അധ്യാത്മ ജ്ഞാനം എന്ന വാക്കിന്റെ അര്‍ത്ഥം, ആത്മാവിനെ വിഷയമാക്കിയുള്ള ജ്ഞാനം എന്നാണ്. ആത്മാവ് എന്നാല്‍ ഈ പ്രകൃതത്തില്‍-ക്ഷേത്രമായ ശരീരം, അതില്‍ പ്രവര്‍ത്തിക്കുന്ന ജീവാത്മാവ്, ഹൃദയത്തില്‍ സാക്ഷിയായി വര്‍ത്തിക്കുന്ന പരമാത്മാവ്-ഇവ സംബന്ധിച്ചുള്ള ജ്ഞാനം. ഈ അധ്യാത്മ ജ്ഞാനത്തില്‍ നിത്യത്വം-എപ്പോഴും ഈ ജ്ഞാനത്തില്‍ നിഷ്ഠയോടെ നില്‍ക്കുക എന്നതാണ്- അധ്യാത്മ ജ്ഞാനനിത്യത്വം എന്ന സമസ്തപദത്തിന്റെ അര്‍ത്ഥം. പരമതത്ത്വത്തെ ഭഗവാനെ- സാക്ഷാത്കരിക്കുവാന്‍ ഭക്തിയോഗമാണ് വിശിഷ്ടമെന്നും പ്രായോഗികമെന്നും ഭഗവാന്‍ കഴിഞ്ഞ അധ്യായത്തില്‍ പ്രസ്താവിച്ചു. ജീവാത്മാക്കള്‍ പരമാത്മവായ ഭഗവാന്റെ അംശങ്ങളാണ്; എന്ന് 15-ാം അധ്യായത്തില്‍ ഭഗവാന്‍ സ്പഷ്ടമായി ഉപദേശിക്കുന്നുണ്ട്- ''മമൈ വാംശോ ജീവലോകേജീവഭൂതഃ സനാതനഃ'' (ശ്ലോകം-7) ജീവാത്മാക്കള്‍ക്കു നാശവുമില്ല. പുണ്യപാപകര്‍മ്മങ്ങളുടെ ക്ഷേത്രമായ-വിളനിലമായ, ശരീരത്തില്‍ ഉള്‍പ്പൂകി ഈ ജ്ഞാനം നഷ്ടപ്പെടുത്തിയിരിക്കയാണ്. ഭഗവാനെ സ്‌നേഹത്തോടെ-ഭക്തിയോടെ-സേവിക്കുക എന്നതാണ് ഭക്തിയോഗം. ഈ ഭക്തിയോഗത്തിലൂടെ ഭഗവാനുമായി കൂടിച്ചേരാന്‍ ജീവാത്മാക്കള്‍ക്കും സാധിക്കും. ഈ ഭക്തിയോഗത്തില്‍ എപ്പോഴും പ്രവര്‍ത്തിക്കുക അതാണ്-അധ്യാത്മ ജ്ഞാനനിത്യത്വം-എന്ന് പറഞ്ഞത്.
തത്വജ്ഞാനാര്‍ത്ഥ ദര്‍ശനം
ഏറ്റവും ഉത്കൃഷ്ടമായ തത്വം- വേദഃപുരാണേതിഹാസങ്ങളിലൂടെയും സ്മൃതികളിലൂടെയും സംഹിതകളിലൂടെയും വിസ്തരിച്ച് പ്രതിപാദിക്കപ്പെട്ട തത്വം എന്താണോ അത് അറിയുക, ആ അറിവിന്റെ പ്രയോജനം-ഫലം-അതിനെപ്പറ്റി ആലോചിക്കുക-ഇത്രയും ആവശ്യമാണ് മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന്.
എല്ലാ ആത്മീയ ഗ്രന്ഥങ്ങളുടെയും സാരസംഗ്രഹവും അവയെക്കാള്‍ പരമോത്കൃഷ്ടവും ഭഗവാന്റെ തിരുവായ്‌മൊഴിയുമായ ഭഗവദ്ഗീത തന്നെ മുഖ്യമായ ശാസ്ത്രം -''ഏകം ശാസ്ത്രം ദേവകീപുത്രഗീതം.''
-ഏകം എന്നതിന് മുഖ്യം എന്നാണ് അര്‍ത്ഥം. ഇതുവരെയുള്ള അധ്യായങ്ങളിലും ഇനിയുള്ള അധ്യായങ്ങളിലും ഭഗവാന്‍ പ്രഖ്യാപിക്കുന്നത് ഞാനാണ് പരമത്ത്വം, എനിക്ക് എല്ലാം അറിയാം, ആര്‍ക്കും എന്നെ അറിയില്ല, വേദങ്ങളും വേദാന്തവും ആവിഷ്‌കരിച്ചതു ഞാനാണ്. ബ്രഹ്മവും പരമാത്മാവും ഞാന്‍ തന്നെയാണ്. ഇതാണ്-തത്വജ്ഞാനം. ഈ ജ്ഞാനത്തിന്റെ അര്‍ത്ഥം- അതായത് പ്രയോജനം -ഭൗതികമായ എല്ലാ അനര്‍ത്ഥങ്ങളില്‍നിന്നും മുക്തിനേടുകയും പരമാനന്ദം പ്രാപിക്കുകയും ചെയ്യുക എന്ന മോക്ഷമാണ് എന്ന വിചിന്തനം-അതാണ് ദര്‍ശനം എന്നതിന്റെ അര്‍ഥനം.
''ന സ പുനരാവര്‍ത്തതേ''
(മോക്ഷം പരമാനന്ദം പ്രാപിച്ച മനുഷ്യന്‍ ഭൗതിക പ്രപഞ്ചത്തിലേക്ക് തിരിച്ചുവരില്ല.) എന്ന് വേദം ഉറപ്പിച്ചുപറയുന്നു.
''യദ്ഗത്വാന നിവര്‍ത്തന്തേ
യദ്ധാമ പരമം മമ'' (15-6)
(=എവിടെ എത്തിച്ചേര്‍ന്നാലാണോ ഈ ഭൗതികലോകത്തിലേക്ക് വീണ്ടും മടങ്ങിവരേണ്ടതായ ആവശ്യമില്ലാത്തത് അതാണ് എന്റെ അത്യുന്നതവും ബ്രഹ്മജ്യോതിസ്സ് പ്രവഹിക്കുന്നതുമായ ധാമം-ലോകം) എന്ന് ശ്രീകൃഷ്ണ ഭഗവാനും അരുളിചെയ്യുന്നു. ഈ ലോകത്തിലെത്തിച്ചേരുക എന്നതു മാത്രമാവണം നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം.
ഏതത് ജ്ഞാനം ഇതി പ്രോക്തം
'അമാനിത്വം' എന്ന ഏഴാം ശ്ലോകം മുതല്‍, ഈ പതിനൊന്നാം ശ്ലോകത്തിലെ-തത്ത്വജ്ഞാനാര്‍ത്ഥ ദര്‍ശനം എന്ന പദംവരെ പറഞ്ഞവയാണ് 'ജ്ഞാനം' എന്നു പറയപ്പെടുന്നത്. ഈ ശ്ലോകങ്ങളില്‍ പറഞ്ഞവകൊണ്ട് തത്വം അറിയാന്‍ കഴിയും. അതുകൊണ്ടാണ് അവയ്ക്ക്-ജ്ഞാനം-എന്ന് നാമകരണം ചെയ്തത്! വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാരാണ് അങ്ങനെ പേര് വിളിച്ചത്.
അതഃ അന്യഥാ, അജ്ഞാനം
ഈ സദ്ഗുണങ്ങള്‍ക്ക് വിപരീതമായിട്ടുള്ളവ-അജ്ഞാനം-എന്നും നാം അറിയണം. അവ രജോഗുണ-തമോഗുണ പൂര്‍ണമാകയാല്‍ അജ്ഞാനം വര്‍ധിപ്പിക്കുന്നതും, അതിനാല്‍ തന്നെ സംസാരത്തിന് കാരണവുമാണ്.; പരമപദ പ്രാപ്തിക്ക് തടസ്സവുമാണ്..
kanapram.
No comments:
Post a Comment