കൊല്ലവര്‍ഷം 1102 മകരം 19 ന് വര്‍ക്കലയില്‍ നിന്നും പുറപ്പെടുവിച്ച ഒരുത്തരവില്‍ ശ്രീനാരായണ ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞു. ''താഴ്ത്തപ്പെട്ട മനുഷ്യജീവികളുടെ സാമുദായികവും ആത്മീയവുമായുള്ള അഭിവൃദ്ധിക്കായി വേല ചെയ്യുന്നതിന് സമുദായ സംഘടന ഉണ്ടാക്കുന്നതിനായി ഇവിടെ നിന്നും ശുഭാനന്ദനെ നിയമിച്ചിരിക്കുന്നു.''
ഇതേ കാലയളവില്‍ തന്നെ ഡോ. പല്പു എഴുതിയ കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. ''ധര്‍മേ ജയം''.പൊതുജനങ്ങളുടെ വിശേഷിച്ചും സാധുജനങ്ങളുടെ നന്മയ്ക്കായ് ഇത്രത്തോളം ആത്മാര്‍ത്ഥമായി യത്‌നിക്കുന്ന ഒരാളെ സ്വാമിയുടെ ശിഷ്യന്മാരിലും മറ്റു സന്ന്യാസിമാരിലും എനിക്കറിവില്ല. കാഷായം ധരിക്കുന്നതിലും മഠങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിലും മറ്റുമുള്ള ചുമതലകള്‍ ഇത്രത്തോളം അറിയാവുന്നവരേയും ഞാനറിയുന്നില്ല. ധര്‍മ ജീവിതവും യത്‌നങ്ങളും സൂര്യപ്രകാശം പോലെ ആയതുകൊണ്ട് അവയെ കണ്ണുള്ളവര്‍ക്കെല്ലാം കാണാം. അവയ്ക്ക് ചൂട്ടുപിടിക്കേണ്ട ആവശ്യമില്ല. ശരിയായ ധര്‍മ്മജീവിതം എന്താണെന്ന് സകലര്‍ക്കും ഈ ഗുരുവും ശിഷ്യഗണങ്ങളായ സന്ന്യാസിമാരും സന്ന്യാസിനിമാരും കാണിച്ചുകൊടുക്കുമാറാകട്ടെ.
നല്ലവരാകണം നന്മകള്‍ ചെയ്‌വാനും
ഇല്ല ജാതി മത ദേശഭേദം
ഉന്മേഷമുള്ളവര്‍ക്കെല്ലാര്‍ക്കും
നന്നാവാം
പിന്നെയുള്ളോര്‍ക്കും തുണകള്‍
ചെയ്യാം.
എന്ന് പി.പല്പു
ഈ വിശേഷണങ്ങള്‍ക്കും പ്രകീര്‍ത്തിക്കും അര്‍ഹനായ ആ സന്ന്യാസി ആരാണ്?
വിവേചനത്തിന്റേയും ജാതി അധികാര മേല്‍ക്കോയ്മയുടേയും നാരായ വേരറുത്ത് അസ്പൃശ്യതയുടെയും അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും തടവറയില്‍ പെട്ടുഴലുന്ന ജനതയെ തട്ടിയുണര്‍ത്തിയ ശ്രീ ശുഭാനന്ദ ഗുരുദേവന്‍ ആയിരുന്നു ആ സന്ന്യാസി.
കൊല്ലവര്‍ഷം 1057 മേടമാസം 17ന് പുലര്‍ച്ചെ പൂരം നക്ഷത്രത്തിലായിരുന്നു ജനനം. ചെങ്ങന്നൂര്‍ ബുധനൂര്‍ ഗ്രാമത്തിലെ കുലായ്ക്കല്‍ എന്ന സാംബവ ഭവനത്തില്‍ ഇട്ട്യാതി-കൊച്ചുനീലി ദമ്പതിമാരുടെ മകനായി പിറന്ന പാപ്പന്‍ കുട്ടിയാണ് യാഥാസ്ഥിതികത്വത്തിന്റെ നെഞ്ചിലേക്ക് വിജ്ഞാനത്തിന്റെയും വിവേകത്തിന്റേയും വജ്രസൂചി കടത്തിവിട്ടത്. ആത്മീയ മോചനത്തിന്റെ ദിവ്യാനുഭൂതി അനുഭവവേദ്യമാക്കിയ ശുഭാനന്ദ ഗുരുദേവനായത്.
ഏഴാം വയസ്സില്‍ അനുഭവപ്പെട്ട ദിവ്യമായൊരനുഭവം പാപ്പന്‍കുട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. മൂന്നുദിവസം ജലപാനം പോലുമില്ലാതെ അര്‍ദ്ധബോധാവസ്ഥയില്‍ കഴിച്ചുകൂട്ടി. ഈ ദിവസങ്ങളില്‍ താന്‍ ദിവ്യജ്ഞാനതേജോമയങ്ങളായ കാഴ്ചകള്‍ പലതും കണ്ടാസ്വദിക്കുകയും ആനന്ദിക്കുകയുമായിരുന്നെന്ന് പിന്നീടദ്ദേഹം രേഖപ്പെടുത്തി.
