Friday, November 17, 2017

‘മരീചി പുത്രന്മാരുടെ കഥ ദേവീഭാഗവതത്തിലാണ് വിവരിക്കുന്നത്, എന്നല്ലേ?’ മുത്തശ്ശി തിരക്കി.
‘അതെ-‘ മുത്തശ്ശന്‍ ആ കഥയിലേക്ക് കടന്നു: ‘സ്വായംഭുവ മന്വന്തരത്തിലാണ്. മരീചി മഹര്‍ഷീന്ദ്രന് ഊര്‍ണോദേവി എന്ന പത്‌നിയില്‍ ആറു പുത്രന്മാരുണ്ടായി. ഷഡര്‍ഭകരെന്ന് അവര്‍ വിശേഷിപ്പിക്കപ്പെട്ടുപോന്നു. അവരൊരിക്കല്‍ അച്ഛന്റെ കൂടെ ബ്രഹ്മലോകം സന്ദര്‍ശിക്കാനെത്തി. നാന്മുഖനെ ആചാരം ചെയ്തു വന്ദിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതിച്ചു: മകളെ വേളികഴിച്ചയാളല്ലേ. അയാളെ എന്തു പറഞ്ഞാണ് ആചാരം ചെയ്യുക എന്ന് പരിഹാസത്തോടെ മൊഴിഞ്ഞു. അക്കാര്യം ബ്രഹ്മദേവന്‍ ധ്യാനത്തില്‍ കണ്ടു: നാന്മുഖനതു രുചിച്ചില്ല. കോപം പൂണ്ട്, നിങ്ങള്‍ മൂന്നു ജന്മം ഭൂമിയില്‍ ജനിക്കുവിന്‍… എന്നു ശാപം നല്‍കി. ശാപമോക്ഷമൊന്നും അവര്‍ യാചിച്ചില്ല.’
‘അപ്പോഴോ?’ മുത്തശ്ശി ആരാഞ്ഞു.
‘ബ്രഹ്മദേവന്റെ ശാപം ഫലിച്ചു’- മുത്തശ്ശന്‍ കഥ തുടര്‍ന്നു: ‘ആദ്യ ജന്മം അവര്‍ ഹിരണ്യകശിപുവിന്റെ മക്കളായി- പ്രഹ്ലാദന്റെ അനുജന്മാരായി ജന്മംകൊണ്ടു. ദേവാസുരയുദ്ധത്തില്‍ അവര്‍ ജീവനൊടുക്കി. രണ്ടാം ജന്മത്തില്‍ ദേവകീനന്ദനരായി ജനിക്കാനാണ് നിയോഗമേറ്റത്. കാലനേമിയുടെ അവതാരമായ കംസന്‍ അവരെ ആറുപേരുടെയും ജീവനൊടുക്കും എന്നാണ് നിയോഗം.
‘അടുത്ത ജന്മത്തില്‍ അവര്‍ ആരാവും?’
‘മരീചിയുടെ വംശത്തില്‍പ്പിറന്ന മഹാബലി വാമനമൂര്‍ത്തിയുടെ നിയോഗമേറ്റ് സുതലത്തില്‍ വസിക്കുന്നുണ്ടല്ലോ. അവിടെ, മഹാബലിയുടെ മാനസപുത്രന്മാരായി മൂന്നാം ജന്മം കൈക്കൊള്ളാനാണ് നിയോഗം. ആ ജന്മത്തില്‍ അവര്‍ക്ക് മോക്ഷം ലഭിക്കും.
‘അപ്പോള്‍, ദേവകിക്ക് പിറക്കാനിരിക്കുന്ന ആറു മക്കളെ കൊന്നൊടുക്കാന്‍ കംസനും നിയോഗമേറ്റിരുന്നു എന്ന്, അല്ലേ?’
‘അതെ. കംസന്‍ അവരുടെ അന്ത്യം കുറിച്ചാലേ അവര്‍ക്ക് മൂന്നാം ജന്മം ഏല്‍ക്കാനാവൂ; മൂന്നാം ജന്മമേറ്റാലേ മോക്ഷം കൈവരൂ. അതിനുള്ള കളമൊരുക്കുകയായിരുന്നു ദേവര്‍ഷി നാരദര്‍. ഹതേഷു ഷട്‌സു ബാലേഷ്ഠ ദേവക്യാ ഔഗ്രസേവിനാ-എന്നു ഭാഗവതത്തില്‍ കാണാം’-
‘ഏതാണ്ട് അതേ മട്ടില്‍ത്തന്നെയല്ലേ കൃഷ്ണഗാഥയിലും വിവരണം:’
ഉണ്ടായ ബാലകന്മാരേയും ചെഞ്ചെമ്മേ
കണ്ഠം പിരിച്ചു കഴിച്ചാന്‍ പാപി- എന്നിങ്ങനെയല്ലേ ഗാഥയില്‍ ചൊല്ലുന്നത്’
‘ദേവകിയുടെ ആദ്യത്തെ കുഞ്ഞിന്റെ പേര് കീര്‍ത്തിമാന്‍ എന്ന് ഭാഗവതത്തില്‍ പറയുന്നുണ്ട്. പിന്നെയുണ്ടാവുന്ന അഞ്ചുപേരുടേയും പേര്‍ പറയുന്നില്ല. ദേവീ ഭാഗവതത്തില്‍ ഇവരുടെ പേര് എടുത്തു പറയുന്നു- കീര്‍ത്തിമാന്‍ കൂടാതെ സുഷേണന്‍, ഭദ്രസേനന്‍, ഋജു, സമദേന്‍, ഭദ്രന്‍-
‘ഇവരെ ആറുപേരെയും ദേവകി പിന്നൊരിക്കല്‍ സുതലത്തില്‍പ്പോയി കാണുന്നുണ്ട്, ഇല്ലേ?’
‘ഉവ്വ്. ദേവകിയെ ദര്‍ശിക്കുന്നതോടെ അവര്‍ക്ക് മോക്ഷം ലഭിക്കുന്നു. കൃഷ്ണനാണ് ദേവകിയെ സുതലത്തിലെത്തിക്കുന്നത്; അവിടെവച്ച് അമ്മ തന്റെ മക്കളെ കാണുന്നു. ചോരക്കുഞ്ഞുങ്ങളായിരിക്കെ തനിക്ക് വേര്‍പിരിയേണ്ടി വന്ന ആ മക്കളെ കാണാന്‍ ദേവകി ആഗ്രഹിച്ചത് സ്വാഭാവികം. ഭോജരാജഹതാന്‍ പുത്രാന്‍ കാമയേ ദ്രഷ്ടുമാഹൃതാന്‍… എന്നാണ് ഭാഗവതത്തില്‍ കാണുന്നത്.
‘ഭാഗവതത്തില്‍ കൃഷ്ണനും ബലരാമനും സുതലത്തിലെത്തി അവരെ കൂട്ടിക്കൊണ്ട് അമ്മയുടെ അരികിലെത്തുകയല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ശരിയാണ്-‘ മുത്തശ്ശന്‍ തുടര്‍ന്നു: ‘മാതാവിനാല്‍ നിര്‍ദ്ദേശിക്കപ്പെട്ട രാമകൃഷ്ണന്മാര്‍ യോഗമായയെ
അവലംബിച്ച് സുതലത്തിലേക്ക് പ്രവേശിച്ചു.
ഏവം സഞ്ചോദിതൗമാത്രാ
രാമഃ കൃഷ്ണാശ്ച ഭാരത
സുതലം സംവിവിശതുര്യോഗമായാ
മുപാശ്രിതൗ
സുതലത്തിലെത്തിയ അവര്‍ മഹാബലിയോടു പറഞ്ഞു: അങ്ങേയ്ക്കറിയാമല്ലോ: അങ്ങയുടെ ഈ മാനസപുത്രന്മാരെ ഞങ്ങളുടെ അമ്മ പ്രസവിച്ചു; കാലനേമി അവരെ ഇവിടെ എത്തിച്ചിരിക്കുകയാണ്. ഇപ്പോള്‍ അമ്മയ്ക്ക് അവരെ ഒന്നു കാണണമെന്നു ആഗ്രഹം. അമ്മയെ കണ്ടുകഴിഞ്ഞാല്‍ അവര്‍ക്ക് ശാപമോക്ഷം ലഭിക്കും. അതിനായി അവരെ ഞങ്ങളുടെ കൂടെ അയയ്ക്കാന്‍ ദയവുണ്ടാവണം.’
‘മഹാബലി സമ്മതം നല്‍കി, അല്ലേ?’
‘പിന്നില്ലേ? രാമകൃഷ്ണന്മാര്‍ അവര്‍ ആറുപേരേയും സ്വീകരിച്ച്, മഹാബലിയോടു യാത്ര പറഞ്ഞ് ദ്വാരകയിലേക്ക് പോയി: അമ്മയുടെ അരികിലാക്കി. ദേവകിക്കും വസുദേവര്‍ക്കും ഇതിലും മീതെ സന്തോഷമുണ്ടാവാനില്ല. അമ്മയുടെ സ്പര്‍ശത്താല്‍ പാപം നശിച്ചവരായ ആ കുട്ടികള്‍ ആറുപേരും അച്ഛനമ്മമാരേയും രാമകൃഷ്ണന്മാരേയും നമസ്‌കരിച്ചു; ശാപമോക്ഷം നേടി സ്വര്‍ഗത്തിലേക്ക് പോയി.
തേ നമസ്‌കൃത്യഗോവിന്ദം ദേവകീം
പിതരം ബലം
മിഷതാം സര്‍വഭൂതാനാം യയുര്‍ധാമ
ദിവൗ കസാം
മരിച്ച കുട്ടികള്‍ തിരിച്ചു വന്ന അത്ഭുതം കണ്ട ദേവകി, അത് കൃഷ്ണന്റെ മായയാണെന്നു മനസ്സിലാക്കി.
‘ഗര്‍ഗഭാഗവതത്തില്‍ ഈ കഥ തെല്ലു വ്യത്യാസത്തോടെയാണ് കാണുന്നത്, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ശരിയാണ്-‘ മുത്തശ്ശന്‍ തുടര്‍ന്നു: ‘ഗര്‍ഗാചാര്യന്‍ തെല്ലു കാവ്യാത്മകമായിട്ടാണ് ഈ സംഭവം വിവരിക്കുന്നത്. ഓരോരോ വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തിലാണ് ദേവകി വസുദേവര്‍ക്ക് മുന്നില്‍ തന്റെ ആ നിവേദനം സമര്‍പ്പിക്കുന്നത്: എനിക്ക് നമ്മുടെ ആ മക്കളെ ഒന്നു കാണണമെന്നുണ്ട്. ഗോവിന്ദനോട് ഒന്നുപറഞ്ഞാലോ? അപ്പോള്‍ അവിടേക്ക് കൃഷ്ണന്‍ ചെന്നു. കണ്ടാല്‍ മാത്രം പോരേ അമ്മയ്ക്ക്? എന്നുതിരക്കി. അതുമതി-എന്നുദേവകി സമ്മതിച്ചു. അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു: ദാ, എന്റെ ഈ ചൂണ്ടുവിരലില്‍ ഒന്നുതൊട്ടോളൂ എന്നുപറഞ്ഞ് കൃഷ്ണന്‍ തന്റെ വലതുകയ്യിലെ ചൂണ്ടുവിരല്‍ അമ്മയുടെ നേര്‍ക്കുനീട്ടി’
‘അപ്പോഴോ’
ഒരു തരിപ്പ് ദേഹമാസകലം പടരുന്നതായി ദേവകിക്ക് തോന്നി. തരിപ്പല്ലാ. ഒരു വിറയല്‍, ആകെ കുളിരണിഞ്ഞതുപോലെ. കാഴ്ച മങ്ങി. കണ്ണില്‍ ഇരുട്ടുകയറുന്നതായി തോന്നി. അന്നേരം കണ്ണിലെത്തി-ഒരു തിളക്കം. പത്തി വിടര്‍ത്തിയ ആ തിളക്കത്തില്‍ കണ്ടു: കൃഷ്ണന്റെ മുഖച്ഛായയുള്ള ആറുപേര്‍…
‘ഇതാ, അമ്മയുടെ മക്കള്‍’ – കൃഷ്ണന്റെ ശബ്ദം ദേവകിയുടെ കാതിലെത്തി.
‘എല്ലാവരും നിന്നെപ്പോലെയുണ്ടല്ലോ ഉണ്ണീ’ ദേവകിയുടെ ശബ്ദം ഹര്‍ഷത്തില്‍ തുടുത്തു. ആ ആറുപേരും അമ്മയ്ക്കരികിലെത്തി. അവരുടെ ആലിംഗനത്തില്‍ ഇറുകി നിന്നപ്പോള്‍ എന്തോ തന്നില്‍ വന്നുനിറയുന്നതായി ദേവകിക്കു തോന്നി. ഉയരെ ഉയരെ പറക്കുകയാണെന്നു തോന്നി. ആകാശത്തിന്റെ നീലിമ കയ്യെത്തിത്തൊടാവുന്ന ദൂരത്താണെന്നു തോന്നി. വെണ്മേഘങ്ങള്‍ക്കിടയിലൂടെ ഊളിയിടുകയാണ് എന്നുതോന്നി. അമ്മേ-എന്ന കൃഷ്ണന്റെ ശബ്ദമാണ് ദേവകിയെ ഉണര്‍ത്തിയത്. നോക്കുമ്പോള്‍- ഉണ്ണിയുടെ വിരലില്‍ താന്‍ മുറുകെ പിടിച്ചിരിക്കയാണെന്നു ദേവകി അറിഞ്ഞു.
‘ശരിയാണ്’- മുത്തശ്ശി പറഞ്ഞു: ‘കാവ്യാത്മകം തന്നെയാണ് ഗര്‍ഗാചാര്യന്റെ കഥ പറച്ചില്‍’-

No comments: