തൈത്തിരീയോപനിഷത്ത്-17
ബ്രഹ്മവിദാപ്‌നോതി പരം' എന്ന വാക്യംകൊണ്ട് ബ്രഹ്മാനന്ദവല്ലിയുടെ താല്‍പര്യം മുഴുവന്‍ സൂത്രരൂപത്തില്‍ അവതരിപ്പിച്ചു. ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാണെന്ന് ലക്ഷണം പറഞ്ഞ് സത്ചിത് ആനന്ദസ്വരൂപത്തെ ഉറപ്പിച്ചു. ദേശ, കാല, വസ്തു തുടങ്ങിയവകൊണ്ട് ഒന്നും അന്തം പറയാന്‍ പറ്റില്ലെന്നതിനാല്‍ അത് അനന്തമാണ്. നിരതിശയമായ ആനന്ത്യം ഉള്ളതിനാല്‍ ആത്മാവ് നിരതിശയമായ സത്യവും ജ്ഞാനവുമാകുന്നു. അങ്ങനെയുള്ള ബ്രഹ്മമാണ് അഥവാ ആത്മാവാണ് എല്ലാം. അത് തന്നെയാണ് ഇക്കാണുന്നതു മുഴുവനുമായി മാറിയത്.
തസ്മാത് വാ ഏതസ്മാദാത്മനാ
ആകാശഃ സംഭൂതഃ
ആകാശാദ് വായുഃ വായരോരഗ്നിഃ
ആഗ്നേരാപഃ
അദ്ഭ്യഃ പൃഥിവീ പൃഥിവ്യാ ഓഷധയഃ
ഓഷാധീഭ്യോളന്നം അന്നാത് പുരുഷഃ
സവാ ഏഷ പുരുഷോളന്നരസമയഃ
അങ്ങനെയുള്ള ഈ ആത്മാവില്‍നിന്ന് ആകാശം ഉണ്ടായി. ആകാശത്തില്‍ വായു ഉണ്ടായി. വായുവില്‍നിന്ന് അഗ്നിയുണ്ടായി. അഗ്നിയില്‍നിന്ന് ജലം ഉണ്ടായി. ജലത്തില്‍നിന്ന് പൃഥ്വി ഉണ്ടായി. പൃഥ്വിയില്‍നിന്ന് ഓഷധികളുണ്ടായി. ഓഷധികളില്‍നിന്ന് അന്നമുണ്ടായി. അന്നത്തില്‍നിന്ന് പുരുഷനുണ്ടായി. അങ്ങനെയുള്ള ഈ പുരുഷന്‍ അന്നരസമയമാകുന്നു.
'തസ്മാത്', 'ഏതസ്മാത്' എന്നീ വാക്കുകളെക്കൊണ്ട് മുന്‍പു പറഞ്ഞ ബ്രഹ്മത്തെ തന്നെയാണ് ഇവിടെ ആത്മാവായി പറയുന്നത് എന്ന് വ്യക്തമാക്കുന്നു. ബ്രഹ്മവിദാപ്‌നോതി പരം എന്ന സൂത്രവാക്യവും സത്യം ജ്ഞാനം അനന്തം എന്ന ലക്ഷണവും ബ്രഹ്മത്തിനും ആത്മാവിനും ഒന്നുതന്നെ. ബ്രഹ്മത്തില്‍നിന്ന് എങ്ങനെ പ്രപഞ്ച സൃഷ്ടിയുണ്ടായി എന്ന് വിവരിക്കുകയാണ് ഈ മന്ത്രത്തില്‍. ബ്രഹ്മം സര്‍വ്വത്തിന്റെയും ആത്മാവാകുന്നു. അങ്ങനെയുള്ള ആത്മസ്വരൂപമായ ബ്രഹ്മത്തില്‍നിന്ന് ആദ്യം ആകാശമുണ്ടായി. ആകാശം, ശബ്ദം എന്ന ഗുണത്തോടുകൂടിയതും എല്ലാറ്റിനും ഇടം നല്‍കുന്നതുമാണ്. ആകാശത്തില്‍ വായു ഉണ്ടായി വായു സ്വന്തം ഗുണമായി സ്പര്‍ശം. കാരണഗുണമായി ശബ്ദവുമുണ്ട്. വായുവില്‍നിന്ന് രൂപം ഗുണമായ അഗ്നിയുണ്ടായി. ശബ്ദ, സ്പര്‍ശങ്ങളും അഗ്നിക്കുണ്ട്. അഗ്നിയില്‍നിന്ന് ജലം ഉണ്ടായി. ജലത്തിന്റെ ഗുണം രസം. ഒപ്പം തന്നെ ശബ്ദ, സ്പര്‍ശ, രൂപ ഗുണങ്ങളുമുണ്ട്. ജലത്തില്‍നിന്ന് പൃഥ്വി ഉണ്ടായി. പൃഥ്വിയ്ക്ക് ഗുണം ഗന്ധം. ഒപ്പം നേരത്തെ പറഞ്ഞ നാലു ഗുണങ്ങളും ഉണ്ട്. പൃഥ്വിയില്‍നിന്ന് ഓഷധികളുണ്ടായി. ചെടികളും ധാന്യങ്ങള്‍ തരുന്നവയുമാണ് ഓഷധികള്‍. ഓഷധികളില്‍നിന്ന് അന്നം ഉണ്ടായി. അന്നം കഴിച്ചപ്പോള്‍ അത് പിന്നെ രേതസ്സായിത്തീര്‍ന്നു. രേതസ്സായി മാറിയ അന്നത്തില്‍ നിന്ന് മനുഷ്യന്‍ അഥവാ പുരുഷന്‍ ഉണ്ടായി. അതുകൊണ്ട് പുരുഷന്‍ അന്നരസമയനാണ്. ശരീരം അന്നരസമാണ് എന്നര്‍ത്ഥം. ജീവികളില്‍ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ പുരുഷന്‍ അഥവാ മനുഷ്യന്‍ എന്ന് പറഞ്ഞത്. മനുഷ്യന് ശരിയായ അറിവിനെ നേടാനാകും. മറ്റുള്ളവയ്ക്ക് വിശപ്പ്, ദാഹം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള അറിവുകളേ ഉള്ളൂ. കര്‍മ്മജ്ഞാനങ്ങളില്‍ മനുഷ്യനാണ് ആധികാരം.