12-ാം വയസ്സില്‍ മാതാവിന്റെ വിയോഗം സൃഷ്ടിച്ച അനാഥത്വം പാപ്പന്‍കുട്ടിയെ തീര്‍ത്തും വിഷാദചിത്തനാക്കി. തുടര്‍ന്ന് വീടുവിട്ടിറങ്ങി. പാതയോരങ്ങളില്‍ അന്തിയുറങ്ങിയും ധര്‍മ്മസ്ഥാപനങ്ങളില്‍ സേവകനായും പതിനെട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിടത്തും തന്റെ മനസ്സുറയ്ക്കുന്നില്ല. പ്രക്ഷുബ്ധമായ മനസ്സ് എന്തിനോ വേണ്ടി വെമ്പല്‍ കൊള്ളുന്നു. ആ യാത്ര ഏലപ്പാറയ്ക്കടുത്തുള്ള ചീന്തലാര്‍ എസ്റ്റേറ്റിലെത്തിച്ചു. അവിടെ തോട്ടം തൊഴിലാളിയായി ചേര്‍ന്നു. ഒരു നാള്‍ പാപ്പന്‍കുട്ടി അപ്രത്യക്ഷനായി. പിന്നീട് നീണ്ടുവളര്‍ന്ന തലമുടിയും താടിരോമങ്ങളുമായി പ്രത്യക്ഷനായി. ചീന്തലാറിലെ കരുന്തരുവി മലയുടെ നെറുകയിലുള്ള അമ്പലപ്പാറയുടെ ഓരം പറ്റി വളര്‍ന്നുനിന്ന പുന്നമരച്ചോട്ടില്‍ രണ്ടുവര്‍ഷവും പതിനൊന്ന് മാസവും 22 ദിവസവുമെടുത്ത കഠിന തപസ്സായിരുന്നു. വീണ്ടും ജോലിക്കാരനായി തീര്‍ന്നെങ്കിലും തന്റെ ജന്മോദ്ദേശ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി സ്വദേശത്തേക്കുതന്നെ തിരിച്ചു.
സ്ഥൂലമായ പ്രപഞ്ചസത്യങ്ങളും സൂക്ഷ്മമായ പരമാത്മതത്വങ്ങളുമടങ്ങിയ വിജ്ഞാനഭാണ്ഡവും പേറി തന്റെ സഞ്ചാരം നാട്ടില്‍പലവിധത്തില്‍ കീര്‍ത്തിയായി. അനുഭവസ്ഥര്‍ അനുയായികളായി. എതിരാളികള്‍ അദ്ദേഹത്തെ വകവരുത്താന്‍ നടത്തിയ പദ്ധതികള്‍ പരാജയപ്പെട്ടു. തലനാരിഴയ്ക്ക് രക്ഷപെട്ട സംഭവങ്ങള്‍ നിരവധി.
ആത്മീയ മോചനത്തോടൊപ്പം ഭൗതികജീവിതക്രമവും മെച്ചപ്പെടുത്തുവാന്‍ സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹ്യമുന്നേറ്റം ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ക്കും ഗുരു തുടക്കമിട്ടു. തൊഴില്‍ശാല സ്ഥാപിച്ചു, കുടില്‍ വ്യവസായങ്ങള്‍ ആരംഭിച്ചു. ഇതിലേക്കായി കമ്പനി രജിസ്റ്റര്‍ ചെയ്തു. ശ്രീ ശുഭാനന്ദാ മോട്ടോര്‍ സര്‍വ്വീസ് എന്ന പേരില്‍ ബസ്സുകള്‍ ഓടിച്ചു. ശിവഗിരി മഠത്തില്‍ നിന്നും ശ്രീനാരായണ ഗുരുദേവനില്‍ നിന്നും വലിയ സഹായങ്ങള്‍ലഭിച്ചു. രാജാരവിവര്‍മ്മയുടെ പുത്രന്‍ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മരാജ വലിയതിരുമേനി പിന്തുണയോടെ കൂടെയുണ്ടായിരുന്നു. അനാഥരെ ഏറ്റെടുത്ത് പഠിപ്പിച്ചു. 1934 ജനുവരി 1ന് ഗാന്ധിജി മാവേലിക്കരയിലെത്തിയപ്പോള്‍ ഗുരുദേവന്‍ അവിടെ ക്ഷണിക്കപ്പെട്ട അതിഥിയായി.
ശിവഗിരി മഠത്തിന്റെ നിര്‍ദ്ദേശാനുസരണം ആത്മബോധോദയ സംഘം സ്ഥാപിച്ചു. മദ്ധ്യതിരുവിതാംകൂറിന്റെ ആത്മീക നവീകരണത്തിനും സാമൂഹിക നവോത്ഥാനത്തിനും ഗണനീയമായ സംഭാവനകള്‍ നല്‍കിയ ശുഭാനന്ദ ഗുരുദേവന്‍ 1950 ജൂലൈ 29ന് സമാധിയായി.
(സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍, ഫോണ്‍. 9497336510
No comments:
Post a Comment