Monday, March 26, 2018

വലിയ അമ്പലമാണത്രേ തൃശ്ശിലേരി മഹാദേവ ക്ഷേത്രം..... പോവണം അധികം വൈകാതെ. എന്നാലും അന്വേഷണത്തിലറിയാനായ വിവരം പങ്കു വെക്കുന്നു, ശേഷം പോയി കണ്ടിട്ട് അറിയാം കൂടുതൽ....
*തൃശ്ശിലേരി മഹാദേവക്ഷേത്രം വയനാട്*
വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തിരുനെല്ലിയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് തൃശ്ശിലേരി മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ കിഴക്ക് ദർശനം നൽകി കുടികൊള്ളുന്നു.
തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽ ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.
സ്വയംഭൂവായ ശിവലിംഗമാണ് തൃശ്ശിലേരിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് ഇവിടുത്തെ ലിംഗപ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം. തിരുനെല്ലിയിൽ ബലിയിടാൻ പോകുന്നവർ തൃശ്ശിലേരിയിലിറങ്ങി ശിവനെ വണങ്ങി വേണം പേകാൻ എന്നാണ് സങ്കൽപ്പം
സ്വയംഭൂവായ ശിവലിംഗമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പരമശിവന്റെ ശ്രീകോവിലിനു മുൻപിലുള്ള നമസ്കാര മണ്ഡപത്തിൽ ശ്രീ പാർവതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പീഠവും, ഗണപതി പ്രതിഷ്ഠയുമുണ്ട്. ഇതിനു പുറമേ ജലദുർഗ, ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നീ പ്രതിഷ്ഠകളുമുണ്ട്.
ജലദുർഗയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പിൽ വെള്ളം നിൽക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം.
ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സർവരോഗ സംഹാരിയാണെന്നും കരുതപ്പെടുന്നു.
ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെയാണ് ഈ പ്രതിഷ്ഠ സൂചിപ്പിക്കുന്നത്.
തിരുനെല്ലിയിൽ ദർശനം നടത്തുന്നതിനു മുമ്പായി തൃശ്ശിലേരിയിൽ വരാൻ കഴിയാത്ത ഭക്തർ തൃശ്ശിലേരി മഹാദേവന് വഴിപാട് കഴിക്കുന്നതിനായി തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന രീതി നിലവിലുണ്ട്.
വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് തിരുനെല്ലി. റോഡ് മാർഗ്ഗം മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളു. വയനാടൻ വനങ്ങളുടെ നടുവിലൂടെയാണ് യാത്ര.

No comments: