംസ്‌കൃതഭാഷയിലൂടെയാണെന്നത് ആ ഭാഷയുടെ മഹത്വത്തെ വെളിവാക്കുന്നു.
സമൃത് കൃതം (നല്ലവണ്ണം ചെയ്യപ്പെട്ടത്) എന്നാണ് സംസ്‌കൃതപദത്തിന്റെ വ്യുല്‍പത്തി. സംഭാഷണം ചെയ്യപ്പെടുന്നതേതാണ് അതാണ് ഭാഷ (ഭാഷ്യതേ അനയാ ഇതി ഭാഷ) ആസേതുഹിമാലയം ഭാരതീയരുടെ വ്യവഹാരഭാഷയായിരുന്നു സംസ്‌കൃതമെന്ന് വ്യാകരണമഹാഭാഷ്യത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ കാലടിയില്‍ ജനിച്ച ശങ്കരാചാര്യര്‍ക്ക് കാശ്മീരപര്യന്തം തന്റെ ദ്വഗ്വിജയപ്രയാണത്തില്‍ സംസ്‌കൃതസിംഹനാദം മുഴക്കി പണ്ഡിതഗജങ്ങളെ നതമസ്തകരാക്കാന്‍ കഴിഞ്ഞത്. ഭാഷ എന്നതിന്റെ പര്യായപദം തന്നെയായിരുന്നു ഒരു കാലത്ത് ഈ ഭാഷ. ഭാരതീയഭാഷകളിലെല്ലാം ഈ അമരവാണിയുടെ ജീവനരസം നിറഞ്ഞുനില്‍ക്കുന്നുവെന്നതില്‍ അതിശയോക്തി ലേശമില്ല. സംസ്‌കൃതത്തെപ്പോലെ അതിവിസ്തൃതമായ ശബ്ദകോശം മറ്റൊരു ഭാഷയ്ക്കുമവകാശപ്പെടാനില്ലെന്നതുതന്നെ ഈ ഭാഷയുടെ മഹത്വത്തെ വെളിപ്പെടുത്തുന്നു.
ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാശാഖകളില്‍ ഏറ്റവും പ്രാചീനമായ സംസ്‌കൃതം മറ്റു ഭാഷകളില്‍ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയത്. എല്ലാ ഭാരതീയഭാഷകളിലും 50% സംസ്‌കൃതപദങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. മാതൃ (Matr)എന്ന സംസ്‌കൃതപദത്തില്‍ നിന്ന് ലാറ്റിനില്‍ മാറ്റര്‍ (Mater) എന്നും ഇംഗ്ലീഷില്‍ മദര്‍ (Mother) എന്നുമുരുത്തിരിഞ്ഞത് ഈ ദൃഷ്ടാന്തത്തെ അരക്കിട്ടുറപ്പിക്കുന്നു. കേരളത്തിന്റെ മാതൃഭാഷയായ മലയാളമാകട്ടെ സംസ്‌കൃതമാതാവിന്റെ വാത്സല്യം നിത്യം നുകര്‍ന്ന് ഇന്നും പരിലസിക്കുന്നു. സംസ്‌കൃതവും മലയാളവും ഇടകലര്‍ന്ന മണിപ്രവാളത്തിന് കേരളത്തിലുണ്ടായിരുന്ന മഹത്തായ സ്ഥാനം സ്മര്‍ത്തവ്യമാണ്. കേരളത്തിലെ പാഠശാലകളില്‍ മലയാളത്തോടൊപ്പം തന്നെ സംസ്‌കൃതത്തിനും സ്ഥാനം നല്‍കിയിരുന്നു. ആ ഋഷികാലം മുതല്‍ക്കുതന്നെ ഭാരതത്തിന്റെ രാഷ്ട്രഭാഷയായിരുന്ന ഈ സുരവാണിക്ക് 2000 വര്‍ഷംമുമ്പ് പാണിനിമഹര്‍ഷി വ്യവസ്ഥാപിതമായ വ്യാകരണം രചിച്ചു. ‘സംസ്‌കൃതം നാമ ദൈവീവാക് അന്വാഖ്യാതാ മഹര്‍ഷിഭിഃ’ എന്ന് ദണ്ഡി കാവ്യാദര്‍ശത്തില്‍ സംസ്‌കൃതത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു.
മറ്റു ഭാഷകള്‍ ഈ വിശ്വഭാഷയുടെ മാധുര്യവും വാത്സല്യവും ആവോളം നുണഞ്ഞതുകൊണ്ടാണ് സംസ്‌കൃതം സര്‍വഭാഷാജനനിയായി അവരോധിക്കപ്പെട്ടത്. അപാരസാഗരം പോലെ അഗാധവും വിശാലവുമായ സംസ്‌കൃതവാങ്മയം നാടകം, ചരിത്രം, കാവ്യം, തത്ത്വശാസ്ത്രം, പശുപക്ഷികഥാ ശാസ്ത്രം എന്നിങ്ങനെ അനവധി അമൂല്യരത്‌നങ്ങളെ ഉള്‍ക്കൊണ്ടിരിക്കുന്നു.
ആധുനികശാസ്ത്രത്തിന്റെ സംഭാവനയെന്ന് അഭിമാനിക്കപ്പെടുന്ന നിരവധി ശാസ്ത്രസത്യങ്ങള്‍ അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് വേദേതിഹാസപുരാണാദികളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ഹൃദയമെന്ന പേരു തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് (ഹൃ-ഹരതി (സ്വീകരണം), ദ-ദദാതി(കൊടുക്കുക), യ-യാതി(സഞ്ചരിക്കുക) ഭാരതീയര്‍ മനസ്സിലാക്കിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു. യശദം(സിങ്ക്), നാകം(ലെഡ്) താമ്രം(ചെമ്പ്), അയസ് (ഇരുമ്പ്) കാംസ്യം(ബ്രോണ്‍സ്), വങ്കം(ടിന്‍), പിത്തളം(പിത്തള) എന്നിങ്ങനെ പല ലോഹങ്ങളെക്കുറിച്ചും സംസ്‌കൃതഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തുരുമ്പുപിടിക്കാത്ത ഇരുമ്പിന്റെ നിര്‍മ്മാണം, വിവിധലോഹങ്ങളുടെയും രസത്തിന്റെയും സംസ്‌കരണം തുടങ്ങിയ പല വിഷയങ്ങളും ഭാരതീയര്‍ക്ക് ഗ്രാഹ്യമായിരുന്നു.
ഹൃദയമെന്ന പേരു തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് (ഹൃ-ഹരതി (സ്വീകരണം), ദ-ദദാതി(കൊടുക്കുക), യ-യാതി(സഞ്ചരിക്കുക) ഭാരതീയര്‍ മനസ്സിലാക്കിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു. യശദം(സിങ്ക്), നാകം(ലെഡ്) താമ്രം(ചെമ്പ്), അയസ് (ഇരുമ്പ്) കാംസ്യം(ബ്രോണ്‍സ്), വങ്കം(ടിന്‍), പിത്തളം(പിത്തള) എന്നിങ്ങനെ പല ലോഹങ്ങളെക്കുറിച്ചും സംസ്‌കൃതഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തുരുമ്പുപിടിക്കാത്ത ഇരുമ്പിന്റെ നിര്‍മ്മാണം, വിവിധലോഹങ്ങളുടെയും രസത്തിന്റെയും സംസ്‌കരണം തുടങ്ങിയ പല വിഷയങ്ങളും ഭാരതീയര്‍ക്ക് ഗ്രാഹ്യമായിരുന്നു.
ഭാരതീയ ചികിത്സാശാസ്ത്രമായ ആയുര്‍വ്വേദം ഇന്ന് ലോകമെങ്ങും ജനപ്രിയമായിരിക്കുകയാണ്. മനുഷ്യചികിത്സപോലെതന്നെ മൃഗചികിത്സയ്ക്കും, വൃക്ഷചികിത്സയ്ക്കും ഭാരതീയര്‍ പ്രാധാന്യം നല്‍കിയിരുന്നു. ഗജചികിത്സ, അശ്വചികിത്സ, വൃക്ഷചികിത്സ ഇവയിലെല്ലാമുള്ള നൈപുണ്യം ആയുര്‍വേദ ശാസ്ത്രത്തിന്റെ പരിപുഷ്ടിയെ വ്യക്തമാക്കുന്നു. വിശാലവും ഗഹനവുമായ ആശയങ്ങളെ ചിപ്പിക്കുള്ളിലെന്നപോലെ ഒതുക്കിവയ്ക്കാനുള്ള സംസ്‌കൃതഭാഷയുടെ അന്യാദൃശമായ സാമര്‍ത്ഥ്യം സംസ്‌കൃതത്തിനെ കംമ്പ്യൂട്ടറിന് അനുരൂപമായ ഭാഷയാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
ഭൂമിയുടെ ഗോളാകൃതി, സൂര്യരശ്മി ഭൂമിയിലെത്താനെടുക്കുന്ന വേഗം, ഗുരുത്വാകര്‍ഷണം, ഭൂമിയുടെ പ്രദക്ഷിണം, ‘പൈ’യുടെ മൂല്യം എന്നിങ്ങനെ ഗഹനങ്ങളായ അനേകം വിഷയങ്ങളില്‍ ആധുനികോപകരണങ്ങളുടെ അഭാവത്തിലും നമ്മുടെ പൂര്‍വ്വികര്‍ ബോധവാന്മാരായിരുന്നുവെന്നതില്‍ നമുക്ക് അഭിമാനം കൊള്ളാം. വേദഗണിതം, ലോഹശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, രസശാസ്ത്രം, ഭൗമശാസ്ത്രം എന്നിങ്ങനെ സംസ്‌കൃതപാരാവാരത്തിലുള്‍പ്പെട്ടിരിക്കുന്ന രത്‌നങ്ങള്‍ ഗണനാതീതങ്ങളാണ്. ഗദ്യപദ്യശാഖകളില്‍ അത്യന്തം പരിപുഷ്ടമായ സംസ്‌കൃതം ആര്‍ഷഭാരതീയരുടെ വികസിച്ച സംസ്‌കൃതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ആര്‍നോള്‍ഡ് ഹെര്‍മാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. മനുഷ്യമസ്തിഷ്‌കത്തിന്റെ ഏറ്റവും വലിയ അത്ഭുതമാണ് പാണിനിയുടെ ‘അഷ്ടാദ്ധ്യായി’ എന്ന് മോണിയര്‍ വില്യംസ് അതിശയോക്തിലേശമന്യേ വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃതം നശിച്ചാല്‍ ഭാരതരാഷ്ട്രം തന്നെ നശിക്കുമെന്ന ആനി ബസന്റിന്റെ അഭിപ്രായം സംസ്‌കൃതത്തിന്റെ പ്രസക്തിയെ പ്രകടമാക്കുന്നതാണ്.
എല്ലാ രാഷ്ട്രങ്ങള്‍ക്കും അതിന്റേതായ ഒരു സംസ്‌കാരവും അതിനോടു ബന്ധപ്പെട്ട ഒരു ഭാഷയും ഉണ്ടായിരിക്കും. ഭാരതത്തെ സംബന്ധിച്ച് പറയുമ്പോള്‍ ഭാരതീയ സംസ്‌കൃതിയുടെ ആധാരമാണ് സംസ്‌കൃതവാണി. ‘സംസ്‌കൃതം വിനാ കുതോ ഭാരതീയ സംസ്‌കൃതിഃ’ ‘ഭാരതസ്യ പ്രതിഷ്‌ഠേ ദ്വേ സംസ്‌കൃതം സംസ്‌കൃതിസ്ഥതാ’ തുടങ്ങിയ ആപ്തവാക്യങ്ങള്‍ സ്മരണീയങ്ങളാണ്. അനാദികാലം മുതല്‍ക്ക് ഇവിടെ പരന്നൊഴുകിയിരുന്ന ചിരപുരാതനയായ ഈ ഗീര്‍വാണി ഇന്നും നിത്യനൂതനയായി പരിലസിക്കുന്നു. ഭാഷ ഭാഷണം ചെയ്യപ്പെടേണ്ടതാണെന്നും, സംഭാഷണമാണ് ഭാഷയെ ജീവസ്സുറ്റതാക്കുന്നതെന്നും സംഭാഷണം ശാസ്ത്രപര്യവസായിയാകണമെന്നും അടിയുറച്ചു വിശ്വസിക്കുന്ന യുവതലമുറയുടെ അശ്രാന്തപരിശ്രമത്തിലൂടെ ഇന്ന് സംസ്‌കൃതം ദേശവിദേശങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. സംസ്‌കൃതാദ്ധ്യായനത്തിലൂടെ ഓരോ മാനവനും സ്വാര്‍ത്ഥത വെടിഞ്ഞ് വിശ്വകല്യാണമെന്ന ഉദാത്തസങ്കല്‍പം സാക്ഷാത്കരിക്കപെടാന്‍ യത്‌നിക്കേണ്ടതാണ്. ഭാരതത്തിന്റെ സാംസ്‌കാരികപുനരുജ്ജീവനത്തിനുതകുന്ന ഏകസാധനം സംസ്‌കൃതമാണെന്നതില്‍ രണ്ടുപക്ഷമില്ല.
