Friday, April 27, 2018

പാണ്ഡവരെ വധിക്കുന്ന വിവരം ആരും അറിയാതിരിക്കാൻ പുരോചനനേയും അരക്കില്ലം നിർമ്മിക്കാൻ സഹായിച്ചവരെയും കൊല്ലാൻ ശകുനി പദ്ധതിയിട്ടിരുന്നു.
ഒടുവിൽ ആ ദിവസം വന്നെത്തി. അന്ന് രാത്രി പുരോചനൻ തന്നെ വീട് നിർമ്മാണത്തിൽ സഹായിച്ചവരെ അയാൾ താമസിച്ചിരുന്ന മുറിയിൽ(കോലരക്ക് വീട്ടിലെ അയാളുടെ മുറിയിൽ ) വിളിച്ചു സൽക്കരിച്ചു. അവർ ആറു പേരുണ്ടായിരുന്നു. ഒരു വയസ്സായ സ്ത്രീയും അഞ്ചു ചെറുപ്പക്കാരും. പദ്ധതി വിജയിച്ചതിനു ശേഷം അവർക്ക് നല്കാൻ പോകുന്ന സമ്മാനങ്ങളെ കുറിച്ച് പറഞ്ഞു അവരെ സന്തോഷിപ്പിച്ചു. എന്നിട്ട് ശകുനി നേരത്തെ പറഞ്ഞത് അനുസരിച്ച് അവർക്ക് രാജകീയമായ വീഞ്ഞിൽ വിഷം കലർത്തി കൊടുത്തു. അവരുടെ മരണം ഉറപ്പാക്കി.
സത്യത്തിൽ തീ വെച്ച ശേഷം പുരോചനേയും വധിക്കാൻ ശകുനി പ്രധാന അംഗരക്ഷകനെ ഏല്പിച്ചിരുന്നു.
പക്ഷെ പാണ്ഡവർ വിദുരർ പറഞ്ഞത് അനുസരിച്ച് അന്ന് രാത്രി വീടിനു തീ വെച്ച് തുരങ്കം വഴി രക്ഷപ്പെട്ടു. സഹായികളെ കൊന്ന ശേഷം മുറിയിൽ നിന്നും ഇറങ്ങിയ പുരോചനന് ആളി പടരുന്ന തീയിൽ നിന്നും രക്ഷപെടാൻ ആയില്ല. അയാൾ ഉണ്ടാക്കിയ കെണിയിൽ അയാൾ തന്നെ കുടുങ്ങി.
തീ പടരുന്നത്‌ കണ്ട അംഗരക്ഷകർ വീടിന്റെ മുൻപിൽ തന്നെ കൂട്ടം കൂടി നിന്ന് ആരും ഒരു കാരണവശാലും രക്ഷപ്പെടരുത് എന്ന ദുര്യോധനന്റെ ആജ്ഞ പാലിക്കുകയായിരുന്നു അവർ.
വൈകാതെ വിവരം ഹസ്തിനപുരിയിൽ എത്തി. പാണ്ഡവരും കുന്തിയും പുതിയ വീടിനു തീ പിടിച്ചു മരിച്ചു എന്നായിരുന്നു ആ വാർത്ത. ദുര്യോധനന്റെയും ശകുനിയുടെയും സന്തോഷത്തിനു അതിരില്ലായിരുന്നു. എന്തിനാണ് പുരോച നൻ ഒരു ദിവസം മുൻപ് തീ വെച്ചത് എന്ന് ആലോചിക്കുന്നതിനു പകരം പുരോചനനും അതിൽ പെട്ട് മരിച്ചു എന്നറിഞ്ഞതിൽ സന്തോഷിക്കുകയായിരുന്നു ശകുനിയും.
ശകുനി ദുര്യോധനനെ സിംഹാസനത്തിൽ ഇരുത്തി. എന്നിട്ട് പറഞ്ഞു ദുര്യോധനാ, എന്റെ വർഷങ്ങളായി ഉള്ള ആഗ്രഹമാണ് ഇന്ന് സഫലമായത്. ഇനി നീ തന്നെ ഹസ്തിനപുരിയുടെ രാജാവ്. ഇനി പാണ്ഡവരുടെ മരണ വിവരം ധൃതരാഷ്ട്രരെ അറിയിക്കണം. പക്ഷെ നീ വരേണ്ട കാരണം നിനക്ക് നിന്റെ സന്തോഷം അടക്കി വെക്കാൻ കഴിഞ്ഞെന്നുവരില്ല.
ശകുനി സങ്കടം നടിച്ചു ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും അടുത്തെത്തി ..
ശകുനി : ദുര്യോധനൻ യുധിഷ്ഠിരന് വേണ്ടി ഉണ്ടാക്കിയ വീടിനു തീ പിടിച്ചു. പാണ്ഡവരും കുന്തിയും ഭസ്മമായി പോയി.
ധൃതരാഷ്ട്രർ : ദുര്യോധനൻ അല്ല, നീ നീയാണ് ആ വീട് ഉണ്ടാക്കിപ്പിച്ചത്. നീ ഇതിനു വേണ്ടി തന്നെയാണ് ആ വീട് ഉണ്ടാക്കിപ്പിച്ചത്. എനിക്ക് ദുര്യോധനൻ രാജാവായി കാണണം എന്ന് തന്നെയായിരുന്നു ആഗ്രഹം. പക്ഷെ അതിനു വേണ്ടി പാണ്ഡവരെ ദ്രോഹിക്കണം എന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഇത് ഒരു അപകടമാണോ. അതോ കൊലപാതകമാണോ എന്ന് പോലും ഞാൻ ഇപ്പോൾ സംശയിക്കുന്നു. ഇത് ഒരു കൊലപാതകമാണെങ്കിൽ എനിക്ക് എന്നോട് തന്നെ ക്ഷമിക്കാൻ കഴിയില്ല. നീ എന്റെ മുറിയിൽ നിന്നും ഇറങ്ങി പോകൂ
ശകുനി അവിടെ നിന്നും ഇറങ്ങി പോയി.

No comments: