Sunday, November 19, 2017

ശ്രോണയാം ശ്രവണ ദ്വാദഗ്യാം
മുഹൂര്‍ത്തെ/ഭിജിതപ്രഭും
സര്‍വ്വേ നക്ഷത്ര താരാ ഭ്യാം-
ശ്ചക്രുസ്തജ്ജന്മ ദക്ഷിണം.
(ശ്രവണ ദ്വാദശി പുണ്യദിനത്തില്‍ ചന്ദ്രന്‍ ശ്രാവണ നക്ഷത്രത്തില്‍ നില്‍ക്കുമ്പോള്‍ ശ്രവണത്തിന്റെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ വാമനന്‍ ജന്മംപൂണ്ടു)
കേരളീയരെ സംബന്ധിച്ചിടത്തോളം ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍പോലും ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സത്യസന്ധനായ മഹാബലിയുടെ വരവും തിരുവോണത്തിന് പത്തുനാള്‍ മുന്‍പുമുതലുള്ള തൃക്കാക്കരയപ്പനെ മുറ്റത്ത് പ്രതിഷ്ഠിക്കലും പൂക്കളം തീര്‍ക്കാനുള്ള തത്രപ്പാടും ഓര്‍മ്മയുടെ തിരുമുറ്റത്ത് നിറഞ്ഞുനില്‍ക്കും. അകമ്പടിക്കായി തുയിലുണര്‍ത്തുപാട്ടും പുള്ളുവന്റെ പാട്ടും മണ്ണാന്റെ പൂതവും വേലന്റെ നന്തുണിയും ഉണ്ടാവും.
തിരുവോണ ദിനം ഗുരുവായൂരിലും വിശേഷപ്പെട്ടതാണ്. ഉത്രാട കാഴ്ചക്കുല വെപ്പ് ഇവിടെ പ്രധാനമാണ്. ഉത്രാട ദിവസം രാവിലെ ശ്രീവേലിക്കുശേഷം കൊടിമര ചുവട്ടില്‍ ഭഗവാന് മേല്‍ശാന്തി കാഴ്ചക്കുല സമര്‍പ്പിക്കുന്നു.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് അഷ്ടമിയും രോഹിണിയും ഒന്നുചേര്‍ന്നുവരുന്ന ദിവസം. ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയെ ജന്മാഷ്ടമി, ഗോകുലാഷ്ടമി, ശ്രീകൃഷ്ണ ജയന്തി എന്നീ പേരുകളിലും ആഘോഷിക്കപ്പെടുന്നുണ്ട്. മഹാവിഷ്ണുവിന്റെ പൂര്‍ണാവതാരമായ ശ്രീകൃഷ്ണന്‍ ജനിച്ചത് രോഹിണി ദിനത്തിന്റെ അര്‍ദ്ധരാത്രി വേളയിലാണ്. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണജയന്തി വ്രതം അനുഷ്ഠിക്കുന്നവര്‍ അന്നേ ദിവസം അര്‍ദ്ധരാത്രി വരെ പാലിച്ചിരിക്കണമെന്ന് പറയുന്നു. ജലപാനംപോലും ഉപേക്ഷിച്ച് ധ്യാനത്തിലിരിക്കണം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പ്രസാദം വാങ്ങി വ്രതം പൂര്‍ത്തീകരിക്കാം. കൃഷ്ണ കഥാ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചും വ്രതം നടത്തുന്നു. ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഭാഗവതപാരായണവും ഉറിയടി മഹോത്സവങ്ങള്‍, ശോഭായാത്രകള്‍ മുതലായവയും നടത്തുന്നു. ക്ഷേത്രങ്ങളില്‍ അന്നത്തെ പ്രധാനമായ നിവേദ്യങ്ങള്‍ പാല്‍ പായസവും, നെയ്യപ്പം, ഇളനീര്‍ (കരിക്ക്) എന്നിവയാണ്. ബുധദശക്കാര്‍ക്ക് ഇത് ഏറെപ്രാധാന്യമേറിയതാണ്. അവതാര സമയമായ അര്‍ദ്ധരാത്രിയില്‍ വിഗ്രഹത്തിനു മുന്നില്‍ നടത്തിയ പൂജകളുടെ നിവേദ്യം സേവിച്ച് വ്രതമവസാനിപ്പിക്കാം. ഏഴു ജന്മങ്ങളിലെ പാപദോഷമോക്ഷമാണ് ഈ വ്രതം മുഖേന കൈവരുന്നത്.
‘പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ!”
ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയിലാണ് ഗണപതി പ്രീതിക്കായി ചതുര്‍ത്ഥി നോമ്പ് അനുഷ്ഠിക്കുന്നത്. എല്ലാ വിഘ്‌നങ്ങളും തീര്‍ക്കുന്ന വിഘ്‌നേശ്വരനെ വണങ്ങാതെയും സ്മരിക്കാതെയും ഒരു കര്‍മ്മവും അനുഷ്ഠിക്കാറില്ല. ഗണങ്ങളുടെ അധിപനാണ് ഗണപതി. ദേവന്മാര്‍പോലും ആരാധിക്കുന്ന ദേവന്‍. നിവേദ്യമാദ്യം ഗണപതിക്ക് സമര്‍പ്പിക്കണമെന്നു വിധിയുണ്ട്. ഏതു ദേവീദേവന്മാരുടെ ക്ഷേത്രമായാലും അവിടെയെല്ലാം കന്നിമൂലയില്‍ ഗണപതിക്ക് സ്ഥാനമുണ്ട്. സര്‍വ്വവിഘ്‌ന നിവാരണത്തിനും ഐശ്വര്യത്തിനും വിനായക ചതുര്‍ത്ഥിവ്രതം ഉത്തമമാണ്. വടക്കേയിന്ത്യയില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഗണേശ പൂജകള്‍ തന്നെയുണ്ട്.
കേരളീയര്‍ വിനായക ചതുര്‍ത്ഥി ദിനം ഗണപതി പൂജയോടെയും ഗണപതി ഹോമത്തോടെയും ആഘോഷിക്കുന്നു. പുലര്‍കാലത്ത് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് സ്‌നാനാദി കര്‍മ്മങ്ങള്‍ക്ക് ശേഷം വ്രതമനുഷ്ഠിക്കുന്നു. പകല്‍ ആഹാരം നിഷിദ്ധമാണ്. ഗണേശ കീര്‍ത്തനങ്ങള്‍ ആലപിച്ച് കഴിയുന്നു. പഞ്ചമി ദിവസം ഗണപതിക്ക് ഉണ്ണിയപ്പം നിവേദിച്ച് ചന്ദ്രനെ ദര്‍ശിക്കുകയും ചെയ്യുന്നു. എന്നാല്‍ വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്രനെ ദര്‍ശിക്കുവാന്‍ അനുവാദമില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news739784#ixzz4yv7imvGH

No comments: