Thursday, March 01, 2018

നമ്മുടെ സാംസ്‌കാരിക ഭൂമിയെ വാനോളം ഉയര്‍ത്തിപ്പിടിച്ച സന്ന്യാസിവര്യന്മാരാണ് ഹൈന്ദവ നേതൃത്വത്തിന് പ്രചോദനബിന്ദു. അനാചാരങ്ങളാല്‍ മലീമസമായ മലയാളത്തിനെ മാറ്റിമറിച്ച യതിയാണ് ചട്ടമ്പി സ്വാമി തിരുവടികള്‍. മനുഷ്യന്‍ ആരാണെന്നും മനുഷ്യന്റെ സംസ്‌കൃതിയുടെ ലക്ഷ്യമെന്തെന്നും പഠിപ്പിച്ചുതന്ന മഹാത്മാവാണ് സ്വാമികള്‍. ദാരിദ്ര്യത്തിന്റെ കെട്ടുപാടില്‍ നിന്നും കത്തിജ്വലിച്ച അഗ്നിജ്വാലയാണ് ആ പ്രതിഭ. നാട്ടില്‍ നടമാടിയിരുന്ന വര്‍ഗ, വര്‍ണ, ചുറ്റുപാടുകള്‍ക്ക് നിയതമായ മാറ്റത്തെ സംഭാവന ചെയ്ത ഈ മഹാത്മാവ് ഇന്നും നമുക്ക് മാര്‍ഗദര്‍ശനം തന്നുകൊണ്ടിരിക്കുന്നു. കാലം എത്രമാറിയാലും മാറാത്ത അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മഹര്‍ഷിമാരായി  അവതരിച്ച് നേര്‍വഴി കാണിച്ചുതന്നിട്ടും അതിലൊന്നും മനസ്സര്‍പ്പിക്കാതെ തെറ്റായ വഴിക്ക് നീങ്ങുന്നവര്‍ നമുക്കിടയിലുണ്ട്. കലികാലമാണെങ്കിലും അരുതാത്തതു പലതും ചുറ്റിലും നടക്കുന്നുണ്ടെങ്കിലും നല്ല മനസ്സുള്ളവര്‍ നിലനില്‍ക്കുന്നത് മഹാന്മാരായ സ്വാമിമാരുടെ പ്രവര്‍ത്തനങ്ങളാല്‍ തന്നെയാണ്. 1883 ലാണ് ശ്രീനാരായണ ഗുരു സ്വാമികളും ചട്ടമ്പി സ്വാമികളും തമ്മില്‍ സന്ധിച്ചത്. അതൊരു തുടക്കമായിരുന്നു. ഇരുവരുടേയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. സാമൂഹിക മുന്നേറ്റം. ആ ലക്ഷ്യത്തിന് വിജയം ഉണ്ടായി എന്നുവേണം അനുമാനിക്കാന്‍. അയിത്തം തുടങ്ങിയ അനാചാരത്തെ തല്ലിയൊതുക്കാന്‍ നമുക്കായി. ഭാരതത്തിന്റെ തേജോമയമായ അവതാരമൂര്‍ത്തിവിവേകാനന്ദ സ്വാമികളുമായി ചട്ടമ്പി സ്വാമികള്‍ സംഭാഷണം നടത്തിയിട്ടുണ്ട്. 1892 ല്‍ എറണാകുളത്തായിരുന്നു ആ സംഭവം. അതിനടുത്ത വര്‍ഷമാണ് ചരിത്രസംഭവമായ ഷിക്കാഗോ പ്രസംഗം. ഹൈന്ദവദര്‍ശനങ്ങള്‍ക്ക് ശക്തമായ അടിത്തറയിട്ടതിന് പിന്നില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. 1853 ആഗസ്റ്റ് 25 നാണ് ചട്ടമ്പി സ്വാമികള്‍ ജനിച്ചത്. കുഞ്ഞന്‍ എന്നായിരുന്നു പൂര്‍വാശ്രമ നാമം. നങ്ങേമ പിള്ള വാസുദേവന്‍ നമ്പൂതിരി ദമ്പതികളുടെ പുത്രനാണ് അദ്ദേഹം. നല്ല ഗുരുക്കന്മാരെ ലഭിച്ചതിന്റെ ഉള്‍വെളിച്ചത്താല്‍ സമൂഹത്തെ നയിക്കാനുള്ള ശക്തി ആ മഹാനുണ്ടായി. കൂലിപ്പണി ചെയ്തു വളര്‍ന്ന പാരമ്പര്യമാണ് സ്വാമികള്‍ക്ക്. ധിഷണാശക്തിയാല്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ തീര്‍ത്ത ഈ ബഹുമുഖ പ്രതിഭ സംഗീതത്തിലും പണ്ഡിതനായിരുന്നു. വേദാന്തത്തെ അറിയുകയും അതിനാല്‍ തന്നെ ശ്രീമാനായിത്തീരുകയും ചെയ്ത പാരംഗതനാണ് ചട്ടമ്പിസ്വാമികള്‍. ഇതുപോലുള്ള നേതൃനിരയുടെ വലുപ്പത്തിലാണ് കേരളത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയും. സാമൂഹ്യപരമായി വളര്‍ച്ച പ്രാപിച്ചതിന്റെ തെളിമയിലാണ് ലോകം മുഴുവന്‍ നമ്മുടെ നാടിനെ അറിയുന്നതും. സാംസ്‌കാരികമായി വളര്‍ന്നതും ഇന്നുകാണുന്ന പുരോഗതിയും കൈവരിച്ചതിനു പിന്നിലും സ്വാമികളെപ്പോലുള്ളവരുടെ പ്രവര്‍ത്തനം തന്നെയാണ്. ചിന്തകളും പ്രഭാഷണങ്ങളും എഴുത്തുകളുംകൊണ്ട് നമ്മേയെല്ലാം പ്രബുദ്ധരാക്കിയെടുത്ത യതിവര്യന്മാരെ  മറക്കാനാലില്ലതന്നെ. അവര്‍ തന്ന തെളിമയാണ് നമ്മുടെ മാര്‍ഗം.

No comments: