നാലാം അനുവാകം
യശ്ഛന്ദസാമൃഷഭോ വിശ്വരൂപഃ ഛന്ദോഭ്യോളധ്യമൃതാത്
സംബഭൂവ സമേന്ദ്രോ മേധയാ സ്പൃണോതു. അമൃതസ്യ
ദേവ ധാരണോ ഭൂയാസം ശരീരം മേ വിചര്‍ഷണം
ജിഹ്വാ മേ മധുമത്തമാ കര്‍ണ്ണാഭ്യാം
ഭൂരിവിശ്രുവം
ബ്രഹ്മണഃ കോശോളസിമേധയാപിഹിതഃ ശ്രുതംമേ ഗോപായ.
വേദമന്ത്രങ്ങളില്‍ വളരെ പ്രധാനമായി പറഞ്ഞിട്ടുള്ളതും വിശ്വരൂപനും ഛന്ദസ്സുകളാകുന്ന അമൃതത്തില്‍നിന്ന് വെളിപ്പെട്ടതും എല്ലാ കാമനകള്‍ക്കും ഈശ്വരനുമായ ഓങ്കാരം എന്ന ബുദ്ധികൊണ്ട് ബലപ്പെടുത്തട്ടെ. ഞാന്‍ അമൃതത്വത്തെ തരുന്ന ബ്രഹ്മവിദ്യയെ ധരിക്കുന്നവനാകട്ടെ. എന്റെ ശരീരം നല്ല ശക്തിയുള്ളതായിത്തീരട്ടെ. നാവ് കൊണ്ട് മധുരമായി സംസാരിക്കാനാവട്ടെ. ചെവികളെക്കൊണ്ട് നല്ല കാര്യങ്ങള്‍ വളരെയധികം കേള്‍ക്കാനാവട്ടെ. ലൗകിക ബുദ്ധിയാല്‍ മറയ്ക്കപ്പെട്ട ബ്രഹ്മത്തിന്റെ ഉറയാണ് നീ (ഓങ്കാരം). എന്റെ ആത്മജ്ഞാനത്തെ രക്ഷിക്കണേ.
ഓങ്കാരത്തിന്റെ, മഹത്വത്തെ പറഞ്ഞ് അത് നമ്മെ എല്ലാതരത്തിലും പാലിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഇവിടെ. ഓങ്കാരരൂപിയായ ബ്രഹ്മത്തോടുള്ള പ്രാര്‍ത്ഥനയും ഉപാസനയും ഉപനിഷത്തുക്കളിലെ പ്രധാന സംഗതിയാണ്. ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും ആഗ്രഹിക്കുന്നവര്‍ക്ക് അവ കിട്ടാനായി ജപവും ഹോമവും ഈ അനുവാകത്തില്‍ പറയുന്നു. അതിന്റെ തുടക്കമാണിത്.
ഓങ്കാരം ഛന്ദസ്സുകളുടെ കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ വാക്കുകളിലും വ്യാപിച്ചിരിക്കുന്നതിനാല്‍ അത് സര്വ്വരൂപമാണ്. ഋഷഭം പോലെ ശ്രേഷ്ഠമായതിനാലാണ് ഓങ്കാരം ഉപാസ്യമാകുന്നത്. ഓങ്കാരം അമൃതങ്ങളായ വേദങ്ങളില്‍ നിന്നും ഉണ്ടായതുമാകുന്നു. എല്ലാ ആഗ്രഹങ്ങള്‍ക്കും ഈശ്വരനായ ഇന്ദ്രനെന്നു വിളിക്കുന്ന ഓങ്കാരം പ്രജ്ഞാബലം തരണേ എന്നാണ് പ്രാര്‍ത്ഥന. പ്രജ്ഞാബലമുണ്ടെങ്കില് ബ്രഹ്മജ്ഞാനം തേടല്‍ എളുപ്പമാകും. എന്റെ ശരീരവും നാവും, കാതുമൊക്കെ അതിന് വേണ്ടവിധം കരുത്തുള്ളതാവണം. ഓങ്കാരം ബ്രഹ്മത്തിന്റെ ഉറയാണ്-വാളിന്റെ, ഉറപോലെ. ബ്രഹ്മത്തിന്റെ പ്രതീകമാണ് ഓങ്കാരം എന്ന് കാണിക്കാനാണിത്. ലൗകികബുദ്ധികൊണ്ട് മറയ്ക്കപ്പെട്ടതിനാല്‍ അങ്ങയെ അറിയാനാകില്ല. എന്റെ ശ്രവണ പൂര്‍വകമായ ആത്മജ്ഞാനം മുതലായതിനെ രക്ഷിച്ചാലും. ആത്മജ്ഞാനം ലഭിക്കണം മറക്കാതിരിക്കണം അതിനാണ് രക്ഷിക്കണേ എന്നുപറഞ്ഞത്. മേധയെ നേടണമെന്ന ആഗ്രഹമുള്ളവര്‍ക്ക് ജപിക്കേണ്ട മന്ത്രമാണിത്. അധ്യാത്മവിദ്യയെ അറിയുന്നതിന് ബുദ്ധി്ക്കും മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ശരീരത്തിനും ശക്തി ഉണ്ടാകണേയെന്ന് ഓങ്കാര സ്വരൂപനായ ബ്രഹ്മത്തോട് ശിഷ്യന് പ്രാര്‍ത്ഥിക്കുന്നു.
ഇനി ശ്രീ നേടാനുള്ള മന്ത്രമാണ്.
ആവഹന്തീ വിതന്വാനാ
കുര്വ്വാണാചീരമാത്മനഃ
വാസാം സീ മമ ഗാവശ്ച
അന്നപാനേ ച സര്‍വ്വദാ
തതോമേശ്രിയമാവഹ ലോമശാം
പശുഭിഃ സഹസ്വാഹാ
ആ മാ യന്തുബ്രഹ്മചാരിണഃ
സ്വാഹാ വി മായന്തു
ബ്രഹ്മചാരിണഃ സ്വാഹാ പ്രമായന്തു
ബ്രഹ്മചാരിണഃ സ്വാഹാ
ദമായന്തു ബ്രഹ്മചാരിണഃ സ്വാഹാ
ശമായന്തു ബ്രഹ്മചാരിണഃ സ്വാഹാ
എനിക്ക് എല്ലായ്പ്പോഴും വസ്ത്രങ്ങളും പശുക്കളും തിന്നാനും കുടിക്കാനും ധാരാളം ഉണ്ടാകുകയും അവ വര്‍ധിക്കുകയും വേണം. ഇത് വേഗത്തില്‍ സാധിക്കണം. ധാരാളം ആടുമാടുകളോടുകൂടിയ സമ്പത്തിനെ ഉണ്ടാക്കിത്തരണം. അതിനായി ഞാന്‍ അഗ്നിയില്‍ ഹോമിക്കുന്നു. ഈ ആഹുതിയെ സ്വീകരിച്ച് പ്രസാദിക്കണം. ധാരാളം ബ്രഹ്മചാരിമാര്‍ (വിദ്യാര്‍ത്ഥികള്‍, ശിഷ്യര്‍) എന്റെ അടുത്ത് വരട്ടെ. ബ്രഹ്മചാരിമാര്‍ എല്ലാ ദിക്കില്‍ നിന്നും വരട്ടെ. കൂടുതല്‍ കൂടുതല്‍ പേര് പഠിക്കാനായി വരട്ടെ. അവര്‍ ഇന്ദ്രിയനിഗ്രഹമുള്ളവരും ആത്മനിയന്ത്രണമുള്ളവരുമാവട്ടെ. ഓരോന്നും ചൊല്ലുമ്പോള്‍ സ്വാഹാ എന്ന് ജപിച്ച് ആഹുതി അര്‍പ്പിക്കുന്നു ഇവിടെ. ഹോമമന്ത്രത്തിന്റെ അവസാനം കാണിക്കുന്നതിനാണ് 'സ്വാഹാ' എന്ന പദം ഉപയോഗിച്ചിട്ടുള്ളത്.
സമ്പത്തും ശിഷ്യന്മാരും ധാരാളം ഉണ്ടാകണമെന്നാഗ്രഹിക്കുന്നവര്ക്കുള്ള ഹോമമന്ത്രങ്ങളാണിത്. ഇന്ദ്രിയനിഗ്രഹവും ആത്മനിയന്ത്രണവുമുള്ള ശിഷ്യന്മാര് ധാരാളമുണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതല്‍ പേരിലേക്ക് വിദ്യ എത്തിക്കുന്നതിന് ഉത്സുകരായിരുന്നു ആചാര്യന്മാര്. അവരുടെ പഠനത്തിനും സംരക്ഷണത്തിനും വേണ്ടതും വസ്ത്രം, ഭക്ഷണം എന്നിവയും എല്ലാം വളരെയധികം ആവശ്യമായിരുന്നതിനാലാണ് അവയൊക്കെ ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഒരുതരത്തില്‍ നോക്കിയാല്‍ ഈ മന്ത്രങ്ങള്‍ ജ്ഞാനസാധനങ്ങളാണെന്ന് കരുതാം.
No comments:
Post a Comment