മനുഷ്യരുടെ മനസ്സും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത് സത്വരജ സ്തമോഗുണങ്ങളെ ആശ്രയിച്ചാകയാല്‍, പരമപദ പ്രാപ്തിക്ക് വേണ്ടുന്ന അനുഷ്ഠാന ക്രമങ്ങളും വ്യത്യസ്ത രീതികളില്‍ തന്നെ ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നു.
ധ്യാനേന- 'ധ്യാനം' എന്നത് ശബ്ദാദി വിഷയങ്ങളില്‍നിന്ന്, ചെവി മുതലായ ഇന്ദ്രിയങ്ങളെ പിന്തിരിപ്പിച്ച്, മനസ്സില്‍ നിയന്ത്രിച്ച് നിര്‍ത്തി, ആ മനസ്സിനെ എല്ലാത്തിനും ശക്തി പകര്‍ന്നുകൊടുക്കുന്ന പരമാത്മാവിനെ ഏകാഗ്രതയോടുകൂടി ചിന്തിച്ചുകൊണ്ടിരിക്കുക എന്നതാണ്. ഒരു പാത്രത്തിലുള്ള തൈലം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ ഇടമുറിയാതെ, നിമിഷനേരം പോലും നിര്‍ത്താതെയായിരിക്കണം ആ ചിന്തനം. ഈ വിധത്തില്‍ ചിന്തിച്ചുകൊണ്ട്, ആറാം അധ്യായത്തില്‍ നിര്‍ദ്ദേശിച്ചവിധം യോഗം ശീലിച്ചുകൊണ്ട്, ചില യോഗികള്‍-ധ്യാനിക്കുന്നു.
ആത്മനാ ആത്മനി ആത്മാനം പശ്യന്തി
ആത്മനാ-തീവ്രമായ വൈരാഗ്യവും മോക്ഷേച്ഛയും നിമിത്തം പരിശുദ്ധമായ മനസ്സുകൊണ്ട് ആത്മനി-ഹൃദയമാകുന്നു പങ്കജത്തില്‍ ആത്മാനം-പരമാത്മാവായ ഭഗവാനെ, പശ്യന്തി-സാക്ഷാത്കരിക്കുന്നു. ഈ ജന്മത്തിലോ കഴിഞ്ഞ ജന്മങ്ങളിലോ പരമതത്ത്വശ്രവണവും മനനവും ചെയ്യാന്‍ സാധിച്ച സുകൃതികളായ ഉത്തമാധികാരികളായ വ്യക്തികള്‍ക്കു മാത്രമേ ഈ ധ്യാനയോഗം ശീലിക്കാനുള്ള കഴിവ് ലഭിക്കുകയുള്ളൂ. ധര്‍മ്മിഷ്ഠരായ ആളുകള്‍ കൂടുതല്‍ ജനിക്കുന്ന കൃതയുഗത്തില്‍ മാത്രമേ ഈ ധ്യാനയോഗത്തിന് സാഹചര്യം ഉണ്ടാവുകയുള്ളൂ. ബ്രഹ്മാവും മരീചിമുതലായ പ്രജാപതിമാരും, സനകാദി യോഗികളും ഈ ധ്യാനയോഗത്തിലൂടെയാണ് ഭഗവാനെ സാക്ഷാത്കരിച്ചത് എന്ന് ആചാര്യന്മാര്‍ പറയുന്നു.
അന്യേ സാംഖ്യേന യോഗേന-
ധ്യാനയോഗം ശീലിക്കാന്‍ കഴിയാത്തവരും സാഹചര്യം ബുദ്ധി ഇവ ഇല്ലാത്തവരും ഈ പ്രപഞ്ചത്തിലുണ്ട്. അവര്‍ ഭഗവത് സാക്ഷാത്കാരം നേടുന്നത് സാംഖ്യയോഗം എന്ന ഉപായത്തിലൂടെയാണ്. സാംഖ്യയോഗം എന്നത് വേദവേദാന്തങ്ങള്‍ ഗുരുമുഖത്തില്‍ നിന്ന് ശ്രവിച്ച്, മനനം ചെയ്ത് സത്യമയതത്വം പരമാത്മാവായ ഭഗവാന്‍ മാത്രമാണ്, മറ്റെല്ലാം അസത്യമാണ്-പ്രകൃതിയും പ്രപഞ്ചവും താല്‍ക്കാലിക പ്രതിഭാസം മാത്രമാണ് എന്ന ജ്ഞാനം നേടുക എന്നതുതന്നെയാണ്. ഇതും യോഗം തന്നെ. ആത്മസാക്ഷാത്കാരത്തിന്റെ ഉപായം തന്നെയാണ്. വസിഷ്ഠന്‍ പരാശരന്‍, ഭൃഗു മുതലായ ഋഷി ഈ ജ്ഞാനയോഗചര്യയിലൂടെ ഭഗവത് സാക്ഷാത്കാരം സിദ്ധിച്ചവരാണ്.
അപരേ കര്‍മ്മയോഗേന- അശ്വമേധം, സൗത്രാമണി മുതലായ വൈദിക കര്‍മ്മങ്ങളുടെ ഫലം സ്വര്‍ഗം മുതലായ ലോകങ്ങളിലെത്തി അവിടങ്ങളിലെ ദിവ്യസുഖം അനുഭവിക്കുക എന്നതാണ്. അത്തരം ഫലങ്ങള്‍ ആഗ്രഹിക്കാതെ, യാഗാദികള്‍ ചെയ്താല്‍ ഹൃദയത്തിലെ കാമം മുതലായ മാലിന്യങ്ങള്‍ നശിച്ച് പരിശുദ്ധമായിത്തീരും. അത്തരം ഹൃദയന്മാര്‍ക്ക് ധ്യാനയോഗമോ ജ്ഞാനയോഗമോ ശീലിക്കാനുള്ള യോഗ്യത നേടാം ആ വഴികളിലൂടെ ആത്മസാക്ഷാത്കാരം നേടാം. മറ്റൊരു വിധത്തിലും കര്‍മ്മയോഗം അനുഷ്ഠിക്കാനും വര്‍ണങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും വിധിക്കപ്പെട്ട കര്‍മ്മങ്ങളും ജീവിതയാത്രയ്ക്ക് അത്യാവശ്യമായ ലൗകികര്‍മ്മങ്ങളും, ഭഗവാന് ആരാധനയായിത്തീരുംവിധം അനുഷ്ഠിക്കുക-അതാണ്, കര്‍മ്മങ്ങള്‍ ഭഗവാനുമായി ബന്ധിപ്പിക്കുക എന്നതാണ്-കര്‍മ്മയോഗം. മൂന്നാം അധ്യായത്തിലെ 30-ാം ശ്ലോകത്തില്‍ ഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ തന്നെ ഈ കര്‍മ്മയോഗം വിശദീകരിച്ചിട്ടുണ്ട്. ''അധ്യാത്മ ചേതസാ- അഹം കര്‍ത്താ ഈശ്വരായ ഭൃത്യവത് കരോമി-ഇതി അനയാ ബുദ്ധ്യാ''= കര്‍മ്മം ചെയ്യുന്ന ഞാന്‍ ഈശ്വരനുവേണ്ടി. ഭൃത്യനെപ്പോലെ കര്‍മ്മങ്ങള്‍ ചെയ്യുന്നു-എന്ന ബുദ്ധിയോടുകൂടി- കര്‍മ്മങ്ങള്‍ ചെയ്യണം. ജനകരാജാക്കന്മാര്‍, നിമി മഹാരാജാവ്, ഭരത ചക്രവര്‍ത്തി മുതലായവര്‍ ഈ കര്‍മ്മയോഗം ശീലിച്ച് ഭഗവത് സാക്ഷാത്കാരം സിദ്ധിച്ചവരാണ്.
No comments:
Post a Comment