സൂക്ഷ്മമായിട്ടുള്ളത് സ്ഥൂലമായിത്തീരുന്ന തരത്തിലാണ് ഇവിടെ സൃഷ്ടിക്രമത്തെ പറഞ്ഞിരിക്കുന്നത്. ആകാശം ഏറ്റവും സൂക്ഷ്മം. സ്ഥൂലമായത് പൃഥ്വി. പഞ്ചമഹാഭൂതങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ചേരുന്ന പഞ്ചീകരണ പ്രക്രിയയിലൂടെയാണ് പിന്നീട് എല്ലാം ഉണ്ടാകുന്നത്. അങ്ങനെ നോക്കി ആ പരമാത്മാവ് തന്നെയാണ് നമ്മളായി മാറിയത്. അപ്പോള്‍ നമ്മുടെ ബുദ്ധിയെ അതിലേക്ക് തിരിച്ചുവിടുകതന്നെ വേണം. അതിനുവേണ്ടിയാണ് ഉപനിഷത്തിന്റെ ശ്രമം.
തസ്യേദമേവ ശിരഃ അയംദക്ഷിണഃ പക്ഷഃ
അയമുത്തരപക്ഷഃ അയമാത്മാഃ ഇദം പുച്ഛം
പ്രതിഷ്ഠാ തദപ്യേഷ ശ്ലോകോഭവതി
ഈ പുരുഷന്റെ തല തന്നെയാണ് ശിരസ്സ്. കിഴക്കോട്ട് തിരിഞ്ഞുനില്‍ക്കുമ്പോള്‍ തെക്ക് ഭാഗമാണ് വലത്തേ ചിറക്. വടക്കുള്ളത് ഇടത്തേ ചിറക്. ദേഹത്തിന്റെ മധ്യഭാഗം ആത്മാവാണ്. നാഭിയ്ക്ക് താഴെയുള്ള പുച്ഛം പ്രതിഷ്ഠ അഥവാ ഉറച്ചിരിക്കാനുള്ളതാകുന്നു. ഇതിനെക്കുറിക്കുന്ന ഒരു മന്ത്രം തന്നെയുണ്ട്.
പക്ഷികളോട് ഉപമിക്കുന്നതുകൊണ്ടാണ് ഇവിടെ ചിറക്, വാല് എന്നൊക്കെ പറഞ്ഞിരിക്കുന്നത്. ശിരസ്സല്ലാത്തതിനെ ശിരസ്സായി പറയുന്ന രീതി പ്രാണമയകോശം മുതലായവയില്‍ ഉണ്ട്. അതുകൊണ്ടാണ് ഇവിടെ ശിരസ്സിനെ തന്നെയാണ് ശിരസ്സ് എന്ന് പറഞ്ഞത്. ദേഹത്തിന്റെ മധ്യഭാഗത്തെ അംഗങ്ങളുടെ ആത്മാവായി പറഞ്ഞു. ഇതിനെ സാധൂകരിക്കാന്‍ ശ്രുതിവാക്യവുമുണ്ട്. വാല് ഉറച്ചിരിക്കാന്‍ സഹായിക്കുന്നതാണ്. താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നതുകൊണ്ടാണ് പുച്ഛം എന്ന് പറഞ്ഞത്. ഈ അന്നമയകോശത്തെ ആസ്പദമാക്കിയാണ് ഇനി പറയുവാന്‍ പോകുന്ന പ്രാണമയം തുടങ്ങിയവയുടെ അംഗങ്ങളെ കല്‍പ്പിച്ചിരിക്കുന്നത്...janmabahumi
No comments:
Post a Comment