രണ്ടായിരത്തൊന്നിലാണ് സ്റ്റീഫന്‍ ഹോക്കിങ് ഇന്ത്യയില്‍ വന്നത്. അവിസ്മരണീയമായ ദിവസങ്ങള്‍ എന്നാണ് പതിനാറു ദിവസത്തെ സന്ദര്‍ശനത്തെക്കുറിച്ച് ഹോക്കിന്‍സ് അന്നു പറഞ്ഞത്. മുംബൈയിലും ദല്‍ഹിയിലുമെത്തിയ ഹോക്കിങ് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനേയും കണ്ടിരുന്നു.
മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ഊര്‍ജതന്ത്ര സെമിനാറില്‍ അദ്ദേഹം പങ്കെടുത്തു. സ്ട്രിങ്‌സ് 2001 സമ്മേളനത്തില്‍ പ്രഥമ സരോജിനി ദാമോദരന്‍ ഫെലോഷിപ്പ് ഹോക്കിങ്ങിനു സമ്മാനിച്ചു.
അഞ്ചു ദിവസത്തെ സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ ഹോക്കിങ് പ്രഭാഷണങ്ങള്‍ നടത്തി. ലോകം ഒരു പുറന്തോടാണ് എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വീല്‍ചെയര്‍ ഘടിപ്പിക്കാവുന്ന തരത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തയാറാക്കിയ പ്രത്യേക വാഹനത്തില്‍ ഹോക്കിങ് മുംബൈ നഗരത്തിലൂടെ യാത്ര ചെയ്തു. ഒബ്രോയി ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടെ വെച്ച് തന്റെ അമ്പത്തൊമ്പതാം പിറന്നാളും അദ്ദേഹം ആഘോഷിച്ചു.
രാഷ്ട്രപതി ഭവനില്‍ കെ.ആര്‍ നാരായണനുമായി മുക്കാല്‍ മണിക്കൂര്‍ ഹോക്കിങ് സംസാരിച്ചു. ഒരിക്കലും മറക്കാത്ത കൂടിക്കാഴ്ച എന്നാണ് നാരായണന്‍ പിന്നീട് ഈ നിമിഷങ്ങളെ വിശേഷിപ്പിച്ചത്. ഗണിതശാസ്ത്രത്തിലും ഊര്‍ജതന്ത്രത്തിലും ഇന്ത്യക്കാര്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിനെക്കുറിച്ച് ഹോക്കിങ് അന്നു പ്രത്യേകം പറഞ്ഞു. ജന്തര്‍മന്തറും കുത്തബ്മീറാനും സന്ദര്‍ശിച്ച ഹോക്കിന്‍സ് ജനുവരി 15ന് ന്യൂദല്‍ഹിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ സ്മാരക പ്രഭാഷണവും നടത്തി.
No comments:
Post a Comment