ഏതൊരു ഭാഷയുടെയും സ്വത്വമറിയാന്‍ അതതു ഭാഷയിലൂടെ പഠിക്കേണ്ടതത്യാവശ്യമാണ്. മാത്രമല്ല, ശ്രവണം, ഭാഷണം, പഠനം, ലേഖനം എന്നീ നാല് ഭാഷ്യാദ്ധ്യയനസോപാനങ്ങളില്‍ സംഭാഷണം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ സംസ്‌കൃതശിക്ഷണമേഖലയില്‍ സംസ്‌കൃതം സംസ്‌കൃതഭാഷയിലൂടെ പഠിപ്പിച്ചാല്‍ മാത്രമേ അദ്ധ്യയനത്തിന്റെ പരിപൂര്‍ണ്ണ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളൂ. പ്രാദേശികഭാഷയിലുള്ള നിത്യോപയോഗികളായ സംസ്‌കൃതപദങ്ങള്‍ സ്വീകരിച്ച് പാണനീയ നിയമങ്ങളുല്ലംഘിക്കാതെതന്നെ സംസ്‌കൃതം സരളമായി സംസാരിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ വ്യാവഹാരികഭാഷയുകയുള്ളൂ. എന്നാല്‍ ഇതിന് വിഘാതമായി നില്‍ക്കുന്ന ആക്ഷേപങ്ങളാണ് സംസ്‌കൃതം വര്‍ഗ്ഗീയഭാഷയാണ്, കഠിനഭാഷയാണ്, നിര്‍ജ്ജീവഭാഷയാണ് എന്നിവ.
ഇടക്കാലത്ത് സംസ്‌കൃതാധ്യയനാദ്ധ്യാപനപ്രചാരണങ്ങള്‍ക്ക് ചെറിയൊരു കോട്ടം സംഭവിച്ചിരുന്നുവെങ്കിലും ഇന്ന് സംസ്‌കൃതത്തിന്റെ പുനരുജ്ജീവനകാലമാണ്. സംസ്‌കൃതം വ്യകാരണം ജടിലമെന്ന ഭയം മാറ്റി ശാസ്ത്രാനുസൃതമായിത്തന്നെ അതിന്റെ സരളമുഖത്തെ പരിചയപ്പെടുത്തി. വളരെ എളുപ്പത്തില്‍ സംസ്‌കൃതത്തില്‍ പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതരത്തില്‍ പാഠ്യപദ്ധതികളും ക്ലാസ്സുകളുമിന്ന് ഭാരതമെങ്ങും നടത്തുകൊണ്ടിരിക്കുന്നു. ”കൊച്ചുകുട്ടികള്‍ കളിക്കുമ്പോള്‍ പരസ്പരം സംസാരിക്കുന്ന ഭാഷയാണ് ജീവത് ഭാഷാ” എന്ന ജീവത് ഭാഷയുടെ നിര്‍വചനത്തെ സാര്‍ത്ഥമാക്കിക്കൊണ്ട് ഇന്ന് ഭാരതത്തില്‍ സംസ്‌കൃതം മാതൃഭാഷയായിട്ടുള്ള എത്രയോ കുടുംബങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ പന്ത്രണ്ട് സംസ്‌കൃത സര്‍വകലാശാലകളുണ്ട്. നൂറ്റമ്പതിലധികം യൂണിവേഴ്‌സിറ്റികളില്‍ ബിരുദാനന്തരബിരുദംവരെ സംസ്‌കൃതാദ്ധ്യയനം നടക്കുന്നുണ്ട്. അയ്യായിരത്തിലധികം സംസ്‌കൃതപാഠശാലകളുണ്ട്. ‘ദില്ലി രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍’ കല്‍പിത സര്‍വകലാശാലയുടെ കീഴില്‍ നൂറിലധികം കോളേജുകളുണ്ട്. മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാഥമിക വിദ്യാലയം മുതല്‍ സംസ്‌കൃതം അനിവാര്യ ഭാഷയായി പഠിപ്പിക്കുന്നുണ്ട്.
വിദ്യാഭാരതിയുടെ ഇരുപതിനായിരത്തിലധികം സ്‌കൂളുകളിലൂടെ ഇരുപത്തഞ്ചുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പ്രാഥമികവിദ്യാലയം മുതല്‍ സംസ്‌കൃതം നിര്‍ബന്ധവിഷയമായി പഠിക്കുന്നുണ്ട്. പത്തിലധികം കേന്ദ്രങ്ങളിലൂടെ ലക്ഷക്കണക്കിന് സംസ്‌കൃതപ്രേമികള്‍ തപാല്‍വഴി സംസ്‌കൃതം പഠിക്കുന്നുണ്ട്. നൂറിലധികം സംസ്‌കൃതപ്രചാരണ സംഘടനകള്‍ ഭാരതത്തിലങ്ങോളമിങ്ങോളം സംസ്‌കൃതപ്രചാരണപരിപാടികള്‍ നടത്തിവരുന്നുണ്ട്. അറുപതിലധികം സംസ്‌കൃത പത്രമാസികകള്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. ഇതുകൂടാതെ ആയുര്‍വ്വേദം, ജ്യോതിഷം, സംഗീതം, തന്ത്രശാസ്ത്രം, ശില്‍പശാസ്ത്രം, യോഗശാസ്ത്രം തുടങ്ങിയ ഭാരതീയവിദ്യകളുമായി ബന്ധപ്പെട്ടവരെല്ലാം സംസ്‌കൃതോന്‍മുഖരായി മാറിക്കൊണ്ടിരിക്കുന്നു. പ്രാചീന ഭാരതത്തിന്റെ വിജ്ഞാനമേഖലയിലേക്ക് പ്രവേശിക്കുവാനുള്ള താക്കോല്‍ സംസ്‌കൃതപരിഞ്ജാനമാണെന്നറിഞ്ഞ് എത്രയോ ആധുനിക ശാസ്ത്രജ്ഞര്‍ സംസ്‌കൃതപഠനമാരംഭിച്ചുകഴിഞ്ഞു!
ആധുനികശാസ്ത്രയുഗത്തില്‍ വൈജ്ഞാനികവിപ്ലവം സൃഷ്ടിക്കുന്നതിനും സംസ്‌കാരത്തിന്റെ അനുസ്യൂതമായ പ്രവാഹം സാധ്യമാക്കുന്നതിനും, രാഷ്ട്രഐക്യം എന്ന വിശാലചിന്താഗതിയുള്ളതും മാനവമൂല്യങ്ങളാല്‍ സമ്പന്നമായതും സേവനമനോഭാവമുള്ളതുമായ ജനതതിയെ വാര്‍ത്തെടുക്കുന്നതിനും, സംസ്‌കൃതത്തിനുള്ള പങ്ക് വിവരണാതീതമാണ്.
മാനവഹൃദയങ്ങള്‍ രാഷ്ട്രത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം സമത്വസാഹോദര്യഭാവനയോടെ സംവദിക്കുന്നതിനുള്ള ആത്യന്തികമായ ഉപാധിയാണ് ഈ സാംസ്‌കൃതികഭാഷ. സംസ്‌കൃതഗംഗാ പ്രവാഹത്തിന്റെ മാന്ത്രികശക്തിയാല്‍ സമസ്തമാനവരും ഗ്രാമ-രാജ്യ-രാഷ്ട്ര ചിന്തകള്‍ക്കതീതമായി’ലോകാഃസമസ്താഃ സുഖിനോ ഭവന്തു’ എന്ന മന്ത്രധ്വനി മുഴക്കി വിശ്വശാന്തിക്കായി ചിന്തിക്കുന്ന കാലമെത്തുമ്പോള്‍ മാത്രമേ ആണവയുദ്ധക്കരിനിഴലില്‍ വിറങ്ങലിച്ച ലോകത്ത് ഋഷിപ്രോക്തമായ ‘കൃണ്വന്തോ വിശ്വമാര്യ’ മെന്ന ശാന്തിയുടെ സന്ദേശം സാക്ഷാത്കൃതമാകുകയുള്ളൂ. അതിനായി ഏകീകൃതചിത്തരായി നമുക്കു പ്രാര്‍ത്ഥിക്കാം.
No comments:
Post a Comment