Monday, April 23, 2018

ഭഗവദ്ഗീതയെ 'യുദ്ധസംഹിത'യായി വിശേഷിപ്പിച്ച പെരുമ്പടവം ശ്രീധരനെന്ന സാഹിത്യകാരന്റെ കണ്ടുപിടുത്തം വളരെ വിചിത്രമായിതോന്നി. ഭാരതീയവും ഹൈന്ദവവുമായതിനെ വികലമായി ചിത്രീകരിക്കുവാനും അതിനെ അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് പുരോഗമനം എന്നുധരിച്ചിരിക്കുന്ന ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഒന്നുംരണ്ടുമല്ല ഉള്ളത്. പെരുമ്പടവം ശ്രീധരനെന്ന സര്‍ഗ്ഗധനനായ എഴുത്തുകാരനും അവരുടെ നിരയിലേക്ക് ചേക്കേറുകയാണോ? അഭിപ്രായസ്വാതന്ത്ര്യം വ്യക്തിയുടെ മൗലികാവകാശമാണ്. അത് വെളിപ്പെടുത്തുന്നതിന് മുന്‍പ് വസ്തുതകള്‍ സത്യസന്ധമായി വിശകലനംചെയ്ത് പഠിക്കേണ്ടതായിരുന്നു. ദേശീയചരിത്രത്തില്‍ ധര്‍മ്മാനുഷ്ഠാനത്തിലൂടെ ചരിത്രം രചിച്ച ദേശസ്‌നേഹികള്‍ക്ക് ഊര്‍ജ്ജവും ഇച്ഛാശക്തിയും പകര്‍ന്നേകിയത് ഈ ഗ്രന്ഥമായിരുന്നു. 'ഒരു സങ്കീര്‍ത്തനംപോലെ'യായിരുന്നു അവര്‍ക്ക് ഈ ഗ്രന്ഥം. സമഗ്രമായ ജീവിതദര്‍ശനമാണ് ഭഗവദ്ഗീത. മാനവരാശിയുടെ മുന്‍പിലനാവരണം ചെയ്യുന്നത് ആദ്ധ്യാത്മികവും ഭൗതികവുമായ ചിന്താധാരകളുടെ ഒരു സമന്വയദര്‍ശനമാണിത്. ഇത് യോഗശാസ്ത്രമാണ്, ബ്രഹ്മവിദ്യയാണ്, ഉപനിഷദ് സാരാംശമാണ്. ലൗകികവും ആത്മീയവുമായ മണ്ഡലങ്ങളില്‍ ഒന്നുപോലെ അഭ്യുദയവും ശ്രേയസും കൈവരിക്കാന്‍ ഉപകരിക്കുന്ന ചിന്താധാരകളാണിതിലൂടെ മാനവരാശിക്ക് ലഭിക്കുന്നത്. ''ഉദ്ധരോദാത്മനാളത്മാനം നാത്മാനമവസാദയേത്!ആത്മൈവഹ്യാത്മനോ ബന്ധുരാത്മൈവരിപുരാത്മന' (ഭഗവദ്ഗീത 6:5) തന്നെ താന്‍തന്നെ ഉയര്‍ത്തണം, വളര്‍ത്തണം, ഉദ്ധരിക്കണം. ദുഷ്‌കര്‍മ്മങ്ങള്‍കൊണ്ട് ക്ഷയിക്കാനും, സത്കര്‍മ്മങ്ങള്‍കൊണ്ട് അഭിവൃദ്ധിപ്പെടുവാനും ഒരുവന് കഴിയും. താന്‍തന്നെയാണ് തന്റെ മിത്രവും താന്‍തന്നെയാണ് തന്റെ ശത്രുവും. ജാതിമതഭേദമന്യേ ആര്‍ക്കും സ്വീകരിക്കാവുന്ന, സാര്‍വ്വലൗകികത അവകാശപ്പെടാവുന്ന ഇത്തരം ചിന്താധാരകളുടെ സമ്മേളനമാണ് ഭഗവദ്ഗീത. അത് എങ്ങനെ യുദ്ധസംഹിതയാകും? ജീവനാധാരമായി നില്‍ക്കുന്ന പ്രകൃതിയോട് ഒരുവനുണ്ടാകേണ്ട കാഴ്ചപ്പാടുകളെക്കുറിച്ച്, പ്രപഞ്ചഘടകങ്ങളുടെ പാരമ്പര്യബന്ധങ്ങളെക്കുറിച്ച്, ദാനകര്‍മ്മങ്ങളനുഷ്ഠിക്കുന്ന ഒരുവരുണ്ടാകേണ്ട മനസിക ഗുണങ്ങളെക്കുറിച്ച്, മനുഷ്യമനസിനെക്കുറിച്ച്, ഭക്തിയുടെ വിവിധ തലങ്ങളെക്കുറിച്ച്, കര്‍മ്മത്തെക്കുറിച്ച്, അന്നത്തെക്കുറിച്ച്, ക്രോധത്തിന്റെ ഉത്ഭവത്തെക്കുറിച്ച്, ഇങ്ങനെ വിഭിന്നങ്ങളായ സമഗ്രമായ ദര്‍ശനങ്ങളാണ് ആ മഹദ്ഗ്രന്ഥം വായനക്കാരുടെ മുന്‍പിലനാവരണം ചെയ്യുന്നത്. ഈ മഹദ്ഗ്രന്ഥത്തിന്റെ സാര്‍വവലൗകികത അനുഭവിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് വി.ജി. പ്രധാന്‍ തയ്യാറാക്കിയ ജ്ഞാനേശ്വരന്റെ ഗീതാഭാഷ്യത്തിന്റെ തര്‍ജ്ജമ യുണൈറ്റഡ് നേഷന്‍സിന്റെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായത്. പിന്നീട് ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളിലേക്കും ഇത് വിവര്‍ത്തനം ചെയ്യുകയുണ്ടായി. യുനെസ്‌കോയുടെ നേതൃത്വത്തിലാണിതും നിര്‍വ്വഹിക്കപ്പെട്ടത്. കാലടിയില്‍ പിറന്ന് കാശ്മീരിലെ ശാരദാദേവി ക്ഷേത്രത്തില്‍ സര്‍വ്വജ്ഞപീഠം കയറിയ ആദിശങ്കരനും ഭഗവദ്ഗീതയ്ക്ക് ഭാഷ്യം രചിച്ചിട്ടുണ്ടെന്ന വസ്തുത ഈ അവസരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ദല്‍ഹിയിലെത്തിയ യുനെസ്‌കോയുടെ പ്രതിനിധി ശങ്കരമതത്തെക്കുറിച്ച് പറഞ്ഞ ഈ അഭിപ്രായം ശ്രവിക്കുമ്പോള്‍ പെരുമ്പടവം ശ്രീധരനുണ്ടാകുന്ന പ്രതികരണം എന്തുതന്നെയാണെങ്കിലും ഭഗവദ്ഗീത യുദ്ധസംഹിതയല്ല എന്നതാണ് സത്യം. 'ഐക്യരാഷ്ട്രസഭയുടെ മതമായി അംഗീകരിക്കപ്പെടാവുന്ന ഒരു മതമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ; ശങ്കരന്റെ അദ്വൈതം' പെരുമ്പടവത്തിന്റെ ഭഗവദ്ഗീതയെക്കുറിച്ചുള്ള അഭിപ്രായം ശ്രവിച്ചപ്പോള്‍ ഓര്‍മ്മയിലെത്തിയത് തകഴി ശിവശങ്കരപ്പിള്ള ഒരുനാള്‍ ഭഗവദ്ഗീത വായിക്കാനിടയായ സംഭവമാണ്. ''കര്‍മേണ്യ വാധികാരസ്‌തേ മാഫലേഷു കദാചന മാ കര്‍മ്മ ഫലഹേതുര്‍ഭുര്‍മാതേ സം ഗോളസ്ത്വകര്‍മ്മണി'' (ഭഗവദ്ഗീത 2:47) കര്‍മ്മം ചെയ്യാനേ നിനക്കധികാരമുള്ളൂ. ഒരിക്കലും ഫലത്തിനില്ല. ഫലം ആഗ്രഹിച്ച് കര്‍മ്മം ചെയ്യരുത്. എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കുകയുമരുത്. ഒരു മഹാസദസ്സില്‍ വച്ച് തകഴി ഈ ശ്ലോകം ഉദ്ധരിച്ചുപറഞ്ഞു. 