വസിഷ്ഠപുത്രന്മാരുടേയും മഹോദയന്റേയും നാശം തന്റെ ദിവ്യദൃഷ്ടിയിലൂടെ മനസ്സിലാക്കിയ വിശ്വാമിത്രന് അവിടെക്കൂടിയ ഋഷികളോടായി പറഞ്ഞു-ഇക്ഷ്വാകുവംശത്തിലെ ധര്‍മ്മിഷ്ഠനായ ഈ രാജാവ് അദ്ദേഹത്തിന്റെ ഇതേരൂപത്തില്‍ ദേവലോകത്തില്‍ പോകുവാനാഗ്രഹിക്കുന്നു.
അതിനായി നമുക്ക് യോജിച്ച് യാഗം തുടങ്ങാം. ഋഷികള്‍ വിഷയം ചര്‍ച്ച ചെയ്തതിനുശേഷം അങ്ങനെയാവാമെന്നറിയിച്ചു. യാഗത്തിന്റെ മുഖ്യപുരോഹിതന്‍ വിശ്വാമിത്രനായിരുന്നു.
യാഗം പുരോഗമിച്ചപ്പോള്‍ യജ്ഞഭാഗം സ്വീകരിക്കുവാന്‍ അര്‍ഹതയുള്ള ദേവന്മാരെ വിശ്വാമിത്രന് ക്ഷണിക്കുകയുണ്ടായി.
യാഗം പുരോഗമിച്ചപ്പോള്‍ യജ്ഞഭാഗം സ്വീകരിക്കുവാന്‍ അര്‍ഹതയുള്ള ദേവന്മാരെ വിശ്വാമിത്രന് ക്ഷണിക്കുകയുണ്ടായി.
ഒരുദേവനും എത്തുകയുണ്ടായില്ല. ഇതില്‍ ക്രുദ്ധനായ വിശ്വാമിത്രന് അഗ്നിയിലേക്കു നെയ്യ് കോരിയൊഴിക്കുന്ന തവി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ത്രിശങ്കുവിനോടായി കല്പിച്ചു ‘എന്റെ തപസ്സിനു ശക്തിയുണ്ടെങ്കില്‍ രാജാവ് ഇപ്പോള്‍ത്തന്നെ അശരീരിയായി സ്വര്ഗ്ഗത്തിലേക്കുയരട്ടേ’. ഇന്ദ്രലോകത്തിലെത്തിയ ത്രിശങ്കുവിനോട് ഇന്ദ്രന് പറഞ്ഞു’ഭൂമിയിലേക്കു മടങ്ങൂ , താങ്കള്‍ സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥാനത്തിനും അര്‍ഹത നേടിയിട്ടില്ല’.
ഭൂമിയിലേക്കു വീണുകൊണ്ടിരുന്ന ത്രിശങ്കു തന്നെ രക്ഷിക്കുവാന്‍ വിശ്വാമിത്രനോടപേക്ഷിക്കുകയും അദ്ദേഹം ആ വീഴ്ച തടയുകയും ചെയ്തു. അങ്ങനെ ത്രിശങ്കു സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയിലായി സ്ഥിതിയുറപ്പിച്ചു. തന്റെ തപശ്ശക്തിയാല്‍ വിശ്വാമിത്രന് ത്രിശങ്കുവിനുവേണ്ടി സപ്തര്‍ഷികളേയും ഇരുപത്തിയേഴ് നക്ഷത്രസമൂഹങ്ങളേയും ഒരു വിശേഷാല്‍ ആകാശഗംഗയേയും സൃഷ്ടിച്ചു.
ഇവയെ ആകാശത്തിന്റെ ദക്ഷിണദിക്കില്‍ കാണാം. ഇനി ഞാനൊരു ഇന്ദ്രനേയും സൃഷ്ടിക്കുമെന്ന് വിശ്വാമിത്രന് പറഞ്ഞപ്പോള്‍ ഭീതരായ ഇന്ദ്രനോടും ദേവന്മാരോടും താന്‍ സൃഷ്ടിച്ച നക്ഷത്രസമൂഹങ്ങളും മറ്റും ബ്രഹ്മാവ് സൃഷ്ടിച്ചവയുള്ളിടത്തോളം കാലം നിലനില്ക്കട്ടേയെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
അതു സമ്മതിച്ച ദേവന്മാര് വിശ്വാമിത്രനാല്‍ സൃഷ്ടിക്കപ്പെട്ട നക്ഷത്രമണ്ഡലങ്ങള്ക്കും ആകാശഗംഗയ്ക്കും ഇപ്പോള്‍ ചുറ്റിത്തിരിയുന്ന (ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ട) ആകാശഗംഗയുടെ പഥത്തിനു പുറത്തായിരിക്കും സ്ഥാനമെന്നും അവ ത്രിശങ്കുവിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുമെന്നും നിശ്ചയിച്ചു. ദേവന്മാര് ദേവലോകത്തേയ്ക്കു മടങ്ങുകയും ചെയ്തു.
(തുടരും)
(തുടരും)
ജന്മഭൂമി: http://www.janmabhumidaily.com/news683476#ixzz4oywB0zX8
No comments:
Post a Comment