'ഇത് വണ്ടിക്കാളയുടെ തത്ത്വശാസ്ത്രമാണ്' അദ്ദേഹം പരിഹസിച്ചു. 'ജോലിചെയ്‌തോ, കൂലിചോദിക്കരുത്. കൂലി ആശിച്ച് ജോലി ചെയ്യരുത്. എന്നാല്‍ ജോലി ചെയ്യാതിരിക്കയുമരുത്. ഒരു ബൂര്‍ഷ്വാതത്ത്വസംഹിത' സദസ്സ് ഒന്നടങ്കം ആര്‍ത്തുവിളിച്ച് കൈയ്യടിച്ച് തകഴിയുടെ അഭിപ്രായം ശരിവച്ചു. വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു മഹാസദസ്സില്‍വച്ച് തകഴി തെറ്റ് ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചു. 'പണ്ട് ഞാന്‍ വണ്ടിക്കാളയുടെ തത്ത്വശാസ്ത്രമെന്ന് ആക്ഷേപിച്ച തെറ്റിന് കാലം മാപ്പുനല്‍കുമോ എന്നറിയില്ല. അതിന്റെ അര്‍ത്ഥം ശരിയായി ഗൃഹിക്കാന്‍മാത്രം ഞാന്‍ മാനസികമായി അന്ന് വളര്‍ന്നിരുന്നില്ല. ഈ ശാസ്ത്രഗ്രന്ഥത്തിന് എന്റെ സാഷ്ടാംഗ പ്രണാമം. ഏറ്റവും വലിയ വേദന എന്നെക്കാള്‍ മണ്ടന്മാരായിരുന്നല്ലോ അന്നാ സദസ്സിലിരുന്ന് കൈയ്യടിച്ച മാന്യന്മാര്‍ എന്നോര്‍ക്കുമ്പോഴാണ്.' ഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്യുവാനും ആ കര്‍മ്മഫലം ലോകക്ഷേമാര്‍ത്ഥം ത്യജിക്കുവാനുമാണ് ഭഗവദ്ഗീത നമ്മോടു പറയുന്നത്. മറിച്ച് ജോലിചെയ്യാതെ, കര്‍മ്മങ്ങളനുഷ്ഠിക്കാതെ, 'നോക്കുകൂലി' വാങ്ങിക്കുവാന്‍ ഭഗവദ്ഗീത പറയുന്നില്ല. പഠിപ്പിക്കുന്നില്ല. സത്യം കണ്ടറിയാനും അതുറക്കെപ്പറയാനുമുള്ള ഹൃദയവിശാലതയാണ് ഒരു സാഹിത്യകാരനുണ്ടാകേണ്ടത്. പെരുമ്പടവം ശ്രീധരന്റെ അറിവിലേക്കായി ഇതുംകൂടി കുറിക്കട്ടെ. താങ്കള്‍ യുദ്ധസംഹിതയായി വിശേഷിപ്പിച്ച ഈ ഭഗവദ്ഗീത അമേരിക്കയില്‍ ഇന്ന് 68 സര്‍വ്വകലാശാലകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്. കുട്ടികളുടെ പ്രതികരണശേഷിയെ പോഷിപ്പിക്കുന്നതുകൊണ്ട് 15 മിനിട്ട് സ്‌കുളുകളില്‍ ഗീത ചൊല്ലിക്കുന്നുണ്ട്. വത്തിക്കാനിലെ പോപ്പ് ശ്രീകൃഷ്ണനെക്കുറിച്ച് പഠിക്കുവാന്‍ ബിഷപ്പുമാരോടാഹ്വാനം ചെയ്തിരിക്കുന്നു. ഇന്ന് 'യുദ്ധസംഹിത'യെന്നു ഭഗവദ്ഗീതയെ വിശേഷിപ്പിച്ച പെരുമ്പടവം ശ്രീധരനെന്ന കലാകാരന്‍, സാഹിത്യകാരന്‍ നാളെ ഈ ഗ്രന്ഥത്തെ 'ധര്‍മ്മസംഹിത' എന്ന് വിശേഷിപ്പിക്കില്ല എന്നാരറിഞ്ഞു?..janmabhumi

No comments: